ആശുപത്രി വരാന്തയിലെ മുപ്പത് സെക്കൻഡ് ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ. റസാഖിനുമെതിരെ വിദ്വേഷ പ്രചരണം.ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ ആക്രമണം നടക്കുന്നത്.
ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും നവീന്റെ പേരിനൊപ്പമുള്ള റസാഖും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയത്. കൃഷ്ണരാജ് എന്ന അഭിഭാഷകൻ ഇവരെ കുറിച്ച് കുറിക്കുന്നതിങ്ങനെ - ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഇയാള്‍ പോസ്റ്റില്‍ പറഞ്ഞു. ഈ പോസ്റ്റ് ഏറ്റുപിടിച്ചാണ് മറ്റ് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. പെണ്‍കുട്ടി സിറിയയില്‍ എത്താതിരുന്നാല്‍ മതിയായിരുന്നാണ് മറ്റുചില ഐഡികളില്‍ നിന്നും വരുന്ന കമന്റ്.

അതേസമയം ഇത്തരം കമന്റുകള്‍ക്ക് മറുപടിയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. എന്തൊരു വൃത്തികെട്ട മനസാണ് ഇത്തരം കമന്റിടുന്നവരുടേതെന്നും രണ്ടു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് മനോഹരമായ ഒരു ഡാന്‍സ് കളിച്ചത് ആസ്വദിക്കുന്നതിന് പകരം ഇമ്മാതിരി വൃത്തികേട് ചിന്തിക്കുന്നവരോട് എന്തുപറയാനാണെന്നാണ് ഇവര്‍ ചോദിക്കുന്നത്. ഡോക്ടര്‍മാരായ ഷിംന അസീസ്, ജിനേഷ് പി.എസ് അടക്കമുള്ളവര്‍ വിദ്വേഷപ്രചരണത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചിട്ടുണ്ട്. നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട് ചിലരില്‍ കണ്ടെന്നും ഇനി മെഡിക്കല്‍ കോളേജില്‍ കൂടിയേ വര്‍ഗീയ വിഷം കലങ്ങാനുള്ളൂവെന്നുമാണ് ഡോ. ഷിംന അസീസ് പ്രതികരിച്ചത്.