TopTop
Begin typing your search above and press return to search.

ഇക്കിളി രാഷ്ട്രീയത്തിൽ അഭിരമിക്കുന്ന മലയാളികൾ

ഇക്കിളി രാഷ്ട്രീയത്തിൽ അഭിരമിക്കുന്ന മലയാളികൾ

ആര്‍. സുരേഷ്

കനകവും കാമിനിമാരും എന്നും അന്ത:പുരങ്ങളിലെ അവിഭാജ്യഘടകമായിരുന്നു. ജനാധിപത്യത്തിന്റെ കോട്ടകൊത്തളങ്ങളിലും അതിന് വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയുടെ തുടക്കത്തിൽ തന്നെ ലേഡി മൗണ്ട് ബാറ്റൺ ഭരണത്തിന്റെ ദിശനിർണയിക്കുന്ന ഘടകമായി വിലയിരുത്തപ്പെട്ടിരുന്നു. ഒരു നേതാവിന്റെ സ്ത്രീ സംബന്ധമായ ദൗർബല്യങ്ങളെ വലിയകാര്യമായി സമൂഹം കണക്കിലെടുത്തിരുന്നോ എന്നത് സംശയമാണ്. ഇതിഹാസങ്ങളിലും പ്രവാചകരിലുമൊക്കെ വഴിവിട്ട അഥവാ വേറിട്ട ബന്ധങ്ങളുടെയും കിടപ്പറക്കഥകളുടെയുമൊക്കെ തൂവലുകൾ പറ്റിച്ചേർന്നിരിപ്പുണ്ട്. അത്തരം ബന്ധങ്ങളിലൂടെ ഭൂജാതരായ നിരവധി ദൈവങ്ങളെയാണ് ഈ കലിയുഗത്തിലും (അങ്ങനെ പറയാമോയെന്നറിയില്ല) നാം ആരാധിക്കുന്നത്.

ഒരു ജനതയെ നയിക്കുന്നവരിൽ നിന്ന് രാജ്യത്തിനും ജനത്തിനും ലഭിക്കുന്ന ഭരണപാടവത്തിന്റെ നേട്ടങ്ങളാണ് എല്ലാവരും വിലയിരുത്തിയിരുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലും വാണിജ്യ കരാറുകളിലും തീരുമാനങ്ങളെടുക്കുന്ന പ്രധാനികൾക്ക് പരസ്പരം ഉപഹാരങ്ങൾ നൽകുന്നതിനൊപ്പം കാമിനിമാരുടെ സഹവാസവും സന്തോഷം പങ്കിടുന്നതിന്റെ ഭാഗമാകാറുണ്ടെന്നത് പരസ്യമായ രഹസ്യവുമാണ്. ഉഭയസമ്മതപ്രകാരം ബന്ധങ്ങളിലേർപ്പെടുന്നതിന് നീതിപീഠങ്ങൾ പോലും എതിര് നിൽക്കാത്ത ഈകാലഘട്ടത്തിൽ ഭരണാധികാരികൾക്ക് എവിടെയൊക്കെ രഹസ്യബന്ധങ്ങളുണ്ടെന്ന് അന്വേഷിക്കലായി മാധ്യമങ്ങളുടെയും എതിർകക്ഷികളുടെയും പ്രവർത്തനങ്ങൾ മാറുമ്പോൾ നഷ്ടമാകുന്നത് ജനാധിപത്യത്തിൽ അനിവാര്യമായ സൃഷ്ടിപരമായ ഇപെടലുകളാണ്. രാഷ്ട്രീയ വിഷയങ്ങൾ തിരിച്ചറിയാതെ /പരിഗണിക്കാതെ ഇക്കിളിവിഷയങ്ങളിൽ അഭിരമിക്കുമ്പോൾ രക്ഷപ്പെടുന്നത് ഭരിക്കുന്നവരാണ്. അതിന്റെ കാരണങ്ങളിലൊന്ന് രൂപ കൊടുത്ത് കാര്യം സാധിക്കുന്നത് വലിയ കാര്യമായി പൊതു സമൂഹം കാണുന്നില്ല എന്നതാണ്.

ജാതിയും മതവും രാഷ്ട്രീയവുമൊക്കെ പരിഗണിച്ചാണ് ആളുകൾ ഒരു വ്യക്തിയുടെ ശ്ലീലവും അശ്ലീലവുമൊക്കെ തീരുമാനിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്കപ്പുറമുള്ള സംഘടിത ബോധമാണ് ഇന്ന് ജാതിയിലും മതത്തിലുമുള്ളത്. അതിനാൽ എന്ത് നെറികേടും മൂടിവച്ച് മുന്നോട്ടുപോകാൻ ആ സംഘടിതബോധം മതി. അതിനാലാണ് മതങ്ങൾക്കുള്ളിൽ പുരോഹിതവർഗം ലൈംഗികതയിൽ ഉൾപ്പെടെ നടത്തുന്ന കൊള്ളരുതായ്മകൾക്കെതിരെ പ്രതിഷേധവും ഉടച്ചുവാർക്കലുകളും ഉയർന്നുവരാത്തത്. കേരളത്തിന്റെ വിഖ്യാതമായ പുരോഗമന സ്വഭാവം ഒരുമുഖംമൂടി മാത്രമായി അവശേഷിക്കുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്.കേരള രാഷ്ട്രീയത്തിൽ കഴിഞ്ഞ നാലര വർഷമായി നടക്കുന്ന നെറികെട്ട പ്രവർത്തനങ്ങൾ വിസ്മരിക്കുകയും സ്വന്തം ശരീരത്തെ വാണിജ്യലാഭത്തിനുള്ള മൂലധനമായി സകലർക്കും കാഴ്ചവയ്ക്കുന്ന ചില സ്ത്രീകളുടെ കിടപ്പറരംഗങ്ങളിലെ തെളിവുകൾക്ക് വേണ്ടി ഓടിനടക്കുകയും ചെയ്യുന്ന പൊതുസമൂഹമായി നാം മാറിയത് ലജ്ജാകരമാണ്. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന കേരളീയരുടെ ദുരിതങ്ങൾ ഒരു രാഷ്ട്രീയപ്രശ്നമായി മാറാത്തത് അത്ഭുതമാണ്. പൊതുവിതരണ സമ്പ്രദായത്തെ നശിപ്പിച്ച് അങ്ങാടി വിലയുമായുളള അന്തരം ഇല്ലാതാക്കി. അതിനെ കേന്ദ്രീകരിച്ച് രാഷ്ട്രീയസമരങ്ങളുണ്ടാവുന്നില്ല എന്നതും വസ്തുതയാണ്.

വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന അരാജകത്വം പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ വരാത്തതും വലിയൊരാശങ്കയാണ്. പൊതുവിദ്യാഭ്യാസരംഗത്ത് ആരോഗ്യകരമായ സംവാദങ്ങൾ അവസാനിച്ചിരിക്കുന്നു. പരീക്ഷാ കേന്ദ്രീകൃത കോച്ചിംഗ് എന്ന നിലയിലേക്ക് പഠനപ്രക്രിയയെ മാറ്റിയെടുക്കാൻ വേണ്ടി ബോധപൂർവം ശ്രമിക്കുകയും പൊതുവിദ്യാഭ്യാസം നിലവാരമില്ലാത്തതാണെന്ന് പാർശ്വവർത്തികളെക്കൊണ്ട് പ്രചാരണം നടത്തിച്ചിട്ട് സ്വകാര്യ വിദ്യാലയങ്ങൾക്ക് യഥേഷ്ടം അനുമതി നൽകുകയും ചെയ്യുമ്പോൾ രാഷ്ട്രീയമായി അതിനെ നേരിടാനാകുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്താവട്ടെ റൂസ പദ്ധതി പ്രകാരം കേന്ദ്ര സഹായം ലഭിക്കുന്നതിന് ആവശ്യമായ യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസ കൗൺസിൽ പുന:സംഘടിപ്പിക്കാൻ തയ്യാറാകുന്നില്ല. സ്വയംഭരണ കോളേജുകൾ തുടങ്ങിയിടത്ത് അതെങ്ങനെ മുന്നോട്ടു കൊണ്ടു പോകണമെന്നറിയാതെ മാനേജ്മെന്റുകളുടെയും പ്രിൻസിപ്പൽമാരുടെയും മുന്നിൽ സർക്കാർ തല ചൊറിഞ്ഞു നിൽക്കുന്നു. ബോർഡ് ഓഫ് സ്റ്റഡീസിലും അക്കാദമിക് കൗൺസിലുകളിലും ജാതി മത രാഷ്ട്രീയാടിസ്ഥാനത്തിൽ കച്ചവടക്കാരെ നിയോഗിച്ച് വിദ്യാർത്ഥികളുടെ അക്കാദമിക അവകാശങ്ങൾക്ക് മേൽ കൊഞ്ഞനംകുത്തുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളവും പെൻഷനും നൽകാനാവാതെ നട്ടം തിരിയുമ്പോൾ അഴിമതിയുടെ കൂത്തരങ്ങായി ഭരണാധികാരികൾ അവയൊക്കെ മാറ്റിയിരിക്കുന്നു. ആദിവാസി മേഖലകളിൽ പട്ടിണിയും പകർച്ചവ്യാധികളും മരണവും സ്ത്രീപീഠനങ്ങളും നാൾക്കുനാൾ വർധിക്കുന്നു. വൻകിട തോട്ടമുടമകളും ഭരണക്കാരുടെ ബിനാമികളും സർക്കാർ ഭൂമി കയ്യടക്കി പട്ടയം നേടുമ്പോൾ പാവപ്പെട്ടതൊഴിലാളികൾ പട്ടിണിയിലേക്ക് കൂപ്പുകുത്തുന്നു. ദേശീയ ഗെയിംസിൽ അടിമുടി അഴിമതിയായിരുന്നുവെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നപ്പോഴും നമ്മൾ സരിതയുടെ ക്ലിപ്പുകൾക്ക് വേണ്ടി ഓടുകയായിരുന്നു.

ഇക്കിളി രാഷ്ട്രീയത്തിന് വലിയ പ്രസക്തിയില്ലെന്ന് ഉമ്മൻചാണ്ടിക്കറിയാം. ഒരു പൊതുപ്രവർത്തകനെ കരിവാരിതേച്ചുവെന്ന ഇമേജ് സൃഷ്ടിച്ചെടുക്കുമ്പോൾ വഴിമാറപ്പെടുന്നത് ശരിയായ രാഷ്ട്രീയ ചർച്ചകളാണ്. അവിടെ ലാഭം എന്നും ഭരണത്തിലുള്ളവർക്കായിരിക്കും. ജോസ്തെറ്റയിലിനെതിരെയുള്ള കേസ് കോടതി റദ്ദാക്കിയത് ആ ബന്ധം നടക്കാതിരുന്നതിനല്ല. സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി ബ്ലാക് മെയിൽ ചെയ്യാനായി പരാതിക്കാരിയായ സ്ത്രീ ബന്ധപ്പെടുകയും അത് വീഡിയോയിൽ ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു എന്ന് വ്യക്തമായതോടെയാണ്. സരിതയുടെ കാര്യത്തിൽ അവർ പരാതി പോലും നൽകിയിട്ടില്ല. നൽകിയാലും തെറ്റയിലിന്റെ കേസിനപ്പുറമുള്ള വിധിയുണ്ടാവാൻ വഴിയില്ല. ഇനി മറ്റൊരു കാര്യം നോക്കിയാൽ കേരളത്തിലെ സ്ത്രീജനങ്ങളിൽ സരിതയെപ്പോലെ ചിന്തിക്കുന്നവർ ഒരുപാടുണ്ടാകാം. മൂകാംബികാ ക്ഷേത്രത്തിൽ ആത്മനിർവൃതി തേടിയെത്തിയ മഹിളാമണികൾ സരിതയുടെ ഓട്ടോഗ്രാഫിന് വേണ്ടി തള്ളുണ്ടാക്കിയ രംഗം മറന്നുപോകരുത്.ശരിയായ രാഷ്ട്രീയ വിഷയങ്ങളുയർത്തി ജനകീയ പ്രക്ഷോഭങ്ങളേറ്റെടുക്കുന്ന ഇടതുപക്ഷം കഴിഞ്ഞ നാലരവർഷമായി എത്രത്തോളം അതിൽ വിജയിച്ചുവെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ബിജുരമേശും ബിജുരാധാകൃഷ്ണനും വഴി തുറന്ന ബാർകോഴ, സോളാർ വിഷയങ്ങൾ ആയിരുന്നോ കേരളത്തിന്റെ അടിസ്ഥാന രാഷ്ട്രീയവിഷയങ്ങൾ? ബാർകോഴയും സോളാറും വിഷയങ്ങളാവേണ്ടത് തന്നെ. എന്നാൽ അടിസ്ഥാന രാഷ്ട്രീയ പ്രശ്നങ്ങളുടെ കൂടെ പറയാവുന്ന ഉപവിഷയങ്ങൾ മാത്രമാണവ. അങ്ങനെയാവണമായിരുന്നു ഇടതുപക്ഷ രാഷ്ട്രീയം.

കേരളത്തിലെ പൊതുസമൂഹം അനുഭവിക്കുന്ന മറ്റ് ചില ബുദ്ധിമുട്ടുകൾ കൂടിയുണ്ട്. അവയും രാഷ്ട്രീയമായി ഏറ്റെടുത്താൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനാവുന്നവയാണ്. തദ്ദേശീയമായ ജൈവ പച്ചക്കറി കൃഷിയിൽ സി.പി.എം സ്വീകരിച്ചത് കാലികമായ രാഷ്ട്രീയ സമീപനം തന്നെയാണ്. ബഹുജനം അതിനെ വളരെയേറെ അംഗീകരിച്ചു. അതുപോലെയാണ് മാലിന്യ സംസ്കരണം. ഡോ. തോമസ് ഐസക്കിന്റെ ഇടപെടലെന്നതിലുപരി ഇടതുപക്ഷം രാഷ്ട്രീയമായി ഏറ്റെടുക്കേണ്ട ഒന്നാണിത്. ജനം അതിനെ സർവാത്മനാ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. തമാശയായി തോന്നാമെങ്കിലും കേരളത്തിലെ തെരുവുനായ ശല്യം ഏറ്റെടുക്കേണ്ട മറ്റൊരു പ്രശ്നമാണ്. ജനകീയ ഇടപെടലിലൂടെ ഒരു പരിഹാരത്തിന് ശ്രമിച്ചാൽ അതും രാഷ്ട്രീയമായി ഗുണം ചെയ്യുന്നതാണ്. കേരളത്തിൽ അങ്ങോളമിങ്ങോളം തകർന്നു കിടക്കുന്ന റോഡുകൾ ഒരു രാഷ്ട്രീയ വിഷയമായി അതാത് പ്രദേശങ്ങളിൽ മാറിയാൽ ഒട്ടൊക്കെ പരിഹാരവും ജനപിന്തുണയുമുണ്ടാകും.

ഇതൊന്നുമില്ലാതെ സി.ഡി. കഥകൾക്ക് പിന്നാലെ പോകുന്ന പാപ്പരാസി രാഷ്ട്രീയം ഭാവിയിൽ രാഷ്ട്രീയ പ്രവർത്തനങ്ങളോട് തന്നെ അവമതിപ്പിന് കാരണമാകുമെന്നുറപ്പാണ്.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories