വെള്ളാപ്പള്ളി നടേശനെതിരായ വാര്‍ത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ചയാളോട് തട്ടിക്കയറിയ മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റ നടപടിയില്‍ വ്യാപക വിമര്‍ശനം. സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ തെറ്റായിരുന്നെ ചെന്നിത്തലയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെന്‍കുമാറിനെ ചൊടിപ്പിച്ചത്. ചോദ്യം ചോദിച്ച ആളോട് പത്രക്കാരനാണോ എന്ന് ചോദിച്ച സെന്‍കുമാര്‍ പത്രക്കാരനല്ലെങ്കില്‍ പുറത്ത് പോകാനും ആവശ്യപ്പെട്ടു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടോയെന്നും സെന്‍കുമാര്‍ സംശയം പ്രകടിപ്പിച്ചു.
സെന്‍കുമാര്‍ ആക്ഷേപിച്ച വ്യക്തിയാരെന്ന് വിശദ്ധീകരിക്കുകയാണ് മാധ്യമ പ്രവര്‍ത്തകയായ ജിഷ എലിസബത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സെന്‍കുമാറിന്റെ നടപടിയെ അപലപിച്ചും പ്രസ് ക്ലബില്‍ നടന്ന സംഭവത്തെക്കുറിച്ചും പറയുന്നത്. ആരാണ് ആ പത്രപ്രവര്ത്തകന്? എന്ന് തുടങ്ങുന്ന പോസ്റ്റില്‍ സെന്‍കുമാര്‍ അധിക്ഷേപിച്ച കടവില്‍ റഷീദിനെ കുറിച്ചും വിശദീകരിക്കുന്നുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ആരാണ് ആ പത്രപ്രവര്ത്തകന്?
ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തിനിടെ, ടിപി സെന്‍കുമാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന്, ഗുണ്ടകളാല്‍ തത്സമയം മര്‍ദ്ദിക്കപ്പെട്ട ആ പത്രപ്രവര്ത്തകന് ആരാണ്?
കടവില്‍ റഷീദ്.
അര്‍ബുദ രോഗത്തിന് ചികിത്സയില്‍ ഉള്ള ആ പത്ര പ്രവര്ത്തകന് നേരെ ആണ് കയ്യേറ്റം ഉണ്ടായത്. അദ്ദേഹത്തിന്റെ അവശതയെ നോക്കി 'മദ്യപിച്ചതായി തോന്നി' എന്നൊക്കെ എല്ലാ അതിക്രമവും നടന്ന ശേഷം ന്യായീകരിക്കുന്നത് വക വെച്ചു കൊടുക്കേണ്ട ഒന്നല്ല
പോലീസിന്റെ ശൈലി ഇതാണ്. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിക്കുന്നയാളേ നോക്കി ആദ്യം ചോദിച്ചത് ' പത്രപ്രവര്ത്തകന് ആണോ' എന്ന്.
പിന്നെ 'മദ്യപിച്ചിട്ടുണ്ടോ' എന്നു.
'ഇവിടെ വാ' എന്ന ആജ്ഞ വേറെ. 'ധൈര്യം ഉണ്ടെങ്കില്‍ ഇവിടെ വാ' എന്നാണ് അതിലെ ഒളിഞ്ഞിരിക്കുന്ന പരിഹാസം.
കൂടെ ഉള്ളവരോട് 'പിടിക്ക്' എന്ന് അടുത്ത ആജ്ഞ. കേട്ടതും കേള്‍ക്കാത്തതും കൂടെ വന്ന ഗുണ്ടകള്‍ ആ പത്രപ്രവര്‍ത്തകനെ കുത്തിന് പിടിച്ചു പുറത്തേക്കു തള്ളുന്നു.
കാര്‍ഡ് ഉണ്ടോ എന്ന് ചോദിച്ചു എന്നതു വേറെ . കാര്‍ഡ് ഉണ്ടെങ്കിലേ പത്ര സമ്മേളനത്തില്‍ ഇരിക്കാവൂ ? ഇയാളെന്താ രാഷ്ട്രപതി ആണോ, കാര്‍ഡ് കാണിച്ച് നമ്മള് കയറാന്‍?? (കടവില്‍ റഷീദ് അക്രെഡിറ്റഡ് ജേര്‍ണലിസ്റ്റ് ആണെന്നത് വേറെ വസ്തുത)
വാര്‍ത്താ സമ്മേളനം നടത്താന്‍ വന്നയാള്‍, അതു മാന്യമായി നടത്തി പോകണം. പണ്ടത്തെ ഡിജിപി ആണെന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ കയ്യൂക്കുള്ള ഭാരവാഹിയും ആണെന്ന തോന്നല്‍ ഉണ്ടെങ്കില്‍ ഉടന്‍ ഇറങ്ങി പോകാനായിരുന്നു പറയേണ്ടിയിരുന്നത്.
ഇതിനെതിരെ ശക്തമായ പ്രതിഷേധം നമ്മള് അറിയിക്കണം. ഇതെന്താ വെള്ളരിക്ക പട്ടണമോ???
മാധ്യമപ്രവര്‍ത്തകരുടെ സ്വന്തം ഇടത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍, പൊതു സ്ഥലത്ത് എന്തായിരിക്കും ആഹ്വാനം??
മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ചതിലൂടെ ആടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലി കൊല്ലാനാണ്.
ഇതു നമ്മള് ശക്തമായി പ്രതിഷേധിക്കേണ്ട ഒന്നാണ്.
വീഡിയോ ഇതിലുണ്ട്