TopTop

ഒരു മര്യാദയൊക്കെ വേണ്ടേഡേയ്!; ലോക്ഡൗണ്‍ സമയത്ത് 'പാചകപരീക്ഷണം' നടത്തുന്നവരോട് ഒരു കളക്ടര്‍ക്ക് പറയാനുള്ളത്

ഒരു മര്യാദയൊക്കെ വേണ്ടേഡേയ്!; ലോക്ഡൗണ്‍ സമയത്ത്

കൊറോണ വൈറസ് പടരുന്നത് തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യക്കാര്‍ മുഴുവന്‍ വീട്ടിലിരിക്കുകയാണ്. ഇതിനിടെ, സോഷ്യല്‍ മീഡിയയില്‍ പലതരം വിഭവങ്ങള്‍ പാചകം ചെയ്യുന്നതിന്റെയും സ്‌പെഷ്യല്‍ ഭക്ഷണ കുറിപ്പുകളുമായും ഒരുവിഭാഗം രംഗത്തു വരുന്നുണ്ട്. പലര്‍ക്കും വീട്ടിലിരിക്കുന്ന അസ്വസ്ഥതയും മടുപ്പും മറികടക്കാനുള്ള ഒരു വഴിയും കൂടിയാണ് ഈ പാചക പരീക്ഷണങ്ങള്‍. എന്നാല്‍ ഇപ്പോഴല്ല അതിനുള്ള സമയമെന്ന് ഓര്‍മിപ്പിക്കുകയാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ്. സുഹാസ്.

കളക്ടറുടെ ഫേസ്‌കുറിപ്പ്

ഈ ദിവസങ്ങളില്‍ തങ്ങളുടെ പാചക പരീക്ഷണങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ആളുകളെ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ. മിതമായ രീതിയിലുള്ള സാധനങ്ങള്‍ മാത്രം ഉപയോഗിക്കൂ. ഭക്ഷണം പാഴാക്കിക്കളയരുത്. അത് നമ്മുടെ പലചരക്കു കടകളിലും മറ്റും അനാവശ്യമായ ക്ഷാമമുണ്ടാക്കും. അത്യാവശ്യമാണോ ആഡംബരമാണോ വേണ്ടതെന്ന് തെരഞ്ഞെടുപ്പിനുള്ള സമയമാണിത്. അതിനേക്കാള്‍ അപകടരമാണ് ഈ വിതരണ ശൃംഖലയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും നിങ്ങള്‍ ഇടയ്ക്കിടെ സാധനങ്ങള്‍ വാങ്ങാനായി കടകളിലേക്ക് പോകുന്നതും. ചെലവ് കുറച്ച് മിതമായ രീതിയില്‍ ജീവിക്കാനുള്ളതാണ് ഈ സമയം. ആഡംബര കാര്യങ്ങള്‍ക്കുള്ള സമയമല്ല. ചീയേഴ്‌സ്!

സുഹാസിന്റെ അഭ്യര്‍ത്ഥനയ്ക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിട്ടുള്ളതും. കുറിപ്പ് പോസ്റ്റ് ചെയ്തു കഴിഞ്ഞ് 12 മണിക്കൂറിനുള്ളില്‍ 1100 ഷെയറുകളും 2600-ഓളം ലൈക്കുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. പലയിടത്തും ജനങ്ങള്‍ അവശ്യവസ്തുക്കള്‍ പോലും കിട്ടാനില്ലാതെ വിഷമിക്കുമ്പോഴാണ് പലരും പാചകപരീക്ഷണങ്ങളും ആഡംബര ഭക്ഷണങ്ങളുമൊക്കെ ഉണ്ടാക്കി പ്രദര്‍ശിപ്പിക്കുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുമുണ്ട്.





Next Story

Related Stories