Top

പോൺ വീഡിയോയിൽ സ്ത്രീകൾ അഭിനയിക്കുന്നത് ലൈംഗിക ആസക്തി കൊണ്ടാണെന്ന് കരുതുന്നവരോട്, ഇവർക്കൊപ്പം അഭിനയിച്ച പുരുഷൻമാരെ അറിയാമോ?

പോൺ വീഡിയോയിൽ സ്ത്രീകൾ അഭിനയിക്കുന്നത് ലൈംഗിക ആസക്തി കൊണ്ടാണെന്ന് കരുതുന്നവരോട്, ഇവർക്കൊപ്പം അഭിനയിച്ച പുരുഷൻമാരെ അറിയാമോ?
പോൺ വീഡിയോയിൽ അഭിനയിക്കുന്ന സ്ത്രീകളെ ഇരുളിന്റെ മറവിൽ ആസ്വദിക്കുകയും വെളിച്ചം പരക്കുമ്പോൾ അഭിസാരികയെന്ന ലേബൽ നൽകി പുച്ഛിക്കുകയും ചെയ്യുന്നതാണ് മലയാളിയുടെ സദാചാര മനസ് എന്ന വിമർശനം ഉന്നയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. സന്ദീപ് ദാസ് എന്ന വ്യക്തിയാണ് ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചത്

അടുത്തിടെ ബോളിവുഡ് നടിയായ സണ്ണി ലിയോൺ രണ്ട് ആൺകുട്ടികളെ വാടകഗർഭത്തിലൂടെ സ്വന്തമാക്കിയിരുന്നു, ഈ കുട്ടികളുടെ ഒന്നാം പിറന്നാൾ ആഘോഷത്തിന് പിന്നാലെ സണ്ണിലിയോണിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിലടക്കം പ്രതികരണങ്ങൾ വന്നിരുന്നു. കേരളം പ്രളയത്തിൽ വീണ ഘട്ടത്തിലും തന്നാലാവുന്ന സഹായം ചെയ്ത നടിയാണ് സണ്ണി ലിയോണെന്നും എന്നാൽ ഇതൊന്നും ഓർക്കാതെ കേരളത്തിലെ ചില സദാചാരസംരക്ഷകരുടെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയാണെന്നും സന്ദീപ് കുറിക്കുന്നു.

കുറച്ചുനാളുകൾക്കുമുമ്പ് സണ്ണി ലിയോൺ രണ്ട് ആൺകുട്ടികളെ വാടകഗർഭത്തിലൂടെ സ്വന്തമാക്കിയിരുന്നു.തൻ്റെ ഇരട്ടക്കുട്ടികളുടെ ആദ്യ ജന്മദിനം കഴിഞ്ഞദിവസം സണ്ണി ഗംഭീരമായി ആഘോഷിച്ചു. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇത് വാർത്തയാക്കി. ആരാധകർ സണ്ണിയെ അഭിനന്ദിച്ചു. ഇതെല്ലാം കണ്ടപ്പോൾ കേരളത്തിലെ ചില സദാചാരസംരക്ഷകരുടെ നിയന്ത്രണം നഷ്ടപ്പെട്ടു.

ശരീരം വിറ്റ് ജീവിക്കുന്ന അഭിസാരികമാരെ പിന്തുണയ്ക്കുന്നത് ശരിയല്ലെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പബ്ലിസിറ്റിയ്ക്ക് വേണ്ടി സണ്ണി നടത്തുന്ന നാടകമാണ് ഈ സ്നേഹമെന്ന് വേറെ ചിലർ പറയുന്നു. കണ്ടപ്പോൾ അത്ഭുതമൊന്നും തോന്നിയില്ല. നീലച്ചിത്രങ്ങളിൽ അഭിനയിച്ച മനുഷ്യരെ വേട്ടയാടുന്ന കാര്യത്തിൽ മലയാളി എന്നും മുൻപന്തിയിലാണല്ലോ.


ഇതുപോലുള്ള കമൻ്റുകളുടെ മനഃശാസ്ത്രമെന്താണെന്ന് സത്യത്തിൽ എനിക്കറിയില്ല.സണ്ണിയെ കുറ്റം പറയുന്നവർ പോൺ വീഡിയോ കാണാത്തവരൊന്നുമല്ല.­രാത്രിയിൽ ആസ്വദിക്കുകയും വെളിച്ചം പരക്കുമ്പോൾ വിമർശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് !

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ബ്ലൂഫിലിമിൽ അഭിനയിച്ച സ്ത്രീകളാണ് കൂടുതൽ ശാപവാക്കുകൾ കേൾക്കാറുള്ളത്. സിൽക്ക് സ്മിത, ഷക്കീല, അഭിലാഷ തുടങ്ങിയ പേരുകളാണ് ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുള്ളത്. അവർക്കൊപ്പം അഭിനയിച്ച പുരുഷൻമാരെ ഭൂരിഭാഗം പേരും ഒാർക്കുന്നില്ല.


സിൽക്ക് സ്മിത, മലയാളം കണ്ട ഏറ്റവും വലിയ രണ്ടു നടൻമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിൻ്റെ സ്ഫടികത്തിലും മമ്മൂട്ടിയുടെ അഥർവ്വത്തിലും അവർ ഉണ്ടായിരുന്നു. എന്നിട്ടും സ്മിത അംഗീകരിക്കപ്പെട്ടിരുന്നില്ല. സ്ഫടികത്തെപ്പറ്റിയുള്ള ഒരുപാട് ലേഖനങ്ങൾ വായിച്ചിട്ടുണ്ട്. സ്മിതയെക്കുറിച്ച് പരാമർശിക്കാത്ത എഴുത്തുകളായിരുന്നു അധികവും.

പോൺ വീഡിയോയിൽ സ്ത്രീകൾ അഭിനയിക്കുന്നത് ലൈംഗിക ആസക്തി മൂലമാണെന്നാണ് പലരുടെയും ധാരണ.എന്നാൽ സ്മിത ആ ജോലി ഇഷ്ടത്തോടെ തെരഞ്ഞെടുത്തതായിരുന്നില്ല. ഒരിക്കലും ഒരു പോൺ സ്റ്റാർ ആകരുതെന്ന് കണ്ടുമുട്ടുന്ന പെൺകുട്ടികളോടെല്ലാം അവർ പറയുമായിരുന്നു. സ്മിത രാത്രിയിൽ പോലും കൂളിംഗ് ഗ്ലാസ് ധരിക്കുമായിരുന്നു. ഒരുപക്ഷേ അവർ മറച്ചുപിടിക്കാൻ ശ്രമിച്ചത് സ്വന്തം കണ്ണുനീരാകാം.


സിനിമയിൽ നിന്ന് കിട്ടിയ പണത്തിൻ്റെ നല്ലൊരു പങ്കും സ്മിത മറ്റു മനുഷ്യരെ സഹായിക്കാനാണ് ഉപയോഗിച്ചത്. എന്നിട്ടും അവരെ സമൂഹം വെറുതെവിട്ടില്ല. മരിച്ചുകിടക്കുമ്പോൾ പോലും ആ ശരീരത്തിൽ ആർത്തിയോടെ നോക്കിയവരുണ്ട് !

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ യുവാക്കളെ ത്രസിപ്പിച്ച ഷക്കീലയുടെ കഥയും വ്യത്യസ്തമല്ല. കുടുംബ­ത്തിൻ്റെ നിലനില്പിന് വേണ്ടിയാണ് അവർ 'കിന്നാരത്തുമ്പികൾ' പോലുള്ള ചിത്രങ്ങളിൽ അഭിനയിച്ചത്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഷക്കീലയും മോശമായിരുന്നില്ല. സമൂഹം ഇന്നും പുച്ഛത്തോടെ കാണുന്ന ട്രാൻസ്ജെൻ്റർ കമ്മ്യൂണിറ്റിയിൽ നിന്ന് ഒരാളെ ദത്തെടുക്കുകയും ചെയ്തു. ഇത്രയൊക്കെ ചെയ്തിട്ടും ഷക്കീല എന്ന പേര് പറയാൻ പോലും നമുക്ക് ഇപ്പോഴും മടിയാണ്.


പ്രളയം വന്ന് സകലതും മുങ്ങിപ്പോയ സമയത്ത് 1200 കിലോഗ്രാം ഭക്ഷണപദാർത്ഥങ്ങളാണ് സണ്ണി ലിയോൺ കേരളത്തിന് സംഭാവന ചെയ്തത്. അവരെ പരിഹസിക്കുന്ന മലയാളികൾ ഇതെല്ലാം സൗകര്യപൂർവ്വം മറന്നുകഴിഞ്ഞു !

പ്രശസ്തരെക്കുറിച്ചാണ് ഇതുവരെ പറഞ്ഞത്. അപ്രശസ്തരായ എത്രയോ സ്ത്രീകൾ നീലച്ചിത്രങ്ങളിൽ അഭിനയിച്ചിരിക്കുന്നു. അവരെല്ലാം എത്രമാത്രം ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടാവും!? എല്ലാം മറക്കാം. അഭിനയം എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അതിൽ ഇടപെടേണ്ട ആവശ്യം മറ്റുള്ളവർക്കില്ല.


പോൺ വീഡിയോ കാണാൻ ഇവിടെ ഒരുപാട് ആളുകളുണ്ട്. അതുകൊണ്ടുതന്നെയാണ് പുരുഷൻമാർക്കും സ്ത്രീകൾക്കും ക്യാമറയ്ക്കുമുമ്പിൽ നഗ്നരാകേണ്ടി വരുന്നത്. അവർക്കുനേരെ ചൂണ്ടുവിരൽ ഉയർത്തുമ്പോൾ ആലോചിക്കുക. മൂന്നുവി­രലുകൾ ചൂണ്ടപ്പെട്ടിരിക്കുന്നത് നിങ്ങളുടെ നേരെയാണ് !

നിവൃത്തികേടുകൊണ്ട് ഒരു സ്ത്രീ സ്വന്തം ശരീരം വിൽപ്പനയ്ക്കുവെച്ചാൽ അവളെ നാം 'പിഴച്ചവൾ' എന്ന് വിശേഷിപ്പിക്കും. പെണ്ണുടൽ തേടിവന്ന പുരുഷൻമാരെക്കുറിച്ച് ആരും അന്വേഷിക്കാറില്ല.


രണ്ട് വ്യക്തികൾ തമ്മിൽ പരസ്പര സ്നേഹത്തോടെയും സമ്മതത്തോടെയും വേഴ്ച്ചയിലേർപ്പെടുന്ന പ്രക്രിയയാണ് സെക്സ്. എന്നാൽ പലപ്പോഴും പുരുഷനെ സംബന്ധിച്ചിടത്തോളം ലൈംഗികത ഈഗോയുടെ പ്രശ്നമാകാറുണ്ട്. സ്ത്രീയെ കീഴടക്കുന്നതാണ് സെക്സ് എന്ന അബദ്ധധാരണ ചില പുരുഷൻമാർക്കുണ്ട്. ഈ ബോധം പോൺ വീഡിയോസിലും പ്രതിഫലിക്കാറുണ്ട്.

സ്ത്രീയെ ഭോഗിക്കാനുള്ള ഒരു വസ്തുവായി മാത്രം കാണുന്ന പുരുഷബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് നീലച്ചിത്രങ്ങളിലെ നായികമാരെ നിർമ്മിക്കാറുള്ളത്. അതിനെ പുരുഷൻമാർ തന്നെ പരിഹസിക്കുന്നത് എന്തൊരു വിരോധാഭാസമാണ് !


മനുഷ്യൻ്റെ ആവശ്യമാണ് സെക്സ്. പക്ഷേ ഒരുപാട് വർഷങ്ങൾ സിംഗിൾ ആയി ജീവിച്ചതിനുശേഷം മാത്രമേ ഒരു പങ്കാളിയെ ലഭിക്കുകയുള്ളൂ. ലൈംഗികവികാരം എന്നത് വിവാഹരാത്രി പൊട്ടിമുളയ്ക്കുന്ന ഒന്നല്ലല്ലോ. തനിച്ച് ജീവിക്കുന്ന നാളുകളിലും അത് മനുഷ്യനോടൊപ്പം ഉണ്ടാകും. ഇവിടെ നീലച്ചിത്രങ്ങളുണ്ടായത് അതുകൊണ്ടാണ്. ഇക്കാര്യം അംഗീകരിക്കാതെ ചെളിവാരിയെറിഞ്ഞിട്ട് എന്താ പ്രയോജനം?

പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് സണ്ണിയുടെ ഈ പ്രവൃത്തി എന്ന ആരോപണം അവഗണിക്കാവുന്നതാണ്. അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാടാണല്ലോ. നൂറുശതമാനം ആത്മാർത്ഥതയോടെ ഒരു കാര്യം ചെയ്താലും ചിലർ സംശയത്തോടെ വീക്ഷിക്കും. അക്കാര്യ­ത്തിൽ ഒന്നും ചെയ്യാനില്ല.


ഇനിയിപ്പോൾ പബ്ലിസിറ്റിയ്ക്കുവേണ്ടിയാണെന്നു തന്നെ ഇരിക്കട്ടെ.ആ കുഞ്ഞുങ്ങളെ നല്ല രീതിയിൽ സണ്ണി വളർത്തുന്നുണ്ടല്ലോ. അത്രയും പോരേ? രക്തബന്ധമുള്ളവരെ പോലും തിരിഞ്ഞുനോക്കാത്ത മനുഷ്യർ ജീവിക്കുന്ന നാടല്ലേ ഇത്? പിന്നെയെന്തിനാണ് സണ്ണിയുടെ മേൽ കുതിരകയറുന്നത്?

സണ്ണിയും ഭർത്താവും മക്കളും സമാധാനത്തോടെ ജീവിക്കട്ടെ. അവരെ പ്രശംസിക്കണമെന്നില്ല.പക്ഷേ അധിക്ഷേപിക്കരുത്....!

<

Next Story

Related Stories