വസ്ത്രധാരണത്തിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിനിരയായ നടി അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കല്‍. 'അത്ഭുതം, അത്ഭുതം സ്ത്രീകള്‍ക്ക് കാലുകളുണ്ട്' എന്ന അടിക്കുറിപ്പോടെ തന്റെ ചിത്രം റിമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. അതിനുശേഷം പങ്കുവെച്ച ഫോട്ടോഷൂട്ടിനെതിരെയാണ് ചലര്‍ പ്രകോപിതരായത്. 'പതിനെട്ട് വയസാകാന്‍ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍' എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം.
'18 വയസ് അല്ലേ ഉള്ളൂ അപ്പോഴേക്കും മോഡേണ്‍ ഷോ തുടങ്ങിയോ' 'ഇത് കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ല', 'അടുത്തത് എന്ത് വസ്ത്രമാണ്..' ഇത്തരത്തിലായിരുന്നു ആ ഫോട്ടോയ്ക്ക് ലഭിച്ച കമന്റുകള്‍. നാടന്‍ വേഷങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ മോഡേണ്‍ ലുക്കാണ് ഫെയ്സ്ബുക്ക് ആങ്ങളമാരെ ചൊടിപ്പിച്ചത്. അനശ്വരയെ പിന്തുണച്ചുകൊണ്ട് നിരവധി പേര് രംഗത്തെത്തിയിരുന്നു.
''ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ നിങ്ങളെ എന്തുകൊണ്ടാണ് വിഷമിപ്പിക്കുന്നത് എന്നതിനെയോര്‍ത്ത് ആശങ്കപ്പെടൂ,''എന്നായിരുന്നു ഒടുവില്‍ തന്റെനേര്ക്കുണ്ടായ സൈബര്‍ ആക്രമണങ്ങളോട് അനശ്വര പ്രതികരിച്ചത്.