TopTop
Begin typing your search above and press return to search.

'ഓഷോ തലയില്‍ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും'

ഓഷോ തലയില്‍ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും

രജനീഷ് ഓഷോയുടെ വലിയ ആരാധകരില്‍ ഒരാളാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍. ഓഷോയുടെ ജീവിതവീക്ഷണവും കാഴ്ചപ്പാടുകളുമെല്ലാം മോഹന്‍ലാല്‍ എന്ന വ്യക്തിയെ സ്വാധീനിച്ചിട്ടുണ്ട്.

താരത്തിന്റെ കൈയ്യിലുള്ള ഓഷോയുടെ തൊപ്പിയെ കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടായ രസകരമായൊരു അനുഭവത്തെ കുറിച്ചും പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് രാമാനന്ദ്. മോഹന്‍ലാലിനെ കാണാന്‍ പോയപ്പോള്‍ ഉണ്ടായ ഒരനുഭവമാണ് ജയസൂര്യ ചിത്രം 'കത്തനാരിന്റെ' തിരക്കഥാകൃത്തായ രാമാനന്ദ് പങ്കുവയ്ക്കുന്നത്.

''ഓഷോ തലയില്‍ വെച്ച് നടന്ന തൊപ്പിയും ലാലേട്ടനും,'' എന്ന തലക്കെട്ടോടെയാണ് രാമാനന്ദ് തന്റെ അനുഭവം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

''ഒരു ഇറ്റാലിയന്‍ സംവിധായകന്‍ ലാലേട്ടനെ വച്ച് ഓഷോയുടെ ജീവചരിത്രം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ നല്‍കിയ സമ്മാനമാണ് ഈ തൊപ്പി, ഓഷോ തലയില്‍ വെച്ച തൊപ്പി! കണ്ടപ്പോള്‍ കൗതുകം അടക്കാനായില്ല. ഒന്ന് തലയില്‍ വെക്കണം ആ പൊന്‍കിരീടം എന്ന് തോന്നി. വെച്ചു... ഹൃദയം തുടിച്ചു പോയി... എന്നാല്‍ അത്ഭുതപ്പെട്ടത് മടങ്ങാന്‍ നേരം ലാലേട്ടന്‍ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്... ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂര്‍വ്വ വസ്തു ഒരു മമത്വവും ഇല്ലാതെ വെച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്...'

'കൊതിച്ചു പോയെങ്കിലും, എന്റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്... ലാലേട്ടന്‍ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോള്‍ രാമിന് വേണ്ടേ? വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്! ലാലേട്ടന്‍ ആ തൊപ്പിയണിഞ്ഞു... ഒരു നിമിഷം എന്റെ പ്രേമഭാജനം ഓഷോ കണ്‍മുന്നില്‍ രൂപമായി തെളിഞ്ഞു...' രാമാനന്ദ് കുറിക്കുന്നു.

കോവിഡ് കാലത്ത് മൂന്നുമാസത്തോളം ചെന്നൈയിലെ വീട്ടില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കുകയായിരുന്നു താരം. അമ്മയെ കാണാനും ഏഷ്യാനെറ്റിന്റെ 'ലാലോണം നല്ലോണം' പരിപാടിയില്‍ പങ്കെടുക്കാനുംവേണ്ടി മാത്രമായിരുന്നു മോഹന്‍ലാല്‍ കേരളത്തില്‍ എത്തിയത്.

Next Story

Related Stories