TopTop
Begin typing your search above and press return to search.

ലോക്ഡൗണ്‍ കാലത്ത് മൂന്ന് ദേശങ്ങളിലിരുന്ന് മൂന്ന് സ്ത്രീകള്‍ ഒരു കഥ എഴുതി: പലായനം

ലോക്ഡൗണ്‍ കാലത്ത് മൂന്ന് ദേശങ്ങളിലിരുന്ന് മൂന്ന് സ്ത്രീകള്‍ ഒരു കഥ എഴുതി: പലായനം

കൊറോണ വൈറസ് ബാധയും തുടര്‍ന്നുള്ള 21 ദിവസത്തെ ലോക്ഡൗണിനെയും തുടര്‍ന്ന് വലിയ മാറ്റങ്ങളാണ് രാജ്യത്തെ ജനങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ആളുകള്‍ വീടിനുള്ളില്‍ അടച്ചിരിക്കുന്നു. ഭക്ഷണമോ പൈസയോ താമസിക്കാന്‍ ഇടമോ തൊഴിലോ ഇല്ലാതെ നഗരങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ പലായനത്തിനും രാജ്യം സാക്ഷ്യം വഹിച്ചു. അതേസമയം, വന്‍ നഗരങ്ങളില്‍ അടക്കമുള്ള പ്രൊഫഷണലുകള്‍ നേരത്തെ തന്നെ 'വര്‍ക്ക് ഫ്രം ഹോം' എന്ന രീതി സ്വീകരിച്ചിരുന്നു. ഇവരെയെല്ലാം ലോക്ഡൗണ്‍ ബാധിച്ചത് വ്യത്യസ്ത രീതിയിലാണ്. അതിനിടെയാണ് ബംഗളുരുവില്‍ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന സുഹൃത്തുക്കളായ മൂന്ന് സ്ത്രീകള്‍ ലോക്ഡൗണിനെ തുടര്‍ന്ന് വ്യത്യസ്ത സ്ഥലങ്ങളിലായെങ്കിലും ദിവസേനെയുള്ള മടുപ്പിനെയും ചുറ്റുമുള്ള കാഴ്ചകള്‍ ഉണ്ടാക്കുന്ന മരവിപ്പിനെയും മറികടക്കാന്‍ പുതിയൊരു വഴി കണ്ടെത്തിയത്. ഒരാള്‍ ഒരു വരി വീതം എഴുതി വാട്സ്ആപ്പിലൂടെ പങ്കു വയ്ക്കുകയും അടുത്തയാള്‍ അതിന്റെ ബാക്കി വരി പൂരിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇത്. തമാശ എന്ന രീതിയിലാണ് തുടങ്ങിയതെങ്കിലും ഒടുവില്‍ അതൊരു കഥയായി മാറി. ഇത് എഴുതുമ്പോള്‍ സൗമ്യ സുഭദ്ര ശങ്കര്‍ ബംഗളുരുവിലും ആരതി നമ്പീശന്‍ തിരുവില്ലാമലയിലും അന്‍സില നൗഷാദ് മണ്ണാപറമ്പില്‍ ചേര്‍ത്തലയിലുമായിരുന്നു. പക്ഷേ, ആരാണ് എഴുതിയത് എന്നു വേര്‍തിരിച്ചറിയാന്‍ വയ്യാത്ത വിധം അത്രത്തോളം ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ വരികളിലൂടെ അവര്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍.

അവര്‍ പിന്നീട് ഇക്കാര്യം ഫേസ്ബുക്കില്‍ പങ്കുവച്ചു. അത് ഇവിടെ വായിക്കാം.

ക്വാറന്റൈൻ കാലത്ത് ഗ്രൂപ്പിൽ അന്താക്ഷരി തൊട്ടു ചന്ദനമണി ചലഞ്ച് വരെ കളിച്ചു മടുത്തപ്പോഴാണ് കൂട്ടത്തിലെ പുതിയ വള്ളിക്കെട്ടുകൾ കണ്ടുപിടിത്തക്കാരിയായ ആരതി നമ്പീശന്‍ ഒരു ചോദ്യം എറിഞ്ഞത്. നമുക്ക് ഒരു കഥ എഴുതിയാലോ? ഒരാൾ ഒരു വരി, അടുത്തയാൾ അടുത്ത വരി എഴുതി ഞങ്ങൾ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ ഭാഷയിൽ ഒരു 'റൌണ്ട് റോബിൻ' കഥ എഴുത്ത്. ദിയയെ നോക്കി വട്ടായിരുന്ന ഞാനും കൽപ്പറ്റയിൽ പെട്ടു പോയ കുഞ്ഞാപ്പുവിനെ കാണാതെ സങ്കടപ്പെട്ടിരിക്കുന്ന സൗമ്യയും ആദ്യം അത്ര സീരിയസ് ആയി എടുത്തില്ലേലും മനസ്സിൽ തോന്നിയ വരി ഞാൻ വാട്സ്ആപ്പില്‍ എഴുതിയിട്ടു. അങ്ങനെ പതിയെ പതിയെ കഥ വളർന്നു. ആശയം എന്താണെന്നു ആദ്യമേ പറഞ്ഞിരുന്നില്ല എങ്കിലും അന്ന് ഞങ്ങളെ ഒരു പോലെ പൊള്ളിച്ച ഒരു കാഴ്ചയിലേക്ക് കഥ നടന്നു കയറി. എഴുതി പൂർത്തിയാക്കിയ സ്ഥിതിക്ക് ഇവിടെ കൂടി പോസ്റ്റുന്നു!

പലായനം

--------------------------

ഇനിയും എത്ര ദൂരം ഉണ്ടെന്ന് അറിയില്ല. കാലിലെ പൊട്ടിയ കുമിളകൾക്കാണോ എല്ലാം ഇട്ടെറിഞ്ഞു പോന്ന നെഞ്ചിലെ മുറിവിനാണോ കൂടുതൽ നീറ്റൽ എന്നറിയാതെ കുഴഞ്ഞു പോകുന്ന കാലുകൾ നീട്ടി വച്ച് അവൾ നടന്നു. ഇനി എന്ത് എന്ന ചോദ്യത്തിന് അവൾക്കുത്തരം ഉണ്ടായിരുന്നില്ല. എന്നെങ്കിലും ഒരു തിരിച്ചു പോക്ക് അനിവാര്യമായിരുന്നു. അത് പക്ഷെ ഇങ്ങനെ ആയിരിക്കും എന്ന് കരുതിയിരുന്നില്ല.

ആദ്യ ദിവസം ഖുശി തുള്ളിച്ചാടുകയായിരുന്നു. വെള്ള കീറും മുൻപേ വീട്ടിലെ പണികൾ തീർത്ത് ഫ്ളാറ്റുകളിലേക്കു പണിക്കു പോകുന്ന മീമി (ഖുശി അങ്ങനെ ആണ് തന്നെ വിളിക്കുന്നത് ) ഇന്ന് വീട്ടിൽ തന്നെ ഉണ്ട്. പിന്നെ സ്കൂളിലും പോകണ്ട. മീമി തലേന്ന് ഫ്ലാറ്റിൽ നിന്നും കൊണ്ട് വന്ന പാതി ഒഴിഞ്ഞ ഹോട്ടൽ ഡബ്ബയിലെ നാനും ചിക്കൻ കറിയും കൂടെ ആയപ്പോൾ അവൾ നിലത്തൊന്നും അല്ലാതെ ആയി.

അന്ന് താനും ധരിച്ചത് അങ്ങനെ തന്നെ അല്ലേ... രണ്ടു ദിവസം വീട്ടിൽ ഇരിക്കൂ, ഇനി വിളിക്കുമ്പോൾ വന്നാൽ മതി എന്ന് പറഞ്ഞാണ് നീല നിറത്തിലുള്ള ഫ്ളാറ്റിലെ ദീദി യാത്രയാക്കിയത്. ശമ്പളവും മുൻ‌കൂർ തന്നു.

അവിടം തനിക്കു സ്വർഗം തന്നെ ആയിരുന്നു. ഗ്രാമത്തിലെ പോലെ കിലോമീറ്ററുകളോളം നടന്നു വേണ്ട, ദാലും ആട്ടയും വാങ്ങാൻ. ഖുശിക്ക് അസുഖം വന്നാൽ തൊട്ടടുത്ത് മൊഹല്ല ആശുപത്രി ഉണ്ട്. അല്പം വലുപ്പക്കൂടുതൽ ആണെങ്കിലും മനോഹരമായ മഞ്ഞയും പച്ചയും നിറത്തിലുള്ള എത്ര ഉടുപ്പുകൾ ആണെന്നോ ദീദി തരാറുള്ളത്. ഖുശിയെ നിർബന്ധിച്ചു സ്കൂളിൽ അയച്ചതും ജോലി ചെയ്യാറുള്ള മറ്റൊരു ഫ്ളാറ്റിലെ മാമിജി ആണ്.

ആമിറിന്റെ കൈയും പിടിച്ച് ഗ്രാമത്തിൽ നിന്നും അവൻ പറഞ്ഞു കൊതിപ്പിച്ചിട്ടുള്ള ഈ നഗരത്തിലേക്ക് രാത്രിയുടെ മറപറ്റി വണ്ടി കയറി അവനോടു ചേർന്നിരുന്നു വരുമ്പോൾ മനസ് നിറയെ സ്വപ്‌നങ്ങൾ ആയിരുന്നു. ആമിർ സെക്യൂരിറ്റി ജോലി ചെയ്തിരുന്ന കെട്ടിടത്തിന്റെ അകത്തെ ഒരു ചെറിയ ഒറ്റമുറി. ഒരു മൂലയിൽ സ്റ്റവ്, കുറച്ചു പാത്രങ്ങളും. രാവിലെ അവിടുള്ളവരുടെ കാറുകൾ കഴുകുന്നത് തുടങ്ങി പാതിരാ വരെ ആമിർ തിരക്കിലായിരിക്കും. തന്റെ ഗ്രാമത്തിൽ നിന്ന് വന്ന ഛായ ഭാബി അടുത്ത് തന്നെ ആയിരുന്നു താമസിച്ചിരുന്നത്. അവരാണ് പറഞ്ഞത് വെറുതെ ഇരുന്നു മുഷിയാതെ വീട്ടുജോലിക്ക് പോകാൻ. ആദ്യദിവസം പേടിച്ചു പേടിച്ചു ജോലിക്കു പോയത്. ആകാശം മുട്ടി നിൽക്കുന്ന കെട്ടിടങ്ങളിൽ താൻ ചെല്ലേണ്ട വീടുകൾ കണ്ടെത്താനാകാതെ ഉഴറിയത്. എല്ലാം ഇന്നലെ എന്ന പോലുണ്ട്. വൈകാതെ കൂട്ടിനായി ഖുശിയും എത്തി.

ആമീറിന്റെ പെരുമാറ്റത്തിലെ ചെറിയ ചെറിയ മാറ്റങ്ങൾ തിരക്കിന്റെ ഇടയിൽ കണ്ടില്ല എന്ന് നടിച്ചു. അല്ലെങ്കിലും ജോലിക്കു പോകുന്നതിനോട് ആമീറിന് എതിർപ്പായിരുന്നു. വല്ലവന്റേം എച്ചിലും കുളിമുറിയും കഴുകാനുള്ളതല്ല നിന്റെ കൈകൾ എന്നവൻ പരാതി പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ തനിക്ക് ഇതെല്ലാം ഇഷ്ടമായിരുന്നു. ജോലി ചെയ്യുന്ന വീട്ടിലെ ആളുകളെല്ലാം തന്നെ സ്വന്തം പോലെ കണ്ടു. പതിനാലാം നിലയിലെ നിറയെ പൂക്കളുള്ള ബാൽക്കണിയിൽ ഇരുന്ന് എപ്പോഴും പത്രം വായിക്കുന്ന അങ്കിളിന് തന്റെ അബ്ബയുടെ ഛായ ആയിരുന്നു. ബേട്ടി എന്നായിരു സ്നേഹത്തോടെ അദ്ദേഹം തന്നെ വിളിച്ചിരുന്നത്.

ആമിറിന്റെ പരാതികൾ പതിയെ പിണക്കങ്ങൾക്കു വഴി മാറി. അവനെ നിയന്ത്രിക്കുന്നത് അവൻ മാത്രമല്ല, പുതുതായി കൂട്ടുകൂടാൻ എത്തിയ ലഹരികൾ കൂടി ആയിരുന്നു. പതിയെ അവൻ സെക്യൂരിറ്റി ജോലികളിൽ ശ്രദ്ധിക്കാതെയായി. അലക്ഷ്യമായി വേറെ ഏതോ ഒരു ലോകത്തു പാറി നടന്നിരുന്ന അവനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. ലഹരിക്ക്‌ മരുന്ന് കിട്ടാൻ വഴി ഇല്ലാതെ വന്നപ്പോൾ ഒരുദിവസം കലഹിച്ച് അവൻ ഇറങ്ങിപ്പോയി. പിന്നെ കണ്ടത് തന്റെ പേര് പച്ച കുത്തിയ ജീവനറ്റ ഒരു കൈ മാത്രം ആയിരുന്നു.

എന്നിട്ടും നാട്ടിലേക്ക് തിരികെ പോയില്ല, അവിടെ പോയിട്ട് എന്തിന്! ജോലി ചെയ്ത് എങ്ങനെ എങ്കിലും ഖുശിയെ പഠിപ്പിക്കണം. അവൾ തന്നെ പോലെ ആയിപ്പോകരുത്. എല്ലാം മാറി മറഞ്ഞത് എത്ര പെട്ടെന്നാണ്... ഓരോരുത്തരായി ഫോൺ വിളിച്ച് ഇനി വരണ്ട എന്ന് പറഞ്ഞു. മാസം തീരാറായിരുന്നെങ്കിലും എല്ലാവരും ശമ്പളവും തന്നു.

രണ്ടാമത്തെ ദിവസം കൂടി കഴിഞ്ഞപ്പോൾ ബാക്കി ഉണ്ടായിരുന്ന ആട്ടയും ദാലും തീർന്നു. കട മുറികൾ അടഞ്ഞു തന്നെ കിടന്നു. ഇനി മാസങ്ങളോളം അടഞ്ഞു തന്നെ കിടക്കുമെന്നും തങ്ങൾ ഗ്രാമത്തിലേക്ക് മടങ്ങുകയാണെന്നും ഛായ ഭാബി പറഞ്ഞു. മിച്ചം വച്ചിരുന്ന പൈസയും അത്യാവശ്യ സാധങ്ങളും ഒരു കയ്യിലും മറുകൈയില്‍ ഖുശിയുമായി അവൾ നിലച്ചു പോയ ആ നഗരം വിട്ടു നടന്നു തുടങ്ങി.

വലിച്ചു വച്ച കാലിൽ പിണഞ്ഞു കെട്ടിയ കൈകളുടെ ചൂടാണ് അവളെയും ഓർമ്മകളെയും ഒരുപോലെ പിടിച്ചു നിർത്തിയത്.

"മീമി... ഇനി വയ്യ മീമി... എനിക്ക് നടക്കാൻ വയ്യ" ഖുശി തേങ്ങി.

അത്രയും നേരം അവൾ വാരിക്കൂട്ടി വച്ച ഊർജം കാൽവിരലുകളിലൂടെ ഊർന്നു പോയി. ഖുശിയുടെ വരണ്ട ചുണ്ടുകളിലേക്കു ഇറ്റിക്കാനായി ഒരിക്കൽ കൂടി തന്റെ മുലകൾ ചുരത്തിയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. വിളറിയ മുഖത്ത് കണ്ണുകൾ മറിഞ്ഞു പോയിക്കൊണ്ടിരുന്ന മകളെ കൈകളിൽ വാരിയെടുത്ത് അവൾ വീണ്ടും നടക്കാൻ ശ്രമിച്ചു. ജനതയെ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ അധികാരികൾ അടച്ചു പൂട്ടിയ രാജ്യത്തിന്റെ മാറിലൂടെ ജീവൻ ചോർന്നു പോയ കുഞ്ഞി ചുണ്ടുകളെ മാറോടണച്ച് അവൾ മുന്നോട്ടു തന്നെ നടന്നു...


Next Story

Related Stories