TopTop
Begin typing your search above and press return to search.

കുറ്റവാളിയുടെ മനുഷ്യാവകാശം; യു മീന്‍ എ ഡിസ്കോഴ്സ് വിത്ത് മല്ലൂസ്?

കുറ്റവാളിയുടെ മനുഷ്യാവകാശം; യു മീന്‍ എ ഡിസ്കോഴ്സ് വിത്ത് മല്ലൂസ്?

അതിക്രൂരമായ ഒരു കൊലപാതകം നടത്തി ജയിലില്‍ പോയ കുറ്റവാളിയാണ് ഗോവിന്ദ ചാമി. ഇതാദ്യമായല്ല ചാമി ജയിലില്‍ പോകുന്നത്. അതുകൊണ്ടു തന്നെ സന്ദര്‍ഭവശാല്‍ ചെയ്തുപോയ ഒരു കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഹതഭാഗ്യനുമല്ല അയാള്‍. മറിച്ച് ഒരു 'ഹാബിച്വല്‍ ഒഫന്‍ഡര്‍' ആണ്. ഇതൊക്കെ ആയിരിക്കുമ്പോള്‍ തന്നെ അന്വേഷണത്തിലെ വീഴ്ച കൊണ്ടോ പ്രോസിക്യൂഷനിലെ പിഴവു കൊണ്ടോ നിയമ വ്യാഖ്യാനത്തിലെ യാന്ത്രികത കൊണ്ടോ, എന്തുമായിക്കൊള്ളട്ടെ, സുപ്രീം കോടതിയില്‍ ചാമി കൊലപാതകക്കുറ്റത്തില്‍ നിന്ന് വിമുക്തനാക്കപ്പെട്ടു.

വന്‍തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ച ഒരു കേസ് എന്ന നിലയില്‍ വിചാരണയുടെയും വിധികളുടെയും ഓരോ ഘട്ടങ്ങളിലും എന്നപോലെ ഇവിടെയും മാധ്യമങ്ങള്‍ തത്സമയ സംപ്രേക്ഷണങ്ങളുടെയും ചര്‍ച്ചകളുടെയും അഭിമുഖങ്ങളുടെയും ഒക്കെ അകമ്പടിയോടെ വാര്‍ത്ത പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കുന്നു. സ്വാഭാവികമായും ചാമിക്ക് അനുകൂലമായി വന്ന വിധിക്കെതിരേ ജനരോഷം ഉയരുന്നു. പോലീസും മറ്റ് നിയമസംവിധാനങ്ങളും, എന്തിന് കോടതി തന്നെയും നിശിതമായി വിമര്‍ശിക്കപ്പെടുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിത്തീര്‍ന്നത് സര്‍ക്കാരിന്റെ അലംഭാവവും പിടിപ്പുകേടും കൊണ്ടാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തുന്നു.

സംഭവഗതി ഇതുവരെ സ്വാഭാവികവും സാധാരണം തന്നെയുമാണ് എന്ന് പറയാം. പക്ഷേ ഇവിടെ നിന്നങ്ങോട്ട് ചാമി വെറും ഒരു കുറ്റവാളിയല്ല, മെറ്റാമോഡേണ്‍ എന്ന മിഥ്യാഭിമാനത്തില്‍ അഭിരമിച്ച് പോരുന്ന ഒരു സമൂഹത്തിന്റെ ഗോത്രീയ സദാചാരബോധത്തെയും സാംസ്‌കാരിക പ്രാകൃതത്വത്തെയും നൈതിക പാപ്പരത്തത്തെയും പ്രതിഫലിപ്പിക്കുന്ന ഒരു കണ്ണാടിയായിത്തീരുന്നു. അതില്‍ നാം കാണുന്നത് ചാമി ചെയ്ത കുറ്റകൃത്യത്തിന്റെ ഹീനതയല്ല, നമ്മുടെ പൊതുബോധത്തിന്റെ സാംസ്‌കാരികവും സാമൂഹ്യവും നൈതികവും ഒക്കെയായ കൊടും പിന്നോക്കാവസ്ഥ തന്നെയാണ്.

ചാമിക്ക് വേണ്ടി വാദിക്കാനും വക്കീല്‍!
ആദ്യം മുതല്‍ക്കേ കേട്ടുവരുന്ന ഒരു ധാര്‍മ്മിക രോഷപ്രകടനമാണ് ഇവനൊക്കെ വേണ്ടി വാദിക്കാനും ഇവിടെ ആളുണ്ടല്ലോ എന്നത്. സൗമ്യ വധക്കേസില്‍ ചാമി കുറ്റക്കാരനാണ് എന്ന് ഈ ലേഖകന്‍ ഉള്‍പ്പെടെ ഏതാണ്ട് എല്ലാവരും വിശ്വസിക്കുന്നു. ചുമ്മാ അങ്ങ് വിശ്വസിക്കുകയല്ല, കാര്യകാരണ സഹിതം വിശ്വസിക്കുകയാണ്. പക്ഷേ അത് വിശ്വാസമാണ്, ബോദ്ധ്യമല്ല. ബോദ്ധ്യമാകണമെങ്കില്‍ നാം അത് കാണുകയോ, ആ കേസില്‍ നേരിട്ട് ഇടപെട്ട് എമ്പെരിക്കലായി ബോദ്ധ്യപ്പെടുകയോ വേണം. ഇനി അങ്ങനെയാണെങ്കില്‍ പോലും, അപ്പൊഴും അത് ഒരു വ്യക്തിയുടെ ബോധ്യം മാത്രമാണ്. അതുകൊണ്ടുമാത്രം അതിനെ ആധികാരികമായി എടുക്കാനാവില്ല. കാരണം വ്യക്തി കള്ളം പറയാം. കൊല്ലുന്നത് നേരിട്ട് കണ്ടു എന്ന് പറഞ്ഞ സാക്ഷികള്‍ കോടതിമുറിയില്‍ വിസ്താരം നടക്കവേ മനസ്സറിയാതെ ഉള്ള കാര്യം പറഞ്ഞുപോയ, അതായത് താന്‍ ദൃക്‌സാക്ഷിയല്ല കള്ളസാക്ഷിയാണെന്ന് സ്വയം വെളിപ്പെടുത്തിപ്പോയ, നിരവധി സന്ദര്‍ഭങ്ങള്‍ കോടതി വ്യവഹാരങ്ങളുടെ ചരിത്രത്തിലുണ്ട്.
രാജാവ് ജന്മനാ നല്ലവനാണെന്നും അയാള്‍ എടുക്കുന്ന എന്ത് തീരുമാനവും പ്രജാക്ഷേമകരമായിരിക്കുമെന്നും ഉള്ള വ്യക്തിയില്‍ ഊന്നുന്ന വിശ്വാസത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാജാധിപത്യമല്ല ആധുനിക ജനാധിപത്യം. അത് വ്യക്തികളുടെ കേവലമായ നന്മയില്‍ വിശ്വസിക്കുന്നില്ല. മനുഷ്യന്‍ തെറ്റു ചെയ്യാം, കള്ളം പറയാം, അധികാരദുര്‍വിനിയോഗം നടത്താം എന്ന സാധ്യത കൂടി ഉള്‍ക്കൊണ്ടുകൊണ്ട്, അതിനെയും മറികടക്കുംവിധമുള്ള ഒരു സാമൂഹ്യ നൈതികത എങ്ങനെ ഉറപ്പുവരുത്താം എന്ന തുറന്നതും, സംവാദാത്മകവും, സ്വയം പരിഷ്‌കരണ സന്നദ്ധവുമായ ഒരു അന്വേഷണമാണത്. അതായത് ഈ ജനാധിപത്യം എന്ന് പറയുന്നത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഉദ്വേഗജനകമായ ഒരു മല്‍സരമല്ല. അത് അഞ്ച് വര്‍ഷം ഭരിച്ച ഒരു സര്‍ക്കാരിന്റെ ജനകീയ വിചാരണ കൂടിയാണ്. അതില്‍ ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഉള്ളവരും, പുതിയതായി കേസില്‍ കക്ഷി ചേര്‍ന്നവരും ഒക്കെ അവരുടെ ഭാഗം അവതരിപ്പിക്കുന്നു. അതെല്ലാം പരിഗണിച്ച് നാം വിധി പറയുന്നു.

ഇതേ പദ്ധതി തന്നെയാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ കോടതിയിലും നടക്കുന്നത്. വ്യക്തികള്‍ക്ക് തെറ്റ് പറ്റാം. ആ തെറ്റുകളിലൂടെ നിരപരാധികളായ മറ്റ് വ്യക്തികള്‍ ബലിയാടാകാം. അതിനെ തടയാനാണ് വ്യവസ്ഥ ശ്രമിക്കേണ്ടത്. തത്വത്തിലെങ്കിലും 'ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്' എന്ന് വാദിച്ചുകൊണ്ട് നമ്മുടെ നിയമവ്യവസ്ഥയും ആ മൂല്യം തന്നെയാണ് ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നത്. കേവല വൈകാരികതയുടെ തള്ളിച്ചയില്‍ പൊതുബോധം പലപ്പോഴും അത് കാണാന്‍ മടിക്കുകയും ഇവനെയൊക്കെ കിട്ടിയാല്‍ അപ്പൊഴേ തട്ടിക്കളയണം എന്ന് വാദിക്കുകയും ചെയ്യും, അവരവര്‍ക്ക് ഉറ്റവര്‍ ആരെങ്കിലും അത്തരം 'കിട്ടിയാല്‍ ഉടന്‍ തട്ടിക്കളയലി'ലൂടെ അന്യായമായി നഷ്ടമാകുംവരെ എങ്കിലും.

ഇവിടെയും പ്രശ്‌നം സംഗതി ഒക്കെ ശരി, പക്ഷേ ഗോവിന്ദ ചാമി കുറ്റക്കാരനാണെന്ന് ആര്‍ക്കാണറിയാത്തത്, പിന്നെ അയാളെ, ജയിലില്‍ ആയാല്‍ പോലും, പൊതുഖജനാവില്‍ നിന്ന് പണം മുടക്കി ഇങ്ങനെ സംരക്ഷിക്കുന്നത് എന്തിനാണെന്നതാവും. മുംബൈ ഭീകരാക്രമണകേസിലെ പ്രതി അജ്മല്‍ കസബിന്റെ കാര്യത്തിലുള്‍പ്പെടെ അത് നാം പലവട്ടം ഉയര്‍ന്നു കണ്ടതുമാണ്. അതിനുത്തരം ഓരോ കുറ്റത്തിനും അപ്പപ്പോള്‍ അതാതിന്റേതായ ഓരോ വ്യതിരിക്ത വിചാരണാവ്യവസ്ഥ ഉണ്ടാക്കാനാവില്ല എന്നതാണ്. പറ്റുന്ന ഒരു വഴിയുണ്ട്. നിയമപുസ്തകവും ഭരണ ഘടനയും മറ്റ് വ്യവഹാരബന്ധിയായ നൂലാമാലകളും ഒന്നും ഇല്ലാതെ വ്യക്തികളെ ഈ പണി ഏല്‍പ്പിക്കുക. അവര്‍ക്ക് കുറ്റവാളി എന്ന് കണ്ടോ, കേട്ടോ, ഉള്‍വിളിയിലൂടെയോ ബോധ്യപ്പെടുന്നവരെ അവര്‍ അപ്പൊഴേ വെടിവച്ചങ്ങ് കൊല്ലാം എന്ന് വകുപ്പുണ്ടാക്കുക. എന്താ ഒരു കൈ നോക്കുന്നോ?

ജയിലില്‍ കിടന്ന് സുഖിക്കുന്നവര്‍
നമ്മുടെ നീതിന്യായ വ്യവസ്ഥ തീരെ ശരിയല്ല. ജയിലില്‍ പോയാലെന്താ, ഉറങ്ങാന്‍ ചോരാത്ത, അടച്ചുറപ്പുള്ള കൂര, നാല് നേരം ഭക്ഷണം, കുളിക്കാനും കുടിക്കാനും ഇഷ്ടം പോലെ ശുദ്ധജലം, കക്കൂസ് സൗകര്യങ്ങള്‍, പിന്നെ എന്താ ഒരു കുറവ്! പൊതുബോധം നിരന്തരം ആവര്‍ത്തിക്കുന്ന ഒരു വിമര്‍ശനമാണിത്. ഇതിനെ രണ്ട് നിലയ്ക്ക് അന്വേഷിക്കേണ്ടതുണ്ട്. ഒന്ന് ഇത്ര വലിയ ഒരു സുഖവാസകേന്ദ്രമായിട്ടും ഒരുഗതിയും പരഗതിയും ഇല്ലാത്തവര്‍ പോലും അങ്ങോട്ട് പോകാന്‍ മടിക്കുന്നത് എന്തുകൊണ്ട് എന്ന നിലയില്‍. പിന്നെ എന്താണീ ജയില്‍ ശിക്ഷ എന്നും.

നമ്മുടെ രാജ്യത്ത് നിയമാനുസൃതം ജീവിക്കുന്ന പല പൗരര്‍ക്കും ഇനിയും ലഭിക്കാത്ത ആഢംബരങ്ങളാണ് ചോരാത്ത കൂരയും നാലുനേരം ഭക്ഷണവും നാണം മറയ്ക്കാന്‍ വൃത്തിയുള്ള വേഷവും, എന്തിന് പ്രാഥമിക കര്‍മ്മങ്ങള്‍ മര്യാദയ്ക്ക് നിര്‍വ്വഹിക്കാന്‍ പോന്ന കക്കൂസ്, കുളിമുറി സൗകര്യങ്ങള്‍ പോലും. അതാണ് ഈ കുറ്റവാളികള്‍ക്ക് ലഭിക്കുന്നത്. ആ നിലയ്ക്ക് അവര്‍ ജയില്‍ ശിക്ഷ ഒരു ചെലവില്ലാത്ത സുഖവാസമാക്കി മാറ്റുന്നു എന്നാണ് വാദം. അവരോട് ഒരു മറുചോദ്യമേ ഉള്ളു. അങ്ങനെയെങ്കില്‍ ദരിദ്രര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടില്‍ പോലും എന്തുകൊണ്ട് അവര്‍ ജയിലിലേക്ക് ഒരു ദേശാടനം നടത്തുന്നില്ല? ഒരു ജനാധിപത്യ സര്‍ക്കാര്‍ സംവിധാനം പൗരന് ഉറപ്പ് വരുത്തേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അത് പരാജയപ്പെടുന്നുവെങ്കില്‍ അതിനെതിരേ തെരുവിലിറങ്ങാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം വ്യവസ്ഥ പൗരനു നല്‍കുന്നുമുണ്ട്. പൊതുസമൂഹം ജനാധിപത്യ വ്യവസ്ഥയ്ക്ക് മേല്‍ ഒരു തിരുത്തല്‍ ശക്തിയായി വര്‍ത്തിക്കേണ്ടത് അങ്ങനെയാണ്. അത്തരം ഒരു ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറല്ല എന്ന് മാത്രമല്ല അതിന് ശ്രമിക്കുന്നവരോട് പരമ പുച്ഛവുമാണ് എന്ന് വരുമ്പോള്‍ പിന്നെ യുക്തികള്‍ക്ക് ഇങ്ങനെ സഞ്ചരിക്കാനേ ആവു. നാട്ടില്‍ പട്ടിണിയാണെങ്കില്‍ ഓകെ, പക്ഷേ അപ്പോള്‍ ജയിലില്‍ ചുരുങ്ങിയത് പട്ടിണിയും, പരിവട്ടവും, പകര്‍ച്ചവ്യാധിയും ചേര്‍ന്ന ഒരു കോമ്പിനേഷനെങ്കിലുമായിരിക്കണം, എങ്കിലേ ഞങ്ങള്‍ക്ക് സുഖിക്കു!

മേല്പറഞ്ഞ സൗകര്യങ്ങളൊന്നുമല്ല, ആത്യന്തികമായി സ്വാതന്ത്ര്യമാണ് ജീവിതത്തെ ജീവനയോഗ്യമാക്കുന്നത് എന്ന് മനസിലാക്കാന്‍ തത്വജ്ഞാനിയൊന്നും ആകണ്ട. 'ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും' എന്ന് തുടങ്ങുന്ന കവിതാ ശകലം പണ്ട് കാണാതെ പഠിച്ച ഓര്‍മ്മ ഉണ്ടാവില്ലേ? എന്നിട്ടും കാര്യമില്ലെങ്കില്‍ പിന്നെ പ്രശ്‌നം തിരിച്ചറിവിന്റെയല്ല, കാണാതെ പഠിക്കലിന്റെയാവും!

എന്താണീ ശിക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? കുറ്റം ചെയ്തവനെ നരകയാതന അനുഭവിപ്പിക്കുന്ന ഒരു ഇടം എന്നോ? ഡാന്റെയുടെ 'ഡിവൈന്‍ കോമഡി' എന്ന വിഖ്യാത കാവ്യത്തിലെ 'ഇന്‍ഫെര്‍ണോ' ഒക്കെ വിട്ട് കളയുക. ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഓര്‍മ്മ കാണുമല്ലോ, ഉവ്വോ? ആ മാതൃകയിലാവണം ജയിലുകള്‍ എന്നാണോ?

ഒരു ജനാധിപത്യസമൂഹം കുറ്റവാളികളെ കാണുന്നത്, കാണേണ്ടത് പിഴച്ചുപോയ സഹജീവികള്‍ എന്ന നിലയിലാണ്. അവരോട് പ്രതികാരമല്ല, തിരുത്തി മുഖ്യധാരയിലേക്ക് മടക്കി കൊണ്ടുവരാനുള്ള ആര്‍ജ്ജവമാണ് അത്തരം ഒരു സമൂഹത്തിനുണ്ടാകേണ്ടത്. ഒരു പരിഷ്‌കൃത നൈതിക ബോധം ലക്ഷ്യം വയ്ക്കുക കുറ്റവാളികളുടെ ഉന്മൂലനമല്ല, കുറ്റകൃത്യങ്ങളുടെ ഉന്മൂലനമാണ്. ഒരു കുറ്റകൃത്യവും വ്യക്തിയില്‍ തുടങ്ങി വ്യക്തിയില്‍ അവസാനിക്കുന്നതല്ല, അതില്‍ സാമൂഹ്യവും സാംസ്‌കാരികവും രാഷ്ട്രീയവുമായ നിരവധി അന്തര്‍ധാരകള്‍ ഉണ്ട്. അത് തിരിച്ചറിഞ്ഞ് സ്വയം തിരുത്തുവാനുള്ള ഒരു ശ്രമം എന്ന നിലയില്‍ കൂടിയാണ് പരിഷ്‌കൃത സമൂഹങ്ങള്‍ കുറ്റവാളികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ട് എന്ന് സമര്‍ത്ഥിക്കുന്നത്. പക്ഷേ അത് മനസിലാകണമെങ്കില്‍ സംസ്‌കാരം എന്നത് ജയിലും പുറം ലോകവും തമ്മിലുള്ള വ്യത്യാസത്തെ പിടിക്കപ്പെട്ട കുറ്റവാളികള്‍ പാര്‍പ്പിക്കപ്പെട്ട ഇടവും, പിടിക്കപ്പെടാത്ത കുറ്റവാളികള്‍ സ്വതന്ത്രമായി വിഹരിക്കുന്ന ഇടവും തമ്മിലുള്ള വ്യത്യാസമായി, കേവലമായ പരസ്പരം കയ്യൊഴിയലിന്റെ യുക്തിയിലേയ്ക്ക് നൈതികതയെ ചുരുക്കുന്ന ഒരു വ്യാജ വിവര്‍ത്തനമായി മാറാതിരിക്കുവാനുള്ള അവധാനത ഉണ്ടാവണം എന്ന് മാത്രം.

ഗോവിന്ദ ചാമി സുന്ദരനായില്ലേ!
നമ്മള്‍ ഈ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന ഒന്നാണ് ചാമി ജയിലില്‍ പോകുമ്പോഴും ഇപ്പൊഴും ഉള്ള ഫോട്ടോകള്‍ വച്ചുള്ള താരതമ്യം. പണ്ട് പേശീ സൗഷ്ഠവം ഉറപ്പ് വരുത്തുന്നത് എന്ന് അവകാശപ്പെടുന്ന ജീവന്‍ ടോണ്‍ പോലെയുള്ള മരുന്നുകള്‍ അതിന്റെ ആധികാരികത ഉറപ്പിക്കാന്‍ അവലംബിച്ചിരുന്ന ഒരു സ്ഥിരം പരസ്യതന്ത്രമായിരുന്നു കഴിക്കുന്നതിന് മുമ്പും അതിന് ശേഷവുമുള്ള ഫോട്ടോകള്‍. (വേറെയും ഉണ്ടായിരുന്നു ഈ ജനുസ്സില്‍ പെട്ട മരുന്നുകള്‍. പക്ഷേ ആ പേരുകള്‍ ഇപ്പോള്‍ എത്ര ശ്രമിച്ചിട്ടും ഓര്‍മ്മ കിട്ടുന്നില്ല, ഉള്ളവര്‍ കൂട്ടിവായിക്കുക) പിന്നീട് ഈ തന്ത്രം കോസ്‌മെറ്റിക് കമ്പനികള്‍ ഏറ്റെടുത്തു.

ചാമി ജയിലില്‍ പോയപ്പോള്‍ കറുത്ത്, മെലിഞ്ഞ്, കവിളൊട്ടിയ ഒരു രൂപമായിരുന്നു. ഇപ്പോള്‍ അയാള്‍ വെളുത്തിട്ടുണ്ട്. കവിളുകള്‍ തെല്ല് തുടുത്തിട്ടുണ്ട്. ഉടലില്‍ അത്യാവശ്യം ചതയുണ്ട്. ഇതാണ് പ്രശ്‌നം. അപ്പോള്‍ ഒരു ആദര്‍ശ ജയിലില്‍ പ്രതികള്‍ക്ക് കൃത്യമായി ഭക്ഷണം കൊടുക്കാന്‍ പാടില്ല. അവരെ വരുമ്പോള്‍ ഉള്ള നിറം നിലനിര്‍ത്തുംവണ്ണം നിത്യവും വെയിലത്ത് നിര്‍ത്തണം. പറ്റുമെങ്കില്‍ ഒന്നരാടമെങ്കിലും ഭേദ്യം വേണം. പട്ടിണിക്കിടല്‍ മെനുവില്‍ ഒരു മുഖ്യ ഐറ്റമായി ഉള്‍പ്പെടുത്തണം എന്ന് മാത്രമല്ല കാലാപാനി സിനിമയില്‍ കണ്ടത് പോലെ അമേധ്യം തീറ്റിക്കലും കൃത്യമായ ഇടവേളകളില്‍ ഉണ്ടായിരിക്കണം. അല്ലാതെ ആഴ്ചയില്‍ മൂന്ന് ദിവസം മീന്‍ കറി, ഒരു ദിവസം മട്ടണ്‍, ബാക്കി ദിവസങ്ങളില്‍ സസ്യാഹാരം ഒന്നും പാടില്ല!

ജയിലില്‍ പോകുന്നവന്‍ ഇഞ്ച പരുവത്തിലെ തിരിച്ച് വരാവു എന്ന് നിര്‍ബന്ധം പിടിക്കുന്ന ഈ പൊതുബോധത്തോട് എന്ത് യുക്തി നിരത്തി സംവദിക്കും എന്നത് ഒരു പ്രഹേളികയാണ്.

ചാമി എന്ന സാമി
നാം ഇതുവരെ പറഞ്ഞുവന്നത് ഗോവിന്ദ ചാമി എന്നാണ്. എന്നാല്‍ ഈയിടെ സുപ്രീം കോടതി വിധിവന്നശേഷം നടന്ന ചര്‍ച്ചകളില്‍ എവിടെയോ നാം ഗോവിന്ദ ചാമിക്ക് പകരം ഗോവിന്ദ സാമി എന്നും കേട്ടു. പലരും നാവ് പിഴയെന്ന് കരുതിയിരിക്കാം. എന്നാല്‍ പിന്നീടറിയുന്നത് ആ പറഞ്ഞതല്ല, നാം പറഞ്ഞുപോന്നിരുന്നതായിരുന്നു നാവ് പിഴ എന്നാണ്. അതൊരു നാവ് പിഴ തന്നെ ആയിരുന്നോ, അതൊ നിന്ദാസൂചകമായ ഒരു വക്രീകരണമായിരുന്നുവോ എന്നറിയില്ല, കോടതി രേഖകളില്‍ മുഴുവന്‍ അയാളുടെ പേര് ഗോവിന്ദ സാമി എന്നായിരുന്നു.

ഏഷ്യാനെറ്റ് ചാനലിലെ വാര്‍ത്താ അവതാരകനായ വിനു പറയുന്നതനുസരിച്ച് ഈ കേസിന്റെ ആദ്യ ഘട്ടത്തില്‍ ഏതോ ഒരു പോലീസുകാരന്‍ ഉച്ചരിച്ച 'ചാമി' വിളി മാദ്ധ്യമങ്ങള്‍ ഒന്നടങ്കം ആവര്‍ത്തിക്കുകയും അങ്ങനെ നമ്മുടെ പൊതുവ്യവഹാരത്തില്‍ ഗോവിന്ദ സാമി ഗോവിന്ദ ചാമിയായി മാറുകയും ചെയ്യുകയായിരുന്നു. ഇവനെ പോലൊരു കുറ്റവാളിയെ സാമീന്ന് വിളിച്ചാലെന്താ, ചാമീന്ന് വിളിച്ചാലെന്താ എന്ന നിലയിലാവും ഉടന്‍ പ്രതികരണങ്ങള്‍ എന്ന് ഊഹിക്കാം. വിനു എന്തായാലും തെറ്റ് തിരിച്ചറിഞ്ഞതൊടെയെങ്കിലും കുറ്റവാളികളുടെയൊക്കെ 'പേരില്‍ എന്തിരിക്കുന്നു' എന്ന നിന്ദയില്ലാതെ ശരിയായ പേര് തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചു. പക്ഷേ അപ്പൊഴും സാമി എങ്ങനെ ഇതുവരെ ചാമിയായി എന്നൊരു കൗതുകം ബാക്കിയില്ലേ?

കന്ദസാമി, ദൊരൈസാമി എന്നിങ്ങനെ സാമി ചേര്‍ത്ത പേരുകള്‍ തമിഴ്‌നാട്ടില്‍ ധാരാളമാണ് എന്ന് കേട്ടിട്ടുണ്ട്. ഒപ്പം സുബ്രഹ്മണ്യ സ്വാമി പോലുള്ള സ്വാമികളും. എന്നാല്‍ നമുക്ക് സാമിയില്ല, സ്വാമിയേ ഉള്ളു. എന്നാല്‍ ഉച്ചാരണം പൊതുവില്‍ സാമീന്ന് തന്നെ താനും. അയ്യപ്പ സാമി എന്ന ദൈവം മുതല്‍ ചട്ടമ്പി സാമിയും, നാരായണ ഗുരു സാമിയും ഉള്‍പ്പെടെയുള്ള മനുഷ്യര്‍ വരെ. പക്ഷേ 'സ്വാമി' എന്ന് എഴുതി സാമി എന്ന് വായിക്കുന്ന ആ വാക്കില്‍ അടിമുടി ഒരു ഹാലോ ഉണ്ട് എന്നതും നിസ്തര്‍ക്കം. അപ്പോള്‍ ഒരു കുറ്റവാളിയെയൊക്കെ നമ്മള്‍ സാമീന്ന് എങ്ങനെ വിളിക്കും? ഇഷ്ടമല്ലാത്ത പേരുകള്‍ വക്രീകരിച്ച് ഉച്ചരിക്കുക ഒരു മലയാളി നാട്ടുപതിവുമാണ്. അങ്ങനെയാവാം ഗോവിന്ദസാമി ഗോവിന്ദചാമി ആയത്. ഇതൊരു തീര്‍പ്പല്ല, സാദ്ധ്യത മാത്രമാണ്.
ഇതിന് ഇവിടെയെന്താ പ്രാധാന്യം എന്ന് ചുളിയുന്ന നെറ്റികളും ഇപ്പോൾ ഊഹിക്കാവുന്നതേ ഉള്ളൂ. അതിന് മറുപടിയായി ഒരു സമാന്തര സാദ്ധ്യത പറയാം; പേരുകൾ തെറ്റായി പറയുന്നതും, ഉച്ചരിക്കുന്നത് പോലും നാം ഗോവിന്ദ ചാമിയുടെ കാര്യത്തിൽ അവഗണിക്കുന്നത് പോലെ അത്ര ലളിതമാവില്ല മറ്റ് മനുഷ്യരുടെ കാര്യത്തിൽ. ഒറീസയിൽ ജനിച്ച ഗുരു ഗോവിന്ദ സ്വാമി എന്ന ഹിന്ദു മതനേതാവും പണ്ഡിതനും ഒക്കെയായ ഒരാൾ 1996 വരെ ഇവിടെ ജീവിച്ചിരുന്നു. ചാമി കേസ് വരുന്നത് പിന്നെയും എത്രയോ കൊല്ലം കഴിഞ്ഞാണ്. ഇന്ന് ഏതെങ്കിലും ഒരു ചാനൽ അദ്ദേഹത്തിന്റെ പേര് അബദ്ധത്തിൽ ഗുരു ഗോവിന്ദ ചാമിയെന്ന് ഉച്ചരിച്ചിരുന്നു എന്ന് വയ്ക്കുക. സംഗതി തത്വത്തിൽ അപ്പൊഴും ഒരു നാവ് പിഴ മാത്രമായിരിക്കും. പക്ഷേ അതിന്റെ പ്രത്യാഘാതങ്ങൾ! ഒരു മനുഷ്യന്റെ പേരെന്നത് അയാളുടെ മനുഷ്യാവകാശങ്ങളുടെ ഏറ്റവും പ്രാഥമികമായ ഒരു രേഖയാണ്. അതിനെ തങ്ങൾക്ക് തോന്നും പടി വക്രീകരിച്ച് ഉപയൊഗിക്കുന്നത് അതിൽ തന്നെ ഒരു മനുഷ്യാവകാശ ലംഘനമാണ്. പക്ഷേ ഈ വാദങ്ങളൊക്കെ നാം ആരോടാണ് ഉന്നയിക്കുന്നത് എന്ന് നമ്മളെങ്കിലും ഓർക്കേണ്ടതുണ്ട് എന്നത് വളരെ പ്രധാനമാണ്.

ബലാൽസംഗം ഒരു കുറ്റകൃത്യമാണോ?
ഒരു നാവ് പിഴയും വരുത്താതെ അവുന്നതിൽ പരമാവധി അവധാനതയോടെ സിന്ധു സൂര്യകുമാർ എന്ന ചർച്ചാ അവതാരിക അവതരിപ്പിച്ച ഒരു ചാനൽ ചർച്ചയിൽ എവിടെയും ഇല്ലാതിരുന്ന ഒരു ദുർഗ്ഗാ നിന്ദയെ വാക്കിന്റെ ‘എടേന്ന് ‘ കണ്ടുപിടിച്ചവരാണ് നാം. അവർക്ക് ശിക്ഷയായി ബലാൽസംഗം വിധിച്ച, അതും ‘ഇന്ത്യയുടെ മകൾ‘ എന്നൊക്കെ നാം വിളിച്ച നിർഭയ കേസിൽ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചത് എന്ന് നമ്മൾ സ്വയം വിശ്വസിച്ച ജാക്കി ലിവർ പ്രയോഗത്തെ കമ്പിപ്പാരകൊണ്ട് പകരം വക്കണം എന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് തെരുവ് ജഡ്ജികൾ ചേർന്ന ഒരു മൾടിറ്റ്യൂഡ്. അതിന്റെ ആൾകൂട്ട നൈതികതയിൽ വിമോചന സ്വപ്നങ്ങളുണ്ട് എന്ന് പറയുന്ന ബുദ്ധിജീവികൾ. അപ്പോൾ നാം സ്വയം ചോദിക്കാൻ നിർബന്ധിതരാകുന്ന ഒരു ചോദ്യമുണ്ട്. അല്ല, ഈ ബലാൽസംഗമൊക്കെ ശരിക്കും ഒരു കുറ്റകൃത്യമാണോ? ചിലപ്പോൾ പെണ്ണുങ്ങൾ അത് ആസ്വദിക്കുന്നുണ്ടെങ്കിലോ!

എന്തിന്, ഫെയ്സ് ബുക്ക് പോലുള്ള സമൂഹ മാദ്ധ്യമങ്ങളിലൂടെ പതിവായി ആശയ വിനിമയം നടത്തുന്ന സ്ത്രീകളിൽ പെട്ട ഷാഹിന, പ്രീത ജി പി, ഇഞ്ചി പെണ്ണ്, അരുന്ധതി, സുനിത തുടങ്ങിയ പെൺ പേരുള്ള നിരവധി ഐ ഡികളിൽ അഭിപ്രായവ്യത്യാസം ഉണ്ടായാൽ ഉടൻ വരുന്ന കമന്റുകളെ ഒന്ന് വായിച്ചാൽ മതി, എണ്ണമറ്റ ബലാൽസംഗ ഭീഷണികളും ആൾകൂട്ട ബലാൽസംഗ ആഹ്വാനങ്ങളും നമുക്ക് കാണാനാവും. അതായത് പെണ്ണുങ്ങളെ ബലാൽസംഗം ചെയ്യുന്നത് തെറ്റൊന്നുമല്ല. പിന്നെ ചില പെണ്ണുങ്ങളെ ചില ആണുങ്ങൾ ബലാൽസംഗം ചെയ്യുന്നത് ചില നേരങ്ങളിൽ തെറ്റായി വരാം എന്ന് മാത്രം! അതായത് നമ്മുടെ ഗൃഹാതുരത്വം നിറഞ്ഞ ഭൂതകാലം നമ്മോട് പറയാതെ പറയുന്നത് നിനക്കറിയില്ല നീ ആരാണേന്നെങ്കിൽ ഞാൻ പറഞ്ഞുതരാം നീ ആരാണെന്ന് എന്നായിരിക്കണം. അങ്ങനെ ചില അപ്രിയങ്ങളുമായി നിരന്തരം സഹവസിക്കുവാനുള്ള വിമുഖതകൊണ്ടാവാം ചരിത്ര പഠനവുമായി നമ്മൾ മദ്ധ്യവർഗ്ഗം അവസരം ഉണ്ടായിട്ടും പണ്ടേ ബന്ധം വിടർത്തിയത്!

അത്തരം ഒരു മൾട്ടിറ്റ്യൂഡുമായി കുറ്റവാളിക്കും മനുഷ്യാവകാശങ്ങളുണ്ട് എന്നൊന്ന് സൂചിപ്പിക്കാൻ പോലും പറ്റില്ല, പിന്നെയല്ലേ അതിനെക്കുറിച്ച് ചർച്ച ചെയ്യാൻ! അതുകൊണ്ട് തോൽവി സമ്മതിക്കുന്നു. ഈ വ്യർത്ഥ സംരംഭം ഇവിടെ ഉപസംഹരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories