TopTop
Begin typing your search above and press return to search.

പൊതുവിചാരണയല്ല; ഗോവിന്ദചാമിയെ ശിക്ഷിക്കാന്‍ തെളിവാണ് ഹാജരാക്കേണ്ടത്

പൊതുവിചാരണയല്ല; ഗോവിന്ദചാമിയെ ശിക്ഷിക്കാന്‍ തെളിവാണ് ഹാജരാക്കേണ്ടത്

ഗോവിന്ദചാമി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാ സാധ്യതകളും ഉണ്ടായിരിക്കുന്നു എന്ന് വേണം കരുതാന്‍. നിയമത്തിന് വേണ്ടത് തെളിവുകളാണ് പൊതുവികാരമല്ല. കേരളത്തിന്റെ സാമൂഹിക മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു സൗമ്യ കൊലപാതകം, ഇതിനെ തുടർന്ന് ഈ കേസിന്റെ അന്വേഷണത്തിന് ജാതി-മത, രാഷ്ട്രീയ ഭേദമില്ലാതെ പൊതുപിന്തുണ ഉണ്ടാകുകയും ചെയ്തു. കേരളത്തിന്റെ പൊതുവികാരം പോലീസിനും സര്‍ക്കാരിനും അനുകൂലമായിരുന്നു. ഗോവിന്ദചാമിയെ അറസ്റ്റുചെയ്തപ്പോള്‍ മുതല്‍ തന്നെ അയാള്‍ക്ക് കേരളം വധശിക്ഷ വിധിച്ചു. പൊതുസമൂഹം അത് തന്നെയാണ് ആഗ്രഹിച്ചതും. ഈ പൊതുവികാരത്തെ അടിസ്ഥാനപ്പെടുത്തി കൂടിയാണ് ഈ കേസില്‍ കേരളത്തില്‍ കോടതിവിധിയുണ്ടായത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും സമര്‍പ്പിച്ച തെളിവുകള്‍ എന്തൊക്കെയാണെന്ന് കേരളത്തില്‍ എല്ലാവര്‍ക്കും തന്നെ ധാരണയുണ്ടായി എന്നതും ശ്രദ്ധേയമാണ്.

തുടർന്നു നടന്ന വിചാരണ ഗോവിന്ദചാമിയുടെ വക്കീലും കേരളസമൂഹവും തമ്മില്‍ ആയിരുന്നു. ഈ പൊതു ധാരണ ഉണ്ടായതുകൊണ്ട് തന്നെ കേസിൽ കേരളത്തിലെ കോടതിക്ക് പ്രതിക്ക് പരമാവധി ശിക്ഷ നൽകുന്നതിന് തെളിവുകൾ പോലും തടസ്സമായിരുന്നില്ല. ഈ വികാരത്തെ മറികടക്കാന്‍ കോടതിയും തയ്യാറായില്ല. എന്നാല്‍ ഇത്തരം ഇടപെടലുകളിലൂടെ നഷ്ടപ്പെട്ടത് ശാസ്ത്രീയമായ തെളിവ് ശേഖരണം ആണ് എന്നത് സുപ്രീം കോടതിയുടെ നീരീക്ഷണത്തിലൂടെ വെളിവായി. അതോടൊപ്പം ഗോവിന്ദചാമിയെ സംരക്ഷിക്കാന്‍ തയ്യാറായവരുടെ താല്‍പ്പര്യവും വിസ്മരിക്കപ്പെട്ടു. ഇപ്പോള്‍ ഗോവിന്ദചാമിയുടെ രക്ഷകരായി അവതരിച്ചിരിക്കുന്നവരുടെ താല്‍പര്യം എന്താണ് എന്ന് വ്യക്തമല്ല. ഏതായാലും കേരളത്തിന്റെ പൊതുമനഃസാക്ഷിയെ മറികടക്കാന്‍ വേണ്ട ശക്തി ഇവര്‍ക്ക് ഉള്ളതുകൊണ്ടാണ് ഈ കേസ് സുപ്രിംകോടതിയില്‍ വരെ എത്തിയത്. സുപ്രിം കോടതിയില്‍ നിയമം നിയമത്തിന്റെ തനത് സ്വഭാവത്തില്‍ അവതരിപ്പിക്കപ്പെട്ടു. അവിടെ പൊതുവികാരമോ, മാധ്യമ വിചാരണയോ ഒന്നും തന്നെ ഫലപ്പെട്ടില്ല. അവിടെ വേണ്ടത് തെളിവാണ്. നിര്‍ഭാഗ്യവശാല്‍, കേരളത്തിലെ പ്രോസിക്യൂഷനോ പോലീസിനോ അതിനു കഴിയും എന്ന് തോന്നുന്നില്ല.

ശാസ്ത്രീയമായ കുറ്റാന്വേഷണം തടസ്സപ്പെട്ടു എന്നതാണ് ഈ കേസില്‍ ഉണ്ടായ പൊതുഇടപെടലിന്റെ ഫലം. ഇത് സര്‍ക്കാരിന്റെ പരാജയം അല്ല. പകരം പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും പരാജയമാണ്. സുപ്രീംകോടതിയില്‍ കേരള പോലീസിന് വേണ്ടത്ര തെളിവ് നല്‍കിയില്ല എങ്കില്‍ ഗോവിന്ദചാമി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെടും. മനസ്സിലാക്കിയിടത്തോളം കേരള പൊലീസിന് ഈ ശാസ്ത്രീയ തെളിവ് ഹാജരാക്കാന്‍ കഴിയില്ല.ബലാത്സംഗവും അക്രമണവും തെളിയിക്കാൻ വേണ്ട തെളിവുകൾ സുപ്രീംകോടതി അംഗീകരിച്ചാൽ പിന്നെ എങ്ങനെയാണ് കൊലപാതകം നടത്തിയത് ഗോവിന്ദചാമി അല്ല എന്ന് പറയാന്‍ കഴിയുക എന്ന സാമാന്യയുക്തിക്ക് ഇവിടെ പ്രസക്തിയില്ല. ഓരോ കുറ്റത്തിനും വെവ്വേറെ തെളിവുകള്‍ എന്ന സാങ്കേതിക ന്യായം തന്നെയാണ് സുപ്രീംകോടതി ഉന്നയിച്ചിരിക്കുന്നത്. അതിനര്‍ത്ഥം സൗമ്യയെ കൊന്നത് ഗോവിന്ദചാമി അല്ല എങ്കില്‍ വീഴ്ചയുടെ ആഘാതത്തില്‍ മരണം സംഭവിച്ചതാകാം എന്ന നിഗമനത്തില്‍ എത്തേണ്ടിവരും. അങ്ങനെ എത്തിച്ചേര്‍ന്നാലും വീണ്ടും പല ചോദ്യങ്ങളും അവശേഷിക്കും. അതില്‍ പ്രധാനം കേസ് അന്വേഷിച്ചവരുടെ പങ്കാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ശാസ്ത്രീയ തെളിവുകള്‍ എന്തുകൊണ്ട് ഉണ്ടായില്ല, അല്ലെങ്കില്‍ എന്തുകൊണ്ട് അതിന് ശ്രമിച്ചില്ല എന്ന പ്രശ്നം.

കോടതികള്‍ പൊതുവികാരത്തെ മാനിക്കുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണകേസില്‍ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയ്ക്ക് വിധിച്ച കേസില്‍ കോടതി പറഞ്ഞത് രാജ്യത്തെ ജനങ്ങള്‍ അഫ്‌സല്‍ ഗുരുവിന് വധശിക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. ശാസ്ത്രീയമായി തെളിയിക്കാതിരുന്നിട്ട് കൂടിയും സുപ്രീംകോടതി പ്രത്യേക കോടതിവിധി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഇതേ യുക്തി ഗോവിന്ദചാമിയുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ല. ഈ കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ആണ് മാനദണ്ഡമെങ്കില്‍ കേസ് പുനരന്വേഷിക്കണം. അത്തരം ഒന്നുണ്ടായില്ല എങ്കിൽ, ഇതേ വിധി തന്നെ നിര്‍ഭയ കേസിലും, അതോടൊപ്പം ജിഷ വധക്കേസിലും ഒക്കെ ആവര്‍ത്തിക്കും. ജിഷ വധക്കേസിന്റെ പോക്കും ഇതിൽ നിന്നും വ്യത്യസ്തമല്ല. ജിഷ വധക്കേസില്‍ ഒരു പ്രതിയെ പിടിക്കേണ്ടത് സര്‍ക്കാരിന്റെയും പോലീസിന്റെയും ആവശ്യമായിരുന്നു. പ്രതിയെ പിടികു‌ടി എങ്കിലും ഇതുവരെ കൃത്യമായ തെളിവുകൾ ഹാജരാക്കാനോ, ഈ കേസിനെ സംബന്ധിച്ചുണ്ടാകുന്ന മാധ്യമ ഇടപെടലുകളേയും അന്വേഷണങ്ങളേയും മറികടക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല.

കോടതിയ്ക്ക് പുറത്തും വിചാരണ നടക്കുന്ന കാലഘട്ടം കൂടിയാണ്. അതുകൊണ്ട് തന്നെ പൊതുവികാരം ഒരു കേസിലെ പ്രതികള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ രൂപപ്പെടുത്തി എടുക്കാന്‍ എളുപ്പത്തില്‍ കഴിയും. തെളിവുകളേക്കാള്‍ വൈകാരികതയ്ക്കാണ് ഇത്തരം സങ്കല്‍പങ്ങളില്‍ പ്രാധാന്യം കിട്ടുന്നത്. ശാസ്ത്രീയമായി കുറ്റം തെളിയിക്കുന്നതില്‍ വിജയിച്ചോ എന്നത് ഇനിയും തെളിയിക്കപ്പെടേണ്ടതാണ്. സ്വതന്ത്രവും ശാസ്ത്രീയവുമായ കുറ്റാന്വേഷണവും അതോടൊപ്പം പൊതുവികാരത്തെ ശാസ്ത്രീയ യുക്തികളില്‍ പരിമിതപ്പെടുത്തുകയും ചെയ്യുന്ന ഒരു രീതി രൂപപ്പെടേണ്ടിയിരിക്കുന്നു. അല്ലാത്ത പക്ഷം കുറ്റവും ശിക്ഷയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories