Top

നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു.. ഭയം വേണ്ട.. ജാഗ്രത; ട്രോളുമായി ഇ പി ജയരാജന്‍

നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു.. ഭയം വേണ്ട.. ജാഗ്രത; ട്രോളുമായി ഇ പി ജയരാജന്‍

നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തില്‍ ട്രോള്‍ പോസ്റ്റുമായി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. 'നവംബര്‍ 8, രാത്രി 8 മണിയോടടുക്കുന്നു, ഭയം വേണ്ട, ജാഗ്രത' എന്നാണ് ഇ പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

2016 നവംബര്‍ എട്ടിന് രാത്രി എട്ടിനായിരുന്നു 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികമാണ് ഇന്ന്.

അതിന് തൊട്ടുമുമ്പത്തെ പോസ്റ്റില്‍ നവംബര്‍ എട്ട് ഇന്ത്യയിലെ ജനങ്ങള്‍ക്ക് കറുത്തദിനമായിരുന്നെന്നാണ് ജയരാജന്‍ വിശേഷിപ്പിച്ചത്. '2016 നവംബര്‍ എട്ട് രാത്രി എട്ടുമണി ഇന്ത്യയിലെ ജനങ്ങള്‍ക്ക് മറക്കാനാകില്ല. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിലൂടെ സമ്പദ് വ്യവസ്ഥയുടെ നട്ടല്ലൊടിച്ച കറുത്ത ദിമനായിരുന്നു അന്ന്. രാജ്യത്തെ ജനങ്ങള്‍ ഇന്നും ആ ദുരന്തത്തില്‍നിന്ന് മുക്തമായിട്ടില്ല.

സമ്പദ്വ്യവസ്ഥയിലെ കള്ളപ്പണം ഒഴിവാക്കുക, കള്ളനോട്ടുകള്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്താല്‍ നടത്തിയ നീക്കം അമ്പേ പരാജയമായിരുന്നു. മുന്നൊരുക്കങ്ങളൊന്നുമില്ലാതെ നടപ്പാക്കിയ തീരുമാനം രാജ്യത്തെ മുഴുവനായും തകര്‍ത്തു. സാമ്പത്തികവളര്‍ച്ച എട്ടു ശതമാനത്തില്‍നിന്ന് ആറു ശതമാനത്തില്‍ താഴെയെത്തി. ചരക്ക് സേവന നികുതി കൂടി വന്നതോടെ അസംഘടിത മേഖലയൊന്നാകെ തളര്‍ന്നു. ചെറുകിട മേഖലയെ തകര്‍ത്തു. പണമൊഴുക്കും പണലഭ്യതയും കുറഞ്ഞത് വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കി. വിപണിയില്‍ പൂര്‍ണതോതില്‍ പണമെത്തിക്കാന്‍ ആര്‍.ബി.ഐ.ക്ക് ആറുമാസത്തോളം വേണ്ടിവന്നു. കണക്കില്‍പ്പെടാതെ സൂക്ഷിച്ചിട്ടുള്ള പണം ലക്ഷ്യമിട്ട നോട്ട് അസാധുവാക്കലിലൂടെ വിപണിയിലുണ്ടായിരുന്ന 99 ശതമാനം പണവും തിരിച്ചെത്തി. കള്ളപ്പണം മാത്രം കിട്ടിയില്ല. എന്നാല്‍ കള്ളനോട്ടുകള്‍ വിപണിയില്‍ കൂടി. 500 രൂപാ നോട്ടുകളുടെ വ്യാജന്റെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 121 ശതമാനം വര്‍ധനവുണ്ടായി. 21,865 നോട്ടുകളാണ് കണ്ടെടുത്തത്. 2,000 രൂപാ നോട്ടുകളില്‍ ഇത് 21.9 ശതമാനമാണ്. 21,847 എണ്ണം നോട്ടുകള്‍. 2016 നവംബറില്‍ പുറത്തിറക്കിയ 2000 രൂപ നോട്ടിന്റെ 14.98 കോടി രൂപയുടെ കള്ളനോട്ടുകളാണ് 2017-ല്‍ പിടിച്ചെടുത്തത്. 2017 ഓഗസ്റ്റില്‍ പുറത്തിറക്കിയ 200 രൂപ നോട്ടിന്റെ 12,728 കള്ളനോട്ടുകള്‍ 2019ല്‍ കണ്ടെത്തി.

സാമ്പത്തികവളര്‍ച്ച കുറഞ്ഞത് ഇന്ത്യയില്‍ വലിയതോതില്‍ തൊഴില്‍നഷ്ടത്തിന് കാരണമായി. 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. സെപ്റ്റംബറില്‍ 7.16 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഒക്ടോബറില്‍ 8.5 ശതമാനത്തില്‍ എത്തിയതാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ പുതിയ കണക്കുകള്‍.

വില്‍പ്പന കുത്തനെ ഇടിഞ്ഞതിനാല്‍ വാഹന മേഖലയില്‍ മൂന്നരലക്ഷത്തോളം തൊഴില്‍ നഷ്ടമുണ്ടായി. ഭവനമേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. നിര്‍മാണ കമ്പനികള്‍ പലതും കടക്കെണിയിലായി. കറന്‍സി രൂപത്തില്‍ കള്ളപ്പണം ഉണ്ടായിരുന്നത് അഞ്ചു ശതമാനം മാത്രമായിരുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. ബാക്കിയുള്ളവ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം, സ്വര്‍ണം, അല്ലെങ്കില്‍ മറ്റ് ആസ്തികളിലുള്ള നിക്ഷേപങ്ങളുടെ രൂപത്തിലാണ്. അവ അതേപടി ഇപ്പോഴും നിലനില്‍ക്കുന്നു. നോട്ടസാധുവാക്കലിനുശേഷം അഴിമതിയും തീവ്രവാദവും കുറഞ്ഞതിനും തെളിവുകളില്ല'. എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.



Next Story

Related Stories