TopTop
Begin typing your search above and press return to search.

'ഒരുപാട് നല്ലമനസുകളെ മനസിലാക്കി തന്ന കൊറോണക്കാലം, നേര്യമംഗലമേ ഞങ്ങൾ തളരാതെ നോക്കിയ കരുതലിനു നന്ദി', പോലീസുകാരന്റെ കുറിപ്പ്

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പങ്ക് വഹിച്ചവരാണ് പോലീസുകാർ. ട്രാഫിക്ക് നിയന്ത്രണം മുതൽ ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയുന്നതിനും സംസ്ഥാന- ജില്ലാ അതിർത്തികളിൽ പരിശോധയ്ക്കും ഉൾപ്പെടെ സജീവമായിരുന്നു സംസ്ഥാനത്തെയും പോലീസ് സേന. ഇത്തരത്തിൽ ജോലിക്ക് നിയോഗിച്ച ഒരു സംഘത്തിന് നാട്ടുകാരിൽ നിന്ന് ലഭിച്ച പിന്തുണയെ കുറിച്ച് പറയുകയാണ് സബ് ഇൻസ്പെക്ടറായ അജി അരവിന്ദ്.

നേര്യമംഗലത്തെ പ്രത്യേക ഡ്യൂട്ടി സമയത്ത് പ്രദേശവാസികള്‍ നൽകിയ പിന്തുണ മറക്കാനാവില്ലെന്നാണ് ചിലരെ പേരെടുത്ത് പറഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം-

കൊറോണകാലമേ നിനക്ക് നന്ദി. ഒരുപാട് നല്ലമനസുകളെ മനസിലാക്കി തന്നതിന്.

നേര്യമംഗലമേ ഞങ്ങൾ തളരാതെ നോക്കിയ കരുതലിനു നന്ദി..

ഞങ്ങൾ (അടിമാലി ട്രാഫിക് യൂണിറ്റിലെ 10 പോലീസ്ഉദോഗസ്ഥർ )ലോക്കഡോൺ തുടങ്ങിയ അന്നുമുതൽ ഇന്നുവരെ തുടർച്ചയായി ഡേ നൈറ്റ് നേര്യമംഗലത്തു ബോഡർസീലിംഗ് ഡ്യൂട്ടിയിലായിരുന്നു. പകലിന്റെ ചൂടിലും രാത്രിയുടെ തണുപ്പിലും ഡ്യൂട്ടി നോക്കുമ്പോൾ ഞങ്ങളെ സ്വന്തംകുടുംബത്തിലെ ഒരു അംഗത്തെപോലെ നോക്കിയാ നേര്യമംഗലത്തെ വലിയമനസുകൾക്ക് ഞങ്ങളുടെ ഹൃദയതിൽ നിന്നുള്ള സല്യൂട്ട്....

നൈറ്റ് ഡ്യൂട്ടിയിൽ രാവിലെ 3.30 ആകുമ്പോൾ കട്ടന്കാപ്പിയുമായി വരുന്ന ജഗദമ്മ മുത്തശ്ശിയും ,നേരം വെളുക്കുമ്പോൾ കാപ്പി തിളപ്പിച്ചു മക്കളുടെ കയ്യിൽകൊടുത്തുവിടുന്ന അമ്പിളിയും, ഒരുദിവസം പോലും മുടങ്ങാതെ ചായയുമായി വരുന്ന ബോസ്ച്ചേട്ടനും, ഇടയ്ക്കിടയ്ക്ക് പലതരത്തിലുള്ള ആഹാരങ്ങളും ചായയുമായി വരുന്ന സലിം, 12മണിക്ക് ചൂടുകുടുമ്പോൾ മോരുംവെള്ളവുമായി വരുന്ന ഗ്രീൻമൗണ്ടിലെ സ്റ്റാഫ്‌,എന്നും ഉച്ചകഴിയുമ്പോൾ മുടങ്ങാതെ നാരങ്ങാവെള്ളവുമായി വരുന്നകാഞ്ഞിരവേലിയിലെ കൂട്ടുകാരൻ,ഞങ്ങൾക്ക് എന്തു സഹായത്തിനും ഓടിയെത്തുന്ന ടോമിചേട്ടൻ,ബിജുവും ഭാര്യയും ഞങ്ങൾക്ക് മഴനനയാതിരിക്കാനായി പന്തൽ ഇട്ടു തന്ന ഷിജോയും കൂട്ടുകാരും,എന്നും ഉറങ്ങാൻ പോകുന്നതിനു മുൻപായി ഞങ്ങളുടെ അടുത്തുവന്നു വിശേഷം ചോദിച്ചു ചുടുചായ കൊണ്ടുവന്നു പോകുന്ന മുത്തശ്ശിയും പുരുഷോത്തമൻ അച്ഛനും.

ഇങ്ങനെ എത്രപേരുടെ സ്നേഹമാണ് കൊറോണ നീ ഞങ്ങളെ അറിയിച്ചത്. ഇന്ന് ഡ്യൂട്ടി തീർന്നുപോരുമ്പോൾ ഞങ്ങളെ കെട്ടിപിടിച്ചു വിതുമ്പുന്ന അമ്മുമ്മയുടെ മുഖം മറയില്ലാ മനസ്സിൽ നിന്നും. ഉച്ചക്ക് ആ കുടിലിൽ ഉണ്ടാക്കുന്ന ആഹാരത്തിന്റെ ഒരു പങ്ക് ഞങ്ങൾക്കായി കരുതിവെച്ചു കൊണ്ടുവന്നു തരുമ്പോൾ മരിച്ചുപോയ മുത്തശ്ശി തിരിച്ചുവന്നപ്പോലെ ഒരു തോന്നൽ. എന്നും പൊടിപിടിച്ച പോലീസ് ജീപ്പ് മുതൽ ഞങ്ങൾ വരുന്ന വാഹനം വരെ കഴുകി ഇടുന്ന ആ വലിയ മനസിനെ എങ്ങനെ നന്ദി പറയും.. മറക്കില്ല മറക്കാൻ കഴിയില്ല ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും നിങ്ങളെ പ്രിയ നേര്യമംഗലമേ.........




Next Story

Related Stories