TopTop

'അതിർത്തിയിലെ ജവാന്റെയും ക്രമസമാധാനം കാക്കുന്ന പോലീസുകാരന്റേയും നെഞ്ചിൽ തുളച്ചുകയറുന്നത് കേരള പോലീസിന്റെ വെടിയുണ്ടകളാകരുത്'

ആംഡ് പൊലീസ് ബറ്റാലിയനിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടെന്ന ഗുരുതരമായ കണ്ടെത്തലുമായി സിഎജി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സർക്കാറിനെയും അധികൃതരെയും രൂക്ഷമായി വിമർശിച്ച് ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. പിണറായി സർക്കാറിനോട് അഞ്ച് ചോദ്യങ്ങൾ ഉന്നയിക്കുന്ന ഷിബു ബേബി ജോൺ‌‌‌ രാജ്യസുരക്ഷ വച്ച് തമാശ കളിക്കരുതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നു.

സിഎജി റിപ്പോർട്ടിലൂടെ പുറത്ത് വന്ന സംഭവം ഒട്ടും തമാശയല്ല. കാണാതായ ആയുധങ്ങൾ എവിടേയ്ക്കാണ് പോയതെന്നുള്ളത് ഗൗരവകരമായി തന്നെ അന്വേഷിക്കേണ്ടതാണെന്നു അദ്ദേഹം വ്യക്തമാക്കുന്നു.

തിരുവനന്തപുരം ആംഡ് പൊലീസ് ബറ്റാലിയനിൽ (എസ്എപിബി) 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളുകളും 12,061 കാർട്രിഡ്ജുകളും കുറവാണെന്നായിരുന്നു സിഎജി റിപ്പോർട്ടിലെ കണ്ടെത്തൽ. ആയുധശേഖരത്തിലുള്ള കുറവ് ഉയർന്ന ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നു. ആയുധങ്ങളും വെടിക്കോപ്പും നഷ്ടപ്പെട്ടത് ഗുരുതരമായ പ്രശ്നമാണെന്നും സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റിന്റെ പൂർണരൂപം-

കേരളാ പോലീസിന്റെ തോക്കും വെടിയുണ്ടകളും കാണാതെ പോയതിനെ പറ്റിയുള്ള ട്രോളുകളൊക്കെ ഇട്ടുതീർന്നെങ്കിൽ ഞാനൊന്ന് പറയട്ടെ. ഈ സംഭവം ഒട്ടും തമാശയല്ല. കാണാതായ ആയുധങ്ങൾ എവിടേയ്ക്കാണ് പോയതെന്നുള്ളത് ഗൗരവകരമായി തന്നെ അന്വേഷിക്കേണ്ടതാണ്.

മാവോയിസ്റ്റുകളും മതതീവ്രവാദികളും അടക്കമുള്ള ദേശവിരുദ്ധരുടെ കൈകളിലേക്കാണോ ഇവ പോയതെന്ന് അറിയേണ്ടതല്ലേ.

മോഷണം പോയതാണോ കപ്പലിൽ തന്നെയുള്ള കള്ളന്മാർ കടത്തിയതാണോ എന്ന് അന്വേഷിക്കേണ്ടതല്ലേ.

ഏതൊക്കെ ഉന്നതന്മാരാണ് ഇതിന് പിന്നിലെന്ന് പരിശോധിക്കേണ്ടതല്ലേ.

പകരം ഡമ്മി ആയുധങ്ങൾ വച്ചതാരാണെന്നും അവരുടെ ഉദ്ദേശം എന്തായിരുന്നെന്നും കണ്ടത്തേണ്ടതല്ലേ.

ആഭ്യന്തരമന്ത്രിയും ഡിജിപിയും ഇക്കാര്യം നേരത്തെ അറിഞ്ഞില്ലേ എന്ന് ചോദിക്കേണ്ടതല്ലേ.

രാജ്യസുരക്ഷ വച്ച് തമാശ കളിക്കരുത്. നാളെ അതിർത്തിയിൽ കാവൽ നിൽക്കുന്ന ജവാന്റെയും ക്രമസമാധാനം കാക്കുന്ന പോലീസുകാരന്റേയും നെഞ്ചിൽ തുളച്ചുകയറുന്നത് കേരളാ പോലീസിന്റെ വെടിയുണ്ടകളാകരുത്. ഉണ്ടയില്ലാതെ തിരിച്ച് വെടി വയ്ക്കാൻ കേരള പോലീസ് ഇരട്ടച്ചങ്കനല്ലല്ലോ.




Next Story

Related Stories