Top

ഉസ്താദ് അംജദ് അലിഖാന്‍റെ സംഗീത വിദ്യാലയം; കളിച്ചത് ഉദ്യോഗസ്ഥര്‍: സൂര്യ കൃഷ്ണമൂര്‍ത്തി

ഉസ്താദ് അംജദ് അലിഖാന്‍റെ സംഗീത വിദ്യാലയം; കളിച്ചത് ഉദ്യോഗസ്ഥര്‍: സൂര്യ കൃഷ്ണമൂര്‍ത്തി

കൃഷ്ണ ഗോവിന്ദ്‌

ലോകപ്രശസ്ത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലിഖാന്‍ കേരളത്തില്‍ എത്തിയത് സ്വാതി പുരസ്കാരം ഏറ്റുവാങ്ങുന്നതിനായിരുന്നു. അന്ന് അദ്ദേഹം ഒരു ആഗ്രഹം പ്രകടിപ്പിച്ചു. കേരളത്തില്‍ ഒരു അന്താരാഷ്ട്ര സംഗീത വിദ്യാലയം തുടങ്ങണമെന്ന്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അംജദ് അലിഖാന്‍റെ ഈ ആഗ്രഹത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. സംഗീത വിദ്യാലയം തുടങ്ങുന്നതിനുള്ള ഭൂമി സര്‍ക്കാര്‍ വിട്ടു കൊടുക്കുമെന്ന് തീരുമാനിച്ചു. സംഗീതത്തെ സ്നേഹിക്കുന്ന മലയാളികള്‍ ഈ പ്രഖ്യാപനത്തെ ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ആരെയും വേദനിപ്പിക്കുന്നതാണ്. അതിനുപരി ആ മഹാനായ കലാകാരനെ അപമാനിക്കുന്നതിന് തുല്യമാണ്. സംഗീത വിദ്യാലയം ആരംഭിക്കാന്‍ നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറുന്നു എന്നാണ് പുതിയ വാര്‍ത്ത. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ കലാ-സാംസ്കാരിക പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

"സ്വാതി പുരസ്‌കാരം വാങ്ങുന്നതിനായി ഉസ്താദ് അംജദ് അലിഖാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ഇവിടെ രാജ്യാന്തര സംഗീത വിദ്യാലയം തുടങ്ങണമെന്ന് അദ്ദേഹത്തോട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന സ്വീകരിച്ച അംജദ് അലിഖാന്‍ താന്‍ കുടുംബസമേതം ഇവിടെ താമസിക്കാന്‍ തയാറാണെന്ന് പറയുകയും ചെയ്തു. അതു പ്രകാരം ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള പദ്ധതിക്ക് ആവശ്യമായ രണ്ടേക്കര്‍ സ്ഥലം വേളിയില്‍ അനുവദിക്കുകയായിരുന്നു." സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

ചില ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു സര്‍ക്കാര്‍ സംഗീത വിദ്യാലയം തുടങ്ങാനുള്ള സ്ഥലം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാര്‍ മാറിയപ്പോള്‍ സ്ഥലം അദ്ദേഹത്തിനു നല്‍കേണ്ടെന്ന തീരുമാനം ടൂറിസം വകുപ്പ് എടുക്കുകയായിരുന്നു. സ്ഥലം നല്‍കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയ ശേഷം അതു തിരികെ എടുക്കുന്നതു രാജ്യാന്തര പ്രശസ്തനായ ഈ കലാകാരനോടുള്ള അവഹേളനമാണെന്ന് ആരോപിച്ച് സൂര്യ കൃഷ്ണമൂര്‍ത്തി ഉള്‍പ്പടെയുള്ള കലാകാരന്‍മാര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അംജദ് അലിഖാന്റെ ഇന്റര്‍നാഷണല്‍ മ്യൂസിക് സ്‌കൂളിന് അനുവദിച്ച ഭൂമി തിരിച്ചെടുക്കുകയില്ലെന്ന് പ്രസ്താവിച്ചിരുന്നു. കൂടാതെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും അനുകൂല നിലപാടുമായി രംഗത്തു വന്നിരുന്നു."ഇന്റര്‍നാഷണല്‍ മ്യൂസിക് സ്‌കൂളിനായിട്ടുള്ള സ്ഥലം തിരികെ എടുക്കുവാനായി ശ്രമിച്ചതിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ താല്‍പര്യമാണ്. ഇവിടെ എന്തു പദ്ധതി കൊണ്ടുവന്നാലും അതിനെ തടയുന്നതും ബുദ്ധിമുട്ടിക്കുന്നതും ഇത്തരം ഉദ്യോഗസ്ഥരാണ്. ഇവിടെ സ്ഥലം തിരികെ എടുക്കുവാനായി അവര്‍ ശ്രമിച്ചത് ഒരുപക്ഷെ എന്നോടുള്ള വ്യക്തിപരമായ എന്തെങ്കിലും കാരണംകൊണ്ടോ അല്ലെങ്കില്‍ 'ഈഗോ' കൊണ്ടായിരിക്കും. ഭൂമി തിരികെ എടുക്കുവാനായി ശ്രമം നടന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടത് കേരള സംഗീത നാടക അക്കാദമിയാണ്. ഞാന്‍ പ്രതികരിച്ചത് അവര്‍ പ്രതികരിക്കാത്തതുകൊണ്ടാണ്. മ്യൂസിക് സ്‌കൂളിന്റെ ഒരു അഭ്യുദയകാംഷി എന്നനിലയില്‍ കൂടിയാണ് പ്രതികരിച്ചത്. അല്ലാതെ കാശിനു വേണ്ടിയോ മറ്റ് എന്തിനെങ്കിലും വേണ്ടിയോ അല്ല." കൃഷ്ണമൂര്‍ത്തി പറഞ്ഞു.

അതേ സമയം രാജ്യാന്തര സംഗീത വിദ്യാലയം തുടങ്ങിയാല്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വ്യക്തിപരമായും സാമ്പത്തികമായും നേട്ടമുണ്ടാക്കുമെന്ന് ആരോപണമുണ്ടായിരുന്നു. സൂര്യ കൃഷ്ണമൂര്‍ത്തി കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായിരുന്ന കാലത്താണ് സംഗീത വിദ്യാലയത്തിനായിട്ടുള്ള ഭൂമിക്കുള്ള നടപടികള്‍ നടന്നത്. ഈ ഭൂമി സൂര്യ കൃഷ്ണമൂര്‍ത്തി സ്വകാര്യ സ്വത്താകുവാന്‍ ശ്രമം നടത്തിയെന്നും സംഗീത വിദ്യാലയം ട്രസ്റ്റില്‍ അംഗമായിരുന്ന കാര്യം അക്കാദമിയില്‍ നിന്ന് മറച്ചുവെച്ചു എന്നുമായിരുന്നു ആരോപണങ്ങള്‍. കൂടാതെ സംഗീത നാടക അക്കാദമിയെ മുന്‍ നിര്‍ത്തി പുസ്തക പ്രകാശനം എന്ന പേരില്‍ ടൂറിസം വകുപ്പിന്റെ 65 ലക്ഷം രൂപ വെട്ടിച്ചു എന്ന് ജന്മഭൂമി അടക്കമുള്ള ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.

"സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി എന്തിന്റെ പേരിലാണ് എനിക്ക് സ്വന്തമാക്കാന്‍ കഴിയുക?" അങ്ങനെ ഒരിക്കലും നടക്കുകയില്ലെന്നാണ് ഈ ആരോപണങ്ങളോട് സൂര്യ കൃഷ്ണമൂര്‍ത്തി പ്രതികരിക്കുന്നത്. "കേരള സംഗീത നാടക അക്കാദമിക്കാണ് ആ ഭൂമിയില്‍ അധികാരമുള്ളത്. അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ചെയര്‍മാനാണ് ഉത്തരവാദിത്വം. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചു മുതല്‍ ആ സ്ഥാനത്ത് കെപിഎസി ലളിതയാണ്. ആ സ്വത്തുകള്‍ ഒരു സ്വകാര്യ കമ്പിനിക്കോ വ്യക്തികള്‍ക്കോ വെറുതെയങ്ങ് സ്വന്തമാക്കുവാന്‍ കഴിയുന്നതല്ല. ടൂറിസം വകുപ്പിന്റെ 65 ലക്ഷം രൂപ വെട്ടിച്ചു എന്നു പറയുന്നത് കളവാണ്, ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. ചില മഞ്ഞപത്രങ്ങള്‍ ആരുടെയോ താല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി പടച്ചുവിട്ട വാര്‍ത്തയാണിത്. അക്കാദമി ഒന്‍പത് ഇടങ്ങളില്‍ നടത്തിയ പരിപാടിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പില്‍ നിന്ന് വാങ്ങിയതാണ് 65 ലക്ഷം രൂപ. എന്നാല്‍ ഇത് വളച്ചൊടിച്ച് എനിക്കെതിരെയാക്കുകയായിരുന്നു"കൃഷ്ണമൂര്‍ത്തി വ്യക്തമാക്കുന്നു.ഇന്റര്‍നാഷണല്‍ മ്യൂസിക് സ്‌കൂളിനെക്കുറിച്ചുള്ള പ്രതീക്ഷകളും മൂര്‍ത്തി പങ്കുവച്ചു. മ്യൂസിക് സ്‌കൂള്‍ കേരളത്തില്‍ തന്നെ വരുമെന്നും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് കഴിയുന്ന ആളാണെന്നും മൂര്‍ത്തി പറഞ്ഞു. "പിണറായി വളരെ നിശ്ചയദാര്‍ഡ്യമുള്ള ആളാണ്. പറഞ്ഞാല്‍ അദ്ദേഹം അതുപോലെ ചെയ്യുന്ന വ്യക്തിയാണ്. അതിനാല്‍ ഈ പദ്ധതി വേഗം പൂര്‍ത്തിയാകും. ഇന്ത്യയില്‍ ഒരു രാജ്യാന്തര നിലവാരമുള്ള മ്യൂസിക് സ്‌കൂളില്ലാത്തതും അത്തരമൊന്ന് ആദ്യമായി തുടങ്ങുന്നതു കേരളത്തിലായിരിക്കണമെന്നുള്ളതു കൊണ്ടാണ് അന്ന് ഇതിനായി അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ മുന്‍കയ്യെടുത്തത്. ഇങ്ങനെയൊന്ന് കേരളത്തില്‍ വരുകയാണെങ്കില്‍ അതൊരു ചെറിയ കാര്യമല്ല. ഒരു വിശ്വവിദ്യാലയം കേരളത്തില്‍ ഉണ്ടെന്നു പറയുന്നത് നമ്മള്‍ക്കെല്ലാം അഭിമാനമായിട്ടുള്ള കാര്യമാണ്. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി തുടങ്ങിയ എല്ലാവിധ വിഭാഗങ്ങളിലുമുള്ള സംഗീതം പഠിക്കാനുള്ള അവസരമുണ്ടാകും അവിടെ. കൂടുതലും ഇന്ത്യക്ക് പുറത്തുനിന്നുള്ളവരാകും ഇവിടെ പഠിക്കാനായി എത്തുക."

താന്‍ കലാകാരന്‍മാര്‍ക്കായി ഒരുക്കിയ പുതിയ സൗജന്യ ഓഡിറ്റോറിയത്തെക്കുറിച്ചും മൂര്‍ത്തി വാചാലനായി. നാടക കലാകാരന്‍മാര്‍ക്കായി തികച്ചും സൗജന്യമായിട്ടാണ് ഈ ഓഡിറ്റോറിയം ഒരുക്കിയിരിക്കുന്നത്. ഓഡിറ്റോറിയം മാത്രമല്ല ശബ്ദം, വെളിച്ചം, കസേരകള്‍, ജനറേറ്റര്‍ തുടങ്ങിയവ ഉള്‍പ്പടെയുള്ള രംഗസജ്ജീകരണങ്ങളും, കലാകാരന്‍മാര്‍ക്കുള്ള താമസം, പബ്ലിസിറ്റി, പരിശീലന സൗകര്യം ഉള്‍പ്പടെ സൗജന്യമാണ്. തന്റെ വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഗണേശ് എന്ന പേരിലുള്ള ഓഡിറ്റോറിയം ഒരുക്കിയിരിക്കുന്നത്. ഒരെഒരു നിബന്ധനയെ ഉള്ളൂ 20 രൂപ ടിക്കറ്റ് വച്ചായിരിക്കണം പരിപാടികള്‍ നടത്തേണ്ടത്. ഈ പണം പരിപാടികള്‍ നടത്തുന്നവര്‍ക്ക് എടുക്കുകയും ചെയ്യാം. തന്റെ വ്യക്തിപരമായ ആഗ്രഹത്തിന്റെയും സ്വപ്‌നത്തിന്റെയും സാക്ഷാത്ക്കാരമാണിതെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി അറിയിച്ചു.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖകന്‍)


Next Story

Related Stories