TopTop
Begin typing your search above and press return to search.

ഇബോള: ലോകമേ, നിങ്ങള്‍ പ്രായശ്ചിത്തം ചെയ്തേ മതിയാകൂ- ആഫ്രിക്കയില്‍ നിന്ന്‍ സോമി സോളമന്‍ എഴുതുന്നു

ഇബോള: ലോകമേ, നിങ്ങള്‍ പ്രായശ്ചിത്തം ചെയ്തേ മതിയാകൂ- ആഫ്രിക്കയില്‍ നിന്ന്‍ സോമി സോളമന്‍ എഴുതുന്നു

2014 ആഗസ്റ്റ്‌ ആറിന് ട്രസ്റ്റ് സ്ട്രീം മീഡിയയിലെ (Trust Stream Media) ആരോണ്‍ ഡൈക്ക്സും, മെലിസ്സ മെൽട്ടനും നാച്ചുറൽ ന്യൂസിലൂടെ, അമേരിക്കയിലെ ബയോ ഡിസൈൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ആൻഡ്‌ വാക്സിനോളജി തലവനും, ഇബോളയ്ക്കുള്ള മരുന്ന് എലികളില്‍ പരീക്ഷിച്ച് വിജയിച്ച ജനിറ്റിക്കൽ എഞ്ചിനീയറുമായ ഡോ: ചാള്‍സ് ആന്‍ഡേഴ്സണിന്റെ അഭിമുഖ ദൃശ്യങ്ങൾ പുറത്ത് വിട്ടു. അഭിമുഖത്തിൽ ഡോ. ജസണ്‍ റോബർട്ടിന്റെ ഒരു ചോദ്യത്തിന് മറുപടിയായി ഡോ: ചാള്‍സ് ആന്‍ഡേഴ്സണ്‍ ഇങ്ങനെ മറുപടി നല്കി.

"Has anybody seen" Contagion " (laughter) That's the answer! Go out and use genetic engineering to create better virus. (laughter) Twenty five percent of the population is supposed to go in "Contagion".

ജൈവായുധങ്ങളെ കുറിച്ചുള്ള സ്റ്റീവൻ സോടെര്‍ബഗ് ചിത്രമായ 'കന്‍റാജിയണി'ലെപ്പോലെ ജനിതക ഘടനയിൽ മാറ്റം വരുത്തിയ വൈറസുകൾക്കേ ജനപ്പെരുപ്പത്തിനു പ്രശ്നപരിഹാരം കാണാൻ സാധിക്കൂ എന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് പറയുകയാണ് ഇബോളയുടെ പ്രതിവിധി കണ്ടെത്തിയ ഡോക്ടർ ആന്‍ഡേഴ്സണ്‍.

ഡോ: ആന്‍ഡേഴ്സനില്‍ നിന്നും ഇബോളയിലേക്കുള്ള യാത്ര തുടങ്ങാം. 1976ൽ കോംഗൊ റിപ്പബ്ലിക്കിലെ ഇബോള നദീതടത്തിൽ ആദ്യമായി കാണപ്പെട്ട രക്തസ്രാവത്തോട് കൂടിയ പനിയാണ് ഇബോള. 1976നു ശേഷം 25 തവണയിൽ കൂടുതൽ ഇബോള പടിഞ്ഞാറന്‍ ആഫ്രിക്കയുടെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണം വിതയ്ക്കുന്ന മാരക രോഗമയിരുന്നില്ല ഇബോള. എന്നാൽ 2013 മാർച്ചിൽ ഗ്വിനിയയിലെ ഗുക്കേഡുവില്‍ (Gueckedou ) പടർന്ന് കയറിയ വൈറസ്, ജനിതക ഘടനയിൽ മാറ്റം വരുത്തി മരണം വിതയ്ക്കുന്ന, അന്താരാഷ്ട്ര ആരോഗ്യ സംഘടന അന്താരാഷ്‌ട്ര അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതുവരെ എത്തിച്ചേർന്ന, ഇപ്പോഴും മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, ലോകം മുഴുവൻ ഭയക്കുന്ന ഇബോള എന്ന മഹാവ്യാധിയായി മാറിയിരിക്കുന്നു. എങ്കിലും ഇബോള ഇതുവരെ പടിഞ്ഞാറനാഫ്രിക്കയിലെ ലൈബീരിയ, നൈജീരിയ, ഗിനിയ, ഘാന എന്നിവിടങ്ങളിലായി ഒതുങ്ങി നില്ക്കുകയാണ്. 200 മില്ല്യൻ മനുഷ്യരെ ഇപ്പോഴും ബാധിച്ചു കൊണ്ടിരിക്കുന്ന, ആറ് ലക്ഷം ജീവനുകൾ എല്ലാ വർഷവും എടുത്തുകൊണ്ടിരിക്കുന്ന മലേറിയയെക്കാളും, 50 ലക്ഷം മനുഷ്യരെ ഇപ്പോഴും ബാധിച്ചുകൊണ്ടിരിക്കുന്ന, വർഷാവർഷം ഒരു ലക്ഷം മനുഷ്യരെയെങ്കിലും കൊല്ലുന്ന കോളറയേക്കാളും ഇബോള മാരകമാകുന്നത് ഇനിയും ഇതിന് മരുന്ന് കണ്ടുപിടിക്കപെട്ടിട്ടില്ല എന്നതുകൊണ്ടാണ്.മനുഷ്യവംശത്തിന്റെ തന്നെ ജന്മസ്ഥലമായ ആഫ്രിക്കയുടെ മണ്ണിൽ മാരകരോഗങ്ങൾ ഒഴിയാബാധയായി നില്ക്കുന്നത് എന്തുകൊണ്ടാവാം. ആഫ്രിക്ക എന്ന് കേൾക്കുമ്പോഴേ മാരകരോഗങ്ങളുടെ കഥകളും ചിത്രങ്ങളും മനസിലേക്ക് കടന്ന് വരുന്നത് എന്തുകൊണ്ടാകും?

പ്രകൃതിയെ അനുസരിച്ച് ജീവിക്കുന്ന, മരച്ചീനിയും ഉരുളക്കിഴങ്ങും ചീരയും ഇലവര്‍ങ്ങളും പയറ് വർഗങ്ങളും ഇറച്ചിയും മീനും പാലും നിത്യ ജീവിതത്തിന്റെ ഭാഗമായ, ആരോഗ്യകരമായ ഭക്ഷണശീലങ്ങളുള്ള ആഫ്രിക്കയിലെ മനുഷ്യരെ മഹാരോഗങ്ങൾ തേടി വരുന്നത് എന്തുകൊണ്ടാകും?

കൃഷിഭൂമികൾ കയ്യേറിയ വിദേശകമ്പനികൾ നല്കുന്ന ജനിതക ഘടനയിൽ മാറ്റം വരുത്തിയ പച്ചക്കറികളും പഴവർഗങ്ങളും, വിദേശ സഹായത്തിന്റെ രൂപത്തിൽരാസപദാർത്ഥങ്ങള്‍ കലർന്ന ഭക്ഷണ സാധങ്ങൾ മനുഷ്യരുടെ അറിവോ അനുവാദമോ കൂടാതെ തീൻമേശയിൽ എത്തുമ്പോൾ ഉത്തരങ്ങൾ കിട്ടി തുടങ്ങുമെങ്കിലും, ഇതുവരെ അന്വേഷകർ കടന്ന് ചെല്ലാത്ത 'ശാസ്ത്രീയ വംശീയത'യിലും (Scientific Racism) 'ആരോഗ്യ വർണവിവേചന'ത്തിലുമാണ് (Medical Aparthied) യഥാര്‍ഥത്തില്‍ മഹാരോഗങ്ങളുടെ ഉറവിടം. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ തെളിയിക്കപ്പെട്ടിട്ടില്ലാത്തതുകൊണ്ട് "ഗൂഢാലോചന സിദ്ധാന്ത"ത്തിന്റെ ഭാഗമാണ് എന്ന് വിമർശകർ പറയുന്ന, ഇതുവരെ അന്വേഷണം കടന്നു ചെല്ലാത്ത മരുന്ന് പരീക്ഷണങ്ങളുടെ ആകെത്തുകയാണ് ഈ മാരകരോഗങ്ങൾ.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ബലി കൊടുക്കേണ്ടി വന്നത് ഇനിയും ലോകം വിലകല്‍പ്പിക്കാത്ത ആഫ്രിക്കയിലെ മനുഷ്യരുടെ ജീവനാണ്. ഇനിയും ചോദ്യംചെയ്യപ്പെടാത്ത, ചർച്ചചെയ്യപ്പെടാത്ത, മനുഷ്യത്വരഹിതമായ പ്രവർത്തികളിലൂടെയുള്ള ആധുനിക വൈദ്യശാസ്ത്രത്തിന്റെ യാത്ര മനുഷ്യ മന:സാക്ഷിയുടെ മുന്‍പിലേക്ക് വരികയാണ്. മാരക രോഗങ്ങൾ എന്തുകൊണ്ട് ആഫ്രിക്കയിൽ എന്ന ചോദ്യത്തിനുത്തരം ഈ യാത്ര നല്കും.ഡോ: ജെയിംസ്‌ മാരിയോണ്‍ സിംസ്, തലച്ചോറിന്റെ പ്രവർത്തങ്ങളെ കുറിച്ച് പഠിക്കാൻ ഉപയോഗിച്ചത് കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികളെയാണ്. അനസ്തേഷ്യയില്ലാതെ തലയോട്ടി വെട്ടിപ്പൊളിച്ചുള്ള പരീക്ഷണങ്ങൾ, സിംസിന്റെ പ്രവർത്തനങ്ങളെ എതിർത്ത ഒരു കുട്ടിയെ കസേരയിൽ ബലമായി പിടിച്ചു കെട്ടി കാലുകളും കൈകളും ചങ്ങലകൾ കൊണ്ട് കെട്ടി ജീവനോടെ മുറിച്ചാണ് പരീക്ഷണത്തിന് വിധേയമാക്കിയത്.

"Vesico Vaginal Fistula" എന്ന പ്രസവാനന്തരരോഗത്തെ കുറിച്ച് പഠിക്കാൻ സിംസ് തന്റെ ലാബിലേക്ക് 40 കറുത്തവര്‍ഗ്ഗക്കാരായ സ്ത്രീകളെ വാങ്ങി. അവരുടെ അനുവാദമില്ലാത്ത വർഷങ്ങളോളം കീറിയും മുറിച്ചും വീണ്ടും തയ്ച്ചും പരീക്ഷണങ്ങൾ നടത്തി. ഒരു സ്ത്രീയിൽ മാത്രം പരീക്ഷണത്തിനു വേണ്ടി അഞ്ചു വര്‍ഷം തുടർച്ചയായി ശാസ്ത്രക്രിയകൾ ഡോക്ടർ സിംസ് നടത്തി .

ഡോക്ടർ സിംസ് ആരോഗ്യരംഗത്തിന് നല്കിയ "സംഭാവനകൾ" മാനിച്ച് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡണ്ട്‌ സ്ഥാനം നല്കി ആദരിച്ചു. ലോകം മുഴുവൻ അംഗീകരിച്ച സിംസിന്റെ മെഡിക്കൽ ജേർണലുകൾ നിസ്സഹായരായി നിലവിളിക്കാൻ പോലും കഴിയാതെ ജീവനോടെ വെട്ടി മുറിക്കപ്പെട്ട പച്ചമനുഷ്യരുടെ ജീവന്റെ വിലയാണ്.

1932- 72 കാലഘട്ടത്തിൽ, അമേരിക്കയിലെ സാമുഹ്യ ആരോഗ്യ സംവിധാനത്തിന്റെ സഹായത്തോടു കൂടി ഡോ: തോമസ്‌ മുറെലും, ഒ. സി. വേങ്ങനരും പൂര്‍ണ്ണാരോഗ്യമുണ്ടായിരുന്ന 400 കറുത്ത വര്‍ഗ്ഗക്കാരിൽ ഗുഹ്യരോഗങ്ങളെ കുറിച്ചുള്ള പരീക്ഷണങ്ങൾക് വേണ്ടി അവരുടെ അനുവാദമില്ലാതെ രോഗാണുക്കളെ കുത്തിവെച്ചു. 40 വർഷത്തോളം പരീക്ഷണത്തിനു വിധേയരായ ഇവർക്ക് രോഗം ഭേദമാകാനുള്ള മരുന്നുകൾ കണ്ടുപിടിക്കപ്പെട്ടിട്ടും നല്കിയില്ല. പൂർണമായും തകർന്ന, ദരിദ്രരായ ഈ മനുഷ്യര് എല്ലാവരും തന്നെ വളരെ ദാരുണമായി കൊല്ലപ്പെട്ടു.

ബെസ്റ്റ് ഓഫ് അഴിമുഖം

എബോള പിടിപെട്ട ഡോക്ടര്‍ കെന്റ് ബ്രാന്റ്‌ലിയുടെ ജീവിതം
എബോള ഉയര്‍ത്തുന്ന ധാര്‍മ്മിക പ്രതിസന്ധി
കൊളോണിയലിസത്തിന്റെ വിഴുപ്പ് ആഫ്രിക്കയുടെ മുകളിൽ അലക്കരുത്
വിലയ്ക്ക് വാങ്ങുന്ന ഭൂഖണ്ഡവും വിലയില്ലാത്ത മനുഷ്യരും
കരയും കാടും കാണുന്ന ഒരു കടല്‍

ഡോ: അൽബെർറ്റ് ക്ലിംഗ്മാന്‍റെ നേതൃത്വത്തിൽ, സൌന്ദര്യവർദ്ധക വസ്തുക്കളുടെ കമ്പനികളുടെ സഹായത്തോടു കൂടി, ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ആഫ്രിക്കൻ വംശജരുടെ മേൽ അവരുടെ അനുവാദമില്ലാതെ അതിമാരകമായ രാസവസ്തുകൾ പരീക്ഷിച്ചു. പിന്നീട് ആരോഗ്യരംഗത്തെ സംഭാവനകള്‍ക്ക് ക്ലിംഗ്മാൻ ആദരിക്കപ്പെട്ടു.

1940-50 കാലഘട്ടത്തിൽ ഗര്‍ഭനിരോധന മാർഗങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങൾക്ക്‌ വേണ്ടി യുവതികളായ കറുത്ത വർഗക്കാരിൽ നോർപ്ലന്റ്റ് ഇംപ്ലാന്‍റേഷന്‍ നടത്തി. പരീക്ഷണ വിധേയമാക്കപ്പെട്ട പെണ്‍കുട്ടികൾ എല്ലാം തന്നെ കടുത്ത ഡിപ്രെഷനും മറ്റു ശാരീരിക പ്രശ്നങ്ങൾക്കും വിധേയരായി മരണപ്പെട്ടു.

1970ൽ കുട്ടികളുടെ അക്രമവാസനകളെ കുറിച്ച് പഠിക്കാൻ മിസിസിപ്പിയിലെ ന്യുറോ സർജനായ ഒർലാണ്ടോ ജെ. ആൻഡി ജുവനൈൽ ഹോമിലെ അന്തേവാസികളായിരുന്ന 140 കുട്ടികളെ അവരുടെയോ അവരുടെ മാതാപിതാക്കളുടെയോ അനുവാദമില്ലാതെ തലച്ചോർ തുരന്നുള്ള പരീക്ഷണത്തിന്‌ വിധേയമാക്കി. കറുത്ത വര്‍ഗ്ഗക്കാരായ കുട്ടികളുടെ മേൽ ചാർത്തപ്പെട്ട കുറ്റകൃത്യങ്ങൾ വെള്ളക്കാരായ സ്ത്രീകളെ ചൂളമടിച്ചു എന്നതായിരുന്നു. "ഫെർഗൂസന്മാർ" ഉണ്ടാക്കപ്പെടുന്ന വിധം ഇങ്ങനെയാണ് എന്ന് ഇനിയെങ്കിലും വെള്ളപൂശിയ ഈ ലോകം മനസിലാക്കിയിരുന്നെങ്കിൽ...

ഒർലാണ്ടോ ജെ. ആൻഡി ഇന്നും അമേരിക്കയിൽ വളരെ അധികം ബഹുമാനിക്കപ്പെടുന്നു. ഫെർഗൂസൻമാര് കൊല്ലപ്പെടുന്നു. യാതൊരു അസുഖവുമില്ലാത്ത കുഞ്ഞുങ്ങളെ വെറും പരീക്ഷണങ്ങള്‍ക്ക് വേണ്ടി വെട്ടിപ്പൊളിച്ച ആധുനിക ശാസ്ത്രനീതി.

EZ മീസില്സിന്റെ വാക്സിൻ പരീക്ഷണം ബ്രസിലിലും ആഫ്രിക്കയിലെ രാജ്യങ്ങളിലും കൊന്നു കളഞ്ഞത് നൂറുകണക്കിന് കുഞ്ഞുങ്ങളെയാണ്.

ഗ്വാട്ടിമാലയിലെ തടവുകാരിലും മാനസികരോഗികളിലും അനുവാദമില്ലാതെ സിഫിലിസ് പരീക്ഷണങ്ങൾ നടത്തിയതിനു ഒബാമ മാപ്പ് പറഞ്ഞത് അടുത്തിടെയാണ്. ഗുഹ്യരോഗങ്ങളെക്കുറിച്ചുള്ള പരീക്ഷണത്തിന്‌ വേണ്ടി മാനസിക രോഗികളെ ചങ്ങലകൾ കൊണ്ട് കയ്യും കാലും കെട്ടി ജനനേന്ദ്രിയം മുറിച്ചു രോഗാണുക്കളെ കുത്തിവെച്ചു പരീക്ഷണം നടത്തി. പല രോഗികളും എപിലെപ്സി വന്ന് പിടഞ്ഞു മരിച്ചു. പരീക്ഷണം നടത്തിയതിന് വർഷങ്ങള്‍ക്ക് ശേഷം ഒബാമ മാപ്പ് പറഞ്ഞിരിക്കുന്നു. മാപ്പ് എന്ന വാക്കിന് അർത്ഥമില്ലാതാകുന്നത് ആഫ്രിക്കയിലെ മനുഷ്യരുടെ മുൻപിലാണ്.

ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യരാജ്യം എന്നവകാശപ്പെടുന്ന, മനുഷ്യവകാശ സംരക്ഷകർ എന്ന് സ്വയം കൊട്ടിഘോഷിക്കുന്ന അമേരിക്കയിൽ ഇതാണ് സംഭവിക്കുന്നതെങ്കിൽ ഇരുണ്ട ഭൂഖണ്ഡം എന്ന ലോകത്തിന്റെ മുൻപിൽ ചിത്രീകരിച്ച ആഫ്രിക്കയുടെ മണ്ണിൽ എന്താകും സംഭവിക്കുന്നുണ്ടാകുക.

കാലാകാലങ്ങളായി ചൂഷണം ചെയ്തും ക്രൂരതകൾക്ക് ഇരയാക്കി ജീവിക്കാനുള്ള അവകാശവും അധികാരവും പോലും നഷ്ടപ്പെടുത്തിയിട്ടും, ഇന്നും അടച്ചാക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ലോകമേ, ആഫ്രിക്കയിലെ മനുഷ്യരോട് എന്ത് ചെയ്താൽ പ്രയശ്ചിത്തമാകും?

കുറിപ്പുകൾ


Next Story

Related Stories