TopTop
Begin typing your search above and press return to search.

ഈ സാംസ്‌കാരിക നായകരെന്താ ഇങ്ങനെ? ബിജെപി ചോദിച്ചു പോവുകയാണ്

ഈ സാംസ്‌കാരിക നായകരെന്താ ഇങ്ങനെ? ബിജെപി ചോദിച്ചു പോവുകയാണ്

കേരളത്തിലെ സാംസ്‌കാരിക നായകര്‍ മനുഷ്യത്വമില്ലാത്തവരെന്ന് ആരോപിച്ച് ബിജെപി ഇന്ന്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചിരുന്നു. കോട്ടയത്ത് നടക്കുന്ന ബിജെപി സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് സാസ്‌കാരിക നായകരെ രൂക്ഷമായി വിമര്‍ശിക്കുന്നത്. സാംസ്‌കാരിക നായകരുടെ നീതിബോധം കേരളം ചര്‍ച്ച ചെയ്യണമെന്നും ബിജെപി ആവശ്യപ്പെടുന്നുണ്ട്. വേണ്ടത് തന്നെയാണ്; കാരണം, നോട്ട് നിരോധനം ഒരു തുഗ്ലക് പരിപാടിയാണെന്നും തുഗ്ലക് പലരും പറയുന്നത് പോലെ വെറുമൊരു മണ്ടനല്ലെന്നും ഒരു ജനദ്രോഹിയാണെന്നും വെട്ടിത്തുറന്ന് പറഞ്ഞ എംടി വാസുദേവന്‍ നായര്‍ നീതിബോധവും മനുഷ്യത്വവും ഇല്ലാത്തയാളാണെന്ന് ബിജെപി പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല.

ബിവറേജില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിന് മടിയെന്തിന് എന്ന് ചോദിച്ച മോഹന്‍ലാലിനുള്ളത് പോലുള്ള നീതിബോധം എംടിക്കില്ലാതെ പോയല്ലോ. കഷ്ടം തന്നെ. പിന്നെ ഈ കമലിനെ കമാലുദ്ദീനായല്ലാതെ സംഘപരിവാറിന് വേറെങ്ങനെ കാണാനാവും? നരേന്ദ്രനെ നരാധമന്‍ എന്നു വിളിച്ചാലും ഇല്ലെങ്കിലും. പിന്നെ ഒരവസരമോ അനവസരമോ വന്നപ്പോ തുറന്നു പറഞ്ഞു എന്ന് മാത്രം. അയാളൊരു മുസ്ലീമാണെന്നും അയാള്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ അവകാശമില്ലെന്നും പറയേണ്ടത് അത്യാവശ്യമല്ലേ. അയാളുടെ സ്ഥലം, ഓഫീസ് പണിയാന്‍ വാങ്ങിക്കുമ്പോള്‍ അയാള്‍ കമലാണ്. അല്ലാത്തപ്പോള്‍ കമാലുദ്ദീന്‍ മുഹമ്മദും.

പുരസ്‌കാരം കണ്ട് കണ്ണ് മഞ്ഞളിക്കുന്നവരാണ് കേരളത്തിലെ സാംസ്‌കാരിക നായകരെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാലും എന്തൊരു മണ്ടന്മാരാണ് ഈ സാംസ്‌കാരിക നായകര്‍? കേന്ദ്രസര്‍ക്കാരിന്‌റെ പുരസ്‌കാരമൊന്നും ഇവര്‍ക്കിനിയും വേണ്ടേ? ഇതുവരെ കിട്ടിയതൊക്കെ മതിയോ? ഏതായാലും പി വത്സല, സുഗതകുമാരി, കാനായി കുഞ്ഞിരാമന്‍, ഷാജി എന്‍ കരുണ്‍ തുടങ്ങിയ സാംസ്‌കാരിക നായകരുടെ നീതിബോധം പരിശോധിക്കണം എന്നൊന്നും ബിജെപി പറയില്ല എന്നുറപ്പാണ്. കാരണം കേരളത്തിന്‌റെ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും ബിജെപിക്കുള്ള പ്രതിബദ്ധത മനസിലാക്കി ഉത്തരവാദിത്തത്തോടെ പ്രതികരിക്കുകയും ഇടപെടുകയും ചെയ്യുന്നവരാണ് ഇവര്‍. ജല്‍സ്വരാജ് എന്ന പരിപാടി കേരളത്തെ സംബന്ധിച്ച് എത്രമാത്രം പ്രസക്തമാണെന്ന് അവര്‍ക്കറിയാം. ബിജെപി സര്‍ക്കാരുകള്‍ ഓരോ സംസ്ഥാനത്തും നടത്തിവരുന്ന 'മാതൃകാ'പരമായ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവര്‍ക്ക് ബോധ്യമുണ്ട്. പുരസ്‌കാരം കണ്ടാല്‍ അവരുടെ കണ്ണ് മഞ്ഞളിക്കില്ല. എല്ലാത്തിലും ഋഷി തുല്യമായ നിസംഗതയും മിതത്വവുമാണ് അവര്‍ക്ക്. രാജ്യസ്‌നേഹവും അര്‍പ്പണ മനോഭാവവുമാണ് അവരെ നയിക്കുന്നത്.

എം ടി വാസുദേവന്‍ നായരേയും കമലിനേയും അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതാക്കള്‍ നടത്തിയിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുയരുകയും ചെയ്തു. നോട്ട് നിരോധനത്തിന്റെ പേരില്‍ നരേന്ദ്ര മോദിയെ വിമര്‍ശിച്ച എം.ടിക്കും ദേശീയഗാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ കമലിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തിരുവനന്തപുരത്ത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ എഴുത്തുകാരും ചലച്ചിത്ര സംവിധായകരുമടക്കം നിരവധി പ്രമുഖരാണ് പങ്കെടുത്തത്. അടൂര്‍ ഗോപാലകൃഷ്ണന്‍, സക്കറിയ, ടിവി ചന്ദ്രന്‍, ബി ഇക്ബാല്‍, പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയവരെല്ലാം മാനവ ജാഗ്രത എന്ന പരിപാടിയില്‍ പങ്കെടുത്തു. എം.ടി, കമല്‍ വിവാദങ്ങളില്‍ ബി.ജെ.പിക്കെതിരെ സക്കറിയയും അടൂര്‍ ഗോപാലകൃഷ്ണനുമെല്ലാം ആഞ്ഞടിച്ചു. സംഘപരിവാറിന് കേന്ദ്രത്തില്‍ അധികാരമുള്ളതിന്റെ നെഗളിപ്പാണ് കേരളത്തിലെ ബിജെപിക്കെന്ന് സക്കറിയ പറഞ്ഞു. വിനാശകാലത്ത് ബിജെപിക്ക് വിപരീത ബുദ്ധിയാണ് എന്നും സക്കറിയ അഭിപ്രായപ്പെട്ടു. നോട്ട് വിഷയം പഠിക്കാതെയാണ് ബിജെപി എംടിയെ അധിക്ഷേപിക്കുന്നതെന്ന് അടൂര്‍ പറഞ്ഞു. അധിക്ഷേപങ്ങള്‍ പിന്‍വലിച്ച് ബിജെപി മാപ്പ് പറയണമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും സംഘപരിവാറിനോട് യാതൊരു താല്‍പര്യമോ അനുഭാവമോ ഇല്ല എന്നത് സ്വാഭാവികമാണ്. എഴുത്തുകാര്‍ക്കും സ്വതന്ത്ര ചിന്തകര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനകളോടോ അതുമായി ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടികളോടോ അത്തരമൊരു താല്‍പര്യം ഉണ്ടാവുക എളുപ്പമല്ലല്ലോ. ബിജെപിയോട് പല കാരണങ്ങള്‍ കൊണ്ടും താല്‍പര്യം തോന്നുന്നവര്‍ക്ക് പോലും ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളെ വിശുദ്ധവത്കരിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാവും. അവര്‍ എല്ലാ വിഷയങ്ങളിലും പ്രതികരിച്ചുകൊള്ളണം എന്നില്ല. നിശബ്ദരായിരിക്കാനും അവര്‍ക്ക് അവകാശമുണ്ട്. അവര്‍ എല്ലാം തികഞ്ഞ വിശുദ്ധ പശുക്കളുമല്ല. അവരെ വിമര്‍ശിക്കാന്‍ ബിജെപി അടക്കം ഏത് സംഘടനകള്‍ക്കും അവകാശവുമുണ്ട്. എന്നാല്‍ വിമര്‍ശനവും വിരട്ടലും തമ്മിലുള്ള വ്യത്യാസം മനസിലാക്കേണ്ടതാണ്. ഒന്നും മനസിലാക്കുക എന്ന പതിവ് സംഘപരിവാറിനില്ലാത്തത് കൊണ്ട് അത് പ്രതീക്ഷിക്കേണ്ടതില്ല.

സക്കറിയ പറഞ്ഞത് പോലെ എംടിയെ വിരട്ടിയിട്ടും ആരും മിണ്ടുന്നില്ലെങ്കില്‍ പിന്നെ ധൈര്യമായി മുന്നോട്ട് പോകാം എന്ന ചിന്ത അവര്‍ക്കുണ്ടാവാം. അത് ഇവിടെ വേണ്ടെന്ന താക്കീതാണ് ബിജെപിയെ പേരെടുത്ത് പറഞ്ഞ് കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തിയത്. കേരളത്തില്‍ ഇന്ന് നടക്കുന്ന എല്ലാ മനുഷ്യാവകാശ ലംഘനങ്ങളിലും എല്ലാ സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതികരിക്കണം എന്നില്ല. ഇന്ന ഇന്ന കാര്യങ്ങളില്‍ പ്രതികരിക്കണം, മറ്റ് ചിലതില്‍ പാടില്ല എന്ന് പറയുന്നതിനനുസരിച്ച് പ്രതികരിക്കുന്നവരുമല്ല കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. ഫാസിസ്റ്റ് ഇതര സംഘടനകളുടെ ഭാഗത്ത് നിന്നും ഫാസിസ്റ്റ് സ്വഭാവത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാറുണ്ട്. പരസ്പര വിരുദ്ധമായ ആശയങ്ങളിലും പ്രസ്ഥാനങ്ങളിലും സമാനതകള്‍ ഉണ്ടാകുന്നത് പോലെ. അതിനര്‍ത്ഥം ഇവയെല്ലാം ഒന്നാണെന്നല്ല. ഫാസിസ്റ്റ് പ്രവണതകള്‍ അത് ഏത് ഭാഗത്ത് നിന്നുണ്ടായാലും അതിനെ വിമര്‍ശിച്ച് കേരളത്തിലെ ഏതെങ്കിലുമൊക്കെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് 51 വെട്ടിനെ കുറിച്ച് കവിതയുണ്ടായതും മനുഷ്യത്വമുള്ളവരെല്ലാം ആ വികാരം മനസിലെങ്കിലും വേദനയായി കൊണ്ടു നടക്കുകയും ചെയ്തത്. എല്ലാവരും എല്ലാ വിഷയത്തിലും എന്തെങ്കിലും പറയണമെന്ന് വാശി പിടിക്കുന്നത് ശരിയല്ലല്ലോ.

ദാദ്രിയില്‍ ബീഫ് കൈവശം വച്ചുവെന്ന് പറഞ്ഞ് മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ തല്ലിക്കൊല്ലുകയും ഹിന്ദുത്വ തീവ്രവാദികളുടെ താത്പര്യങ്ങള്‍ക്കെതിരായ സ്വതന്ത്ര ചിന്തയുടെ പേരില്‍ കല്‍ബുര്‍ഗിയെ പോലുള്ള എഴുത്തുകാര്‍ കൊല്ലപ്പെടുകയും ഗോവധത്തിന്റെ പേര് പറഞ്ഞ് ദളിതരെയും മുസ്ലീങ്ങളേയും കൊന്ന് കെട്ടിത്തൂക്കുന്ന സംഭവങ്ങളെല്ലാം ഉണ്ടായപ്പോള്‍ വര്‍ഗീയ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് എഴുത്തുകാരും ചലച്ചിത്ര പ്രവര്‍ത്തകരും അടങ്ങുന്ന പലരും പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കിയാണ് പ്രതിഷേധം അറിയിച്ചത്. അതില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. അത് പ്രതിഷേധത്തിന്‌റെ ഒരു രൂപമായിരുന്നു. സാംസ്‌കാരിക ലോകത്തിന്‌റെ പ്രതിഷേധങ്ങളില്‍, ബഹുസ്വരതയെ നിലനിര്‍ത്താനുള്ള പ്രതിഷേധങ്ങളിലും ബഹുസ്വരതയുണ്ടാവും എന്ന കാര്യത്തില്‍ സംശയമില്ല.

ഏതായാലും എംടിക്കും കമലിനുമെതിരായ സംഘപരിവാര്‍ ആക്രമണത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മ ശക്തി പ്രാപിച്ചിരിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു ജാഗ്രത കേരളത്തില്‍ സജീവമാകുന്നത്. കേരളത്തിന്‌റെ പൊതുസമൂഹത്തില്‍ ഒരു എംഎന്‍ വിജയനോ ഒരു സുകുമാര്‍ അഴീക്കോടോ ഒരു സാറ ജോസഫോ മാത്രം പ്രതികരിക്കുകയും മറ്റുള്ളവര്‍ നിശബ്ദരായിരിക്കുകയും ചെയ്ത എത്രയോ പ്രശ്‌നങ്ങള്‍ കേരളത്തിലും ഇന്ത്യയിലും ലോകത്തുമുണ്ടായിരിക്കുന്നു. പ്രതികരിക്കാത്ത മറ്റുള്ളവരെല്ലാം നിലപാടില്ലാത്തവരാണെന്നോ അനീതികളെ അംഗീകരിക്കുന്നവരാണെന്നോ അര്‍ത്ഥമാക്കേണ്ടതില്ല. ഈ നാട്ടിലെ ഏതൊരു സാധാരണക്കാരനും കവലയിലും കടകളിലും പൊതു, സ്വകാര്യ ഇടങ്ങളിലുമെല്ലാം സാധാരണയായി പങ്ക് വയ്ക്കുന്ന ആശങ്ക മാത്രമാണ് എംടി പങ്ക് വച്ചത്. മോദി സര്‍ക്കാരിന്‌റെ ജനവിരുദ്ധ നയത്തെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടെങ്കിലും അത് കാര്യമാക്കേണ്ടതില്ല എന്ന് പറയാനും കഴിയുന്ന ഒരു ബോളിവുഡ് താരമല്ല എംടി. കാഷ്‌ലെസ് എക്കോണമിയെ കുറിച്ച് ഈ നാട്ടിലെ സാധാരണക്കാരനെ പഠിപ്പിക്കാനും പൊരിവെയിലത്ത് ക്യൂനിന്ന് രാജ്യത്തിന് വേണ്ടി ത്യാഗം സഹിക്കാന്‍ ഉപദേശിക്കാനും മാത്രമുള്ള തൊലിക്കട്ടി അദ്ദേഹത്തിനില്ലാതെ പോയി.

കേരളം പിടിക്കാന്‍ പരിസ്ഥിതി സംരക്ഷണം, ജലസംരക്ഷണം, ദളിത് - ആദിവാസി ഭൂസമരം തുടങ്ങി ഏത് കാര്‍ഡും ഇറക്കി കളിക്കാനുള്ള തയ്യാറെടുപ്പിനിടെ ഇങ്ങനെ ചില വിനോദങ്ങളും കൂടി വേണ്ടേ. കുറച്ച് സാംസ്‌കാരിക പ്രവര്‍ത്തകരെയൊക്കെ പരിസ്ഥിതി സംരക്ഷണത്തിന്‌റെ പേരില്‍ കുപ്പിയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് ഈ സാംസ്‌കാരിക നായകരൊക്കെ ഇങ്ങനെ തോന്നിയ പോലെ അഭിപ്രായം പറയുന്നത്. സാംസ്‌കാരിക രംഗത്തും ബൗദ്ധികശേഷിയിലും അക്കാഡമിക് രംഗത്തും പൂര്‍ണമായി അധീശത്വം സ്ഥാപിക്കുക എന്ന സംഘപരിവാറിന്‌റെ സ്വപ്‌നങ്ങള്‍ക്ക് മുന്നില്‍ വലിയ തടസങ്ങളുണ്ട്. അത്തരമാളുകളെ വിലക്കെടുക്കാന്‍ കഴിയില്ല എന്ന് വന്നാല്‍ പിന്നെയുള്ള മാര്‍ഗം അത്തരത്തിലുള്ള എല്ലാ വേദികളേയും സ്ഥാപനങ്ങളേയും തകര്‍ക്കുക എന്നതും വിമത ശബ്ദമുയര്‍ത്തുന്നവരെ പല മാര്‍ഗങ്ങളിലൂടെ നിശബ്ദരാക്കാന്‍ ശ്രമിക്കുക എന്നതുമാണ്. കേരളത്തില്‍ സാംസ്‌കാരിക അധിനിവേശം നടത്തുന്നതില്‍ സംഘപരിവാറിന് മുന്നിലുള്ള വലിയ തടസങ്ങളെ അസഹിഷ്ണുതയോടെയല്ലാതെ സമീപിക്കാന്‍ അവര്‍ക്ക് കഴിയില്ലല്ലോ. മനുഷ്യത്വമില്ലാത്ത സാംസ്കാരിക പ്രവര്‍ത്തകര്‍ ഇങ്ങനെ തുടങ്ങിയാല്‍ ബിജെപി പിന്നെന്തു ചെയ്യും? അവരെക്കൊണ്ട് പറ്റുന്നതാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സുജയ്)


Next Story

Related Stories