TopTop
Begin typing your search above and press return to search.

മോദിയുടെ സൊമാലിയന്‍ ബ്ലണ്ടര്‍; വീണത് ബി ജെ പിയോ എല്‍ ഡി എഫോ?

മോദിയുടെ സൊമാലിയന്‍ ബ്ലണ്ടര്‍; വീണത് ബി ജെ പിയോ എല്‍ ഡി എഫോ?

കെ എ ആന്റണി

മോദിയുടെ സൊമാലിയന്‍ പരാമര്‍ശത്തിന്റെ ഗുണഭോക്താക്കള്‍ ആരെന്ന ചോദ്യത്തിന് ഒരു ഒറ്റ ഉത്തരമേയുള്ളൂ. ഉമ്മന്‍ചാണ്ടിയും യുഡിഎഫും. അഴിമതി, ഭൂമി വില്‍പ്പന തുടങ്ങിയ ആരോപണങ്ങളില്‍പ്പെട്ട് ചക്രശ്വാസം വലിച്ചു കൊണ്ടിരുന്ന ചാണ്ടിക്കും യുഡിഎഫിനും ഈ തെരഞ്ഞെടുപ്പ് കാലത്ത് വീണ് കിട്ടിയ പിടിവള്ളിയായി തന്നെവേണം മോദിയുടെ സൊമാലിയന്‍ വിഡ്ഢിത്തത്തെ കാണാന്‍. കിട്ടിയ ഈ അവസരം ചാണ്ടിയും കൂട്ടരും നന്നായി ഉപയോഗിക്കുന്നുമുണ്ട്.

ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം ഉമ്മന്‍ചാണ്ടിക്ക് എത്രമേല്‍ ഗുണം ചെയ്തുവോ അത്ര തന്നെ ഗുണം ചെയ്യുന്ന ഒന്നായി മോദിയുടെ സോമാലിയന്‍ താരതമ്യം മാറിയിരിക്കുന്നുവെന്നതിന്റെ തെളിവാണ് 'പോ മോനെ മോദി'യെന്ന ഹാഷ് ടാഗിന് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ മോദിക്ക് എതിരെ തിരിഞ്ഞപ്പോള്‍ ഈ തെരഞ്ഞെടുപ്പ് വേളയില്‍ വെട്ടിലായത് അമിത പ്രതീക്ഷയുമായി കളം നിറഞ്ഞ ബിജെപിയും അത് നയിക്കുന്ന എന്‍ഡിഎ സഖ്യവുമാണ്. അപ്രതീക്ഷിതമായി മോദിയുടെ നാവില്‍ നിന്നും പൊട്ടി വീണ സൊമാലിയന്‍ താരതമ്യം ഓരോ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടേയും മേല്‍ പതിച്ച അശനിപാതമായി മാറിയിരിക്കുന്നു. മോദിയുടെ വാക്കുകളെ ഉമ്മന്‍ചാണ്ടിയും കൂട്ടരും വളച്ചൊടിക്കുകയായിരുന്നുവെന്നും ചാണ്ടി ഹിന്ദി പഠിക്കണമെന്നൊക്കെ പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്തുവന്നിരിക്കുന്നതില്‍ നിന്നും ഇക്കാര്യം വളരെ വ്യക്തമാണ്.

ആര്‍ ശങ്കര്‍ പ്രതിമ വിവാദത്തിലെന്ന പോലെ സൊമാലിയന്‍ വിഷയത്തിലും ഇടതുപക്ഷം മോദിക്കെതിരെ തിരിഞ്ഞതിന്റെ യഥാര്‍ത്ഥ ഗുണഭോക്താവും ഉമ്മന്‍ചാണ്ടി തന്നെ. ഒരു അര്‍ത്ഥത്തില്‍ ഇടതുപക്ഷം അറിഞ്ഞോ അറിയാതെയോ മോദി വിരുദ്ധതയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയേയും യുഡിഎഫ് സര്‍ക്കാരിനേയും പിന്തുണയ്ക്കുകയാണുണ്ടായത്. വീണു കിട്ടിയ അവസരം ഉമ്മന്‍ചാണ്ടി അത്യാവശ്യം നല്ല രീതിയില്‍ തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ പേരാവൂരില്‍ ആദിവാസി കുട്ടികള്‍ ഭക്ഷണം തിരയുന്നതിന്റെ ചിത്രത്തിന് പിന്നില്‍ ഒരു വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആ കുട്ടികളുടെ അമ്മയെ തന്നെ സാക്ഷി നിര്‍ത്തി ചാണ്ടിയും സര്‍ക്കാരും ഇതിനകം തന്നെ സ്ഥാപിച്ചു കഴിഞ്ഞു. സൊമാലിയന്‍ പരാമര്‍ശം തിരുത്താന്‍ ഇനിയും തയ്യാറാകാത്ത മോദിക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണത്രേ മുഖ്യമന്ത്രി!ഇതിനിടയില്‍ വീണ് കിട്ടിയ മറ്റൊന്നായി ലിബിയയില്‍ നിന്നുള്ള മലയാളി കുടുംബങ്ങളുടെ തിരിച്ചു വരവ്. ലിബിയയില്‍ കുടുങ്ങിപ്പോയ ഇവരെ ആരാണ് തിരിച്ചെത്തിച്ചത് എന്ന ചര്‍ച്ച മൂക്കുമ്പോള്‍ കേരളത്തിലെ അഴിമതിയും ഭൂമി വില്‍പനയുമൊക്കെ വോട്ടെടുപ്പിന്റെ തലേനാളുകളില്‍ എവിടേക്കോ മുങ്ങിപ്പോകുന്നു. പോമോനെമോദി എന്ന് പറഞ്ഞ രീതിയില്‍ പോമോളെസുഷമ എന്ന ഹാഷ് ടാഗും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ജിഷയുടെ അതിദാരുണമായ കൊലപാതകവും അതില്‍ പൊലീസ് കാണിച്ച അനാസ്ഥയും പോലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ അപ്രസക്തമാകുന്നിടത്താണ് ഉമ്മന്‍ചാണ്ടിയുടെ വിജയം.

കേരളത്തിലെ ആദിവാസി ഊരുകളിലെ ശിശു മരണ നിരക്കുകളെ കുറിച്ച് പറയുമ്പോഴാണ് മോദി ഈ സംസ്ഥാനത്തെ സൊമാലിയയുമായി താരതമ്യം ചെയ്തത്. മോദി കാര്യങ്ങള്‍ പര്‍വതീകരിച്ചുവെങ്കിലും പല ആദിവാസി ഊരുകളിലേയും സ്ഥിതി ഇന്നും ദയനീയമാണ്. ഗീതാനന്ദനേയും ധന്യാ രാമനേയും പോലുള്ളവര്‍ ഇക്കാര്യങ്ങള്‍ അടിവരയിട്ടു പറയുന്നുണ്ട് താനും. എന്ന് കരുതി ഛത്തീസ് ഗഢിലെയോ ഉത്തരഖണ്ഡിലെയോ ശ്രീമാന്‍ മോദിജി തന്നെ ഭരിച്ച ഗുജറാത്തിലെയോ കാര്യങ്ങള്‍ കേരളത്തിലെ അട്ടപ്പാടി, വയനാട്, ആറളം, പേരാവൂരിലെ തിരുവോണപ്പുറം തുടങ്ങിയ ആദിവാസി മേഖലകളുമായി താരതമ്യം ചെയ്യാനാകുന്നതല്ല. വ്യത്യസ്തമായ സാഹചര്യങ്ങളാണ് കേരളത്തിലെ ആദിവാസി ഊരുകളില്‍ നിലനില്‍ക്കുന്നത്. ഇതാകട്ടെ പോഷകാഹാര കുറവിന്റെ പ്രശ്‌നമല്ലതാനും. ഭൂമി അന്യാധീനപ്പെടല്‍, മഴയില്‍ വരുന്ന കുറവ് തുടങ്ങി കാലാകാലമായി കേരള സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ തന്നെ ആവിഷ്‌കരിച്ചു വരുന്ന കോളനി വല്‍ക്കരണവും ആദിവാസികളുടെ ജീവിതാവസ്ഥയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കാര്യങ്ങള്‍ കൃത്യമായി വിലയിരുത്താതെ മോദി നടത്തിയ പരാമര്‍ശം കേരളത്തില്‍ ബിജെപി വിനയാകുന്നതിനൊപ്പം മോദി വിരുദ്ധതയുടെ പേരില്‍ ഉമ്മന്‍ചാണ്ടിയെ ചാടിക്കയറി പിന്തുണച്ച സിപിഐഎമ്മും അത് നയിക്കുന്ന ഇടത് മുന്നണിയും വല്ലാത്തൊരു വെട്ടിലേക്കാണ് ചെന്ന് വീണിരിക്കുന്നത്.

1957-ല്‍ ബാലറ്റിലൂടെ അധികാരത്തിലെത്തിയ ഇഎംഎസ് സര്‍ക്കാരിന്റെ ഗുണപരമായ ഇടപെടലുകളുടെ തുടര്‍ച്ചയെന്നോണം കേരളത്തിലെ ആദിവാസി ദളിത് മേഖലകളില്‍ ഉന്നമനം ഉണ്ടായിട്ടുണ്ട് എന്നത് കാണാതെ പോകാന്‍ വയ്യ. ഇക്കാര്യം സൂചിപ്പിക്കാന്‍ വേണ്ടി തന്നെയാണ് യച്ചൂരിയും പ്രകാശ് കാരാട്ടും മുതല്‍ ഇങ്ങു താഴെ കോടിയേരി ബാലകൃഷ്ണന്‍ വരെ മോദിയുടെ സൊമാലിയന്‍ വിഡ്ഢിത്തത്തെ കടന്നാക്രമിച്ചത്. ശരവേഗത്തില്‍ മുതലെടുപ്പുമായി ചാണ്ടി മുന്നേറുന്ന ഈ ഘട്ടത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ലെന്ന് അവര്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories