'ഓമനതിങ്കള്‍ കിടാവോ.. പിച്ചി ചീന്ത്..'; വാളയാര്‍ വിഷയത്തില്‍ തെരുവില്‍ പ്രതിഷേധ നാടകവുമായി സന്തോഷ് കീഴാറ്റൂര്‍ / വീഡിയോ

വാളയാറിലെ കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് നടന് സന്തോഷ് കീഴാറ്റൂര്‍ കണ്ണൂര്‍ നഗരത്തിലൂടെ നടത്തിയ ഏകാംഗ തെരുവ് നാടകത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തു. സ്ത്രീ വേഷം കെട്ടി ഓമനതിങ്കള്‍ കിടാവോ.. പാടി പിച്ചി ചീന്ത്.. അലമുറയിട്ട് ഓടുന്ന സന്തോഷിനെ കണ്ട് കണ്ണൂര്‍ നഗരത്തിലെ ജനങ്ങള്‍ ആദ്യം അമ്പരന്നു.. പിന്നീട് ഇത് ഒരു പ്രതിഷേധ നാടകമാണെന്ന് മനസിലായപ്പോള്‍ ശ്രദ്ധിച്ചിരുന്നു.
'ഇത് ഒരു ചെറിയ പ്രതിഷേധമാണ്. ഞങ്ങള്‍ കാലകാരന്മാര്ക്ക് ഇങ്ങനെയൊക്കെ പ്രതികരിക്കാന്‍ പറ്റൂ. പരമാവധി ഒച്ചയുണ്ടാക്കുക.. ഞങ്ങളുടെ ഒച്ച എവിടെങ്കിലും ചെറുതായിട്ട് ചെന്ന് പതിക്കുന്നുണ്ടെങ്കില്‍ അതായിരിക്കും ഞങ്ങള്‍ക്ക് ഈ നാടിനോട് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമെന്ന് വിചാരിക്കുകയാണ്. കാരണം ഓരോ ദിവസവും ചെല്ലുന്തോറും നമ്മുടെ മക്കള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ്. പ്രതി സ്ഥാനത്ത് നില്‍ക്കുന്നവരെല്ലാം പുഷ്പം പോലെ ഇറങ്ങി വന്ന് നാട്ടില്‍ നടക്കുകയാണ്. ഇത് ആദ്യത്തെ സംഭവമല്ല. ഈ പ്രതിഷേധ നാടകം ഭരണകൂടത്തിന് നേര്‍ക്കല്ല. സമൂഹത്തിന് നേര്‍ക്കാണ്.' സന്തോഷ് പ്രതിഷേധ നാടകത്തിന് ശേഷം പ്രതികരിച്ചു. കൗമുദി ചാനലിന്റെ വീഡിയോ കാണാം..