TopTop
Begin typing your search above and press return to search.

'ജാതി കോളനികള്‍ ഇപ്പോഴുമുള്ള നാടാണ് കേരളം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രിവിലേജ്ഡ് ആയവര്‍ക്ക് മാത്രം ലഭ്യമാകുന്ന ഒന്നായി മാറരുത്'

ജാതി കോളനികള്‍ ഇപ്പോഴുമുള്ള നാടാണ് കേരളം, ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രിവിലേജ്ഡ് ആയവര്‍ക്ക് മാത്രം ലഭ്യമാകുന്ന ഒന്നായി മാറരുത്

കേരളത്തിന്റെ മികച്ചആശയമായ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രിവിലേജ്ഡ് ആയ ആളുകള്‍ക്ക് മാത്രം ലഭ്യമാകുന്ന ഒന്നായി മാരുന്ന ഗതിയുണ്ടാവരുതെന്ന സംവിധായകന്‍ ഡോ. ബിജു. മലപ്പുറത്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു ഡോ. ബിജു ഇക്കാര്യം ചൂണ്ടിക്കാട്ടിയത്്.

ഭൂമിക്കു വേണ്ടി നിരന്തരമായി സമരം ചെയ്തു കൊണ്ടേ ഇരിക്കുന്ന ജനത. 50000 ല്‍ അധികം ജാതി കോളനികള്‍ ഉള്ള ഒരു നാടാണ് കേരളം. കേരളത്തിലെ പുരോഗമന സമൂഹത്തിനു പുറത്താണ് ഈ ജാതിക്കോളനികള്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്നും അദ്ദേഹം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം-

വീട്ടില്‍ സ്മാര്‍ട് ഫോണും ടെലിവിഷനും ഇല്ലാത്തതുകൊണ്ട് പഠനം മുടങ്ങുമോ എന്ന ആശങ്കയില്‍ വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ദേവിക തീകൊളുത്തി മരിച്ചു.. എന്ന് വാര്‍ത്തകളില്‍ കാണുന്നു.

ദളിത് ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പലരും ഈ വിഭാഗങ്ങളിലെ ഭൂരിപക്ഷം കുട്ടികള്‍ക്ക് ഓണ്‍ ലൈന്‍ പഠന സൗകര്യങ്ങള്‍ ഉണ്ടാകില്ല എന്നത് മുന്‍കൂട്ടി തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. സ്വാഭാവികമായും മറ്റുള്ളവര്‍ ഓണ്‍ലൈനില്‍ പഠനം ആരംഭിക്കുകയും തങ്ങള്‍ക്ക് അത് കിട്ടാതെ വരികയും ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന വിഷമം ആത്മഹത്യ പോലുള്ള അപകടങ്ങളിലേക്ക് വഴി തെളിക്കും. ദളിത് ആദിവാസി വിഭാഗങ്ങളില്‍ ഇറങ്ങി ചെന്നു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയാം , മൊബൈലോ ടി വി യോ ഇലക്‌ട്രിസിറ്റിയോ ഇല്ലാത്ത അനേകമനേകം വീടുകള്‍ ഇപ്പോഴും ഈ മേഖലയില്‍ ഉണ്ട്. കാറ്റ് അടിച്ചാല്‍ പറന്നു പോകാത്ത, മഴ പെയ്താല്‍ ചോരാത്ത വീടുകള്‍ പോലും ഇല്ലാത്ത ആയിരക്കണക്കിന് ആളുകള്‍ ദളിത് ആദിവാസി മേഖലയില്‍ ഉണ്ട്. ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത എത്രയോ കുടുംബങ്ങള്‍. സ്വന്തം ഭൂമിയില്‍ നിന്നും കുടിയിറക്കപെട്ട ജനവിഭാഗം..

ഭൂമിക്കു വേണ്ടി നിരന്തരമായി സമരം ചെയ്തു കൊണ്ടേ ഇരിക്കുന്ന ജനത, എന്തിനേറെ പറയുന്നു 50000 ല്‍ അധികം ജാതി കോളനികള്‍ ഉള്ള ഒരു നാടാണ് കേരളം. കേരളത്തിലെ പുരോഗമന സമൂഹത്തിനു പുറത്താണ് ഈ ജാതിക്കോളനികള്‍ ഇപ്പോഴും നിലനില്‍ക്കുന്നത് അല്ലെങ്കില്‍ നിലനിര്‍ത്തുന്നത്.ദളിത് ആദിവാസി വിഭാഗങ്ങള്‍ ഇപ്പോഴും കേരളത്തിലെ സോ കാള്‍ഡ് മോഡലുകള്‍ക്ക് പുറത്താണ് . എപ്പോഴും. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ക്കൊന്നും തന്നെ ഈ മേഖലയില്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞിട്ടുമില്ല . അല്ലെങ്കില്‍ തന്നെ സംവരണ മണ്ഡലത്തില്‍ അല്ലാതെ ജനറല്‍ സീറ്റില്‍ ഒരു പട്ടിക ജാതിക്കാരനെ മത്സരിപ്പിക്കാന്‍ ഇവിടുത്തെ ഒരു മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കഴിഞ്ഞ എത്രയോ ദശകങ്ങളായി സാധിച്ചിട്ടില്ല എന്നത് ഓര്‍ക്കുക.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം കേരളത്തിന്റെ മികച്ച ഒരു ആശയം തന്നെ ആണ്. പക്ഷെ അത് പ്രിവിലേജ്ഡ് ആയ ആളുകള്‍ക്ക് മാത്രം ലഭ്യമാകുന്ന ഒന്നായി മാറരുത്. സമൂഹത്തിന്റെ ഏറ്റവും താഴെതട്ടില്‍ ഉള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൂടി അതിന്റെ സേവനം ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്താത്തിടത്തോളം കാലം ഇത് ഒരു പ്രിവിലേജ്ഡ് വിഭാഗ സേവനം മാത്രമായി ഒതുങ്ങും. സമൂഹം എന്നത് പ്രിവിലേജ്ഡ് ആയ ആളുകക്ക് മാത്രം ജീവിക്കാന്‍ സാധിക്കുന്ന ഒരു ഇടം എന്നതല്ല , അങ്ങനെ ആകാനും പാടില്ല...ഇനിയെങ്കിലും ദളിത് ആദിവാസി മേഖല ഉള്‍പ്പെടെയുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പ്രാഥമിക അവകാശങ്ങള്‍ എങ്കിലും ഉറപ്പ് വരുത്താനുള്ള കുറച്ചു കൂടി ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ നടത്തേണ്ടതുണ്ട്...

എന്‍.ബി. കേരളത്തില്‍ എവിടെയാണ് ഇലക്‌ട്രിസിറ്റി ഇല്ലാത്തത്, ആര്‍ക്കാണ് അടച്ചുറപ്പില്ലാത്ത വീടില്ലാത്തത്, ആര്‍ക്കാണ് ഭൂമിയില്ലാത്തത്, ആര്‍ക്കാണ് ഫോണില്ലാത്തത്, എന്നൊക്കെയുള്ള ചോദ്യങ്ങളുമായി വരുന്ന നിഷ്‌കളങ്കരോട് അഡ്വാന്‍സ് സോറി....


Next Story

Related Stories