അനില്‍ നമ്പ്യാര്‍ക്കെതിരെയുള്ള സ്വപ്ന സുരേഷിന്റെ മൊഴിയുടെ പകര്‍പ്പ് കസ്റ്റംസില്‍ നിന്നും ലീക്കാക്കിയത് താനാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനമാരാഞ്ഞ് മന്ത്രി ടിഎം തോമസ് ഐസക്കിന്റെ പേഴ്സണല്‍ സ്റ്റാഫായ അഭിലാഷ് എസ് രംഗത്ത്. ഇന്ന് കാലത്താണ് മാതൃഭൂമിയില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ലേഖകന്റെ പേര് വെച്ചിട്ടില്ലാത്ത ഈ വാര്‍ത്തയില്‍ സ്വപ്നയുടെ മൊഴിപ്പകർപ്പ് പ്രചരിപ്പിച്ചതിന് കസ്റ്റംസ് വിശദീകരണം തേടിയെന്നും പറയുന്നുണ്ട്.
"മൊഴിപ്പകർപ്പ് ലഭിച്ചതും അത് പങ്കുെവച്ചതും പഴ്സണൽ സ്റ്റാഫ് അംഗം നിഷേധിച്ചില്ല. തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലർക്ക് ഫോർവേഡ് ചെയ്തെന്നും ഇയാൾ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു" എന്നാണ് ലേഖനത്തില്‍ പറയുന്നത്. ഇതിലെ 'ഭവിഷ്യത്ത് അറിയാതെ' എന്ന് തുടങ്ങുന്ന ഭാഗം ആരുടെയോ ഭാവനയാണെന്ന് അഭിലാഷ് ആരോപിക്കുന്നു.
സ്വപ്നയുടെ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു ശേഷം ചില ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പ്രസ്തുത മൊഴിയുടെ പകര്‍പ്പ് ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. താനും അതെടുത്ത് സ്വന്തം വാളില്‍ പോസ്റ്റ് ചെയ്തു. ഇതിനെ ആസ്പദമാക്കിയാണ് താനാണ് മൊഴി ലീക്ക് ചെയ്തതെന്ന് ധ്വനിപ്പിക്കുംവിധത്തില് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്നാണ് ആരോപണം.
മന്ത്രി ഐസക്കും ഈ റിപ്പോര്‍ട്ടിനെതിരെ രംഗത്തു വന്നിട്ടുണ്ട്. "ഇമ്മാതിരി വാർത്തയൊക്കെ എഴുതി ആരെ ഭയപ്പെടുത്താമെന്നാണ് മാതൃഭൂമിയും ഈ വാർത്തയുടെ ഉറവിടവും വിചാരിച്ചുവെച്ചിരിക്കുന്നത്? കേരളത്തിലെ ഏതാണ്ടെല്ലാ പത്രങ്ങളിലും ചാനലും ആഘോഷിച്ച മൊഴിയാണ്. മാതൃഭൂമി ചാനലിന്റെയും പത്രത്തിന്റെയും പക്കൽ ഈ മൊഴിയില്ലേ. ചാനൽ അതു കാണിച്ചിട്ടില്ലേ. മാതൃഭൂമിക്ക് ഈ മൊഴിപ്പകർപ്പ് തന്നത് എന്റെ സ്റ്റാഫാണോ? എന്തൊക്കെ അസംബന്ധങ്ങളാണ് വാർത്തയെന്ന പേരിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?" മന്ത്രി ഐസക് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ ഉണ്ടായ 'കുരുക്കുകള്‍' മന്ത്രി എണ്ണിപ്പറയുകയും ചെയ്തു: "പുലര്‍ച്ചവരെ നീണ്ട ചോദ്യം ചെയ്യല്‍: ശിവശങ്കര്‍ കുരുക്കില്‍ എന്ന തലക്കെട്ടിൽ ജൂലൈ 15ന്റെ വാർത്ത. ഈ കുരുക്ക് എന്തായി? ഫ്ളാറ്റ് ബുക്ക് ചെയ്തത് ശിവശങ്കര്‍ പറഞ്ഞിട്ടെന്ന് അരുണ്‍ ബാലചന്ദ്രന്; കുരുക്ക് മുറുകുന്നു എന്ന് അതേദിവസം വേറൊരു വാർത്ത. സ്വര്‍ണക്കടത്ത്; എം ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി: കുരുക്ക് മുറുകുന്നു എന്ന് ജൂലൈ 18ന്റെ വാർത്ത. ഈ കുരുക്കിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്?"
സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ ചോര്‍ന്നത് സ്വപ്നയുടെ മൊഴിപ്പകര്‍പ്പ് മാത്രമല്ലെന്നും സ്വപ്നയുടെയും സരിത്തിന്റെയും കോള്‍ ലിസ്റ്റ് ചോര്‍ന്ന സംഭവവും ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ഐസക് തന്റെ പോസ്റ്റില്‍ പറയുന്നു. "എന്തേ കസ്റ്റംസ് അതന്വേഷിച്ചില്ല? ആ കോൾ ലിസ്റ്റിൽ നിന്നല്ലേ അനിൽ നമ്പ്യാരുടെ ഇടപെടൽ സമൂഹത്തിന് ബോധ്യമായത്? അതെവിടെ നിന്ന് ചോർന്നു എന്ന് അന്വേഷിക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല? ഇതൊക്കെ ചോർത്തുന്നതല്ല, ചോരുന്നതാണ് എന്ന് ആർക്കും മനസിലാകില്ലെന്നാണോ ധരിച്ചുവെച്ചിരിക്കുന്നത്" മന്ത്രി ചോദിച്ചു.