TopTop
Begin typing your search above and press return to search.

വേണ്ടത് ചാമിക്കൊലയല്ല, നമ്മുടെ 'മഹത്തായ ബലാത്സംഗ സംസ്‌കാര'ത്തിന്റെ ഉന്മൂലനം

വേണ്ടത് ചാമിക്കൊലയല്ല, നമ്മുടെ മഹത്തായ ബലാത്സംഗ സംസ്‌കാരത്തിന്റെ ഉന്മൂലനം

സൗമ്യ കേസില്‍ ഇന്നലെ വന്ന സുപ്രീം കോടതി വിധിയെയും അനുബന്ധ സംഭവങ്ങളെയും മാധ്യമ നൈതികതയുടേതും കോടതി വ്യവഹാരങ്ങളുടെയും ആള്‍കൂട്ട വിചാരണയുടേതുമായ മൂന്ന് കോണുകളില്‍ നിന്ന് സമീപിക്കാം. ആദ്യം മാധ്യമ നൈതികതയുടേതായ വീക്ഷണകോണ്‍ തന്നെയാവട്ടെ.

മാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെടുന്നു. അത് മുഖവിലയ്‌ക്കെടുത്ത് നാം ചര്‍ച്ചകള്‍ ആരംഭിക്കുന്നു. ദൃശ്യമാധ്യമങ്ങള്‍ ക്ഷണിക്കപ്പെട്ട അതിഥികളെയും ചില അവസരങ്ങളില്‍ നമ്മള്‍ പൊതുജനത്തെ തന്നെയും കൂട്ടി ചര്‍ച്ചകളെ ഒരുതരം വിചാരണയായി വികസിപ്പിച്ചെടുക്കുന്നു. പിന്നീട് പ്രസ്തുത വാര്‍ത്തയിലെ പല വിശദാംശങ്ങളും തെറ്റായിരുന്നുവെന്ന്, ചിലപ്പോള്‍ വാര്‍ത്ത തന്നെ വ്യാജമായിരുന്നു എന്ന് തെളിയുന്നു. പക്ഷേ അപ്പൊഴേയ്ക്കും മറ്റൊരു ചൂടുള്ള വാര്‍ത്തയിലേയ്ക്ക് ശ്രദ്ധ തിരിഞ്ഞിരിക്കും എന്നതിനാല്‍ അതിന്റെ ജാള്യതയില്‍ നിന്ന് മാധ്യമങ്ങളും നമ്മള്‍ തന്നെയും വലിയ പരിക്കില്ലാതെ രക്ഷപെടുന്നു. നമ്മുടെ മാധ്യമ ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഇത് അത്രയ്ക്കങ്ങ് അപൂര്‍വ്വമൊന്നുമല്ല.പക്ഷേ സൗമ്യാ വധക്കേസിന്റെ വിധിയുമായി ബന്ധപ്പെട്ട് നടന്നത് അങ്ങനെയൊന്നായിരുന്നില്ല.

കാലത്ത് പത്തരയ്ക്ക് തുടങ്ങിയ ബ്രേക് ന്യൂസും അനുബന്ധ ചര്‍ച്ചകളും അതിന്റെ ചുവടുപിടിച്ച് കത്തിയാളിയ സമൂഹമാധ്യമ ചര്‍ച്ചകളും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രത്യക്ഷപ്പെട്ട സൈബര്‍ മാസികാ ലേഖനങ്ങള്‍ വരെയും ഞെട്ടി; അതായത് ഏഴ് വര്‍ഷം തടവ് എട്ടുമണിക്കൂറിനുള്ളില്‍ ജീവപര്യന്തമായി മാറി. നമ്മള്‍ മാധ്യമങ്ങളെയും മാധ്യമങ്ങള്‍ അവര്‍ക്ക് വാര്‍ത്ത കിട്ടിയ സ്രോതസ്സിനെയും പഴിച്ച് അത്യാവശ്യം തടി കഴിച്ചിലാക്കി എന്നത് നേര്. ചില മാധ്യമ പ്രഭുക്കള്‍ അതിനെ സര്‍ക്കാരിനും അവര്‍ നിയോഗിച്ച അഭിഭാഷകര്‍ക്കും കേസിനോടുള്ള അലംഭാവത്തിന്റെ തെളിവായി വ്യാഖ്യാനിച്ച് പൊലിപ്പിക്കുകയും ചെയ്തു. മറ്റ് ചിലര്‍ അതും കടന്ന് 'പിണറായി പീഡകര്‍ക്ക് ഒപ്പം' എന്ന് ധ്വനിപ്പിച്ച് സായൂജ്യമടഞ്ഞു.

വേറിട്ട ശബ്ദങ്ങള്‍
എന്നാല്‍ സത്യസന്ധവും പ്രയോഗതലത്തില്‍ ഊന്നി നില്‍ക്കുന്നതുമായ ചില പ്രതികരണങ്ങളും മാധ്യമപ്രവര്‍ത്തക സമൂഹത്തില്‍ നിന്ന് ഉണ്ടായി എന്ന കാര്യം എടുത്തു പറയാതിരിക്കാനാവില്ല. അതില്‍ ഒന്ന് നിയമ ബിരുദധാരികൂടിയായ മാധ്യമപ്രവര്‍ത്തക ഷാഹിനയുടേതാണ്. അവര്‍ തന്റെ ഫേസ് ബുക്ക് പേജില്‍ ഇങ്ങനെ കുറിക്കുന്നു: 'ഇത് ഏതെങ്കിലും ഒരാള്‍ക്ക് പറ്റിയ ഒരു തെറ്റല്ല. പിടിഐ അടക്കം തെറ്റായാണ് റിപ്പോര്‍ട്ട് ചെയ്തത്. കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു ശീലമുള്ളവര്‍ക്ക് അറിയാം. വിധിപ്പകര്‍പ്പ് കിട്ടുന്നത് വരെ അത് നീട്ടി വെക്കാറില്ല. അവസാന പാരഗ്രാഫ് മാത്രമാണ് ഓപ്പണ്‍ കോടതിയില്‍ വായിച്ചത്. ഐപിസി 302 റദ്ദാക്കിക്കൊണ്ട് പകരം ചേര്‍ത്ത 325-ന്റെ ശിക്ഷയായ 7 വര്‍ഷത്തെ തടവിനെക്കുറിച്ചാണ് അവസാന പാരഗ്രാഫില്‍ പരാമര്‍ശമുള്ളത്. മറ്റു കുറ്റങ്ങളില്‍ (376 അടക്കം) ഹൈക്കോടതി വിധി ശരി വെക്കുകയും ചെയ്യുന്നു എന്ന കാര്യം പക്ഷെ പതിമൂന്നാമത്തെ പാരഗ്രാഫിലാണ് പറയുന്നത്.

ഞാന്‍ മനസ്സിലാക്കിയത് കേസുമായി നേരിട്ട് ബന്ധമുള്ള അഭിഭാഷകരോടു സംസാരിച്ചതിന് ശേഷമാണ് മാധ്യമപ്രവര്‍ത്തകര്‍ ഈ വാര്‍ത്ത ബ്രേക് ചെയ്തത് എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ ഫീല്‍ഡില്‍ നില്‍ക്കുന്ന റിപ്പോര്‍ട്ടര്‍മാരെ അക്കാര്യത്തില്‍ കുറ്റപ്പെടുത്താന്‍ കഴിയില്ല. ഈ വാര്‍ത്ത പുറത്തു വന്നപ്പോള്‍ മുതല്‍ പൊടിപ്പും തൊങ്ങലും വെച്ച് ചര്‍ച്ച നടത്താന്‍ പുറപ്പെട്ട വാര്‍ത്താ അവതാരകരെയും എഡിറ്റര്‍മാരെയുമാണ് കുറ്റപ്പെടുത്തേണ്ടത്. വിധിപ്പകര്‍പ്പ് കിട്ടാതെ, വിധിയുടെ വിശദശാംശങ്ങള്‍ ഒന്നും തന്നെ അറിയാതെ സുപ്രീം കോടതിയുടെ മുന്നില്‍ മൈക്കും പിടിച്ചു നിന്ന് മണിക്കൂറുകളോളം എന്തെങ്കിലും വിളിച്ചു പറയാന്‍ നിര്‍ബന്ധിതരാവുന്നവരാണ് റിപ്പോര്‍ട്ടമാര്‍. അവരെ അതിനു നിര്‍ബന്ധിക്കുന്നവരെയാണ് വിചാരണയ്ക്ക് വിധേയരാക്കേണ്ടത്. ചാനലില്‍ ചര്‍ച്ചക്ക് വിളിക്കുമ്പോഴേക്കും ഓടി ചെല്ലുന്ന ചര്‍ച്ചാ തൊഴിലാളികളെന്താ മോശമാണോ? അവസാനം തെറ്റ് പറ്റി എന്ന് മനസ്സിലാക്കി കഴിയുമ്പോള്‍ റിപ്പോര്‍ട്ടര്‍മാരുടെ നെഞ്ചത്ത് കയറാനാണ് എളുപ്പം'.

മറ്റൊന്ന് മീഡിയാ വണ്‍ ചര്‍ച്ചാവതാരകനായ ഇ. സനീഷിന്റെയാണ്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയാണ്: 'ഓരോ പണിക്കും അതാതിന്റെ അപകടങ്ങളുണ്ട്. പണി ചെയ്യുന്നവര്‍ക്ക് അപകടങ്ങള്‍, അബദ്ധങ്ങള്‍ പറ്റുക അങ്ങേയറ്റം സ്വാഭാവികമായ കാര്യമാണ്. ചില അപകടങ്ങള്‍ വലിയ അപകടങ്ങളാകും. അതിന് ക്ഷമ പറയുന്നതില്‍ ചളിപ്പ് തോന്നേണ്ട കാര്യമൊന്നുമില്ല. ഇങ്ങനെയൊക്കെയുള്ള അവസരങ്ങള്‍ വരുമ്പോള്‍ നാട്ടുകാര് ചീത്ത വിളിക്കുന്നതിലും തെറ്റൊന്നുമില്ല, ആ ചീത്തവിളി തല കുനിച്ച് കേള്‍ക്കാന്‍ തയ്യാറായിക്കൊണ്ട് തന്നെ. പക്ഷെ ന്യായീകരണങ്ങളുണ്ട്. ഇപ്പോള്‍ പറ്റിയ അബദ്ധം പറ്റാതിരിക്കണമെങ്കില്‍ ഒരു കാര്യം ചെയ്യണമായിരുന്നു. വിധിപ്പകര്‍പ്പ് പരസ്യപ്പെടുത്തുന്നത് വരെ കാത്തിരിക്കുക. എന്ന് വെച്ചാല്‍, രാവിലെ കോടതി പറഞ്ഞ വിധിയെക്കുറിച്ചുള്ള വാര്‍ത്ത നല്‍കാന്‍ രാത്രി ഏഴര വരെ കാത്തിരിക്കുക. ഈ പണി അങ്ങനെ ചെയ്യാന്‍ പറ്റുന്ന ഒന്നായല്ല ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്.'

ആശ്വാസകരമായ ഈ വാക്കുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കേവലം ജാള്യതയ്ക്കപ്പുറം ഉയരേണ്ടുന്ന ചില അവധാനതാ പ്രശ്‌നങ്ങള്‍ ഈ സംഭവം മുന്നോട്ട് വയ്ക്കുന്നുണ്ട്. കൃത്യതയ്ക്കും ആധികാരികതയ്ക്കും നല്‍കേണ്ട പ്രാധാന്യത്തെ വേഗതയിലും ഉദ്വേഗത്തിലുമായി മാറ്റി പ്രതിഷ്ഠിക്കുന്ന കമ്പോളം മാധ്യമപ്രവര്‍ത്തനത്തെ കേവലം സെന്‍സേഷണലിസത്തിലേയ്ക്ക് ചുരുക്കുന്നു. അതുണ്ടാക്കുന്ന സാമൂഹ്യ അപകടങ്ങള്‍ ചെറുതല്ല.

എന്താവാം സംഭവിച്ചത്
പിടിഐ അടക്കം തെറ്റായി നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്തം അപ്പോള്‍ ആര്‍ക്കാണ്? ഒരു കുറ്റവാളിയെ കണ്ടെത്തി പാപഭാരം സ്വന്തം തലയില്‍ നിന്ന് ഇറക്കാനുള്ള വ്യഗ്രതയില്‍ വിട്ട് പോയ മറ്റൊരു ചോദ്യമുണ്ട്. അത് ഈ വാര്‍ത്ത ശരിക്കും തെറ്റായിരുന്നോ എന്നതാണ്.

ഇന്നലെ കോടതിയില്‍ നടന്നത് എന്താണ്? വധശിക്ഷയില്‍ ഇളവ് തേടിക്കൊണ്ട് ഗോവിന്ദ ചാമി സമര്‍പ്പിച്ച അപ്പീലിന്മേലുള്ള വിധിപ്രസ്താവം ആയിരുന്നു. അപ്പോള്‍ വിധി എന്താണ് എന്ന ചോദ്യത്തിന് ഉത്തരം വധശിക്ഷ ഏഴ് വര്‍ഷം തടവാക്കി കുറച്ചു എന്നത് തന്നെയാണ്. അത് തെറ്റല്ല, ശരിയാണ്.സൗമ്യയുടെ മരണം ഒരു കൊലപാതകമായിരുന്നു എന്നും അത് ചെയ്തത് ചാമി ആയിരുന്നുവെന്നും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാതിരുന്ന സാഹചര്യത്തില്‍ ഐപിസി 302 റദ്ദാക്കിക്കൊണ്ട് പകരം ചേര്‍ത്ത 325-ന് നല്‍കാവുന്ന പരമാവധി ശിക്ഷയായ 7 വര്‍ഷം തടവ് വിധിക്കുകയായിരുന്നു കോടതി. ഇന്നലെ വന്ന വിധി അതാണ്; സ്വാഭാവികമായും റിപ്പോര്‍ട്ടര്‍മാര്‍ അറിയിച്ചതും അതാണ്. അങ്ങനെയൊരു സാധ്യതയില്ലേ?

ബലാത്സംഗം നടന്നു എന്നതില്‍ സുപ്രീം കോടതിക്ക് സംശയം ഇല്ല എന്നത് നാളുകളായി നടന്നുവരുന്ന ചാനല്‍ ചര്‍ച്ചകളില്‍ ആവര്‍ത്തിച്ച് സ്ഥാപിക്കപ്പെട്ട ഒന്നാണ്. അതേ ചര്‍ച്ചകളില്‍ നിന്നു തന്നെ കീഴ്ക്കോടതി ബലാത്സംഗത്തിന് ജീവപര്യന്തവും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കൊലപാതകത്തിന് വധശിക്ഷയും വിധിക്കുകയായിരുന്നു എന്നും ആ വധശിക്ഷയ്ക്ക് കാരണമായ കൊലപാതകത്തിനാണ്, ബലാത്സംഗത്തിനല്ല കോടതി തെളിവ് ചോദിച്ചത് എന്നതും വ്യക്തമാണ്. ആ നിലയ്ക്ക് കോടതിക്ക് സംശയാതീതമായി ബോദ്ധ്യപ്പെട്ട ഒരു കുറ്റത്തില്‍ പ്രതിക്ക് കീഴ്ക്കോടതി നല്‍കിയ ശിക്ഷ സുപ്രീം കോടതി വെട്ടിച്ചുരുക്കുമോ എന്ന സംശയം ന്യായമായും ഉണ്ടാകേണ്ടതായിരുന്നു. അത് നമുക്ക് ആര്‍ക്കും ഉണ്ടായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നമ്മള്‍ എല്ലാവര്‍ക്കുമാണ്.

എന്നുവച്ചാല്‍ ചാമിക്ക് കൊലപാതക കുറ്റത്തിന് ലഭിച്ച വധശിക്ഷ ഏഴുവര്‍ഷം തടവാക്കി കുറച്ചു എന്ന വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അതിനെ രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പുള്ളി ജയില്‍ മോചിതനാവും എന്ന് വ്യാഖ്യാനിച്ചത് തെറ്റും. ആ തെറ്റിന്റെ ഉത്തരവാദിത്തം റിപ്പോര്‍ട്ടര്‍മാരിലേയ്ക്ക് മാത്രമായി ചുരുങ്ങുന്നില്ല എന്ന്.

തെളിവുകള്‍ എങ്ങനെ മുകളിലെത്തിയപ്പോള്‍ ആവിയായി?
രണ്ടാമതായി കോടതി വ്യവഹാരങ്ങളുടേതായ വീക്ഷണകോണെടുക്കാം; നിയമവിദഗ്ധനൊന്നുമല്ലാത്ത ഒരു സാധാരണക്കാരന്റെ പരിമിതികളെ അറിഞ്ഞും സമ്മതിച്ചും കൊണ്ട് തന്നെ.

ഹൈക്കോടതി ശിക്ഷിച്ച കേസുകള്‍ സുപ്രീം കോടതി വെറുതേ വിടുന്നത് ഇതാദ്യ സംഭവമൊന്നുമല്ല. സൗമ്യയെ മരണത്തിലേക്ക് നയിച്ചിരിക്കാവുന്നത് എന്ന് അനുമാനിക്കപ്പെടുന്ന സംയുക്ത കാരണങ്ങളില്‍ രണ്ടെണ്ണം നേരിട്ടുള്ള പരിക്കുകളും മൂന്നാമത്തേത് ബലാത്സംഗത്തിനായി മലര്‍ത്തി കിടത്തവേ ശ്വാസനാളത്തില്‍ രക്തം കടന്ന് ശ്വാസതടസ്സം മൂലം ഉണ്ടായ മസ്തിഷ്‌ക തകരാറുമാണ്. ഇതില്‍ രണ്ടാമത്തെ മുറിവ് പ്രതിയാണ് ഉണ്ടാക്കിയത് എന്നും മൂന്നാമത്തെ കാരണമായ ബലാത്സംഗത്തിനായി മലര്‍ത്തി കിടത്തവേ ശ്വാസനാളത്തിലേക്ക് രക്തം പ്രവേശിച്ച് ശ്വാസതസ്സം മൂലം ഉണ്ടായ മസ്തിഷ്‌ക തകരാര്‍ അയാള്‍ അറിഞ്ഞുകൊണ്ട് വധിക്കുക എന്ന ഉദ്ദേശത്തോടെ ഉണ്ടാക്കിയതാണെന്നും നിലവിലുള്ള തെളിവുകള്‍ വച്ച് അനുമാനിക്കാനാവില്ല എന്ന് കോടതി പറയുന്നു.

1*
(The evidence of P.W. 64, particularly, with reference to the injury No. 1 and 2, details of which have been extracted above, would go to show that the death of the deceased was occasioned by a
combination of injury no.1 and 2, and complications arising there from including aspiration of blood into the air passages resulting in anoxic brain damage.)

2*
(While the said proposition need not necessarily be incorrect what cannot also be ignored is the evidence of P.W. 4 and P.W. 40 in this regard which is to the effect that they were told by the middle aged man, standing at the door of the compartment, that the girl had jumped out of the train and had made good her escape. The circumstances appearing against the accused has to be weighed against the oral evidence on record and the conclusion that would follow must necessarily be the only possible conclusion admitting of no other possibility. Such a conclusion to the exclusion of any other, in our considered view, cannot be reached in the light of the facts noted above.)

3*
(The requisite knowledge that in the circumstances such an act may cause death, also, cannot be attributed to the accused, inasmuch as, the evidence of P.W. 64 ( DrShirly) itself is to the effect that such knowledge and information is, in fact, parted with in the course of training of medical and para-medical staff. The fact that the deceased survived for a couple of days after the incident and eventually died in Hospital would also clearly militate against any intention of the accused to cause death by the act of keeping the deceased in a supine position.)

4*
(Therefore, in the totality of the facts discussed above, the accused cannot be held liable for injury no.2. Similarly, in keeping the deceased in a supine position, intention to cause death or knowledge that such act may cause death, cannot be attributed to the accused).

അതായത് ഡോക്ടര്‍ ഷേര്‍ളി വാസു നല്‍കിയത് ഉള്‍പ്പെടെയുള്ള ഫോറന്‍സിക് തെളിവുകളൊന്നും കാണാതെയല്ല കോടതി തെളിവെവിടേ എന്ന് ചോദിച്ചത്. ഇതില്‍ നിന്ന് മനസിലാകുന്നത് ചില അന്തിച്ചര്‍ച്ചകള്‍ ലളിതവല്‍ക്കരിച്ചതുപോലെ മാറ്റച്ചുരിക എവിടെ എന്ന് ചോദിച്ചപ്പോള്‍ എടുക്കാന്‍ മറന്നുപോയി എന്ന് പറയേണ്ടിവന്ന ചതിയന്‍ ചന്തുവിന്റെ അവസ്ഥയില്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ നിന്നു എന്നുമല്ല. ആയിരുന്നുവെങ്കില്‍ ഷേര്‍ളി വാസുവിന്റെ ഉള്‍പ്പെടെയുള്ള ഫോറന്‍സിക് തെളിവുകളെക്കുറിച്ച് വിധിയില്‍ പരാമര്‍ശം ഉണ്ടാകുമായിരുന്നില്ലല്ലോ. കീഴ്‌ക്കോടതി അംഗീകരിച്ച തെളിവുകളെയാണ് സുപ്രീം കോടതി അംഗീകരിക്കാന്‍ വിസമ്മതിച്ചത്. അവിടെ കേസ് വിജയിപ്പിച്ച വക്കീലും വിചാരണ കോടതിയില്‍ നിര്‍ണ്ണായകമായ തെളിവുകളും മൊഴികളും നല്‍കിയ ഫോറന്‍സിക്ക് വിദഗ്ദ്ധരുമായി സഹകരിച്ചുകൊണ്ട് പ്രോസിക്യൂട്ടര്‍ കൂടുതല്‍ അവധാനതയോടെ കേസിനെ സമീപിച്ചിരുന്നുവെങ്കില്‍ കൊലപാതകക്കുറ്റം തെളിയിക്കാനാകുമായിരുന്നുവോ, അതോ പ്രോസിക്യൂഷനില്‍ ആദ്യം മുതല്‍ക്കേ ഉണ്ടായിരുന്ന ദൗര്‍ബല്യം മേല്‍ക്കോടതിയില്‍ ഒടുവില്‍ വെളിപ്പെടുകയായിരുന്നോ? അത് സുപ്രീം കോടതിയില്‍ വാദിഭാഗം അഭിഭാഷകന്‍ നിരത്തിയ വാദങ്ങള്‍ എന്തൊക്കെ ആയിരുന്നു എന്നതിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ അപഗ്രഥിച്ചുകൊണ്ട് നിയമ വിദഗ്ദ്ധരും ഫോറന്‍സിക്ക് വിദഗ്ദ്ധരും ഒക്കെ ചേര്‍ന്ന് നിര്‍ദ്ധാരണം ചെയ്യേണ്ട ചോദ്യമാണ്.

പക്ഷേ അപ്പോഴും ഓരോ സാധരണക്കാരന്റെയും മനസില്‍ ഈ വിധിയില്‍ വന്ന ഒരു നിരീക്ഷണം ദഹിക്കാതെ കിടക്കും. തലയ്‌ക്കേറ്റ മാരകമായ പരിക്കുമായി തീവണ്ടിയില്‍ നിന്ന് വീണ് (എടുത്തെറിയപ്പെട്ട്) ബോധരഹിതയായി കിടക്കുന്ന ഒരു പെണ്‍കുട്ടിയെ ആ കിടപ്പില്‍ ബലാത്സംഗം ചെയ്യാന്‍ പോന്ന ക്രിമിനല്‍ മനോനിലയ്ക്ക് അറിവില്ലായ്മയുടെ ആനുകൂല്യം നല്‍കുന്നതിലെ നൈതികതയാണത്. അര്‍ദ്ധപ്രാണയായി രക്തത്തില്‍ കുളിച്ച് കിടക്കുന്ന സ്ത്രീയെ ബലാത്ക്കാരം കൂടി ചെയ്താല്‍ അവള്‍ മരിച്ചുപോയേക്കാം എന്ന് മനസിലാക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസമില്ലാതെ പറ്റില്ല എന്നത് യാന്ത്രികവും അതിസാങ്കേതികവുമായ ഒരു നിഗമനമാണ്. കോടതികള്‍ പ്രവര്‍ത്തിക്കേണ്ടത് വൈകാരികവും കാല്പനികവുമായല്ല, വസ്തുനിഷ്ഠവും നിയമബദ്ധവുമായാണെന്നത് ശരി, പക്ഷേ അതിനര്‍ത്ഥം വസ്തുനിഷ്ഠതയെന്നാല്‍ യാന്ത്രികത എന്നല്ലല്ലോ.

ആള്‍ക്കൂട്ട വിചാരണകള്‍
ഇനി മൂന്നാമത്തെ വീക്ഷണകോണ്. ചാമിയുടെ ശിക്ഷ ഏഴ് വര്‍ഷമായി ചുരുങ്ങി എന്ന (തെറ്റായ) വാര്‍ത്ത ഫ്‌ളാഷ് ചെയ്തത് മുതല്‍ കേരളീയ പൊതുബോധത്തിന്റെ പ്രതികരണങ്ങളും വന്ന് തുടങ്ങി. അതില്‍ ഏതാണ്ട് മുക്കാലും എവിടെ ഒളിപ്പിച്ചാലും ഞങ്ങള്‍ അവനെ കണ്ടെടുത്ത് ആള്‍ക്കൂട്ട നീതി നടപ്പാക്കിയിരിക്കും എന്ന നിലയിലുള്ള വെല്ലുവിളികളായിരുന്നു. ചാമിയെ വിചാരണയ്ക്കായി കോടതിയില്‍ കൊണ്ടുവന്ന വേളയിലും നമ്മള്‍ ഇത്തരം പോര്‍വിളികള്‍ കേട്ടതാണ്. ഗോവിന്ദ ചാമി ചെയ്ത ക്രൂരതയില്‍ മനംനൊന്ത, സൗമ്യ എന്ന പെണ്‍കുട്ടിക്ക് വന്ന വിധിയോര്‍ത്ത് നെഞ്ച് കലങ്ങിയ ഒരു ജനതയുടെ സ്വാഭാവിക പ്രതികരണമായിരുന്നുവോ അത്?

അതെ എന്ന് പറയാന്‍ മലയാളി പൊതുബോധത്തെക്കുറിച്ച്, അതില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള പേട്രിയാര്‍ക്കിയുടെ സ്വാധീനത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്ത നിഷ്‌കളങ്കര്‍ക്കേ പറ്റു. സൗമ്യയെ ബലാത്സംഗം ചെയ്തുകൊന്ന 'ഒറ്റക്കയ്യന്‍ പാണ്ടി തെണ്ടി'യെ പിച്ചിച്ചീന്തി കൊല്ലാന്‍ വെമ്പുമ്പൊഴും നമ്മള്‍ പുരുഷ സിംഹങ്ങള്‍ അപ്പുറത്ത് നില്‍ക്കുന്നത് സ്ത്രീയാണെങ്കില്‍ ഒന്ന് പറഞ്ഞ് രണ്ടിന് ബലാത്സംഗ ഭീഷണി മുഴക്കിക്കളയും. തെരുവില്‍ തൊട്ട് ഫേസ്ബുക്കിലും ട്വിറ്ററിലും വരെ നാം നിത്യേനെ കാണുന്ന ഇത് നമ്മുടെ 'സംസ്‌കാര'ത്തിന്റെ ഭാഗമാണ്; അരുന്ധതി റോയി വിശേഷിപ്പിച്ചതു പോലെ 'ദ ഗ്രേറ്റ് റേപ്പ് കള്‍ച്ചര്‍ ഓഫ് ഇന്ത്യ'!

ബലാത്സംഗത്തെ ഒരു കുറ്റകൃത്യത്തില്‍ ഉപരി, പെണ്ണിനെ അടക്കി നിര്‍ത്താന്‍ ഉപയോഗിക്കാവുന്ന ഒരു ശിക്ഷാനടപടി, തിരുത്തല്‍ നടപടിയായി കാണുന്ന ആണ്‍കോയ്മാ നിര്‍മ്മിതമായ സാംസ്‌കാരിക സദാചാരബോധത്തിന്റെ വേരുകള്‍ ഇനിയും പൂര്‍ണ്ണമായും അറ്റ് പോയിട്ടില്ലാത്ത ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതില്‍ സംശയമുള്ളവര്‍ക്കായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഒരു ലേഖനത്തിന്റെ ലിങ്ക് ഇതാ: ബലാൽസംഗവും സ്ത്രീദർപ്പഹാരികളായ നമ്മുടെ സദാചാര സ്വയം സേവകരും.

ആ സത്യം മനസിലാക്കുമ്പോള്‍ ഗോവിന്ദ ചാമിക്ക് എതിരേ ഉയരുന്ന കൊലവിളികള്‍ സൗമ്യയ്ക്ക് ഉണ്ടായ ഈ വിധി ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് എന്നൊക്കെ വിശ്വസിക്കുക വെറും ആഢംബരം മാത്രമാകും. അത് ധാര്‍മ്മിക രോഷമല്ല, വെറും ആള്‍ക്കൂട്ട വെറി മാത്രമാണ്. കോടതി വിധികള്‍ അതിനാല്‍ സ്വാധീനിക്കപ്പെടേണ്ടതല്ല എന്ന് നിസ്സംശയം പറയാം. സൗമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നത് ചാമിയാണ് എന്ന് ഈ വിധിയ്ക്ക് മേല്‍ നടക്കുന്ന തുടര്‍നടപടികളില്‍ തെളിയിക്കാനായാല്‍ പോലും ഇനി ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എന്ന ന്യായത്തില്‍ ഒരു ഗോവിന്ദ ചാമിയെ കൊന്നിട്ട് ഒരു കാര്യവുമില്ല. അയാള്‍ പല രൂപത്തില്‍, പല ഭാവത്തില്‍ ഇപ്പൊഴും പുറത്തുണ്ട്. ഒരു നിയമനടപടിയിലൂടെയും അയാളെ ഉന്മൂലനം ചെയ്യാനാവില്ല. വേണ്ടത് ചാമിക്കൊലയല്ല, നമ്മുടെ 'മഹത്തായ ബലാത്സംഗ സംസ്‌കാര'ത്തിന്റെ ഉന്മൂലനമാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories