TopTop
Begin typing your search above and press return to search.

നട്ടെല്ലിലൂടെ ഭയം അരിച്ച് കയറുന്നു; പൗരത്വ ബില്ലിനെതിരെ പാര്‍വ്വതി തിരുവോത്ത്

നട്ടെല്ലിലൂടെ ഭയം അരിച്ച് കയറുന്നു; പൗരത്വ ബില്ലിനെതിരെ പാര്‍വ്വതി തിരുവോത്ത്

ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. നട്ടെല്ലിലൂടെ ഭയം അരിച്ച് കയറുന്നു, ഇത് അനുവദിക്കാനാവില്ല എന്നാണ് പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചത്.

ബുധനാഴ്ചയാണ് പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. 311 പേര്‍ ബില്ലിനനുകൂലമായും, 80 പേര്‍ പ്രതികൂലമായും വോട്ട് ചെയ്തു. ബില്‍ രാജ്യസഭ പാസാക്കിയതിനെ ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമാണെന്നായിരുന്നു കോണ്‍ഗ്രസ് അദ്യക്ഷ സോണിയ ഗാന്ധി വിശേഷിപ്പിച്ചത്. ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ബില്‍ പാസാക്കിക്കഴിഞ്ഞാല്‍ 2014 ഡിസംബര്‍ 31-ന് മുമ്പ് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തപ്പെട്ട ഹിന്ദു, സിക്ക്, ജൈന, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍, പാഴ്‌സിമതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം ലഭിക്കും, ഈ രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ലാത്തതിനാല്‍ അവര്‍ക്ക് ഇവിടേക്ക് പ്രവേനമില്ല എന്നും ബില്‍ അവതരിപ്പിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

വീസ, പാസ്‌പോര്‍ട്ട് തുടങ്ങിയ രേഖകളില്ലാതെ വിദേശരാജ്യങ്ങളില്‍നിന്നു വന്ന് ഇന്ത്യയില്‍ താമസിക്കുന്നവരെ നിലവിലെ നിയമമനുസരിച്ച് അനധികൃത കുടിയേറ്റക്കാരായാണു പരിഗണിക്കുന്നത്. 1946ലെ വിദേശി നിയമം, 1920ലെ പാസ്‌പോര്‍ട്ട് എന്‍ട്രി നിയമം എന്നിവയനുസരിച്ച് അനധികൃത കുടിയേറ്റം ശിക്ഷാര്‍ഹമാണ്. മേല്‍പറഞ്ഞ ഗണത്തില്‍പെടുന്ന അനധികൃത കുടിയേറ്റക്കാരെ 2015, 2016 വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനങ്ങളിലൂടെ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കി രാജ്യത്തു തുടരാന്‍ അനുവദിച്ചു. അവര്‍ക്കു പൗരത്വാവകാശം നല്‍കാനുള്ളതാണ് പുതിയ പൗരത്വനിയമ ഭേദഗതി. മുന്‍പ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണ് പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.

ഇന്ത്യയിലെ 20 കോടി മുസ്ലീങ്ങളെ, രാജ്യത്തെ ജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന സമുദായത്തെയാണ് ഈ ബില്ല് അരക്ഷിതരാക്കുന്നത്. 19 ലക്ഷം മനുഷ്യരെയാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ അഭയാര്‍ത്ഥികളാക്കിയിരിക്കുന്നത്. അതില്‍ അഞ്ചര ലക്ഷം പേര്‍ ഹിന്ദുക്കളാണ്. പൗരത്വ ഭേദഗതി ബില്‍ വരുന്നതോടെ ആ അഞ്ചര ലക്ഷം പേര്‍ പൗരന്മാരായി മാറും. ബാക്കിയുള്ള 14 ലക്ഷം പേര്‍ മുസ്ലീങ്ങളാണ്. അവര്‍ ഇന്ത്യയില്‍ നിന്ന് തന്നെ പുറത്താക്കപ്പെടും. ഇത് ദേശീയതലത്തില്‍ നടപ്പാക്കുമ്പോള്‍ ഇവിടെ നിന്ന് മുസ്ലീങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് പുറത്താക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.


Next Story

Related Stories