TopTop

ഈ ഫ്രീ കിക്കിനെ തോൽപ്പിക്കാൻ കഴിയുമോ?, ലോകതാരങ്ങളെ ആരാധകരാക്കിയ നിലമ്പൂരിലെ നാലാം ക്ലാസുകാരൻ

ഈ ഫ്രീ കിക്കിനെ തോൽപ്പിക്കാൻ കഴിയുമോ?, ലോകതാരങ്ങളെ ആരാധകരാക്കിയ നിലമ്പൂരിലെ നാലാം ക്ലാസുകാരൻ

അന്താരാഷ്ട്ര നിലവാരത്തിൽ ഒരു ഫ്രീകിക്ക്, മലപ്പുറം നിലമ്പൂരിലെ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ പ്രകടത്തിന്റെ ആരാധകരായത് ലോക ഫുട്ബോളിലെ പ്രമുഖർ. ജര്‍മനിയുടെ മുന്‍താരം ലോതര്‍ മത്യാസും ലിവര്‍പൂളിന്റെ സൂപ്പര്‍ താരം ഷെര്‍ദാര്‍ ഷാഖിരിയുമെല്ലാം ഈ പ്രകടനത്തിന്റെ ആരാധകരാവുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക ഗ്രൂപ്പായ മഞ്ഞപ്പടയുടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

ജി.എല്‍.പി.എസ് പൂളപ്പാടം സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളായ പ്രത്യുഷ്, അസ്‌ലഹ്, ആദില്‍, ലുഖ്മാനുല്‍ ഹക്കീം എന്നിവരാണ് ഫ്രീ കിക്കിന് പിന്നില്‍. എതിർ ടീം പോസ്റ്റിന് മുന്നിൽ പ്രതിരോധ മതിൽ തീർത്തു. പിന്നാലെ അസ്‌ലഹും ആദിലും ലുഖ്മാനുല്‍ ഹക്കീമും കിക്ക് എടുക്കാനാഞ്ഞ് ഓടിയെത്തി. എതിരാളികളെ തുർച്ചയായി കബളിപ്പിച്ച ഇവർ പന്തിൽ തൊടാതെ മാറുകയും പ്രത്യുഷ് പന്ത് കിക്ക് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍കീപ്പര്‍ എന്താണ് സംഭവിച്ചതെന്ന് ആലോചിക്കുമ്പോഴേക്കും പ്രത്യുഷ് അടക്കം ആഘോഷം തുടങ്ങിയിരുന്നു.



സ്‌കൂള്‍ ഗ്രൗണ്ടില്‍ യൂണിഫോമില്‍ ചെരുപ്പില്ലാതെയായിരുന്നു പൊടിപറത്തിയുള്ള ഇവരുടെ കളി. ആരോ പകർത്തി പോസ്റ്റ് ചെയ്ത ഫ്രീ കിക്കിന്റെ വീഡിയോ ആണ് ഇപ്പോള്‍ സ്‌പോര്‍ട്‌സ് ഗ്രൂപ്പുകളില്‍ ട്രെന്‍ഡിങ്. മലയാളത്തിലെ പ്രമുഖ സിനിമാ താരങ്ങളും പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. നിങ്ങൾക്ക് ഈ ഫ്രീ കിക്കിനെ തോൽപ്പിക്കാൻ കഴിയുമോ? നിലമ്പൂരിൽ നിന്നുള്ള ഈ കുട്ടികൾ അഭിനന്ദനം അർഹിക്കുന്നു! എന്നായിരുന്നു വീഡിയോ ഷെയർ ചെയ്ത് നിവിൻ പോളിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.




Next Story

Related Stories