TopTop
Begin typing your search above and press return to search.

ലോക്ക്ഡൗണ്‍ കാലത്ത് മൈക്ക് കിട്ടാത്തതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍; വിമര്‍ശനവുമായി മകനും മരുമകളും

ലോക്ക്ഡൗണ്‍ കാലത്ത് മൈക്ക് കിട്ടാത്തതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് സെബാസ്റ്റ്യന്‍ പോള്‍; വിമര്‍ശനവുമായി മകനും മരുമകളും

മൈക്ക് കിട്ടിയിട്ട് മുപ്പത് ദിവസമായെന്നും കൊറോണ പ്രമാണിച്ചുള്ള ലോക്ക്ഡൗണ്‍ പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശനവുമായി അദ്ദേഹത്തിന്റെ മകനും മരുമകളും. 'ഒരു പൊതുവ്യക്തി ആയിരുന്നു എന്ന ലേബലിൽ ഇത്തരം അബദ്ധങ്ങൾ പറയരുതെ'ന്ന് മരുമകള്‍ സബീന ഇസ്മായില്‍ പറഞ്ഞു. ആലോചനയില്ലാതെ രാഷ്ട്രീയക്കാര്‍ നടത്തിയ ഇത്തരം പ്രസ്താവനകളാണ് ഇറ്റലിയിലെയും അമേരിക്കയിലെയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

സെബാസ്റ്റ്യന്‍ പോളിന്റെ കുറിപ്പ് ഇപ്രകാരമാണ്: "അവസാനത്തെ മൈക്ക് മുപ്പതു ദിവസം മുൻപായിരുന്നു --- കോതമംഗലത്തിനടുത്തു തൃക്കാരിയുരിൽ. വൈകുന്നേരങ്ങളിലെ നിശബ്ദത അസഹനീയമാകുന്നു. നമുക്ക് നഷ്‌ടമായ ശബ്ദവും വെളിച്ചവും തിരികെപ്പിടിക്കണം. ലോക്ക്ഡൗണിലായ പൊതുഇടങ്ങൾ തുറക്കണം. കൊറോണയ്ക്കു കൊണ്ടുപോകാനുള്ളതല്ല നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും." ആളുകളുടെ ക്ഷമാശീലത്തിന് പരിക്കേല്‍‌പ്പിക്കുന്ന ഇത്തരം പ്രസ്താവകള്‍ പോളിനെപ്പോലുള്ളവര്‍ ഉന്നയിക്കുന്നത് ശരിയാണോയെന്ന വിമര്‍ശനങ്ങള്‍ കമന്റായി എത്തി. ഇതിനു പിന്നാലെയാണ് മരുമകള്‍ സബീന ഇസ്മായിലിന്റെ വിമര്‍ശനം വന്നത്. "കോവിഡ് വന്നതോടെ ആളുകൾ കുറേക്കൂടി നന്മയുള്ളവരായി മാറി എന്ന് പലരും പറയുന്നുണ്ട്. പക്ഷേ അടിസ്ഥാനപരമായി നന്മയില്ലാത്തവർക്ക് കോവിഡല്ല, ഏത് മഹാവിപത്തും അവനവനിലേക്ക് കൂടുതൽ ചുരുങ്ങാനുള്ള അവസരം ഉണ്ടാക്കുകയേ ഉള്ളൂ. ഒരു പൊതുവ്യക്തി ആയിരുന്നു എന്ന ലേബലിൽ ഇത്തരം അബദ്ധങ്ങൾ പറയരുത്. ഇത്തരം ആഹ്വാനങ്ങൾ കേൾക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻറെ അവസ്ഥയാണ് ഓർമ വരുന്നത്. ഇറ്റലിയിലെയും അമേരിക്കയിലെയും ഇപ്പോഴത്തെ അവസ്ഥക്ക് കാരണവും ആലോചനയില്ലാത്ത ഇത് പോലുള്ള പ്രസ്താവനകളാണ്," എന്നായിരുന്നു സബീനയുടെ കമന്റ്.

തൊട്ടു താഴെയായി സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ ബാസ്റ്റ്യന്‍ കമന്റിട്ടു. "സ്വാതന്ത്ര്യവും ജനാധിപത്യവും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളതാണ്. അല്ലാതെ വ്യക്തികൾക്ക് മൈക്കിന് മുന്നിൽ നിന്ന് സ്വയം അഭിരമിക്കുവാനുള്ളതല്ല," എന്നിങ്ങനെ കടുത്ത വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. "തൊഴിലും താമസസൗകര്യവും നഷ്ടപ്പെട്ട് ആയിരങ്ങൾ കാൽനടയായി നൂറുകണക്കിന് കിലോമീറ്ററുകൾ താണ്ടുമ്പോൾ എല്ലാ സൗകര്യങ്ങളും ഉള്ളവരുടെ വൈകുന്നേരത്തെ നിശ്ശബ്ദതതക്ക് എന്ത് അസഹനീയതയാണ് ഉള്ളത്? അവരുടെ ജീവിതത്തിലേക്ക് ശബ്ദവും വെളിച്ചവും കൊണ്ടുവരാൻ ഒന്നും ചെയ്തില്ലെങ്കിലും, ചുരുങ്ങിയ പക്ഷം അതിന് വേണ്ടി കേരളത്തിലെങ്കിലും നടക്കുന്ന ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ആഹ്വാനം നടത്താതിരിക്കാം. അതാണ് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നിട്ടുള്ളവർ ചെയ്യേണ്ടത്," എന്നിങ്ങനെ തുടര്‍ന്നു റോണിന്റെ കമന്റ്.


Next Story

Related Stories