TopTop
Begin typing your search above and press return to search.

'എന്റെ സൂപ്പര്‍സ്റ്റാര്‍'; മധുവിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും

എന്റെ സൂപ്പര്‍സ്റ്റാര്‍; മധുവിന് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും

മലയാളത്തിന്റെ പ്രിയ നടന്‍ മധുവിന് ഇന്ന് 87-ാം ജന്മദിനം. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ നിരവധി താരങ്ങള്‍ അദ്ദേഹത്തിന് പിറന്നാള്‍ ആശംസകളുമായി എത്തിക്കഴിഞ്ഞു. എന്റെ സൂപ്പര്‍സ്റ്റാറിനു പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെയാണ് മമ്മുട്ടി മധുവിന് ആശംസ നേര്‍ന്നത്. മധു സാറിന് പിറന്നാള്‍ ആശംസകള്‍ എന്ന് മോഹന്‍ലാലും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.


1963ല്‍ കാര്യാട്ടിന്റെ മൂടുപടത്തിലൂടെയാണ് മധു അഭിനയ രംഗത്തേക്കെത്തുന്നത്. എന്നാല്‍, ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍ എന്‍ പിഷാരടി സംവിധാനം ചെയ്ത നിണമണിഞ്ഞ കാല്പാടുകള്‍ ആയിരുന്നു. ഈ ചിത്രത്തില്‍ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിര്‍മാതാക്കള്‍ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷം പിന്നീട് മധുവിനെ തേടിയെത്തിയെത്തുകയായിരുന്നു. പിന്നീട് ധാരാളം മികച്ച വേഷങ്ങള്‍ ആ നടനെ തേടിയെത്തി.

മധുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഫെഫ്ക ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ

മലയാളത്തിന്റെ മഹാനടന്‍ മധുവിന് ഇന്ന് പിറന്നാള്‍, 1933 സെപ്റ്റംബര്‍ 23-ന് കന്നിമാസത്തിലെ ചോതി നക്ഷത്രത്തിലാണ് തിരുവനന്തപുരം മേയറായിരുന്ന കീഴതില്‍ ആര്‍. പരമേശ്വരന്‍പിള്ളയുടെയും തങ്കമ്മയുടെയും മൂത്ത മകനായി പി. മാധവന്‍നായര്‍ എന്ന മധു ജനിച്ചത്. മലയാള സിനിമയുടെ കാരണവര്‍ക്ക് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ജന്മദിനാശംസകള്‍

വിദ്യാര്‍ത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായി. പിന്നീട് കലാപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കി പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് ബിരുദവും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും നേടി നാഗര്‍കോവിലിലെ സ്‌കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി. ഒരിക്കല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തില്‍ കണ്ട അദ്ദേഹം രണ്ടും കല്‍പ്പിച്ച് അദ്ധ്യാപക ജോലി രാജിവച്ച് ഡല്‍ഹിക്ക് വണ്ടികയറി. 1959 ല്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയുമാണ് മധു.

1963ല്‍ കാര്യാട്ടിന്റെ മൂടുപടത്തില്‍ മുഖം കാണിക്കുമ്പോള്‍ വയസ് മുപ്പതാണ് മധുവിന്. എന്നാല്‍, ആദ്യം പുറത്തിറങ്ങിയ ചിത്രം ശോഭനാ പരമേശ്വരന്‍ നായര്‍ നിര്‍മിച്ച് എന്‍.എന്‍ പിഷാരടി സംവിധാനംചെയ്ത നിണമണിഞ്ഞ കാല്പാടുകള്‍ ആണ്. ഈ ചിത്രത്തില്‍ പ്രേം നസീറിന്റെ നായകകഥാപാത്രത്തെ വെല്ലുന്ന പ്രകടനത്തിലൂടെ മധു പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി. നിര്‍മാതാക്കള്‍ സത്യനുവേണ്ടി മാറ്റിവച്ചിരുന്ന വേഷമായിരുന്നു ഇത്. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആണ് മാധവന്‍ നായരെ മധു ആക്കി മാറ്റിയത്. കവിയും സംവിധായകനുമായ പി. ഭാസ്‌കരനാണ് മധു എന്ന പേര് നിര്‍ദ്ദേശിച്ചത്. പേരിലെ രാശിയിലൊന്നും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും മധു എന്ന രണ്ടക്ഷരം ഏറക്കാലം മലയാള സിനിമയുടെ രാശിയായി. മധുവിന്റെ രംഗപ്രവേശത്തോടെ മലയാള സിനിമാചരിത്രം മധുവിന്റെ തന്നെ ചരിത്രമായി.

അമ്പത്താറു കൊല്ലം കൊണ്ട് മുന്നൂറിലേറെ ചിത്രങ്ങളിലാണ് വേഷമിട്ടത്. സത്യന്‍ മുതല്‍ ആസിഫലി വരെയുള്ള നായകന്മാര്‍ക്കൊപ്പം. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ നിന്ന് കളറിലേയ്ക്ക് നീളുന്ന അഞ്ചു തലമുറയുടെ ദൈര്‍ഘ്യമുണ്ട് ഈ കരിയറിന്. പലരൂപപരിണാമങ്ങള്‍ക്കും ഈ കാലം കൊണ്ട് സിനിമ വിധേയമായി. മുഖ്യധാരയിലും സമാന്തരപാതയിലുമായി ഒരുപാട് ശൈലികള്‍, നിരവധിപരീക്ഷണങ്ങള്‍, പലതരംഗങ്ങള്‍..... ഇവയിലോരോന്നിലും പല കാലങ്ങളിലായി മധുവെന്ന ചലച്ചിത്രകാരന്‍ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിരുന്നു. മധുവിലെ നടനെ ഇരു ധാരക്കാരും ഒരുപോലെ ഉപയോഗിച്ചു.

താരഭാരമൊന്നുമില്ലാതിരുന്ന, നമ്മളില്‍ ഒരാളായ നടനെ തേടി പിന്നീട് അവസരങ്ങളുടെ പ്രവാഹമായിരുന്നു. കുട്ടിക്കുപ്പായം, ഭാര്‍ഗവീനിലയം, ആദ്യകിരണങ്ങള്‍, മുറപ്പെണ്ണ്, കാട്ടുപൂക്കള്‍.... അഭിനയസാധ്യതയുടെ വലിയൊരു ക്യാന്‍വാസ് ഒരുക്കിവച്ച, മണ്ണിന്റെ മണമുള്ള വേഷങ്ങള്‍. ഭാവാഭിനയത്തിന്റെ മിതത്വം കലര്‍ന്ന പുതിയ തലങ്ങള്‍ മലയാളം കണ്ടുതുടങ്ങുകയായിരുന്നു. ഇന്നും ഒരു ആഖ്യാനവിസ്മയമായി നിലകൊള്ളുന്ന ഭാര്‍ഗവീനിലയത്തില്‍ നസീറായിരുന്നു നായകന്‍. എങ്കിലും മധു അവതരിപ്പിച്ച സാഹിത്യകാരനിലൂടെയാണ് കഥ മുന്നേറുന്നത്. മിനിറ്റുകളോളം ഫ്രെയിമില്‍ തനിച്ചുനിന്ന് ഭാര്‍ഗവിക്കുട്ടിയോട് സംസാരിക്കുന്ന രംഗം ദൃശ്യാവിഷ്‌കാരത്തിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലും ഇന്നും ഒരു അത്ഭുതമാണ്. ഈ രംഗമാണ് കഥാഗതിയെ നിര്‍ണയിക്കുന്നത്. മധുവിലെ അഭിനേതാവിനെ മലയാളം ശരിക്കും തിരിച്ചറിയുന്നത് സങ്കീര്‍ണമായ ഈ കഥാപാത്രാവിഷ്‌കാരത്തോടെയാണ്.

മലയാളത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യ ബോക്സ്ഓഫീസ് ഹിറ്റായ കുട്ടിക്കുപ്പായത്തിലും മുറപ്പെണ്ണിലും കാട്ടുപൂക്കളിലുമെല്ലാം തനിമയുള്ള, ജീവസുറ്റ കഥാപാത്രങ്ങളാണ് മധുവിനെ തേടിയെത്തിയത്. പിന്നീട് ഭാസ്‌കരന്‍ മാഷിന്റെ ആദ്യ കിരണങ്ങളിലെ പാപ്പച്ചനും മുറപ്പെണ്ണിലെ ചന്ദ്രനും കാട്ടുപൂക്കളിലെ ജോണിയും സുബൈദയിലെ മമ്മുവും വഴി മധു നസീറിനും സത്യനുമിടയില്‍ തന്റേതായ ഒരു സ്ഥാനം ഒരുക്കിയെടുത്തു. എന്നാല്‍, മലയാളി പ്രേക്ഷകന്‍ മധുവിനെ എല്ലാ അര്‍ഥത്തിലും പ്രണയിച്ചു തുടങ്ങിയത് ചെമ്മീനോടെയാണ്. ദേശീയതലം വരെയെത്തിയ പരീക്കുട്ടിയുടെ പെരുമയ്ക്കൊപ്പം മധു നായകനിരയിലേയ്ക്കും മെല്ലെ ചുവടുവച്ചു. വിഷാദനായകന്റെ ഭാവങ്ങള്‍ക്ക് അത് പൂര്‍ണതയേകി. മധുവിനപ്പുറം മറ്റൊരു നിരാശാകാമുകനെ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധം അത് മലയാളത്തിന്റെ മനസിലലിഞ്ഞുപോയി.

കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തുന്നതും കാത്തിരിക്കാതെ തനിക്കിണങ്ങുന്ന കാമ്പുള്ള കഥാപാത്രങ്ങളെ തേടി ഇറങ്ങുകയായിരുന്നു മധുവിലെ നടന്‍. നായകന്റെ മുഖം മിനുക്കില്ലാതിരുന്നിട്ടും. ആരാധകരുടെ വെറുപ്പു വിളിച്ചുവരുത്തുമെന്ന ഉറപ്പുണ്ടായിട്ടും മധു അവയെയെല്ലാം വാരിപ്പുണര്‍ന്നു. ഓളവും തീരത്തിലും ബാപ്പുട്ടിയും ഉമ്മാച്ചുവിലെ മായനും ഇതാ ഇവിടെ വരെയിലെ പൈലിയും കള്ളിച്ചെല്ലമ്മയിലെ അത്രാംകണ്ണും ഉദയത്തിലെ രാഷ്ട്രീയക്കാരനും തീക്കനലിലെ കള്ളക്കടത്തുകാരനും യുദ്ധകാണ്ഠത്തിലെ കലാകരാനുമെല്ലാം വ്യത്യസ്തത കൊണ്ട് നമ്മളെ വിസ്മയിപ്പിച്ച മധുവിന്റെ കഥാപാത്രങ്ങളാണ്. ഇതില്‍ ഇതാ ഇവിടെ വരെയിലെ പൈലിയെ വില്ലന്മാര്‍ പോലും രണ്ടാമതൊന്നാലോചിച്ചേ സ്വീകരിക്കൂ. മധുവിന് പക്ഷേ, ഒരു മടിയുമുണ്ടായില്ല. കഥാപാത്രങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഗ്ലാമറല്ല. അത് അവതരിപ്പിക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയാണ് യഥാര്‍ഥ ആനന്ദം എന്നു പറയുമായിരുന്നു അദ്ദേഹം.

മലയാള സിനിമ സാഹിത്യത്തിനൊപ്പം നിന്ന കാലത്ത് സിനിമയില്‍ സജീവമാകാന്‍ കഴിഞ്ഞതിന്റെ ഗുണം അദ്ദേഹത്തിനേറെ ലഭിച്ചു. തകഴി, ബഷീര്‍, എംടി, പത്മരാജന്‍, സി.രാധാകൃഷ്ണന്‍, ജി.വിവേകാനന്ദന്‍ എന്നിവരുടെയെല്ലാം സാഹിത്യ സൃഷ്ടികള്‍ ചലച്ചിത്രങ്ങളായപ്പോള്‍ അതില്‍ പ്രധാനവേഷം ചെയ്യാന്‍ കഴിഞ്ഞു. മലയാള സിനിമാ തറവാട്ടിലെ കാരണവരുടെ വേഷമാണ് ഇന്ന് മധുവിനുള്ളത്. ചെമ്മീനിലെ പരീക്കുട്ടിയുള്‍പ്പടെ പ്രധാനപ്പെട്ട നിരവധി കഥാപാത്രങ്ങള്‍ മധുവിലൂടെ ജീവന്‍ വച്ചു. മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ ചിത്രമെന്ന ഖ്യാതി നേടിയ, എ. വിന്‍സന്റ് സംവിധാനം ചെയ്ത 'ഭാര്‍ഗവീനിലയ'ത്തിലെ മുഖ്യവേഷത്തിലെത്തിയതും മധുവാണ്. മലയാള സിനിമയെ പൂര്‍ണമായും ഔട്ട്ഡോര്‍ ഷൂട്ടിങ്ങിന്റെ മനോഹാരിത പഠിപ്പിച്ച പി.എന്‍.മേനോന്റെ 'ഓളവും തീരവും' എന്ന ചിത്രത്തിലെ നായകവേഷവും മധുവിനു ലഭിച്ചു.

മലയാള സിനിമയില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുയര്‍ത്തിയ അടൂര്‍ ഗോപാലകൃഷ്ണന്റെ 'സ്വയംവര'ത്തിലും മധുവിനെ അല്ലാതെ മറ്റൊരാളെ നായകനാക്കാന്‍ അടൂരിനും തോന്നിയില്ല. യുദ്ധകാണ്ഡത്തിലെ പ്രസാദ്, തീക്കനലിലെ വിനോദ്, ഇതാ ഒരു മനുഷ്യനിലെ മധുസൂദനന്‍, വെള്ളത്തിലെ മാത്തുണ്ണി, ഹൃദയം ഒരു ക്ഷേത്രത്തിലെ ഡോ. രമേഷ്..... അങ്ങനെ നീളുന്ന പട്ടിക രഞ്ജിത് സംവിധാനം ചെയ്ത സ്പിരിറ്റിലെ ക്യാപ്റ്റന്‍ എന്ന കഥാപാത്രവും കടന്ന് നീളുന്നു.

ആറ് അന്യഭാഷാ ചിത്രങ്ങളില്‍ മധു അഭിനയിച്ചു. മൂന്ന് ഹിന്ദി ചിത്രങ്ങളും മൂന്ന് തമിഴും. പ്രശസ്ത സാഹിത്യകാരന്‍ കെ.എ.അബ്ബാസ് സംവിധാനം ചെയ്ത 'സാത് ഹിന്ദുസ്ഥാനി'യാണ് അതില്‍ പ്രധാനം. അമിതാഭ് ബച്ചന്റെ ആദ്യ ചിത്രമാണത്. ചിത്രത്തിന്റെ ടൈറ്റില്‍ കാണിക്കുമ്പോള്‍ ആദ്യപേര് മധുവിന്റെതായിരുന്നു.

അമ്പത്താറാണ്ടായി മധുവെന്ന അതുല്ല്യനടന്‍ വെള്ളിത്തിരയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. നിരാശാകാമുകനായി മാത്രമല്ല, സ്നേഹനിധിയും തെമ്മാടിയും ധിക്കാരിയും തന്റേടിയുമൊക്കെയായി മലയാളത്തിന്റെ മനസിലെ ഏറ്റവും ശക്തമായ സാന്നിധ്യമാണ് കഴിഞ്ഞ അഞ്ചുതലമുറകളിലായി മധുവെന്ന നടന്‍. കേവലം ഇളകിയാട്ടത്തിനു പകരം തീവ്രഭാവങ്ങളുടെ മുഖചലനങ്ങളിലേയ്ക്ക് അഭിനയത്തെ വളര്‍ത്തിയെടുക്കുകയാണ് മധു ചെയ്തത്. ഒരു പുരികക്കൊടിയുടെ ചെറുചലനം കൊണ്ട് വികാരത്തിന്റെ ഒരു കടല്‍ ഇളക്കിവിടുന്ന വിദ്യ മലയാളത്തെ ആദ്യമായി പഠിപ്പിച്ചത് മധുവാണ്.

മധുവിന്റെ ജീവിതം കാമറയ്ക്കുമുന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുതായിരുന്നില്ല. നാടകക്കാരന്‍, നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, വിതരണക്കാരന്‍, സംഘാടകന്‍... മധുവിന് മലയാള സിനിമ നല്‍കിയ മേല്‍വിലാസങ്ങള്‍ പലതാണ്. എല്ലാ അര്‍ഥത്തിലും നടനകലയിലെ ഒരു ഓള്‍റൗണ്ടര്‍. ഇന്ത്യന്‍ സിനിമയില്‍ ഇതുപോലൊരാള്‍ ഒരുപക്ഷേ, രാജ്കപുര്‍ മാത്രമായിരിക്കും. മലയാള സിനിമയെ ചെന്നൈയില്‍നിന്നും കേരളത്തിലേക്ക് പറിച്ചുനടുന്ന കാലഘട്ടത്തിലാണ് തിരുവനന്തപുരത്ത് വള്ളക്കടവില്‍ ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്. മറ്റു പല സിനിമാ നിര്‍മാതാക്കള്‍ക്കും ഈ സ്റ്റുഡിയോ അനുഗ്രഹമായി.

1970ല്‍ പുറത്തിറങ്ങിയ പ്രിയ ആയിരുന്നു മധു ആദ്യമായി സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് പതിനാലോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മാന്യശ്രീ വിശ്വാമിത്രന്‍, സംരംഭം തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം നിര്‍മിച്ചത്. പ്രിയ, സിന്ദൂരച്ചെപ്പ് എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരുന്നു. മികച്ച കഥ കണ്ടെത്താന്‍ അസാധാരണമായ കഴിവുള്ള ഒരു സംവിധായകനായിരുന്നു മധു. തിരക്കഥയിലെ സൂക്ഷാംശങ്ങളിലേയ്ക്ക് പോലും ഇറങ്ങിച്ചെല്ലുന്ന അപൂര്‍വം നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. 12 ചിത്രങ്ങള്‍ മധു സംവിധാനം ചെയതു. മിക്കതും പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളായിരുന്നു.

സൂപ്പര്‍നായക പദവിയില്‍ ഏറെക്കാലം വിരാജിച്ചു. പിന്നെ നായകനായി നില്‍ക്കുമ്പോള്‍ തന്നെ സംവിധായകന്റെയും നിര്‍മാതാവിന്റെയും മേലങ്കിയണിഞ്ഞു. വിതരണക്കാരനായി. സ്റ്റുഡിയോ തുടങ്ങി. ഒടുക്കം മൂന്നു വര്‍ഷം സിനിമാസംഘടനയുടെ അമരക്കാരന്റെ വേഷവുമാടി. എല്ലാ അര്‍ഥത്തിലും സമഗ്രമായിരുന്നു മലയാള സിനിമയ്ക്ക് മധു നല്‍കിയ സംഭാവനകള്‍. അസംഖ്യം നായകന്മാര്‍ക്കിടയിലും മധു ഇന്നും ഒരു മഹാമേരുവായി നിലകൊള്ളുന്നതിന്റെ കാരണവും ഇതുതന്നെ.

സത്യനും നസീറും കിരീടംവച്ച രാജാക്കന്മാരായി നിറഞ്ഞുനിന്നിട്ടും മധുവെന്നൊരു നായകനെ കൂടി വാഴിക്കാന്‍ മലയാള സിനിമ സൗമനസ്യം കാണിച്ചു. പുതുക്കക്കാരനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ വെല്ലുവിളി തന്നെയായിരന്നു. സത്യന്റെ പരുക്കന്‍ ഭാവങ്ങള്‍ക്കും നസീറിന്റെ കോമളരൂപത്തിനുമിടയില്‍ അതിഭാവുകള്‍ ഒന്നുമില്ലാതിരുന്ന ഒരു തനി സാധാരണക്കാരനായിട്ടായിരുന്നു മധുവിന്റെ വരവ്. അയല്‍പക്കത്തും ആള്‍ത്തിരക്കിലുമെല്ലാം നമുക്ക് കണ്ടുപരിചിതമായ മുഖം. ഒരു മൂന്നാം നായകന് കൂടി മലയാള സിനിമയില്‍ ഇടമുണ്ടെന്ന് നമ്മള്‍ തിരിച്ചറിഞ്ഞത് മധുവിന്റെ വരവോടുകൂടിയാണ്. ഈ തിരിച്ചറിവാണ്, പ്രേക്ഷകന്‍ കാത്തുവച്ച ഈയൊരു സ്നേഹവായ്പാണ് മധുവിന് മലയാളത്തിന്റെ മനസ്സില്‍ ഉറച്ചൊരു ഇടം നേടിക്കൊടുത്തത്. ഒരേസമയം തീക്കനലിലൂടെ നമ്മളെ ഞെട്ടിക്കാനും ഹൃദയം ഒരു ക്ഷേത്രത്തിലൂടെ നമ്മളെ കരയിക്കാനും മധുവിനു കഴിഞ്ഞു. സത്യനും നസീറിനുമൊപ്പം ഉപനായക വേഷങ്ങള്‍ മികവുറ്റതാക്കിയ മധുവിന് അടുത്ത തലമുറയില്‍ സോമനും സുകുമാരനും ജയനുമൊപ്പവും ഈ മികവില്‍ അഭിനയിക്കാന്‍ യാതൊരു മടിയുമുണ്ടായില്ല. ഉപനായകനായിട്ടും മധുവിനെ തേടി ഓര്‍മയില്‍ തങ്ങുന്ന എണ്ണമറ്റ കഥാപാത്രങ്ങളാണ് വന്നത്.

മധുവിന് ഭാഗ്യജോഡിയായി ശ്രീവിദ്യയ്ക്കായിരുന്നു മലയാളസിനിമ സ്ഥാനം നല്‍കിയത്. മറ്റ് പല താരജോഡികള്‍ക്കുമില്ലാതിരുന്ന ഒരു സവിശേഷത കൂടി മധുവിനും ശ്രീവിദ്യയ്ക്കുമുണ്ടായിരുന്നു. പ്രണയിച്ചു നടക്കുന്ന നായികാനായകന്മാര്‍ എന്നതിലുപരി ഭാര്യാ ഭര്‍ത്താക്കന്മാരായും മുത്തച്ഛനും മുത്തശ്ശിയുമായാണ് അവരെ മലയാളം കൂടുതലായി കണ്ട് ഇഷ്ടപ്പെട്ടത്.

ഈയൊരു സൗഭാഗ്യം വീണുകിട്ടിയ താരജോഡികള്‍ മലയാളത്തില്‍ വേറെ ഉണ്ടാവില്ല. ശാരദയായിരുന്നു മധുവിന് ചേര്‍ച്ചയുണ്ടായിരുന്ന മറ്റൊരു നായിക. അംബികയും നിര്‍മലയും ദേവികയും കെ.ആര്‍ . വിജയയുമെല്ലാമായിരുന്നു മധുവിന്റെ ആദ്യകാല നായികമാര്‍. നസീറിന്റെ ഭാഗ്യജോഡിയായിരുന്നെങ്കിലും മധുവിന്റെ ആദ്യത്തെ ഭാഗ്യ നായികയാകാനുള്ള നിയോഗം ഷീലയ്ക്കായിരുന്നു. ചെമ്മീനിലെ കറുത്തമ്മയ്ക്ക് പുറമെ ഷീല തകര്‍ത്താടി മറ്റൊരു ചിത്രമായ കള്ളിച്ചെല്ലമ്മയിലും മധുവുണ്ടായിരുന്നു ഒപ്പം.

കഴിഞ്ഞ അമ്പത്താറു കൊല്ലത്തിനിടയ്ക്ക് മധു ഒരിക്കലും പൂര്‍ണമായി സിനിമയില്‍ നിന്ന് ഒഴിഞ്ഞുനിന്നില്ല. ആ തന്റേടവും തലയെടുപ്പും ആഢ്യത്വവും എന്നും മലയാള സിനിമയ്ക്ക് അനിവാര്യമായിരുന്നു. എണ്‍പതുകളുടെ അവസനമായിട്ടും മുത്തച്ഛനും മുഖ്യമന്ത്രിയും ഐ.ജിയുമൊക്കെയായി മലയാളം മധുവിനെ മാത്രമേ സങ്കല്‍പ്പിച്ചുള്ളൂ. ജാതകം, നാടുവാഴികള്‍, കുടുംബസമേതേ, ചമ്പക്കുളം തച്ചന്‍, ഏകലവ്യന്‍, മലപ്പുറം ഹാജി മഹാനായ ജോജി, സിംഹവാലന്‍ മേനോന്‍, പ്രായിക്കര പാപ്പന്‍, വര്‍ണപ്പകിട്ട്, നരന്‍, ട്വന്റി ട്വന്റി, കാര്യസ്ഥന്‍, സ്പിരിറ്റ്... വ്യക്തിത്വമുള്ളവ തന്നെ മധു പകര്‍ന്നാടിയ ഈ വേഷങ്ങള്‍. ഇതില്‍ കുടുംബസമേതത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.ഇതിന് പുറമെ സമഗ്ര സംഭാവനയ്ക്ക് 2004ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.

മലയാള സിനിമയുടെ ശൈശവം മുതല്‍ ഒപ്പമുണ്ടായിരുന്ന ഈ നടന്‍ ഇപ്പോഴും അഭിനയ രംഗത്ത് സജീവ സാന്നിധ്യമായി നില്‍ക്കുന്നു. 2013-ല്‍ ഇദ്ദേഹത്തിനു പത്മശ്രീ പുരസ്‌കാരം ലഭിച്ചു. 81 വര്‍ഷം മാത്രം പ്രായമുള്ള മലയാള സിനിമയില്‍ അമ്പത്താറു കൊല്ലവും അഭിനയിച്ച ഈ പിതാമഹന് പക്ഷേ, ഇനിയുമേറെ പുരസ്‌കാരങ്ങള്‍ക്ക്, ഏറെ ആദരങ്ങള്‍ക്ക് അര്‍ഹതമുണ്ടായിരുന്നുവെന്ന സത്യം മുഴച്ചുതന്നെ നില്‍ക്കുന്നു.

എല്ലാ പുരസ്‌കാരങ്ങള്‍ക്കുമപ്പുറം, മലയാളത്തിലെ സമാന്തര - പാര്‍ശ്വധാരാസിനിമയെ, അതിന്റെ ഭാവുകത്വത്തെ രൂപപ്പെടുത്തിയ പ്രതിഭാശാലികളുടെ നിരയില്‍ മുന്നിലൊരു കസേര വലിച്ചിട്ടിരിക്കുന്ന, അനിഷേധ്യമായ ആ സാന്നിദ്ധ്യത്തിന് ഈ അന്‍പത്തി ഏഴാം ആണ്ടിന്റെ നിറവില്‍, ഒപ്പം അദ്ദേഹത്തിന് 87 വയസ്സ് പൂര്‍ത്തിയാകുന്ന ഈ സമയത്ത്, മലയാള സിനിമയ്ക്കുവേണ്ടി ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ജന്മദിനാശംസകളോടൊപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു.


Next Story

Related Stories