UPDATES

സോഷ്യൽ വയർ

തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്ത്രീയുടെ മാനത്തിന് വില പറയുന്ന പാര്‍ട്ടിയായി ബിജെപി തരം താഴുന്നത് അപമാനം: ബിന്ദു അമ്മിണി

നിങ്ങൾക്ക് അഭിമാനമുണ്ടെങ്കിൽ നിങ്ങളുടെ അണികളെ സംസ്കാരം പഠിപ്പിയ്ക്കൂ

വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ വോട്ടുതേടിയ ബിജെപിക്ക് ബിജെപിക്ക് ഒരു തുറന്ന കത്തുമായി ശബരിമലയിൽ ദർശനം നടത്തിയതിന്റെ പേരിൽ സംഘപരിവാർ സംഘടനകളുടെ ഭീഷണി നേരിട്ട ബിന്ദു അമ്മിണി. തന്റേത് എന്നു പറഞ്ഞു മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകള്‍ സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിക്കുന്നെന്നാണ് ബിന്ദു അമ്മിണിയുടെ പ്രധാന ആരോപണം. ജീവനുള്ളിടത്തോളം കാലം സംഘപരിവാറിനെതിരെ താന്‍ ശക്തമായി തിരിച്ചടിക്കുമെന്നും തന്റെ മനോവീര്യം കെടുത്താന്‍ ഇത്തരം നീക്കങ്ങളിലൂടെ കഴിയില്ലെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമല ദർശനം നടത്തി എന്ന ഒറ്റക്കാരണത്താൽ തനിക്കെതിരെ അശ്ലീല സൈബർ ആക്രമണം നടത്തുന്നവരാണ് യഥാർത്ഥ ഹിന്ദുക്കൾ എങ്കിൽ ആ ഹിന്ദു മതത്തിൽ ഉൾപ്പെടുന്നു എന്ന് പറയാൻ അപമാനമുണ്ടെന്നും ബിന്ദു കുറിപ്പിൽ പറയുന്നു. നിങ്ങൾക്ക് അഭിമാനമുണ്ടെങ്കിൽ പാർട്ടി തങ്ങളുടെ അണികളെ സംസ്കാരം പഠിപ്പിക്കണം. സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കണം, മർദ്ദിതരോട് സഹാനുഭൂതിയോടെ പെരുമാറണം, മാനവികത പഠിപ്പിക്കണമെന്നും അവർ കുറിപ്പില്‍ ആവശ്യപ്പെടുന്നു.

പോസ്റ്റ് പൂര്‍ണ്ണ രൂപത്തില്‍,

ബി.ജെ.പിയ്ക്ക് ഒരു തുറന്ന കത്ത്

ഞാൻ ബിന്ദു അമ്മിണി.
ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ച്, നിയമവാഴ്ച അംഗീകരിച്ച്, സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമല ദർശനം നടത്തി എന്ന ഒറ്റക്കാരണത്താൽ എനിക്കെതിരെ അശ്ലീല സൈബർ ആക്രമണം നടത്തുന്നവരാണ് യഥാർത്ഥ ഹിന്ദുക്കൾ എങ്കിൽ ആ ഹിന്ദു മതത്തിൽ ഏതെങ്കിലും തരത്തിൽ ഞാൻ ഉൾപ്പെടുന്നു എങ്കിൽ എനിക്ക് അപമാനം തോന്നുന്നു.

എന്റെ മനോവീര്യം കെടുത്താൻ നിങ്ങൾ വിചാരിച്ചാൽ നടക്കില്ല. 
എനിക്കെതിരെ നിങ്ങൾ തൊടുക്കുന്ന വിഷം പുരട്ടിയ അമ്പുകൾ എന്റെ മനോവീര്യം കൂട്ടുകയാണ്. എന്റെ ശക്തി – പോരാട്ട വീര്യം പതിൻമടങ്ങ് വർദ്ധിപ്പിയ്ക്കുകയാണ്.
സംഘ പരിവാറിനെതിരെ പോരാടാൻ പ്രാപ്തമാക്കുകയാണ്.

എന്റെ കൊക്കിൽ ജീവനുള്ളിടത്തോളം സംഘപരിവാറിനെതിരെ ഞാൻ ശക്തമായ് തിരിച്ചടിക്കും

ബി.ജെ.പി യുടേയും അനുബന്ധ സംഘടനകളുടെയും അണികളുടെ സംസ്കാര ശൂന്യതയ്ക്ക് കാരണക്കാർ നിങ്ങളാണ് നിങ്ങൾ മാത്രം. 
നിങ്ങൾ പകർന്നു കൊടുത്ത വർഗ്ഗീയ-ജാതീയ വിഷം ചീറ്റുന്ന അണികൾ സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിയ്ക്കുന്നു.

ദളിതരെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിയ്ക്കുന്നു.

ദളിത് സ്ത്രീകളെ നഗ്നരായ് നടത്തി ആനന്ദിക്കുന്നു.

മുസ്ലീം ബാലികമാരെ തെരഞ്ഞു പിടിച്ച് ബലാത്സംഗം ചെയ്യുന്നു.

ഇപ്പോൾ എന്റെ മനോവീര്യം കെടുത്താൻ എന്റേത് എന്നു പറഞ്ഞ് മോർഫ് ചെയ്ത് അശ്ലീല – വ്യാജ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു.

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഒരു പാർട്ടിയായ് ബി ജെ പി തരം താഴുന്നത് അപമാനം

നിങ്ങൾ എന്താ വിചാരിച്ചത് ആ വീഡിയോ കണ്ട് ഞാൻ കെട്ടിത്തൂങ്ങിച്ചാവുമെന്നോ .

നിങ്ങൾക്ക് തെറ്റി സംഘ പരിവാറിനെതിരായ് ഞാൻ പോരാടുക തന്നെ ചെയ്യും

നിങ്ങൾക്ക് അഭിമാനമുണ്ടെങ്കിൽ നിങ്ങളുടെ അണികളെ സംസ്കാരം പഠിപ്പിയ്ക്കൂ , സ്ത്രീകളെ ബഹുമാനിക്കാൻ പഠിപ്പിക്കൂ , മർദ്ദിതരോട് സഹാനുഭൂതിയോടെ പെരുമാറാൻ പഠിപ്പിയ്ക്കു, മാനവികത പഠിപ്പിയ്ക്കൂ.

ഞാൻ പോരാടുക തന്നെ ചെയ്യും. അവസാന ശ്വാസം വരെ.
എന്ന്
25.04.19 ബിന്ദു അമ്മിണി.’

Read More : വയനാടും മലപ്പുറവും ഒഴികെ എല്ലാ സീറ്റും എല്‍ഡിഎഫ് ജയിക്കും: 2004 ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍