TopTop
Begin typing your search above and press return to search.

'ആ അബദ്ധപ്രസ്താവന പൊറുക്കാം, പക്ഷെ ആ വിവരക്കേടെടുത്ത് ആഘോഷിക്കുന്ന അണികളെ തിരുത്താന്‍ ശ്രമിക്കണം'

ആ അബദ്ധപ്രസ്താവന പൊറുക്കാം, പക്ഷെ ആ വിവരക്കേടെടുത്ത് ആഘോഷിക്കുന്ന അണികളെ  തിരുത്താന്‍ ശ്രമിക്കണം

നിയസഭയില്‍ എം സ്വരാജ് എംഎല്‍എയും തമ്മിലുള്ള വാക്ക്‌വാദം സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. ഭരണഘടനയുടെ 293ആം വകുപ്പ് കിഫ്ബി ലംഘിച്ചു എന്ന ആരോപണത്തിന് മറുപടിയായി എം. സ്വരാജ് എംഎല്‍എ ആ വകുപ്പില്‍ സ്റ്റേറ്റ് എന്നാല്‍ 'സംസ്ഥാനം' എന്നാണെന്നും അതുകൊണ്ട് ആ വകുപ്പ് കിഫ്ബിക്ക് ബാധകമല്ലെന്നും വാദിച്ചു. അതിന് മറുപടിയായി വി.ഡി സതീശന്‍ എം.എല്‍.എ ഭരണഘടനയുടെ 12ആം വകുപ്പ് പ്രകാരം 'സ്റ്റേറ്റ്' എന്ന പദം വിശാലമാണെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ അതിന്റെ പരിധിയില്‍ പെടുന്നു എന്നും അതുകൊണ്ട് 293ആം വകുപ്പ് കിഫ്ബിക്ക് ബാധകമാണെന്നും വാദിച്ചു. എന്നാല്‍ ഇരുവരും തമ്മിലുള്ള വാദത്തില്‍ ഭരണഘടനയുടെ 12-ാം വകുപ്പ് പ്രകാരമുള്ള 'സ്റ്റേറ്റ്' എന്താണെന്ന വ്യക്തമാക്കുകയാണ് ജനീവയില്‍ അന്താരാഷ്ട്ര നിയമം പ്രാക്ടീസ് ചെയ്യുന്ന ദീപക് രാജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുന്നൊരുക്കമില്ലാത്തതുകൊണ്ട് വിഡി സതീശന്‍ ഒരു അബദ്ധപ്രസ്താവന നടത്തി എന്നത് പൊറുക്കാവുന്ന കാര്യമാണ്. പക്ഷേ ആ വിവരക്കേടെടുത്ത് ആഘോഷമാക്കുന്ന അണികളെ പിന്നീടെങ്കിലും തിരുത്താന്‍ ഒരു നിയമ ബിരുദധാരി എന്ന നിലയ്ക്ക് അദ്ദേഹത്തിന് ബാദ്ധ്യതയുണ്ടെന്നും ദീപക് രാജു പറയുന്നു.

ഫേയ്‌സ്ബുക്ക് കുറിപ്പ്

കിഫ്ബിക്ക് സ്വന്തം ഹൈക്കോടതി വേണോ?

ട്രോള്‍ ഗ്രൂപ്പുകള്‍ ഭരണഘടനാ ചര്‍ച്ചയിലാണ്.

അല്‍പം പശ്ചാത്തലം. ഭരണഘടനയുടെ 293ആം വകുപ്പ് 'സ്റ്റേറ്റുകള്‍' കടം വാങ്ങുന്നത് സംബന്ധിക്കുന്ന ചില വ്യവസ്ഥകള്‍ മുന്നോട്ട് വയ്ക്കുന്നു. ആ വകുപ്പ് കിഫ്ബി ലംഘിച്ചു എന്ന ആരോപണത്തിന് മറുപടിയായി ബഹു. എം. സ്വരാജ് എം.എല്‍.എ ആ വകുപ്പില്‍ സ്റ്റേറ്റ് എന്നാല്‍ 'സംസ്ഥാനം' എന്നാണെന്നും അതുകൊണ്ട് ആ വകുപ്പ് കിഫ്ബിക്ക് ബാധകമല്ലെന്നും വാദിച്ചു. അതിന് മറുപടിയായി ബഹു. വി.ഡി സതീശന്‍ എം.എല്‍.എ ഭരണഘടനയുടെ 12ആം വകുപ്പ് പ്രകാരം 'സ്റ്റേറ്റ്' എന്ന പദം വിശാലമാണെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ അതിന്റെ പരിധിയില്‍ പെടുന്നു എന്നും അതുകൊണ്ട് 293ആം വകുപ്പ് കിഫ്ബിക്ക് ബാധകമാണെന്നും വാദിച്ചു. അതുകേട്ട കോണ്‍ഗ്രസ് ട്രോളന്മാര്‍ 'സ്വരാജിനെ തേച്ചേ' എന്നും പറഞ്ഞ് ആഘോഷവും തുടങ്ങി.

'State' എന്ന വാക്ക് ഭരണഘടനയില്‍ രണ്ട് അര്‍ത്ഥങ്ങളില്‍ എങ്കിലും ഉപയോഗിക്കുന്നുണ്ട്. ഒന്ന്, വിശാലമായ അര്‍ത്ഥത്തില്‍, രാഷ്ട്രം. രണ്ട്, സംസ്ഥാനം.ഇതില്‍ ആദ്യത്തെ അര്‍ത്ഥമാണ് ആര്‍ട്ടിക്കിള്‍ 12-ഇലെ നിര്‍വചനത്തില്‍ ഉള്ളത്. ആര്‍ട്ടിക്കിള്‍ 12 മൗലികാവകാശങ്ങള്‍ അടങ്ങിയ ഭരണഘടനയുടെ പാര്‍ട്ട് 3യുടെ ഭാഗമാണ്. ആ വകുപ്പിലെ നിര്‍വചനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും, എയര്‍ ഇന്ത്യയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഒക്കെ 'ദ സ്റ്റേറ്റ്' ആണ്.

അങ്ങനെ ഒരു നിര്‍വചനം സ്വീകരിക്കാന്‍ ഒരു പ്രത്യേക കാരണമുണ്ട്. പാര്‍ട്ട് 3യില്‍ പറയുന്ന മൗലികാവകാശങ്ങള്‍ പൗരന് ഉറപ്പ് വരുത്തേണ്ടത് 'സ്റ്റേറ്റ്' ആണ്. ആ അവകാശങ്ങള്‍ക്ക് കൂടുതല്‍ വ്യാപ്തി ഉറപ്പുവരുത്തുകയാണ് ആര്‍ട്ടിക്കിള്‍ 12ലെ നിര്‍വചനം ചെയ്യുന്നത്. എയര്‍ ഇന്ത്യ വിവേചനപരമായ തൊഴില്‍നയങ്ങള്‍ സ്വീകരിച്ചാല്‍, എയര്‍ ഇന്ത്യ 'സ്റ്റേറ്റ്' ആയതുകൊണ്ട് അത് മൗലികാവകാശ ലംഘനമാണ്.

'ദ സ്റ്റേറ്റ്' എന്ന പദത്തിന്റെ ഈ വിശാലമായ നിര്‍വചനം പാര്‍ട്ട് 3 യില്‍ മാത്രം ബാധകമാണ്. ആര്‍ട്ടിക്കിള്‍ 12 തുടങ്ങുന്നത് തന്നെ 'In this Part' എന്ന് പറഞ്ഞുകൊണ്ടാണ്. ഈ നിര്‍വചനം എടുത്ത് പാര്‍ട്ട് 3ക്ക് പുറത്ത് പ്രയോഗിച്ചാല്‍ വിചിത്രമായ ഫലങ്ങളാണ് ഉണ്ടാകുക.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 1 'India, that is Bharat, shall be a Union of States' എന്നാണ്. ഇവിടെ 'സ്റ്റേറ്റ്‌സ്' എന്നാല്‍ സംസ്ഥാനങ്ങള്‍ എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആദരണീയനായ പറവൂര്‍ അംഗത്തിന്റെ ലോജിക്ക് അനുസരിച്ചാണെങ്കില്‍ ഇന്ത്യ എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു യൂണിയന്‍ എന്ന് മനസിലാക്കേണ്ടി വരും. ആര്‍ട്ടിക്കിള്‍ 1(3) പ്രകാരം ഇവയ്ക്കൊക്കെ സ്വന്തമായി ടെറിട്ടറിയും ഉണ്ടാകും.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 2 പറയുന്നത് ഒരു പുതിയ 'സ്റ്റേറ്റ്' ഉണ്ടാക്കാന്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരണം എന്നാണ്. അവിടെയും സ്റ്റേറ്റ് എന്നാല്‍ സംസ്ഥാനം എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ആദരണീയനായ പറവൂര്‍ അംഗത്തിന്റെ ലോജിക്ക് അനുസരിച്ചാണെങ്കില്‍ ഒരു സംസ്ഥാനത്തിനും സ്വന്തം നിലയ്ക്ക് ഒരു പൊതുമേഖലാ സ്ഥാപനം തുടങ്ങാനാകില്ല. പാര്‍ലമെന്റ് നിയമം കൊണ്ടുവരണം.

ആര്‍ട്ടിക്കിള്‍ 293 'the executive power of a State'നെ സംബന്ധിക്കുന്ന ഒരു വകുപ്പാണ്. ആ വിഷയത്തെ സംബന്ധിക്കുന്ന മറ്റൊരു പ്രധാന വകുപ്പ് ആര്‍ട്ടിക്കിള്‍ 154(1) ആണ്. ആ വകുപ്പ് പ്രകാരം 'The executive power of the State shall be vested in the Governor'. ഈ രണ്ടു വകുപ്പുകളിലും 'സ്റ്റേറ്റ്' എന്നാല്‍ ഞാന്‍ മനസിലാക്കുന്നത് സംസ്ഥാനം എന്നാണ്. ശ്രീ സതീശന്റെ തിയറി അനുസരിച്ചാണെങ്കില്‍ കിഫ്ബിക്കും, എയര്‍ ഇന്ത്യക്കും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കും ഒക്കെ അവരുടെ എക്‌സിക്ക്യൂട്ടിവ് അധികാരം കയ്യാളുന്ന ഓരോ ഗവര്‍ണര്‍ വേണം. അത് നിര്‍ബന്ധമാണ്. കാരണം, ആര്‍ട്ടിക്കിള്‍ 153 പ്രകാരം 'There shall be a Governor for each State'.

ആദരണീയനായ പറവൂര്‍ അംഗത്തിന്റെ തിയറി അനുസരിച്ച് കിഫ്ബിക്ക് വേണ്ടത് ഗവര്‍ണര്‍ മാത്രമല്ല. ആര്‍ട്ടിക്കിള്‍ 163(1) പ്രകാരം കിഫ്ബിക്ക് സ്വന്തമായി മുഖ്യമന്ത്രിയും മന്ത്രിസഭയും വേണം. ആര്‍ട്ടിക്കിള്‍ 165 പ്രകാരം കിഫ്ബിക്ക് സ്വന്തമായി അഡ്വക്കേറ്റ് ജെനറല്‍ വേണം. ആര്‍ട്ടിക്കിള്‍ 168 പ്രകാരം കിഫ്ബിക്ക് സ്വന്തമായി നിയമസഭ വേണം. ആര്‍ട്ടിക്കിള്‍ 214 പ്രകാരം കിഫ്ബിക്ക് സ്വന്തമായി ഹൈക്കോടതിയും വേണം.

മുന്നൊരുക്കമില്ലാത്തതുകൊണ്ട് ഒരു നിയമസഭാസാമാജികന്‍ ഒരു അബദ്ധപ്രസ്താവന നടത്തി എന്നത് പൊറുക്കാവുന്ന കാര്യമാണ്. പക്ഷേ 'ആ അബദ്ധപ്രസ്താവന പൊറുക്കാം, പക്ഷെ ആ വിവരക്കേടെടുത്ത് ആഘോഷിക്കുന്ന അണികളെ തിരുത്താന്‍ ശ്രമിക്കണം' ഒരു നിയമ ബിരുദധാരി എന്ന നിലയ്ക്ക് അദ്ദേഹത്തിന് ബാദ്ധ്യതയുണ്ട്.


Next Story

Related Stories