TopTop
Begin typing your search above and press return to search.

ചില സിഇഒമാര്‍ക്ക് മാത്രം എന്തുകൊണ്ട്‌ ഭീമമായ ശമ്പളം ലഭിക്കുന്നു

ചില സിഇഒമാര്‍ക്ക് മാത്രം എന്തുകൊണ്ട്‌ ഭീമമായ ശമ്പളം ലഭിക്കുന്നു

നോഹ സ്മിത്ത്

എന്തുകൊണ്ടാണ് സിഇഒ മാര്‍ക്ക് ഇത്രയധികം ശമ്പളം നല്‍കുന്നത്. ഈ മേഖലയിലെ ശമ്പളകാര്യത്തില്‍ നില നില്‍ക്കുന്ന അസന്തുലിതാവസ്ഥക്ക് കാരണം സിഇഓയുടെ ശമ്പളത്തില്‍ വര്‍ഷാവര്‍ഷം ഉണ്ടാകുന്ന കുതിപ്പ് ആണ് എന്നൊന്നും അല്ല പറഞ്ഞുവരുന്നത്. എന്നിരുന്നാലും ഒരു അമേരിക്കന്‍ സിഇഓയ്ക്ക് ലഭിക്കുന്ന ശമ്പളം സാധാരണ തൊഴിലാളികളുടെ ശമ്പളത്തിന്റെ 350 മടങ്ങ് അധികമാണ്. അതായതു മറ്റുള്ളവരുടെ ഒരു കൊല്ലത്തെ ശമ്പളവും ഒരു സിഇഓയുടെ ഒരുദിവസത്തെ ശമ്പളവും തുല്യമാണ്.

എന്തുകൊണ്ടാണ് ഇങ്ങനെയൊരു വൈരുധ്യം നമ്മെ ഇത്രമേല്‍ അസ്വസ്ഥരാക്കുന്നത്? പ്രശസ്തരായ പലരും സാധാരണക്കാരേക്കാള്‍ കൂടുതല്‍ പണം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ആരും തന്നെ ഇതൊരു പ്രശ്‌നമായി കണക്കാക്കാറില്ല. കായിക താരങ്ങള്‍, ചലച്ചിത്ര നടന്മാര്‍ ഒക്കെ തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നവര്‍ ആണ്. പിന്നെന്തിനാണ് നമ്മള്‍ ഈ സിഇഓമാരുടെ ശമ്പളകാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നത്?

ഈ വേതന വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അസമത്വത്തേക്കാള്‍ അതിന്റെ നൈതികതയാണ് ആളുകളില്‍ പ്രശ്‌നം ഉണ്ടാക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. പൊതുവായി പറയുമ്പോള്‍ പലര്‍ക്കും സിഇഓമാരുടെ ഈ കൂടിയ വേതനത്തില്‍ അതൃപ്തി ഉണ്ട്. പ്രശസ്ത സംരംഭകര്‍ അവരുടെ കമ്പനിയുടെ വളര്‍ച്ചക്ക് അനുസരിച്ച് വേതനവും വാങ്ങുന്നു. അതേപോലെ ഒരു ബാസ്‌കറ്റ് ബോള്‍ കളിക്കാരി താന്‍ നേടുന്ന പോയന്റിനും അല്ലെങ്കില്‍ അവരുടെ ടീമിന്റെ വിജയത്തിനും അനുസരിച്ച് പണം നേടുന്നു. എന്നാല്‍ ഒരു കമ്പനിയിലെ ജോലിക്കാരന്‍ മാത്രമായ സിഇഒക്ക് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ് ഇത്രയേറെ ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്നത്? അവരുടെ കമ്പനിയെ ലാഭത്തിലേക്ക് നയിച്ചതിനോ?ഇത് സത്യമെന്ന് തന്നെ ചിലര്‍ വിചാരിക്കുന്നുണ്ടാകാം. എന്നാല്‍ 2014-ല്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധന്മാരായ മൈക്കിള്‍ കൂപ്പര്‍, ഹുസൈന്‍ ഗുലെന്‍, പി രാഘവേന്ദ്ര റാവു എന്നിവര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് കൂടുതല്‍ ശമ്പളം പറ്റുന്ന സിഇഓമാരുടെ കമ്പനിയുടെ പ്രകടനം വളരെ മോശമാണ് എന്നാണ്. പ്രത്യേകിച്ച് ഓഹരികമ്പോളത്തില്‍. ഓഹരികമ്പോളത്തിലെ പ്രകടനമാണ് യഥാര്‍ത്ഥത്തില്‍ ആ കമ്പനിയിലെ ആളുകളുടെ ശമ്പളത്തെ നിര്‍ണയിക്കേണ്ടത്. എന്നാല്‍ ഓഹരി കമ്പോളത്തിലെ പ്രകടന നിലവാരം മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ ആണ് അറിയാന്‍ സാധിക്കുക. അങ്ങനെ തകരുന്ന കമ്പനികളില്‍ നിന്നും ഭീമമായ ശമ്പളം സ്വീകരിച്ചിരുന്ന സിഇഒമാര്‍ യാതൊരു പ്രശ്‌നവും ഇല്ലാതെ, മറ്റൊരു കമ്പനി തേടി പോകുന്നു.

ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് സിഇഓമാരുടെ പ്രകടനത്തിനനുസരിച്ചു മാത്രം വേതനവും നല്‍കുക എന്ന ചിന്ത ഉടലെടുത്തത്. ഓഹരി വിപണിയില്‍ കമ്പനികളുടെ പ്രകടനം എങ്ങനെയോ അതിനനുസരിച്ച് ആകും സിഇഒയുടെ വേതനം തിട്ടപ്പെടുത്തുക. എന്നാല്‍ ഇത് പ്രശ്‌നം പരിഹരിക്കുനന്തിനു പകരം കൂടുതല്‍ വഷളാക്കി എന്ന് വേണം പറയാന്‍.

സാമ്പത്തിക വിദഗ്ധര്‍ ഇതിനെ പലസമയത്തും ചോദ്യം ചെയ്തിട്ടുണ്ട്. ഷിക്കാഗോ ബൂത്ത് സ്‌കൂള്‍ ഓഫ് ബിസ്സിനസ്സിലെ സാമ്പത്തിക വിദഗ്ധ കെല്ലി ഷൂ ഇതിനെക്കുറിച്ച് ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. നാം സിഇഓമാര്‍ക്ക് നല്‍കിവരുന്ന ഈ അധിക പരിഗണനകള്‍ തകര്‍ക്കപ്പെടേണ്ടതാണ് എന്നാണ് കെല്ലി ഷൂ പറയുന്നത്. 2011-ല്‍ ഷ്യൂ ഇതിനു പിന്നിലെ രഹസ്യം എന്തെന്ന് തിരിച്ചറിഞ്ഞു. ശരിയായ കൂട്ടുകാര്‍ ഉണ്ടാകുന്നതാണ് നമ്മുടെ വേതനത്തെ നിശ്ചയിക്കുന്നത് എന്നാണ് ഷ്യൂ പറയുന്നത്. ഇതിനായി അവള്‍ ഹാവാര്‍ഡ് ബിസിനസ് സ്‌കൂളിലെ എംബിഎ ബിരുദക്കാരെ നിരീക്ഷിക്കാന്‍ തുടങ്ങി. ഒരു പ്രത്യേക കാര്യത്തിനായി വിവിധ ക്ലാസ്സുകളിലെ കുട്ടികളെ ഓരോ ഗ്രൂപ്പ് ആക്കി. ഈ പ്രവര്‍ത്തനം കൊണ്ട് സ്വാഭാവികമായും ഈ കുട്ടികള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധം ഉണ്ടായി. അതിനുശേഷം ഇവര്‍ വിജയിതരായി പോയതിനുശേഷവും അവരെ നിരീക്ഷിച്ചിരുന്നു അവരെല്ലാം ഇപ്പോള്‍ വിവിധ കമ്പനികളില്‍ മികച്ച ജോലി നേടിയിരുന്നു. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ആ കാര്യം അവര്‍ക്ക് മനസ്സിലായത്. വിവിധ കമ്പനികളില്‍ വിവിധ വിഭാഗക്കാരുടെ ഇടയിലുള്ള വേതന വിവേചനത്തിനെക്കാളും ഒരേ വിഭാഗത്തിലെ ആളുകള്‍ തമ്മിലുള്ള വേതന വിവേചനം കൂടുതലാണ് എന്ന്.ഓര്‍ക്കണം ഈ വിഭാഗങ്ങളെ നമ്മള്‍ യാതൊരു ഉപാധികളും ഇല്ലതെയാണ് കുട്ടികളുടെ സംഘത്തെ തിരഞ്ഞെടുത്തത്. വേതന നിര്‍ണയത്തില്‍ മനുഷ്യ ബന്ധങ്ങള്‍ക്ക് വലിയ സ്ഥാനന്മാണ് ഉള്ളത് എന്നാണ് ഷ്യൂസിന്റെ നിഗമനം. ഒന്ന് കൂടി അവര്‍ മനസ്സിലാക്കി ഇനി ഏതെങ്കിലും കമ്പനിയില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടായി അവിടെയുള്ള എക്‌സിക്യൂട്ടീവിനു വേതന വര്‍ധനവ് ഉണ്ടായാല്‍ അവരുടെ അടുത്ത ബന്ധത്തിലുള്ള ആളുകളുടെയും വേതനം വര്‍ധിക്കുന്നതായി കാണാം.

വേറൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തറിയാം എന്നതിലുപരി ആരെ അറിയാം എന്നതാണ് നിങ്ങളുടെ വേതനം നിശ്ചയിക്കുന്നത്. അതാണ് നിങ്ങള്‍ ഇത്ര സമ്പാദിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ സുഹൃത്ത് വലയത്തിലെ ആളുകള്‍ ആണെന്നു ചുരുക്കം ഇത് നിങ്ങളുടെ പഠനകാലത്തെയോ ബിസിനസ് സാമ്രാജ്യത്തിലെയോ സുഹൃത്തുക്കള്‍ ആകാം. പരസ്പരം ബന്ധമില്ലാത്ത കമ്പനികളില്‍ പോലും സ്വന്തം ബിസിനസ് ബന്ധങ്ങളേക്കാള്‍ ആളുകള്‍ തമ്മില്‍ ഉള്ള സുഹൃത്ത് ബന്ധം കൊണ്ടാണ് വേതനം തീരുമാനിക്കപ്പെടുന്നത്.

ഇനി ഷ്യൂവും റിച്ചാര്‍ഡ് ടൗന്‍സെന്റും കൂടി എഴുതിയ മറ്റൊരു ലേഖനം നോക്കാം. സിഇഓമാര്‍ക്ക് കമ്പനികള്‍ നല്‍കുന്ന സ്റ്റോക്ക് ഓപ്ഷനുകള്‍ വളരെ കാലത്തേക്ക് ഒരേപോലെയുള്ളവ തന്നെ ആണ് എന്ന് ആ പഠനത്തില്‍ പറയുന്നു. ഇത് സിഇഒയുടെ വളര്‍ച്ചയെ ഏറെ സഹായിക്കുന്ന ഒന്നാണ്. തുടര്‍ച്ചയായി സിഇഓക്ക് പുതിയ ഓഹരികള്‍ പഴയ വിലക്ക് നല്‍കിയാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നന്നാവുകയും അവരുടെ ഭാവി സുരക്ഷിതമാകുകയും ചെയ്യും. കൂടാതെ ഇത് ഒരുതരത്തില്‍ അവരുടെ ഭാവി പ്രകടനത്തെ ഇപ്പോഴേ വിലയിരുത്തി പ്രതിഫലം നല്‍കുന്ന പോലെയാണ്. ചില സിഇഒമാര്‍ക്ക് അവരുടെ പ്രകടനത്തിന് അനുസരിച്ച് കൂടുതല്‍ തുക പ്രതിഫലമായി കിട്ടുന്നു. അതിനോടൊപ്പം ഇപ്പോളത്തെ നിലക്ക് ഓഹരി വിപണി കുതിച്ചുയരുക തന്നെയാണ്. അതുകൊണ്ട് തന്നെ ലാഭവും വര്‍ധിക്കുന്നു. അപ്പോള്‍ ലാഭവിഹിതവും വര്‍ധിക്കുന്നു. എന്നാല്‍ ഇതിനനുസരിച്ച് അവരുടെ വേതനം നിജപ്പെടുത്തുന്നില്ല. അതുകൊണ്ട് തന്നെ പല കമ്പനികളും യാദൃശ്ചികമായി തന്നെ സിഇഓമാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്നു.

അമേരിക്കയിലെ സിഇഒമാര്‍ കൂടുതല്‍ വേതനം കൈപ്പറ്റുന്നതിനു കുറെയേറെ കാരണങ്ങള്‍ ഉണ്ട്. ഇവയെല്ലാം കണ്ടെത്തി പരിഹരിച്ചാല്‍ തന്നെയും അമേരിക്കയില്‍ നിലനില്‍ക്കുന്ന അസമത്വത്തിനും മറ്റ് വിവേചനങ്ങള്‍ക്കും പരിഹാരമാകും എന്നൊന്നും ആരും കരുതുന്നില്ല. എന്നിരുന്നാലും ഇത് കമ്പനികളുടെ താഴെ തട്ടില്‍ ഉള്ള ജോലിക്കാരുടെ ആത്മവിശ്വാസത്തെ ഉദ്ദീപിപ്പിക്കുകയും തങ്ങളുടെ വ്യവസ്ഥിതി ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന തോന്നലും ഉണ്ടാക്കും. തന്റെ വേതനം താന്‍ എന്താണോ ഉത്പാദിപ്പിക്കുന്നത് അതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന ബോധവും ഉളവാക്കും എന്നും കെല്ലി ഷൂവിന്റെ ഗവേഷണം പറയുന്നു.

(സ്‌ടോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റിയില്‍ ധനകാര്യ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സറായ നോഹ സ്മിത്ത് വാണിജ്യ ധനകാര്യ മാസികള്‍ക്ക് വേണ്ടിയും എഴുതുന്നു.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories