തന്റെ അമ്മ ജോലിയൊന്നും ചെയ്യുന്നില്ലെന്ന എന്ന പറച്ചില് കേട്ടു മടുത്ത് വീട്ടില്‍ അമ്മ ചെയ്യുന്ന ജോലികളുടെ ചിത്രം വരച്ച് ശ്രദ്ധനേടിയ ഒമ്പതാം ക്ലാസുകാരന്റെ കലാസൃഷ്ടി പങ്കുവെച്ച് ശശി തരൂര്‍ എംപി. അനുജാത് സിന്ധു വിനയ് ലാലിന്റെ കലാസൃഷ്ടിയാണ് ശശി തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. എങ്ങനെയാണ് അമ്മമാര്‍ വീടുകള്‍ നോക്കി നടത്തുന്നത് എന്നതിന്റെ കൃത്യമായി അവതരണം എന്ന കുറിപ്പോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
അമ്മ ജോലിയൊന്നും ചെയ്യുന്നില്ല എന്ന പറച്ചില് കേട്ടു മടുത്തിട്ടാണ് ഈ സ്കൂള്‍ വിദ്യാര്‍ത്ഥി തന്റെ പെയ്ന്റിംഗ് ഉദ്യമവുമായി രംഗത്ത് വന്നതെന്ന് തരൂര്‍ പറയുന്നു. ചിത്രം ഇഷ്ടപ്പെട്ട അനുജതിന്റെ അധ്യാപകര്‍ സര്‍ക്കാര്‍ അധികൃതര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റ 2020/21 ജെന്റര്‍ രേഖയുടെ കവര്‍ ചിത്രമായി ഈ പെയ്ന്റിംഗ് തെരെഞ്ഞെടുത്തിട്ടുണ്ട്.
'എന്റെ അമ്മയും അയല്‍പ്പക്കത്തെ അമ്മമാരും' എന്ന തലവാചകത്തോടെ വരച്ച ഈ ചിത്രം സാമ്പത്തിക വകുപ്പ് മന്ത്രി തോമസ് ഐസക്കും തന്റെ ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ സ്ത്രീ ശാക്തീകരണത്തിന് ഫണ്ട് നീക്കി വെച്ചതിനെ പറ്റി പറയുന്ന ഭാഗത്താണ് ഐസക് അനുജാതിനെ പേരെടുത്ത് പറഞ്ഞത്. തരൂര്‍ പങ്കുവച്ച ചിത്രം ആയിരത്തോളം പേര് ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി ആളുകളാണ് ചിത്രത്തെ അഭിനന്ദിച്ച് പ്രതികരിച്ചിരിക്കുന്നത്.