സോഷ്യൽ വയർ

‘ഐഎഎസ് അക്കാഡമിയില്‍ നിന്ന് വരുന്ന ‘മസൂറി ബുദ്ധിജീവി’കള്‍ക്ക് കുതിര കയറാനുള്ളതല്ല ജനപ്രതിനിധികള്‍’

ജനപ്രതിനിധികളോട് കുതിര കയറുന്ന, കുന്നം കുളം മാപ്പ് വരക്കുന്ന മധ്യവർഗ അരാഷ്ട്രീയ ഹീറോകളോട് ഒരു മതിപ്പും ഇല്ല.

ഹൈക്കോടതി ഉത്തരവ് പ്രകാരം അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കിയ ദേവീകുളം സബ് കളക്ടര്‍ രേണു എസ് രാജിനെ അധിക്ഷേപിച്ച സ്ഥലം എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്നതിനിടെ എസ് രാജേന്ദ്രനെ ന്യായീകരിക്കുകയും സബ് കളക്ടറെ തള്ളിപ്പറയുകയും ചെയ്യുന്ന തരത്തിലുള്ള വിലയിരുത്തലുകളും സോഷ്യല്‍മീഡിയയില്‍ വരുന്നുണ്ട്. അത്തരമൊരു പോസ്റ്റ് ഈ സംഭവത്തെ കാണുന്നത് ഇത് അരാഷ്ട്രീയ മധ്യവര്‍ഗത്തിന്റെ പ്രതിനിധികളായ ഐഎഎസുകാരും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാവുന്ന ജനപ്രതിനിധികളും തമ്മിലുള്ള സംഘര്‍ഷമായാണ്.

ഈ പ്രശ്‌നത്തില്‍ മാധ്യമങ്ങള്‍ അടക്കം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകയായ കാവ്യ കോറോം വാദിക്കുന്നു. സബ് കളക്ടറും എംഎല്‍എയും തമ്മിലുള്ള പ്രശ്നം നേരിട്ട് പരാമര്‍ശിക്കാതെയാണ് പോസ്റ്റ്. ജനപ്രതിനിധികളോട് കുതിര കയറുന്ന, കുന്നംകുളം മാപ്പ് വരയ്ക്കുന്ന മധ്യവര്‍ഗ അരാഷ്ട്രീയ ഹീറോകളോട് ഒരു മതിപ്പും ഇല്ല എന്നും അവര്‍ക്ക് വേണ്ടി രാഷ്ട്രീയക്കാരെ മൊത്തം പ്രതിസ്ഥാനത്ത് നിര്‍ത്തി സിനിമ കഥകളെ വെല്ലുന്ന സൃഷ്ടികള്‍ ചയ്ക്കുന്ന പത്രക്കാരോട് അത്ര പോലും മതിപ്പ് ഇല്ല- ഫേസ് ബുക്ക് പോസ്റ്റ് പറയുന്നു.

കാവ്യ കോറോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ ചെറുപ്പത്തിൽ വീട്ടിൽ കറന്റ് ഇല്ലായിരുന്നു, യുപി സ്‌കൂളിൽ പഠിക്കുമ്പോൾ വരെ ഇല്ല, ആ പ്രദേശത്തു ഞങ്ങൾക്കും പിന്നെ ഒന്നു രണ്ടു വീടുകൾക്കും മാത്രമേ കറന്റ് ഇല്ലാതെ ഉള്ളു, എന്റെ സ്‌കൂളും പഠനവും ഒക്കെ ആയപ്പോഴാണ് കാര്യമായി വൈദ്യുതിയെ കുറിച്ചു ചിന്തിക്കുന്നത്

അന്ന് തൊട്ട് ‘അമ്മ ഇലക്ട്രിസിറ്റി ഓഫിസിൽ ഓരോ ദിവസവും പോകും, വീടിന്റെ അടി രേഖയിൽ എന്തോ തകരാറു ആണെന്ന് പറഞ്ഞു അവിടുള്ളവർ ഓരോ തവണയും മുടക്കും, അപ്പൊ ‘അമ്മ നികുതി അടച്ച രേഖയും കൊണ്ട് പിന്നെയും പോകും, അപ്പൊ അവർ പിന്നെയും എന്തൊക്കെയോ പറയും.

അങ്ങനെയാണ് ഒരു ദിവസം മുനിസിപ്പാലിറ്റിയിൽ പോകുന്നത്. അന്ന് സഖാവ് ടി ഐ മധുസൂദനൻ ആണ് മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ, അമ്മയെ കണ്ടപ്പോൾ കാര്യങ്ങൾ ചോദിക്കുന്നു, ഉടൻ ഇലക്ട്രിസിറ്റി ഓഫിസിലേക്ക് ഫോണ് പോകുന്നു, അമ്മയുടെ പേര് പറഞ്ഞ ഉടനെ അവർക്ക് കാര്യം മനസിലാക്കുന്നു, മുട്ടപ്പോക്ക് ന്യായം തുടരുന്നു, നിയമ കുരുക്കളുടെ ചുരുൾ നിവർത്തുന്നു, നടക്കില്ലെന്ന് തറപ്പിച്ചു പറയുന്നു.

മധുവേട്ടൻ ഇത്രയേ പറഞ്ഞുള്ളു “അതൊന്നും എന്റെ വിഷയം അല്ല, അവർക്ക് കറന്റ് കിട്ടാനുള്ള നടപടി തുടങ്ങണം, ഇന്ന് തന്നെ, ബാക്കി എന്ത് നിയമ പ്രശനം വന്നാലും ഞാൻ നോക്കിക്കോളാം, എന്റെ പേര് നിങ്ങൾ പറഞ്ഞേക്കു”

‘അമ്മ വീട്ടിൽ എത്തുമ്പോഴേക്ക് ഇലക്ട്രിസിറ്റി ഉദ്യോഗസ്ഥർ അവിടുണ്ട്

അന്ന് ഇത് പോലെ മാധ്യമങ്ങൾ അറിഞ്ഞിരുന്നെങ്കിൽ എന്താകും തലക്കെട്ട് എന്നാണ് ഞാൻ ആലോചിക്കുന്നത്,

വൈദ്യുത വകുപ്പ് ജീവനക്കാരെ ഭീഷണി പെടുത്തി സിപിഎം ജനപ്രതിനിധിയുടെ ഗുണ്ടായിസം എന്നാകും, മറുവശത്തു നിൽക്കുന്ന ഞങ്ങൾക്ക് പറയാനുള്ളത് വാർത്തയാകുമായിരുന്നില്ല.

PSC എഴുതി ജോലി കിട്ടുന്ന ബുദ്ധി ജീവികളെ ഭീഷണി പെടുത്തുന്ന ‘ഏഴാം കൂലി രാഷ്ട്രീയക്കാരനെ’ അവഹേളിക്കാൻ ഒരുപാട് പേരുണ്ടാകുമായിരുന്നു, സോഷ്യൽ മീഡിയ ആഘോഷിച്ചെനെ,

ആ വൈദ്യുതി കണക്ഷന്റെ പേരിൽ ഞങ്ങൾ ഒരു നിയമ നടപടിയും നേരിട്ടിട്ടില്ല, മണ്ണെണ്ണ വിളക്കിൽ നിന്ന് മോചനം കിട്ടിയത് കൊണ്ട് ഒരു സ്‌കൂൾ കുട്ടിയുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായെന്നു ഇവരോട് പറഞ്ഞാൽ മനസിലാകുമോ,
പക്ഷെ ഒരു ജന പ്രതിനിധിക്ക് മനസിലാകും, ഒരു നല്ല രാഷ്ട്രീയക്കാരന് മനസിലാകും.

പറഞ്ഞത് ഇതാണ്, തീർച്ചയായും IAS അക്കാദമിയിൽ പഠിക്കുമ്പോൾ കാണുന്നതിനെക്കാൾ വലുതാണ് ജീവിതം, ഓരോ ദിവസവും ജനങ്ങളുടെ ഇടയിൽ നിക്കുന്ന ഒരു രാഷ്ട്രീയക്കാരന് ആ ജീവിതം ഈ മസ്സൂറി ബുദ്ധി ജീവികളെക്കാൾ മനസിലാകും,

ഇന്ന് പലരും അവഹേളിക്കുന്ന ഏഴാം കൂലി രാഷ്ട്രീയക്കാരാണ് കര്ഷക തൊഴിലാളി പെൻഷനും വിധവ പെന്ഷനുമൊക്കെ കിട്ടാൻ ഓരോരുത്തരേയും കൊണ്ട് ഓഫിസുകൾ കയറി ഇറങ്ങി നടക്കുന്നത്, പച്ചക്കറി വിത്തും വളവും കിട്ടാനുള്ള ഫോം വന്നിട്ടുണ്ട് എന്നു പറയുന്നത്, വീട് വെക്കാനുള്ള ഗവർണമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്താൻ അപേക്ഷ കൊടുക്കാൻ കൂടെ വരുന്നത്, അവർക്ക് മനസിലാകുന്ന കാര്യങ്ങൾ ഉണ്ട്, അത് ഭരണഘടനയും നിയമവും പഠിച്ചു ഉണ്ടാകുന്നതല്ല, ചെറിയ കാര്യങ്ങളാണ് എന്നു തോന്നാം, പക്ഷെ അല്ല, ചെറിയ വലിയ കാര്യങ്ങളാണ്.

ഈ ‘ചെറിയ’ കാര്യങ്ങൾ മുതൽ നിപ്പയെയും പ്രളയത്തെയും കരുത്തോടെ നേരിടുന്ന അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് നവകേരളം പണിയാൻ പരിപാടികൾ തയ്യാറാക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കുന്ന രാഷ്ട്രീയമാണ് ഈ നാടിനെ നാടാക്കിയത്, ഇന്ത്യയെ കണ്ടെത്തിയത് നല്ല രാഷ്ട്രീയക്കാരാണ്, അക്കാദമി ബുദ്ധി ജീവികൾ അല്ല,

ജനപ്രതിനിധികളോട് കുതിര കയറുന്ന, കുന്നം കുളം മാപ്പ് വരക്കുന്ന മധ്യവർഗ അരാഷ്ട്രീയ ഹീറോകളോട് ഒരു മതിപ്പും ഇല്ല എന്ന്, അവർക്ക് വേണ്ടി തിരക്കഥകൾ എഴുതുന്ന രാഷ്ട്രീയക്കാരെ മൊത്തം പ്രതി സ്ഥാനത്തു നിർത്തി സിനിമ കഥകളെ വെല്ലുന്ന സൃഷ്ടികൾ ചമയ്ക്കുന്ന പത്രക്കാരോട് അത്രപോലും മതിപ്പ് ഇല്ല

Also Read: ആരാണ് ദേവികുളത്ത് സിപിഎമ്മിനോടും എസ് രാജേന്ദ്രനോടും ഗോകുലം ഗോപാലനോടും മല്ലിട്ടു നിൽക്കുന്ന ഡോ. രേണുരാജ് ഐഎഎസ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍