Top

അക്കിത്തം കവിതയുടെ രാഷ്ട്രീയമെന്ത്? ഈ കവിത പറയുമെന്ന് സോഷ്യൽ മീഡിയ

അക്കിത്തം കവിതയുടെ രാഷ്ട്രീയമെന്ത്? ഈ കവിത പറയുമെന്ന് സോഷ്യൽ മീഡിയ

കവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് സോഷ്യൽ മീഡിയയിൽ ചർച്ച. 'തീവ്ര പുരോഗമനവാദി'കൾ അക്കിത്തത്തെ സംഘപരിവാറിന്റെ കൂടെക്കെട്ടാനുള്ള ശ്രമങ്ങൾ നടത്തി വഷളാകുന്നുണ്ട്. സംഘപരിവാറുകാരാകട്ടെ അദ്ദേഹത്തിന് രാഷ്ട്രീയ ചായ്‌വു കൊണ്ടല്ല സമ്മാനം കിട്ടിയതെന്ന് മറുപടി പറഞ്ഞ് വഷളാകുന്നു. അക്കിത്തത്തിന്റെ കവിത വായിച്ചവരും വായിക്കാത്തവരുമെല്ലാം വിഷയത്തിൽ തങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്തുന്ന തിരക്കിലാണ്.

ഇതിനിടയിലേക്കാണ് 'കുട്ടപ്പന്‍ എന്ന കോമരം' എന്ന പേരിൽ അക്കിത്തം എഴുതിയ കവിത ചിലർ കൊണ്ടു വന്നിട്ടത്. ഇതോടെ രണ്ടു ഭാഗത്തും കനത്ത നിശ്ശബ്ദത പടർന്നിരിക്കുകയാണ്. ദൈവത്തിന്റെ പ്രതിരൂപമെന്ന് വിശ്വാസികള്‍ കരുതിവരുന്ന കോമരത്തിന്റെ ജീവിതദുഃഖത്തെപ്പറ്റിയാണ് ഈ കവിത. ഒരിടത്ത് കവി ഇങ്ങനെ പറയുന്നു:

"മണ്ണൊടു ചേരാറായീ കാലം മടിയിലൊരൊറ്റക്കാശില്ല.

എന്തിനു വേണ്ടിജ്ജീവിച്ചൂ ഞാ-

നെന്നതിനുത്തരമില്ലല്ലോ!

കോവിലിലുണ്ടൊരൊരുമ്പെട്ടവൾ: അവൾ

തൂമിടുമെന്നിൽ കാരുണ്യം

എന്നു ധരിച്ചു കണ്ണു മിഴിച്ചീ-

ലെന്നുടെ നേരെക്കൂത്തിച്ചി..."

അക്കിത്തം ഹിന്ദുത്വ വാദിയല്ലെന്നും അത്തരമൊരാൾക്ക് ഇങ്ങനെയൊരു കവിതയെഴുതുക സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു വായനക്കാർ. സംഘപരിവാർ രാജ്യത്തെമ്പാടും പ്രചരിപ്പിക്കുന്ന ആശയഗതികൾക്ക് നേരെ എതിർവശത്തു നില്‍ക്കുന്ന കവിതയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 'മീശ' നോവല്‍ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും മാതൃഭൂമി പിന്‍വാങ്ങിയ സന്ദർഭത്തിലും ഈ കവിത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

കവിത പൂർണരൂപത്തില്‍

"പണിയില്ലാതെ തെണ്ടി നടന്നു

പാറത്തൊടിയിൽ കുട്ടപ്പൻ

പള്ളപൊറുപ്പിനു കോമരമായി -

ത്തുള്ളിച്ചാടിയ കുട്ടപ്പൻ

അമ്പലനടയിൽ ചാടിച്ചാടിയൊ -

രമ്പതു കൊല്ലം തീർന്നില്ലേ?

തന്നാലിനിമേലാവില്ലിപ്പണി -

യെന്നൊരു കാലം വന്നില്ലേ?

പീടിക തോറും വീടുകൾ തോറും

പിച്ചയെടുത്തു നടക്കുമ്പോൾ

ആൽത്തറയിന്മേൽ കേറിയിരുന്നവ-

നല്പം നേരം ചിന്തിച്ചു:

മണ്ണൊടു ചേരാറായീ കാലം മടിയിലൊരൊറ്റക്കാശില്ല.

എന്തിനു വേണ്ടിജ്ജീവിച്ചൂ ഞാ-

നെന്നതിനുത്തരമില്ലല്ലോ!

കോവിലിലുണ്ടൊരൊരുമ്പെട്ടവൾ: അവൾ

തൂമിടുമെന്നിൽ കാരുണ്യം

എന്നു ധരിച്ചു കണ്ണു മിഴിച്ചീ-

ലെന്നുടെ നേരെക്കൂത്തിച്ചി."


Next Story

Related Stories