TopTop
Begin typing your search above and press return to search.

'പൊതു ഇടം എന്റേതും എന്ന പരിപാടി ചെറിയ കാര്യമായാണോ തോന്നുന്നത്? പരിഹാസം തോന്നുന്നുണ്ടോ?'; ഡോ. വീണ ജെ എസ് എഴുതുന്നു

'ഞാനടങ്ങുന്ന ഒരു വിഭാഗത്തിന് തീര്‍ച്ചയായും പരിഹാസം തോന്നുന്ന ഒരു പരിപാടിയാകാം പൊതു ഇടം എന്റേതും എന്നത്. എന്നാല്‍ അതിനപ്പുറത്തേക്ക് നമ്മള്‍ ശരിക്കും ചിന്തിച്ചുനോക്കേണ്ടതല്ലേ?' കേരള സര്‍ക്കാരിന്റെ പൊതു ഇടം എന്റേതും എന്ന പദ്ധതിയെ കുറിച്ച് വ്യാപകമായ വിമര്‍ശനമായിരുന്നു ഉയര്‍ന്നു വന്നത്. എന്നാല്‍ ആ പദ്ധതി വ്യക്തമായ ഉദ്ദേശലക്ഷ്യങ്ങളോടെ നടപ്പാക്കുന്നതാണെന്ന ഡോക്ടറും സാമൂഹിക പ്രവര്‍ത്തകയുമായ വീണ ജെ എസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു.

'കേരളത്തിലെ സമരവീര്യമുള്ള സ്ത്രീകള്‍ ആ സമരവീര്യമില്ലാത്ത ഭൂരിഭാഗം സ്ത്രീകളെക്കൂടെ കണക്കിലെടുക്കേണ്ടതുണ്ട്. പോലീസിനേക്കാള്‍ വീട്ടിലെയും നാട്ടിലെയും വെറും ആണ്‍മനോഭാവങ്ങളെപ്പേടിച്ചു സന്ധ്യക്കുള്ളില്‍ വീട്ടിലേക്ക് കുതിച്ചുചാവുന്ന സ്ത്രീകളെ ഓര്‍ക്കേണ്ടതുണ്ട്. അവരുടെ മേലുള്ള ആണ്‍ചങ്ങലകള്‍ ഇളക്കാന്‍ സ്റ്റേറ്റ് ഇങ്ങനെയൊക്കെ ഇടപെടട്ടെന്നെ. നമ്മള്‍ക്ക് അവരുടെ കൂടെയും നടക്കാം. അവര്‍ വീട്ടിലെത്തിക്കഴിയുമ്പോഴും നടക്കാം. ഐക്യപ്പെടുക എന്നത് ഒത്തിരി ബൃഹത്തായ ആശയമാകട്ടെ. പതിനെട്ടാം നൂറ്റാണ്ടിന്റെ ഫ്യുഡല്‍ രീതി നിലനില്‍ക്കുന്ന കുടുംബങ്ങളില്‍ അവര്‍ക്ക് ഉദാരമെന്ന് തോന്നാവുന്ന കാര്യങ്ങള്‍ ഉപയോഗിച്ച് തന്നെ സ്ത്രീശാക്തീകരണം നടന്നാല്‍ അത് ശാക്തീകരണത്തിലേക്കുള്ള ആദ്യപടി ആയെങ്കിലും ചില ജീവിതങ്ങളില്‍ സംഭവിക്കുമെങ്കില്‍ എന്തിന് എതിര്‍ക്കണം? ഇത്രയും populated ആയ ഒരു സ്ഥലത്ത് പോലീസ് മാത്രം വിചാരിച്ചാല്‍ ഉണ്ടാകുന്നതല്ല സുരക്ഷ. Gender എന്നത് ഒരു പോലീസിനും പരിഹരിക്കാനാകാത്ത വിഷയമാണ്. മാറ്റം ഉണ്ടാവേണ്ടത് മനസുകളിലാണെന്നും വീണ ജെ എസ് എഴുതുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Night walk പൊതുവിടം എന്റേതും എന്ന സര്‍ക്കാര്‍-പരിപാടി ചെറിയ കാര്യമായാണോ തോന്നുന്നത്? പരിഹാസം തോന്നുന്നുണ്ടോ? ഞാനടങ്ങുന്ന ഒരു വിഭാഗത്തിന് തീര്‍ച്ചയായും പരിഹാസം തോന്നുന്ന ഒരു പരിപാടിയാകാം അത്. എന്നാല്‍ അതിനപ്പുറത്തേക്ക് നമ്മള്‍ ശെരിക്കും ചിന്തിച്ചുനോക്കേണ്ടതല്ലേ? കുറച്ച് കാര്യങ്ങള്‍ പറയാം

1) എന്റെ വീട് തലശ്ശേരിയാണ്. സത്യം പറയാല്ലോ. അതിരാവിലെ വണ്ടിയിറങ്ങുമ്പോ ഇന്നും അച്ഛനോ അനിയനോ എന്നെ നോക്കി സ്റ്റാന്‍ഡിലേക്ക് വരും. വന്നില്ലെങ്കില്‍ ഞാന്‍ വിളിച്ചുവരുത്തുകയും ചെയ്യും. കാരണം ഇന്നും ഈ നന്മമലബാര്‍ ഏരിയ അത്ര നിഷ്‌കളങ്കമൊന്നുമല്ല. വളരെ കുറച്ച് നാളുകള്‍ക്കു മുന്നെയാണ് ഒരു കൂട്ടുകാരി രാവിലെ വണ്ടിയിറങ്ങിയപ്പോള്‍ മോശം അനുഭവം ഉണ്ടായത്.

2) എന്റെ അമ്മയാണ് വീട്ടിലെ സാധനങ്ങള്‍ മിക്കതും വാങ്ങാന്‍ പോകുക പക്ഷേ സന്ധ്യ മയങ്ങിയാല്‍ ഓടുന്ന ബസുകളിലെ ആണുങ്ങളുടെ അവസ്ഥ കാരണം അതിനു മുന്നേ എത്താന്‍ നോക്കും.

3) പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ പ്രായം ഏത് extreme വരെയും പോകാം എന്ന് പത്രത്തിലും ടീവിയിലും കാണിക്കുന്നത് കൊണ്ട് യാത്രകള്‍ നിര്‍ത്തിയ ഒത്തിരി വല്യമ്മമാരെ അറിയാം. അമ്പലങ്ങളില്‍ പോലും അവര്‍ നേരത്തേ പോയി വരും. (അമ്പലങ്ങള്‍ ആണ് അവരുടെ ഒരു കൂട്ടായ്മ സ്ഥലം. വല്യച്ചന്മാരെപ്പോലെ പീടികത്തിണ്ണകള്‍ അല്ല.)

4) നാലാമത്തെ വിഭാഗമാണ് ഭൂരിഭാഗം. അവര്‍ സ്വന്തം വീട്ടുകാരെ ഭയന്നാണ് സന്ധ്യക്ക് മുന്നേ വീട്ടിലെത്തുന്നത്. ആ ഭയം അച്ഛനപ്പൂപ്പന്‍ അമ്മാവന്‍ മാമന്‍ ചേച്ചീടെ ഭര്‍ത്താവും കുടുംബവും തൊട്ട് സ്വന്തം അനിയനിലേക്ക് വരെ നീങ്ങുന്നു.

ഒരു കാര്യമേ പറയാനുള്ളു. നമ്മള്‍ കുറച്ചുപേര്‍ സ്വാതന്ത്ര്യത്തിലെത്തി എന്നുള്ളതുകൊണ്ട് ഭൂരിഭാഗം അങ്ങനെയൊരു അവസ്ഥയില്‍ എത്തിയവര്‍ അല്ല. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ നമ്മള്‍ കുറച്ച് പേര്‍ ഉണ്ട്. പക്ഷേ ആണിന്റെ കൂടെ ഒന്നിരിക്കാന്‍ പേടിയുള്ള മനസുകളും ഇവിടെയുണ്ട്. ആണ്‍പെണ്‍വ്യത്യാസമില്ലാതെ കഴിഞ്ഞ ഒത്തിരി സൗഹൃദങ്ങളില്‍ പെണ്ണിനെപ്പറ്റി മോശം കമന്റുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. അല്ലേ?

'നേരത്തിനു വീട്ടില്‍ എത്തുന്ന ജോലിയല്ലാത്തതുകൊണ്ട് നീ ആ ജോലിക്ക് പോകണ്ട' എന്ന കര്‍ക്കശ്യത്തില്‍ കിട്ടിയ നല്ല ജോലിപോലും ചെയ്യാന്‍ പറ്റാത്ത സ്ത്രീകളുടെ നാടുകൂടെയാണ് ഇത്. 'രാത്രി ഇറങ്ങേണ്ട ആവശ്യം എന്താ'ണെന്ന് ഗുരുതരമായ നിഷ്‌കളങ്കതയോടെ ചോദിക്കുന്ന സ്ത്രീകളുടെ നാടുംകൂടിയാണിത്.

'പണ്ട് നടത്തിയ സ്ത്രീകളുടെ രാത്രിയാത്രകളെ ഇടത് സമൂഹം അംഗീകരിച്ചോ' എന്ന ചോദ്യം പോലും യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഉയര്‍ത്തുന്നത് നമ്മുടെ സാമൂഹ്യാവസ്ഥയിലേക്ക് മാത്രമാണ്. ഇടതിന് മാത്രമായൊരു സദാചാരകോഡ് ഇവിടെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇടതിനും കൂടെ ഒരു കോഡുണ്ട്, അത് സമൂഹത്തിന്റെ മൊത്തം സദാചാരസങ്കല്‍പ്പത്തില്‍നിന്നും വലിയ ഭിന്നമല്ല എന്നേ തോന്നുന്നുള്ളൂ.

അതുകൊണ്ട് ഇന്ന് മുന്നോട്ട് വരാന്‍ ഇടത് വെക്കുന്ന പദ്ധതികള്‍ മോശമാകുമോ? സമൂഹത്തിലെ ഭൂരിഭാഗത്തെ മുന്നോട്ട് കൊണ്ടുവരിക എന്നത് സര്‍ക്കാരിന്റെ വലിയ ഉത്തരവാദിത്തമാണ്. കൃത്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമാണു സ്ത്രീകളെ ഇങ്ങനെയൊരു പ്രതിഷേധപരിപാടിയിലേക്ക് പങ്കാളികളാക്കുന്നത് എന്നത് സ്റ്റേറ്റ് ഇവിടത്തെ ആണ്‍മേധാവിത്വത്തോടാണ് വിളിച്ചുപറയുന്നത്. അല്ലാതെ ഇടതിന്റെ ആണ്‍ശബ്ദമായോ, സ്ത്രീകളെ സംരക്ഷിക്കുന്ന ആണ്‍മനോഭാവമായോ അല്ല നമ്മള്‍ അതിനെ കാണേണ്ടത്.

ഞാന്‍ പറയുന്നത് ഇത്രയുമേ ഉള്ളൂ. കേരളത്തിലെ സമരവീര്യമുള്ള സ്ത്രീകള്‍ ആ സമരവീര്യമില്ലാത്ത ഭൂരിഭാഗം സ്ത്രീകളെക്കൂടെ കണക്കിലെടുക്കേണ്ടതുണ്ട്. പോലീസിനേക്കാള്‍ വീട്ടിലെയും നാട്ടിലെയും വെറും ആണ്‍മനോഭാവങ്ങളെപ്പേടിച്ചു സന്ധ്യക്കുള്ളില്‍ വീട്ടിലേക്ക് കുതിച്ചുചാവുന്ന സ്ത്രീകളെ ഓര്‍ക്കേണ്ടതുണ്ട്. അവരുടെ മേലുള്ള ആണ്‍ചങ്ങലകള്‍ ഇളക്കാന്‍ സ്റ്റേറ്റ് ഇങ്ങനെയൊക്കെ ഇടപെടട്ടെന്നെ. നമ്മള്‍ക്ക് അവരുടെ കൂടെയും നടക്കാം. അവര്‍ വീട്ടിലെത്തിക്കഴിയുമ്പോഴും നടക്കാം. ഐക്യപ്പെടുക എന്നത് ഒത്തിരി ബൃഹത്തായ ആശയമാകട്ടെ. അല്ലാതെ പോലീസ് പറഞ്ഞാല്‍ എന്റെ പെണ്‍പട്ടിപോലും കയറില്ല എന്നൊക്കെ പറഞ്ഞാല്‍ അങ്ങനെ കയറുന്ന ഗതികെട്ട സ്ത്രീകളെ പട്ടി എന്ന് വിളിച്ചതായിപ്പോലും അവര്‍ക്ക് തോന്നിയേക്കാം. അരുത്.

പതിനെട്ടാം നൂറ്റാണ്ടിന്റെ ഫ്യുഡല്‍ രീതി നിലനില്‍ക്കുന്ന കുടുംബങ്ങളില്‍ അവര്‍ക്ക് ഉദാരമെന്ന് തോന്നാവുന്ന കാര്യങ്ങള്‍ ഉപയോഗിച്ച് തന്നെ സ്ത്രീശാക്തീകരണം നടന്നാല്‍ അത് ശാക്തീകരണത്തിലേക്കുള്ള ആദ്യപടി ആയെങ്കിലും ചില ജീവിതങ്ങളില്‍ സംഭവിക്കുമെങ്കില്‍ എന്തിന് എതിര്‍ക്കണം? ഇത്രയും populated ആയ ഒരു സ്ഥലത്ത് പോലീസ് മാത്രം വിചാരിച്ചാല്‍ ഉണ്ടാകുന്നതല്ല സുരക്ഷ. Gender എന്നത് ഒരു പോലീസിനും പരിഹരിക്കാനാകാത്ത വിഷയമാണ്. മാറ്റം ഉണ്ടാവേണ്ടത് മനസുകളിലാണ്. കാറിന്റെ ഉള്ളില്‍ റേപ്പ് നടന്നാല്‍ അറിയാത്ത പോലീസെന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. പോലീസ് ഉള്ളത് കൊണ്ടുമാത്രം നമ്മള്‍ അറിയുന്ന സുരക്ഷ കണ്ടില്ലെന്ന് നടിക്കേണ്ട യാതൊരു കാര്യവുമില്ല.


Next Story

Related Stories