TopTop
Begin typing your search above and press return to search.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണോ തെറ്റിയത്? കോടതിയില്‍ നടന്നത് ഇതാണ്

മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണോ തെറ്റിയത്? കോടതിയില്‍ നടന്നത് ഇതാണ്

(സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ എടുത്തുചാടി വാര്‍ത്ത നല്‍കിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എന്താണ് കോടതിയില്‍ നടന്നത്, ഏത് സാഹചര്യത്തിലാണ് വാര്‍ത്ത നല്‍കിയത് എന്നതിനെ കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ന്യൂസ് 18 ചാനലിന്റെ അസി. ന്യൂസ് കോര്‍ഡിനേറ്ററുമായ എം ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്)

തത്സമയ റിപ്പോര്‍ട്ടിങ്ങിനിടെ അബദ്ധങ്ങള്‍ പറ്റാറില്ലെന്ന അവകാശവാദമോ ന്യായീകരണമോ ഉന്നയിക്കാനല്ല ഈ കുറിപ്പ്. സൗമ്യ വധക്കേസിലെ സുപ്രീം കോടതി വിധി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് വിശദീകരിക്കുക മാത്രമാണ് ലക്ഷ്യം. കോടതിയില്‍ നടന്ന കാര്യങ്ങള്‍ സമയസഹിതം തന്നെ വിശദീകരിക്കാം.


രാവിലെ 10.20: വിധി പ്രസ്താവിക്കുന്നത് കേള്‍ക്കാന്‍ മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും ആറാം നമ്പര്‍ കോടതിയിലേക്ക് കയറുന്നു

10.30: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വിധിപ്രസ്താപിക്കാന്‍ തുടങ്ങുന്നു. 22 പേജുള്ള വിധിയിലെ അവസാന ഭാഗമാണ് കോടതിയില്‍ വായിച്ചത്. ബലാത്സംഗത്തിനും മോഷണത്തിനുമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നു, എന്നാല്‍ ഐപിസി 302 പ്രകാരമുള്ള കൊലക്കുറ്റം റദ്ദാക്കി, പകരം ഐപിസി 325 പ്രകാരം മാരകമായി മുറിവേല്‍പ്പിച്ചതിന് ഏഴ് വര്‍ഷം കഠിന തടവ്. ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി.

10.34: വാര്‍ത്ത നല്‍കാന്‍ കോടതിയിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ പുറത്തിറങ്ങുന്നു. വധശിക്ഷ റദ്ധാക്കിയെന്ന് വാര്‍ത്ത നല്‍കൂ എന്ന് മാത്രമേ ആദ്യം ഡെസ്‌കിനോട് ആവശ്യപ്പെട്ടുള്ളൂ. ഒന്നിച്ചനുഭവിക്കുക എന്ന ഭാഗം ഉണ്ടായതുകൊണ്ടും ജീവപര്യന്തം എന്നത് വിധിയിലെ വായിച്ച ഭാഗത്ത് എവിടെയും വാക്കാല്‍ പരാമര്‍ശിക്കാത്തതിനാലുമായിരുന്നു അത്. എന്നാല്‍ ഹൈക്കോടതി വിധിയില്‍ ബലാത്സംഗത്തിന് നല്‍കിയ ശിക്ഷ ജീവപര്യന്തമാണെന്ന ഓര്‍മയില്‍ ഫോണ്‍ വച്ച ഉടന്‍ ഇക്കാര്യം ഒഫീഷ്യല്‍ വാട്‌സ്ആപ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. കോടതിക്ക് പുറത്ത് ലൈവില്‍ നിന്നിരുന്ന ഇആര്‍ രാഗേഷ് ഇക്കാര്യം ലൈവില്‍ പറഞ്ഞിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്.


10.37: അപ്പോഴേക്കും ശിക്ഷ ജീവപര്യന്തമാണോ എന്നത് സംബന്ധിച്ച് കോടതിക്ക് പുറത്ത് ആശയക്കുഴപ്പം ഉയരുന്നു. ശിക്ഷ എന്താണെന്ന് ബ്രേക്കിംഗ് കൊടുക്കണ്ട എന്ന് ഞാന്‍ ഉള്‍പ്പെടയുള്ളവര്‍ ഡെസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. കാരണം മീഡിയ വണ്ണിലെ സവാദും ഏഷ്യാനെറ്റിലെ പിആര്‍ സുനിലും അടക്കം കോടതിയിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ ശിക്ഷ ജീവപര്യന്തമാണെന്ന് പറയുന്നു. കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ അഭിഭാഷകന്‍ എംടി ജോര്‍ജും അതുതന്നെ പറഞ്ഞു. പക്ഷെ കോടതിയുടെ മുന്‍നിരയില്‍ നിന്ന് വിധികേട്ട അഭിഭാഷക സുഹൃത്തുക്കളില്‍ ചിലര്‍ അല്ല, ഏഴു വര്‍ഷമാണെന്ന നിലപാടെടുത്തു. വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതുകൊണ്ട് ഫോണ്‍ ഹോള്‍ഡില്‍ വച്ച് ഡെസ്‌കിനോട് കണ്‍ഫേം ആയിട്ട് കൊടുക്കാം എന്ന് പറഞ്ഞു. ഒരു തവണ മാത്രം കോടതി വായിച്ചു പോയ വിധിയില്‍ ഒറ്റക്കേള്‍വിയില്‍ അതില്‍ വ്യക്തത വരാതിരുന്നാല്‍ പിന്നെ എന്താണ് ചെയ്യാനാകുക. വിധി വൈകുന്നേരം മാത്രമേ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ആകൂ. ഒരു സംസ്ഥാനം മുഴുവന്‍ കാത്തിരിക്കുന്ന വാര്‍ത്തയ്ക്കു വേണ്ടി അത്ര നേരം കാത്തിരുന്നാല്‍ എന്തുകൊണ്ട് വിവരം മറച്ചുവച്ചു എന്ന് നിങ്ങള്‍ തന്നെ ചോദിക്കും! വിധി വായിച്ചു നോക്കാന്‍ പകര്‍പ്പ് ചോദിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയെ സമീപിക്കാന്‍ വകുപ്പില്ല. അതേസമയം തന്നെ കേസിലെ കക്ഷികള്‍ക്ക് കോര്‍ട്ട് മാസ്റ്ററോട് അഭ്യര്‍ത്ഥിച്ചാല്‍ വിധി വായിച്ചു നോക്കാം.


10.39: സര്‍ക്കാര്‍ അഭിഭാഷകനും പ്രതിഭാഗം അഭിഭാഷകനും കോടതിക്കകത്താണ്. ഫോണ്‍ കട്ട് ചെയ്ത് കോടതിയില്‍ കയറാനിരിക്കുമ്പോള്‍ കേരള കൗമുദിയിലെ സനകന്‍ അടുത്തുണ്ട്. അഭിഭാഷകരോട് ചോദിച്ചു സംശയം ദുരീകരിക്കാമോ എന്ന് അവനോട് അഭ്യര്‍ത്ഥിച്ചു. അവന്‍ കോടതിക്കകത്തു കയറുമ്പോഴേക്കും സര്‍ക്കാര്‍ അഭിഭാഷകനും പ്രതിഭാഗം അഭിഭാഷകനും ഇറങ്ങിവരികയായിരുന്നു.

വിധി പകര്‍പ്പ് വായിച്ചുനോക്കി അവര്‍ പറഞ്ഞത് ശിക്ഷ ഏഴു വര്‍ഷം കഠിനതടവെന്നാണ്. വിധി നേരിട്ട് കണ്ടശേഷമുള്ള സ്ഥിരീകരണം ആയതുകൊണ്ട് അത് അവിശ്വസിക്കേണ്ടതില്ലെന്നു തന്നെ ആയിരുന്നു അവിടെ ഉണ്ടായിരുന്ന എല്ലാ മാധ്യമ പ്രവര്‍ത്തകരുടെയും പക്ഷം. ശിക്ഷ ഏഴുവര്‍ഷമെന്ന വാര്‍ത്ത വരുന്നത് അങ്ങനെയാണ്. വിധി വായിച്ച് അവര്‍ നല്‍കിയ, കോടതിയില്‍ വായിച്ചതിലും കൂടുതല്‍ വിശദശാംശങ്ങളും പിന്നീട് വാര്‍ത്തയില്‍ നല്‍കിയിരുന്നു. (ഒരു കാര്യം കേട്ടില്ലെങ്കില്‍ അത് നന്നായി കേട്ട, അതും കേസുമായി ഏറ്റവും ബന്ധമുള്ള, വിധി നേരിട്ടുവായിച്ചവരുടെ സ്ഥിരീകരണത്തിനു ശേഷം വാര്‍ത്ത നല്‍കിയതാണോ തെറ്റ്?)

വൈകുന്നേരം 6.01: സുപ്രീം കോടതി വെബ്‌സൈറ്റില്‍ വിധി പ്രസിദ്ധീകരിക്കുന്നതിനും മുന്‍പ് ലീഗല്‍ പോര്‍ട്ടല്‍ ആയ ലൈവ് ലോ ആണ് ഗോവിന്ദ ചാമിക്ക് ജീവപര്യന്തം ശിക്ഷ ഉണ്ടെന്ന കാര്യം ആദ്യം ബ്രേക്ക് ചെയ്യുന്നത്. അതും വിധി പകര്‍പ്പ് സഹിതം. അവര്‍ പുറത്തുവിട്ട വിധിപ്പകര്‍പ്പു വച്ച് ഞങ്ങള്‍ വാര്‍ത്ത പുതുക്കി നല്‍കി. (കോടതിയില്‍ ഉണ്ടായിരുന്ന അഭിഭാഷകരില്‍ പലര്‍ക്കും അപ്പോള്‍ മാത്രമാണ് ജീവപര്യന്തമാണെന്നു ഉറപ്പിച്ചു പറയാനായത്).


മാധ്യമ പ്രവര്‍ത്തകര്‍ക്കു മാത്രമാണോ തെറ്റിയത്? കോടതിയില്‍ ഉണ്ടായിരുന്ന വിധി കേട്ട എത്ര അഭിഭാഷകര്‍ പറഞ്ഞു മറിച്ചാണ് കാര്യങ്ങള്‍ എന്ന്? വിമര്‍ശിക്കാന്‍ അഭിഭാഷക സുഹൃത്തുക്കള്‍ മത്സരിക്കുന്നത് കാണുമ്പോള്‍ ചോദിച്ചു പോയതാണ്.


ശരിയാണ്, പറ്റിയ പിശക് ന്യായീകരിക്കത്തക്കതല്ല. ഒരു സംഭവം ഉണ്ടാകുമ്പോള്‍ ലഭ്യമായതില്‍ ഏറ്റവും നന്നായി സ്ഥിരീകരിക്കാന്‍ കഴിയുന്ന വസ്തുത പുറം ലോകത്തെ അറിയിക്കുക എന്നതല്ലേ ഏതൊരു മാധ്യമ പ്രവര്‍ത്തകനും ചെയ്യാനാകൂ. മനുഷ്യസഹജമായ പിഴവുകള്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കും ബാധകമല്ലേ?

വിധി വന്നാലേ വാര്‍ത്ത എഴുതാവൂ എന്ന് പറയുന്ന ചില അഭിഭാഷക സുഹൃത്തുക്കള്‍ ഉണ്ട്. ചിലപ്പോള്‍, ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അങ്ങനെയും ചെയ്യാറുണ്ടെന്ന് അവരുടെ ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു. ഇന്നലെ വന്ധ്യംകരണം സംബന്ധിച്ച് സുപ്രീം കോടതി പ്രസ്താവിച്ച വിധിയെപ്പറ്റി റിപ്പോര്‍ട് ചെയ്യാന്‍ അവ്യക്തക്കുറവ് വിധി പകര്‍പ്പ് ലഭിക്കും വരെ തന്നെ കാത്തിരുന്നിരുന്നു.


(ചാനലുകളാണ് എടുത്തുചാട്ടത്തിനു കാരണമെന്ന പഴിയുമായി വന്ന, കോടതിയില്‍ സമയത്ത് എത്താന്‍ പോലും പറ്റാതിരുന്ന ചില സുഹൃത്തുക്കളെയും ഇപ്പോള്‍ കാണാനുണ്ട്, വിധപകര്‍പ്പു ലഭിച്ചശേഷം മാത്രം തുടര്‍ന്നും അവര്‍ വാര്‍ത്ത നല്‍കട്ടെ, മാധ്യമപ്രവര്‍ത്തകന്‍ ആയിരിക്കുന്നതില്‍ അപമാനം തോന്നുന്നു എന്ന് പോസ്റ്റിട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ആയിരുന്നു ഡെസ്‌കില്‍ എങ്കില്‍ വാര്‍ത്തയ്ക്കു വേണ്ടി അവര്‍ ചെലുത്തിയാക്കാമായിരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അതിലുമേറെ ചിരി വരുന്നു!)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions


Next Story

Related Stories