TopTop
Begin typing your search above and press return to search.

ദേശീയപതാക ഉയര്‍ത്തല്‍ സംഘപരിവാറിന് അലര്‍ജിയാണ്, ഇതിനു മുമ്പും അവര്‍ കേസ് കൊടുത്തിട്ടുണ്ട്; ചരിത്രം ഓര്‍മ്മിപ്പിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്‍

ദേശീയപതാക ഉയര്‍ത്തല്‍ സംഘപരിവാറിന് അലര്‍ജിയാണ്, ഇതിനു മുമ്പും അവര്‍ കേസ് കൊടുത്തിട്ടുണ്ട്; ചരിത്രം ഓര്‍മ്മിപ്പിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്‍

പാലക്കാട് നഗരസഭാ ഓഫീസ് കെട്ടിടത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിനെതിരെ ബിജെപിയും യുവമോര്‍ച്ചയും പരാതി നല്‍കിയ സംഭവത്തില്‍ സമാന സംഭവം ഓര്‍മിപ്പിച്ച് സുപ്രീം കോടതി അഭിഭാഷക അഡ്വ രശ്മിത രാമചന്ദ്രന്‍. 2001 ജനുവരി 26ന് നാഗ്പൂരിലെ രേഷിംബാഗിലെ ആര്‍എസ്എസ് ആസ്ഥാനത്ത് രാഷ്ട്ര പ്രേമി യുവദള്ളിന്റെ മൂന്നു പ്രവര്‍ത്തകര്‍ ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ ആര്‍എസ്എസ് നാഗ്പുര്‍ കോടതിയില്‍ കേസ് കൊടുത്ത സംഭവമാണ് രശ്മിത ഫേസ്ബുക്കില്‍ കുറിച്ചത്. 2012 വരെ കേസ് തുടര്‍ന്നു. ഒടുവില്‍ പ്രതികളെ നിരുപാധികം വിട്ടയക്കുകയായിരുന്നു. ദേശീയ പതാകയെ അംഗീകരിക്കുകയില്ല എന്നത് ആര്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടാണ്. അങ്ങനെയുള്ളവര്‍ക്ക് ദേശീയ പതാക ഉയര്‍ത്തുമ്പോഴൊക്കെയും നെഞ്ചു പൊള്ളുന്നത് സ്വഭാവികമാണെന്നും രശ്മിത പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

നഗരസഭാ കാര്യാലയത്തിലെ പതാക ഉയര്‍ത്തലിനെതിരെ സംഘ പരിവാരം കേസു കൊടുത്തിരിയ്ക്കുകയാണ്. ദേശീയപതാക ഉയര്‍ത്തല്‍ സംഘപരിവാറിന് സ്വതേ അലര്‍ജിയാണ്, ഇതിനു മുമ്പും ദേശീയ പതാക ഉയര്‍ത്തിയവര്‍ക്കെതിരെ പരിവാരം കേസ് കൊടുത്തിട്ടുണ്ട് കേട്ടോ.

പണ്ട്... എന്നാല്‍, ഒത്തിരിപ്പണ്ടല്ല കേട്ടോ, 2001 ജനുവരി 26-ന് നാഗ്പൂരിലെ രേഷിംബാഗിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് രാഷ്ട്ര പ്രേമി യുവദള്ളിന്റെ മൂന്നു പ്രവര്‍ത്തകര്‍ - ബാബാ മെന്‍ധേ, രമേഷ് കലാമ്പേ, ദിലീപ് ചത് വാനി - ദേശീയപതാക ഉയര്‍ത്തിയപ്പോള്‍ അതിനെതിരെ RSS നാഗ്പൂര്‍ കോടതിയില്‍ കേസ് നമ്പര്‍ 176/2001 എന്ന നമ്പരില്‍ ബോംബെ പോലീസ് ആക്ടിന്റെയും ഇന്ത്യന്‍ പീനല്‍ കോഡിന്റെയും വിവിധ വകുപ്പുകളനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ആ കേസ് 2012 വരെ തുടരുകയും പ്രഗത്ഭനായ മൊഹിലേ എന്ന വക്കീല്‍ ആ കേസിലെ പ്രതികളെ നിരുപാധികം വിടുവിച്ച് അവസാനിപ്പിയ്ക്കുകയും ആയിരുന്നു.

ദേശീയ പതാകയെ അംഗീകരിയ്ക്കുകയില്ല എന്നത് RSS ന്റെ പ്രഖ്യാപിത നിലപാടാണ്. ഭരണഘടന നിര്‍മ്മിയ്ക്കാനുള്ള സമിതി 1947 ജൂലായ് മാസം 22 -ന് നമ്മുടെ മൂവര്‍ണ്ണക്കൊടിയെ ദേശീയപതാകയായി അംഗീകരിച്ചപ്പോള്‍ അതിനെതിരെ RSS മുഖപത്രമായ Organizer ശക്തമായി പ്രതിഷേധിച്ചെഴുതി: 'ഒരു ഹിന്ദുവും ഈ കൊടിയെ ബഹുമാനിയ്ക്കുകയോ അംഗീകരിയ്ക്കുകയോ ഇല്ല. മൂന്ന് എന്ന പദം പോലും തിന്‍മയാണ്, പതാകയിലെ 3 നിറങ്ങള്‍ മനശാസ്ത്രപരമായി തിന്‍മയുടെ ഫലങ്ങള്‍ കൊണ്ടു വരും, അത് രാജ്യത്തിന് അപകടകരമാണ്''. സംഘ പരിവാരത്തിന്റെ ആശയസംഹിതയായ വിചാരധാരയിലും ദേശീയ പതാകയ്‌ക്കെതിരെ വിഷം വമിപ്പിയ്ക്കുന്ന വാക്കുകള്‍ കാണാം. ഗാന്ധി വധത്തിനു ശേഷം 1949 ജൂലായ് മാസം 11 ന് സര്‍ദാര്‍ പട്ടേലിനോട് അച്ചാ പോറ്റി പറഞ്ഞ് RSS - ന്റെ നിരോധനം നീക്കണമെന്ന് ഗോല്‍ വാക്കര്‍ കേണ് പറഞ്ഞപ്പോ 'ദേശീയ പതാകയെ അംഗീകരിയ്ക്കണമെന്നും RSS രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിയ്ക്കണമെന്നു 'മടക്കമുള്ള ഉപാധികളാണ് പട്ടേല്‍ തിരിച്ചു വച്ചതും സമ്മതിപ്പിച്ചതും. അതായത് RSS - ന്റെ നിരോധനം നീക്കാനുള്ള ഉപാധിയായി മാത്രമാണ് അവര്‍ ദേശീയ പതാകയെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ചത്. അങ്ങനെയുള്ളവര്‍ക്ക് ദേശീയ പതാക ഉയര്‍ത്തുമ്പോഴൊക്കെയും നെഞ്ചു പൊള്ളും, സ്വാഭാവികം മാത്രം!


Next Story

Related Stories