TopTop

'അവസാന ശ്രമായിട്ടായിരുന്നു ആ അർദ്ധരാത്രി ഗൂഗിളിൽ നിന്നും കിട്ടിയ മുഖ്യമന്ത്രിയുടെ ഫോൺനമ്പറിൽ വിളിച്ചത്'

കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ അർധരാത്രിയിൽ പെരുവഴിയിലാവുമെന്ന ആശങ്കയില്‍ നിന്നും 13 പെൺകുട്ടികളടങ്ങുന്ന സംഘം കരകയറിയ കഥയാണ് ഇപ്പോൾ നവ മാധ്യമങ്ങളിലെ ട്രെൻഡിങ് വാർത്ത. ഇവർക്കായി അർദ്ധരാത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പിന്തുണയാണ് ആ യുവതികളുടെ കുറിപ്പിന്റെ അടിസ്ഥാനം. കോഴിക്കോട് സ്വദേശി ആതിരയാണ് തങ്ങളുടെ അനുഭവം ഫേസ്ബുക്കിൽ പങ്കുവച്ചത്.

ടാറ്റാ കൺസൾട്ടൻസി സർവീസസിൽ ഹൈദരാബാദിൽ ജീവനക്കാരായ ആതിരയടങ്ങുന്ന 14 പേർ ചൊവ്വാഴ്ചയാണ് നാട്ടിലേക്ക് തിരിച്ചത്. വിഷ്ണു എന്നയാൾ ഒഴിച്ച് മറ്റെല്ലാവരും പെൺകുട്ടികൾ. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തിൽ പുറപ്പെട്ടത്. പക്ഷേ, രാത്രിയോടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഡ്രൈവർ നിലപാട് മാറ്റുകയായിരുന്നു. കർണാടക കേരള അതിർത്തിയിൽ യാത്ര അവസാനിപ്പിക്കുമെന്ന് ഡ്രൈവർ അറിയിച്ചു.

നാട്ടിലെത്താൻ എല്ലാ വഴികളിലൂടെയും ശ്രമിച്ചു. ഫലമുണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് അർദ്ധ രാത്രി ഗുഗിളിൽ നിന്നും ലഭിച്ച നമ്പറിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചത്. വിളിക്കുമ്പോൾ ഭയം ഉണ്ടായിരുന്നെങ്കിലും പിന്നീട് ഉണ്ടായ സംഭവങ്ങൾ വലിയ കരുത്ത് പകരുന്നതായിരുന്നു എന്നും ആതിര പോസ്റ്റിൽ‌ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം-

"സർക്കാർ ഒപ്പമല്ല, മുന്നിലുണ്ട്"... അതെ...കൊറോണ ഭീതിയിൽ ഹൈദരാബാദിൽ നിന്നും സ്വന്തം നാട്ടിലേക്ക് വന്ന ഞങ്ങൾ 14 മലയാളികൾക്കും അത് തന്നെ ആണ് പറയാനുള്ളത്....

ഹൈദരാബാദ് ഒരു പ്രൈവററ് കമ്പനിയിൽ വർക്ക് ചെയ്യുന്ന ഞങ്ങൾ 14 മലയാളികൾ കോഴിക്കോട് സ്വദേശികളാണ്. കോഴിക്കോട് ഡെപ്യൂട്ടി കലക്ടറുടെ ഉറപ്പോടു കൂടി കേരളത്തിലേക്ക് മാർച്ച് 24ന് രാവിലെ 7 മണിക്ക് ഞങ്ങൾ യാത്ര തിരിച്ചു. ഹോസ്റ്റലിലെ അവസ്ഥ നന്നേ മോശമായിക്കൊണ്ടിരിക്കെയാണ് ഞങ്ങൾ കലക്ടറുടെ സഹായം ചോദിക്കുകയും അവിടെ നിന്ന് യാത്ര പുറപ്പെടുകയും ചെയ്തത്. ഞങ്ങൾ തന്നെ ഏർപ്പാടാക്കിയ ഒരു ട്രാവലലിൽ ആയിരുന്നു കലക്ടർ അയച്ച മെയിലുമായി ഞങ്ങൾ യാത്ര ആരംഭിച്ചത്. പോകുന്ന വഴിയിലൊന്നും തന്നെ അതികമാരെയും തന്നെ കടത്തി വിടുന്നുണ്ടായിരുന്നില്ല.എല്ലാ ബോർഡറുകളിലും നന്നായി തന്നെ ചെക്കിംഗ് ഉണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവരുടെ പ്രാർത്ഥനയും കണ്ണീരുമാകാം ഒരു വിധത്തിൽ ഞങ്ങൾ കർണാടക ബോർഡർ കടന്നു. രാത്രിയേറെയായി യാത്ര നീളവെ പെട്ടെന്നാണ് "21 ദിവസത്തേക്ക് ഇന്ത്യ മൊത്തം ലോക്ക്ഡൗൺ" എന്ന വാർത്ത അറിഞ്ഞത്. കേട്ടപാടെ വണ്ടി ഡൈ്രവേഴ്സ് പറഞു കേരള -കർണാടക ബോർഡർ വരെ മാത്രമെ അവർ ഉണ്ടാവുകയുള്ളു അത് കഴിഞാൽ ഞങ്ങൾ വേറെ വണ്ടി അറേഞ്ച് ചെയ്യണമെന്ന്.. ആ ഒരു നേരത്ത് വീട്ടിലുള്ളവരെയും പരിചയക്കാരെയും തുടങ്ങി എല്ലാവരേയും ഞങ്ങൾ വിളിച്ചു.പക്ഷേ ഈ ഒരവസ്ഥയിൽ അവരെല്ലാം നിസ്സഹായരായിരുന്നു. പറയാവുന്നത്ര ഞങ്ങൾ ഡ്രൈവറോട് പറഞ്ഞു നോക്കി.അവർ അത് കേട്ടിരുന്നില്ല. രാത്രി 1 മണിക്ക് ബോർഡർ എത്തും ബാക്കി നിങ്ങൾ നോക്കുക അതായിരുന്നു അവരുടെ മറുപടി. നാട്ടിൽ തിരിച്ചെത്താൻ പറ്റുമോ എന്ന ഭയം ആയിരിക്കണം അവർക്ക്. കലക്ടർക്ക് ചെയ്യാൻ കഴിയുന്നത് അദ്ദേഹം ചെയ്ത് തരുന്നുണ്ട്. അതിരാവിലെ തുടങ്ങിയ യാത്രയായിരുന്നു അത്ര നേരമായിട്ടും ഞങ്ങൾ ഭക്ഷണം പോലും കഴിച്ചിരുന്നില്ല.. ആകെ ഉണ്ടായിരുന്നത് ഹോസ്റ്റലിൽ നിന്നും ഇറങുമ്പോഴെടുത്ത വെള്ളമായിരുന്നു. അതാണെങ്കിൽ ഉച്ചയാകുമ്പോഴേക്കും കഴിഞ്ഞിരുന്നു. കൊറോണ ഭീതി കാരണം ഞങ്ങൾ ആരും തന്നെ ഫുഡ് കഴിക്കാനും വാഷ് റൂമിൽ പോകാനോ വേണ്ടി പുറത്തിറങ്ങിയിരുന്നില്ല. കർണാടക -കേരളം അതിർത്തി വരുന്ന ഫോറസ്ട് ഏരിയ ആയ തോൽപ്പെട്ടിയിലാണ് ആ രാത്രി ഡ്രൈവർ ഞങ്ങളെ ഇറക്കി വിടുമെന്ന് പറഞത്. അവിടെന്നങ്ങോട്ട് എങ്ങനെ പോവുമെന്ന് ഞങ്ങൾക്കൊരു പിടിയും ഉണ്ടായിരുന്നില്ല. മറ്റൊരു വഴിയും ഇല്ലാത്തയപ്പോ ഒരു അവസാന ശ്രമം എന്ന രീതിയിലാണ് ഗൂഗിളിൽ നിന്നു കിട്ടിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പറിൽ ഞങ്ങൾ ഒന്നു വിളിച്ചു നോക്കിയത്. അപ്പോഴേക്കും സമയം 1 മണിയോടടുത്തായിരുന്നു. ഇത്രയും തിരക്കുള്ള അദ്ദേഹം അതും ആ നേരത്തു call എടുക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. ഞങ്ങളുടെ പ്രശ്നമെല്ലാം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറഞ്ഞു. അദ്ദേഹം അപ്പോൾ തന്നെ വയനാട് കലക്ടറുടേയും എസ്. പിയുടേയും നമ്പർ തന്നു. ഞങ്ങൾ വയനാട് എസ്. പിയെ കോണ്ടാക്ട് ചെയ്ത് കാര്യങ്ങൾ പറഞ്ഞു. എസ്. പി തിരുനെല്ലി എസ്. എൈ.ജയപ്രകാശ് സറിന്ടേ സഹായത്തോടുകൂടി ഞങ്ങൾക്ക് ഒരു ട്രാവലർ അറേഞ്ച് ചെയ്തു തന്നു. 25ന് രാവിലെ 11മണിക്ക് മുന്നേ എല്ലാവരേയും അവരുടെ വീടുകളിൽ സുരക്ഷിതരായി എത്തിച്ചു.

നന്ദി പറയാൻ വിളിച്ചപ്പോഴും മുഖ്യമന്ത്രി എന്റെ call എടുത്തു. ഞങ്ങൾ സുരക്ഷിതരായി വീടുകളിൽ എത്തിയതിൽ സന്തോഷം അറിയിക്കുകയും ഇനിയുള്ള ദിവസങ്ങളിൽ ഹോം ക്വാറന്റീനിൽ കഴിയേണ്ടതിന്റെയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും പറഞ്ഞു തന്നു.

അത്യസാധാരണമായ ഒരു പരീക്ഷണത്തെയാണ് നാം നേരിടുന്നത്. നമ്മുടെ എല്ലാ സംവിധാനങ്ങളും സന്നദ്ധതയും സഹജീവി സ്‌നേഹവും ഒരു ചരടില്‍ കോര്‍ത്ത് മുന്നേറേണ്ട ഘട്ടമാണിത്. ലോകത്തെ പല വികസിത രാജ്യങ്ങളെയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാന്‍ ഈ നാട്ടിലെ മുഴുവന്‍ ജനങ്ങളും സഹകരിക്കേണ്ടതുണ്ട്. ഇങ്ങനൊരു സർക്കാരും മുഖ്യമന്ത്രിയും മുന്നിൽ നിന്നു നയിക്കുമ്പോൾ നമുക്ക് ഈ പരീക്ഷണഘട്ടത്തെയും തീർച്ചയായും അതിജീവിക്കാൻ കഴിയും.

ഒരിക്കൽ കൂടി...ഉറച്ച ബോധ്യത്തോടെ...സര്‍ക്കാര്‍ ഒപ്പമല്ല,മുന്നിൽ തന്നെയുണ്ട്..Next Story

Related Stories