നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിന്റെ മക്കളെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കെല്ലാം പരിചയം കാണും. മക്കളുടെ കളിയും ചിരിയും ആരാധാകര്‍ക്കായി എപ്പോഴും സാന്ദ്ര പങ്കുവെക്കാറുമുണ്ട്. മക്കള്‍ പ്രകൃതിയെ അറിഞ്ഞു വളരണം എന്നു നിര്‍ബന്ധമുള്ള അമ്മയാണ് സാന്ദ്ര. ഇപ്പോഴിതാ സാന്ദ്രയ്ക്കും മക്കള്‍ക്കും സ്നേഹമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.
മരം കണ്ടു വളരുകയും മരം തൊട്ടു വളരുകയുമല്ല മരം നട്ട് വളരണം ഇവരെപ്പോലെ... കുഞ്ഞുങ്ങള്‍ മരം നടുന്ന വീഡിയോ പങ്കുവെച്ചു കൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെന്ഡലിന്, കാറ്റ്ലിന് എന്നാണ് സാന്ദ്രയുടെ ഇരട്ടക്കുട്ടികളുടെ പേര്. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്ന് വിളിപ്പേരും. ഇവരെ സാന്ദ്രയുടെ തങ്കക്കൊലുസ് എന്നാണ് മോഹന്‍ലാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ ,സാന്ദ്രയുടെ തങ്കക്കൊലുസ്...
ദാ ഇവിടെ മരം നടുകയാണ്.
നാളെ ശരിക്കുള്ള കിളികള്‍ക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളില്‍ തളിരിളം ചില്ലകള്‍ വരും പച്ച പച്ച ഇലകള്‍ വരും . ഈ മരത്തിലെ പഴങ്ങള്‍ കിളിക്കൂട്ടുക്കാര്‍ക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികള്‍ക്ക് തണലാകും .
മരം കണ്ടു വളരുകയും
മരം തൊട്ടു വളരുകയുമല്ല
മരം നട്ട് വളരണം ,
ഇവരെപ്പോലെ ...
Love nature and be
SUPERNATURAL
'മക്കളെ മണ്ണിലിറക്കാം മരം നടീക്കാം'