TopTop
Begin typing your search above and press return to search.

ഉമ്മന്‍ ചാണ്ടി; താങ്കള്‍ പറഞ്ഞത് എത്ര ശരി, നിയമം നിയമത്തിന്റെ വഴിക്ക് പോയിത്തുടങ്ങി

ഉമ്മന്‍ ചാണ്ടി; താങ്കള്‍ പറഞ്ഞത് എത്ര ശരി, നിയമം നിയമത്തിന്റെ വഴിക്ക് പോയിത്തുടങ്ങി

അഴിമുഖം പ്രതിനിധി

ഇന്നലെ ബെംഗളൂര്‍ അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എന്‍ ആര്‍ കേശവയുടെ വിധി വന്നതോടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നത് അത്ര ശോഭനമായ ഭാവിയല്ല എന്നു വ്യക്തമായിരിക്കുന്നു. ഇനിയും ജനകീയ കോടതിയുടെ ന്യായം പറയാന്‍ ഉമ്മന്‍ ചാണ്ടിക്ക് പറ്റുമോ? അല്ലെങ്കില്‍ മനഃസാക്ഷിയുടെ കോടതിയില്‍ അദ്ദേഹം മുട്ടുകുത്തി കുമ്പസരിക്കുമോ?

വ്യവസായി എം കെ കുരുവിളയ്ക്ക് 1.60 കോടി രൂപ തിരിച്ചു കൊടുക്കണം എന്ന കോടതി വിധി തന്റെ ഭാഗം കേള്‍ക്കാതെയാണ് എന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. ഈ കേസില്‍ തെളിവ് പത്രിക നല്‍കാനും അതിന്റെ അടിസ്ഥാനത്തില്‍ തന്നെ വിചാരണ നടത്തുകയോ ഉണ്ടായില്ലെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്. എന്നാല്‍ 2015 മാര്‍ച്ച് 23നു ബെംഗളൂര്‍ കോടതിയില്‍ 1.35 കോടി തട്ടിയെടുത്തു എന്നാരോപിച്ച് കുരുവിള കേസ് ഫയല്‍ ചെയ്ത ശേഷം രണ്ടു തവണ ഇത് സംബന്ധിച്ച നോട്ടീസ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചതിന് തെളിവുകളുണ്ട്. തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി നിരന്തരം കേസിന് ഹാജരാകാതിരിക്കുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതൊഴിവാക്കി നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ ഉമ്മന്‍ ചാണ്ടി നേരിട്ടു ബെംഗളൂരില്‍ എത്തിയിരുന്നു.

ഇതൊക്കെ വസ്തുതകള്‍. പക്ഷേ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നിരന്തരം കേരള സമൂഹത്തിനു മുന്‍പില്‍ പറഞ്ഞു കൊണ്ടിരുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനമായിരുന്നു ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ല അതുകൊണ്ട് അഴിമതിയല്ല എന്നത്. അതിലായിരുന്നു അദ്ദേഹം പിടിച്ചു തൂങ്ങി ജനകീയ കോടതിയുടെ മുന്‍പിലേക്ക് പോയത്. തന്റെ ഓഫീസിലെ ചിലര്‍ നടത്തിയ തട്ടിപ്പ് കേസ് മാത്രമാണിതെന്നും ചെയ്ത തെറ്റിന് അവരെ ഓഫീസില്‍ നിന്നു പടിയടച്ചു പിണ്ഡം വെച്ചു കഴിഞ്ഞു എന്നും ഉമ്മന്‍ ചാണ്ടിയും അനുയായികളും ഘോരഘോര പ്രസംഗിച്ചു. അരുവിക്കര ഉപതെരഞ്ഞെടുപ്പും ലോകസഭ തെരഞ്ഞെടുപ്പും യു ഡി എഫ് വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി പറയുന്നത് തന്നെയാണോ ശരി എന്നു പോലും കേരള സമൂഹം തെറ്റിദ്ധരിച്ചു.

ഇപ്പോള്‍ എം കെ കുരുവിളയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ഒരു ഗൂഢ സംഘം 1.35 കോടി തട്ടിയെടുത്തു എന്നു കണ്ടെത്തിയതോടെ പടിയടച്ചു പിണ്ഡം വെച്ച സംഘത്തിന്റെ മുഖ്യ സൂത്രധാരന്‍ ഉമ്മന്‍ ചാണ്ടി തന്നെയെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം പല സമയങ്ങളിലായി സരിത നായരും മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകളിലേക്കും കോന്നിക്കാരന്‍ ക്വാറി മുതലാളി മല്ലേലില്‍ ശ്രീധരന്‍ നായരുടെ ആരോപണങ്ങളിലേക്കും ഈ വിധി വിരല്‍ ചൂണ്ടുന്നുണ്ട്.

ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ഉമ്മന്‍ ചാണ്ടി പരാജയപ്പെട്ടു എന്നു മാത്രമല്ല ഈ വിധി തെളിയിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നതിന് ഒരു മുഖ്യമന്ത്രി തന്നെ കൂട്ടുനിന്നു എന്നു കൂടിയാണ്. ഒപ്പം തെളിവുകള്‍ നശിപ്പിക്കുന്നതിന് ഒരു ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണ് ഈ സംഘം പ്രവര്‍ത്തിച്ചത് എന്നത് മനസിലാക്കാന്‍ 2013 ജൂണ്‍ മാസത്തെ പത്രങ്ങള്‍ ഒന്നു മറിച്ചു നോക്കിയാല്‍ മതി.സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് മാധ്യമങ്ങളോട് പറഞ്ഞതിന് എം കെ കുരുവിളയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചത് 40 ദിവസമാണ്. ബെംഗളൂരില്‍ നിന്നു തട്ടിക്കൊണ്ടു വന്നാണ് കുരുവിളയെ കേസില്‍ കുടുക്കിയത്. അത് സോളാര്‍ ആരോപണത്തില്‍ തനിക്കെതിരെ പരാതിയുമായി പ്രത്യക്ഷപ്പെടാന്‍ നില്‍ക്കുന്നവര്‍ക്കുള്ള ഒരു സൂചന കൂടിയായിരുന്നു. അതിനെ തുടര്‍ന്നാണ് ശക്തമായ ആരോപണങ്ങളുമായി രംഗത്ത് വന്ന മല്ലേലില്‍ ശ്രീധരന്‍ നായര്‍ പിന്നോട്ടടിച്ചതും അയാള്‍ പല തരത്തില്‍ സര്‍ക്കാര്‍ അന്വേഷണങ്ങളുടെ പരിധിയില്‍ വന്നതും.

ഇനി പന്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കോര്‍ട്ടിലാണ്. നിയമം നിയമത്തിന്റെ വഴിക്കു പോകാന്‍ മാത്രമല്ല, അത് അതിവേഗത്തില്‍ പോകാന്‍ മുഖ്യമന്ത്രി അവസരം കൊടുക്കണം. എം കെ കുരുവിളയ്ക്കെതിരെ ഉമ്മന്‍ ചാണ്ടിയുടെ പോലീസ് ചാര്‍ജ് ചെയ്ത കേസുകളുടെയും കേരള പോലീസ് കൂടി ഉള്‍പ്പെട്ട ഗൂഡാലോചനയുടെയും നിജസ്ഥിതി ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. അത് പുറത്തു വരുന്നതോടെ എന്തായിരുന്നു അന്നത്തെ സര്‍ക്കാരിന് കുരുവിളയിലുണ്ടായിരുന്ന താത്പര്യം എന്നത് വ്യക്തമാകും. ഇനി ഉമ്മന്‍ ചാണ്ടി കടിച്ചു തൂങ്ങാന്‍ ഏത് കച്ചിത്തുരുമ്പും അറുത്തിടാന്‍ ശക്തിയുണ്ടാകും അത്തരം ഇടപെടലുകള്‍ക്ക്.

എന്തായാലും ഒരു കാര്യത്തില്‍ ആശ്വസിക്കാം. വിധി പ്രഖ്യാപിച്ച ബെംഗളൂര്‍ അഡീഷണല്‍ സിറ്റി സിവില്‍&സെഷന്‍സ് ജഡ്ജി എന്‍ ആര്‍ കേശവ പഴയ എസ് എഫ് ഐ നേതാവാണ് എന്നൊന്നും പറഞ്ഞ് പി സി വിഷ്ണുനാഥോ ടി സിദ്ധിക്കോ വരാന്‍ ഒട്ടും സാധ്യതയില്ല. അങ്ങനെ പറഞ്ഞാല്‍ അത് എസ് എഫ് ഐക്ക് ഒരു പൂച്ചെണ്ട് ആയിരിക്കും. അതിനെന്തായാലും പഴയ കെ എസ് യു നേതാക്കള്‍ മുതിരുമെന്ന് തോന്നുന്നില്ല.


Next Story

Related Stories