Top

ഞങ്ങള്‍ വിളിച്ചു, അവര്‍ വന്നു; കുട്ടിക്കൂട്ടത്തെ അതിഥികളാക്കി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍

ഞങ്ങള്‍ വിളിച്ചു, അവര്‍ വന്നു; കുട്ടിക്കൂട്ടത്തെ അതിഥികളാക്കി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍

മലപ്പുറം തെയ്യത്തുംകുന്നില്‍ ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടികളെ അതിഥികളാക്കി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍. സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിച്ച കളിയിലാണ് കുട്ടിക്കൂട്ടവും പങ്കുചേര്‍ന്നത്. ഫൈനല്‍ റൗണ്ടില്‍ പ്രവേശനത്തിന് വെറും സമനില മാത്രം മതിയായിരുന്നു കേരളത്തിന്. പക്ഷേ തമിഴ്‌നാടിന്റെ ഗോള്‍ വല നിറച്ചാണ് കേരളം ഫൈനല്‍ റൗണ്ടിലേക്ക് ടിക്കറ്റെടുത്തത്. ഈ കളി നേരില്‍ കാണാനും ഒപ്പംകൂടാനുമുള്ള അവസരമാണ് കുട്ടിക്കൂട്ടത്തിന് ലഭിച്ചത്.

കുട്ടികള്‍ ഫുട്ബോള്‍ വാങ്ങാന്‍ യോഗം ചേരുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തെങ്ങ് മടലില്‍ കമ്പ് കുത്തി മൈക്ക് തയ്യാറാക്കിയ ഭാരവാഹികള്‍ ആഴ്ച്ചയില്‍ മിഠായി വാങ്ങാന്‍ ചെലവാക്കുന്ന പണം സംഭാവന നല്‍കണമെന്നാണ് വീഡിയോയില്‍ ആവശ്യപ്പെടുന്നത്. ഈ വീഡിയോ വൈറലായതോടെ കുട്ടിക്കൂട്ടം താരങ്ങളാവുകയായിരുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അടക്കമുള്ള ആളുകള്‍ കുട്ടികളെ നേരില്‍ക്കാണാന്‍ എത്തിയിരുന്നു. ഇതിനിടയിലാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ കുട്ടികളെ അതിഥികളായി വിളിച്ചത്.

കുട്ടികളെ അതിഥികളായി വിളിച്ചതിനെ കുറിച്ച് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഫെയ്‌സ്ബുക്ക് പേജില്‍ 'ഞങ്ങള്‍ വിളിച്ചു അവര്‍ വന്നു എന്നാണ്' എഴുതിയത്.

കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഈ കുരുന്നുകളെ ആദരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്

ഇവരെ നിങ്ങള്‍ അറിയും മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് മമ്പാട് പഞ്ചായത്തിലെ തെക്കുമ്പാടത്തെ കുട്ടിപ്പട്ടാളം. ഫുട്‌ബോളും ജഴ്സിയും വാങ്ങാന്‍ യോഗം ചേര്‍ന്ന കുട്ടിപ്പട്ടാളം എന്ന് പറയുന്നതാവും ശരി..

ഇന്നലെ നടന്ന കേരളം തമിഴ്‌നാട് മത്സരത്തില്‍ നമ്മുടെ പടയാളികള്‍ക്കൊപ്പം ഗ്രൗണ്ടില്‍ ഈ കുട്ടിപ്പട്ടാളവും ഇറങ്ങിയിരുന്നു.

കുട്ടിപ്പട്ടാളത്തെ ഞങ്ങളിലേക്ക് എത്തിച്ച സുശാന്ത് നിലമ്പൂരിന് നന്ദി.


Next Story

Related Stories