വാമനന് മഹാബലിയെ ചവുട്ടിത്താഴ്ത്തുന്ന ഒരു ചിത്രം സഹിതം ഡല്‍ഹി മുഖ്യമന്ത്രി അര്‍വിന്ദ് കെജ്രിവാള് 'വാമനജയന്തി' ആശംസിച്ചത് വിവാദമായിരിക്കുകയാണ്. കേരളത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ഓണത്തെ വാമനജയന്തിയായി ആഘോഷിക്കണമെന്ന ആശയം കുറെനാളായി പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ട്വീറ്റുകള്‍ വിവാദമായത്. ഓണമെന്ന് പ്രത്യേകം പരാമര്ശിച്ചില്ലെങ്കില്ക്കൂടിയും കേരളീയരെക്കൂടി ഉള്‍പ്പെടുത്തി 'എല്ലാ ഇന്ത്യക്കാര്‍ക്കും' വാമനജയന്തി ആശംസ നേര്‍ന്നതാണ് മലയാളികളെ ചൊടിച്ചത്.
ഓണം മലയാളികളുടെ ആഘോഷമാണെന്നും അത് ഹൈന്ദവാഘോഷമല്ലെന്നും മലയാളികള്‍ കൂട്ടത്തോടെ പൊങ്കാല സമര്‍പ്പിക്കുകയാണ് ഈ ട്വീറ്റില്‍ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി. എന്നാല്‍ ഓണം ഹൈന്ദവാഘോഷമാണെന്ന് സ്ഥാപിച്ചെടുക്കാന്‍ ഉത്തരേന്ത്യന്‍ പ്രൊഫൈലുകളും പരിശ്രമിക്കുന്നുണ്ട്. 'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആര്‍മി' എന്ന പേരിലുള്ള ഹാന്‍ഡില്‍ കെജ്രിവാളിന്റെ ഈ ട്വീറ്റിന് മറുപടിയായി മഹാവിഷ്ണുവിന്റെ അവതാരപ്പിറവി ആഘോഷത്തിന് ആശംസിച്ചിട്ടുണ്ട്. ഇത്തരം നിരവധി പ്രൊഫൈലുകളാണ് മലയാളികളെ അവരുടെ ആഘോഷത്തെക്കുറിച്ച് പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.
വടക്കന്‍ കേരളത്തില്‍ ഓണത്തിന് ക്രിസ്ത്യാനികളും മുസ്ലിങ്ങളുമെല്ലാം വെജിറ്റേറിയന്‍ ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ മലബാറില്‍ ഹിന്ദുക്കള്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിന്റെ ട്വീറ്റിന് വന്നിരിക്കുന്ന ഒരു മറുപടി. മഹാരാഷ്ട്രയില്‍ മഹാബലിയുമായി ബന്ധപ്പെട്ട നിലനില്‍ക്കുന്ന ഐതിഹ്യം ചൂണ്ടിക്കാട്ടിയും ചിലര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്. നീതിമാനായ മഹാബലിയെ ചതിച്ച വാമനനെ പ്രഥമസ്ഥാനത്ത് വെക്കുന്ന ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്നാണ് ഒരാളുടെ ആവശ്യം.
എന്നാല്‍ ഹനുമാന്‍ജി രാമന് കീഴ്പ്പെട്ട് നിന്നതു പോലെ മഹാബലിജി വാമനന് കീഴ്പ്പെട്ട് നില്‍ക്കണമെന്നാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള മറ്റൊരാളുടെ ആവശ്യം. എയിംസില്‍ ചികിത്സയില്‍ കഴിയുന്ന ആളോട് ചോദിച്ചാല്‍ ഇങ്ങനത്തെ പോസ്റ്റിട്ടാല്‍ എന്ത് കിട്ടുമെന്ന് അറിയാമെന്നാണ് ഒരു മലയാളി മംഗ്ലീഷില്‍ അമിത് ഷായെ സൂചിപ്പിച്ച് കുറിച്ചിരിക്കുന്നത്. വാമനനെ പൂണൂലില്‍ തൂക്കിപ്പിടിച്ച് നില്ക്കുന്ന മഹാബലിയുടെ പ്രതീകാത്മക ചിത്രം പോസ്റ്റ് ചെയ്താണ് മറ്റൊരു മലയാളിയുടെ പ്രതിഷേധം. ഓണസ്സദ്യയില്‍ മത്സ്യവും ബീഫും വിളമ്പിയതിന്റെ ചിത്രം പോസ്റ്റ് ചെയ്തവരും കൂട്ടത്തിലുണ്ട്.