TopTop
Begin typing your search above and press return to search.

ഓരോയിടങ്ങളിലും ഗോവിന്ദച്ചാമിമാരെ ഭയക്കേണ്ടിവരുന്ന പെണ്ണിന് വേണ്ടി

ഓരോയിടങ്ങളിലും ഗോവിന്ദച്ചാമിമാരെ ഭയക്കേണ്ടിവരുന്ന പെണ്ണിന് വേണ്ടി

പി ആര്‍ വന്ദന

നിയമം ജയിക്കുകയും നീതി തോൽക്കുകയും ചെയ്ത ദിവസം. സൗമ്യയെ ബലാത്സംഗം ചെയ്യുകയും ഫോണടക്കമുള്ളവ മോഷ്ടിക്കുകയും ചെയ്തതിന് ഗോവിന്ദച്ചാമിക്ക് ശിക്ഷ കിട്ടി. സൗമ്യയെ കൊന്നത് തെളിയിക്കപ്പെടാത്തതിനാൽ വധശിക്ഷ ഒഴിവായി. സൗമ്യയെ തള്ളിയിട്ടതാണെന്ന് തെളിയിക്കാൻ കഴിയാത്തത് ഗോവിന്ദച്ചാമിക്ക് രക്ഷയായി. തിരുത്തലിന് സാധ്യതയില്ലാത്ത ശിക്ഷയായതിനാൽ കുറ്റമറ്റ സാഹചര്യത്തിൽ മാത്രം തൂക്കിക്കൊല എന്ന ചിട്ട പ്രകാരം ഗോവിന്ദച്ചാമിക്ക് ശിക്ഷയിളവ്. നല്ലത്, നിയമം ജയിക്കണമല്ലോ. തർക്ക വിതർക്കങ്ങളിലേക്കു പോകാതെ സൗമ്യ ട്രെയിനിൽ നിന്ന് ചാടിയതാണെന്ന് സമ്മതിച്ചാൽ തന്നെ അതെന്തിനെന്ന് കോടതി ചോദിച്ചില്ല എന്നത് ജീവിതമെന്ന വലിയ ശരിയോടുള്ള ന്യായനിഷേധം. വിവാഹ സ്വപ്നങ്ങളും ജീവിതത്തോടുള്ള കൊതിയുമായി അമ്മയുടെ അടുത്തേക്ക് പോവുകയായിരുന്ന ഒരു പെൺകുട്ടി ഒരു നിമിഷത്തെ സാഹസികതാ ഭ്രമത്തിൽ ട്രെയിനിൽ നിന്ന് ഒന്നു ചാടിനോക്കാം എന്ന് കരുതിയിട്ടുണ്ടാകുമെന്ന് പറയാത്തത് ഭാഗ്യം. അപ്പോഴും തിക്കിത്തെരക്കി ജനസമ്മർദ്ദത്തിനടിമപ്പെടാതെ തെളിവു കണ്ടെത്താനും കുറ്റമറ്റ കുറ്റപത്രം തയ്യാറാക്കാനും കേസ് നന്നായി പഠിച്ച് കൃത്യമായി വാദിക്കാനും പ്രതിക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയാത്ത പ്രോസിക്യൂഷൻ - പൊലീസ് സംവിധാനം ചെയ്തത്ര നീതിനിഷേധം സൗമ്യയോടു സുപ്രീം കോടതി ചെയ്തില്ല. കാരണം സൗമ്യയുടെ വീഴ്ചക്കും തദ്വാരാ മരണത്തിനും കാരണക്കാരൻ ഗോവിന്ദച്ചാമിയാണെന്നുപോലും തെളിയിക്കാൻ പറ്റാത്തത്ര ദു‍ർബലമായിരുന്നു ആ സംവിധാനത്തിന്റെ തയ്യാറെടുപ്പ്.

രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിന്യായം (ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, യു യു ലളിത്, പി സി പന്ത്) ചൂണ്ടിക്കാട്ടുന്ന ചില ചോദ്യങ്ങൾ ഉണ്ട്. കീഴ്ക്കോടതിയും കേരളാ ഹൈക്കോടതിയും ഗോവിന്ദച്ചാമിക്ക് ശിക്ഷ വിധിക്കാൻ ആധാരമാക്കിയ തെളിവുകളുടെ വേറിട്ട അല്ലെങ്കിൽ തരാതരമുള്ള വ്യാഖ്യാനമാണോ സുപ്രീം കോടതിയിൽ നടന്നത് അല്ലെങ്കിൽ നടക്കാതിരുന്നത്? പ്രോസിക്യൂഷൻ എന്ന സംവിധാനം മൊത്തത്തിൽ പൊളിച്ചെഴുതേണ്ട കാലമായോ? ഗുണനിലവാരം ഉറപ്പാക്കുക എന്നത് ഭക്ഷണ വസ്തുക്കൾക്ക് മാത്രമല്ലാതെ സാമാന്യ ജനത അവസാന ആശ്രയമായി കാണുന്ന ഈ സംവിധാനത്തിലും വേണ്ടതല്ലേ? പോസ്റ്റ്മോർട്ടം നടത്തിപ്പിന്റെ പേരിൽ അതിന്റെ ചുമതലക്കാർ തമ്മിൽ നടന്ന തർക്കം എന്തിനായിരുന്നു? ജനവികാരത്തിന്റെ ആവേശത്തള്ളിച്ച ബാധിച്ചതു കൊണ്ടാണോ തെളിവുകൾ പോര അല്ലെങ്കിൽ ശക്തമല്ല എന്ന് കീഴ്ക്കോടതിയിലോ ഹൈക്കോടതിയിലോ ന്യായാധിപൻമാരുടെ ശ്രദ്ധയിൽപെടാതെ പോയത് ? (2011 ഒക്ടോബ‍റിൽ തൃശൂർ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി കെ രവീന്ദ്രബാബു; 2013 ഡിസംബറിൽ ഹൈക്കോടതിജസ്റ്റിസുമാർ ടി ആർ രാമചന്ദ്രൻനായർ, കെമാൽ പാഷ). സുപ്രീം കോടതി വിധിയുടെ പേരിൽ രാഷ്ട്രീയപ്പോരു തുടങ്ങിയിട്ടുണ്ട്. വാദിക്കാൻ ആര് ആരെ വെച്ചു, അന്വേഷണത്തിലും നടപടി ക്രമങ്ങളിലും ആർക്കാണ് വീഴ്ച തുടങ്ങി കേൾക്കുമ്പോൾ പരമപുച്ഛം മാത്രം തോന്നിക്കുന്ന വാദ പ്രതിവാദം. വിറങ്ങലിച്ചു നിൽക്കുന്ന സുമതിയെ മാത്രമല്ല ഈ തരംതാണ തർക്കം പരിഹസിക്കുന്നത്. ഓരോ യാത്രയിലും ഓരോയിടങ്ങളിലും ഗോവിന്ദച്ചാമിമാരെ ഭയക്കേണ്ടിവരുന്ന ഓരോ പെണ്ണിനേയുമാണ്.
സ്വന്തം മാനത്തിനു വേണ്ടിയാണ്, തലയടിച്ചും കൈ ഞെരിച്ചുമുള്ള ആക്രമണത്തിനൊടുവിൽ സൗമ്യ റെയിൽ പാളത്തിൽ വീണത്. നീറുന്ന വേദനയിൽ രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴും സ്വന്തം ശരീരത്തിനുമേലുള്ള കടന്നു കയറ്റത്തെ നേരിടാൻ ശ്രമിച്ചവൾ, അർദ്ധബോധാവസ്ഥയിലും തന്റെ ജീവിതം മറ്റൊന്നാക്കിയ ക്രൂരനെക്കുറിച്ച് പൊലീസിനോട് പറഞ്ഞവൾ, ജീവിതത്തിനായി കാട്ടിയ സമര വീര്യവും അനുഭവിക്കേണ്ടിവന്ന വേദനാപർവ്വവുമാണ് സൗമ്യക്കായി കരയാൻ കേരളത്തെയാകെ പ്രേരിപ്പിച്ചത്. ഒപ്പം പല ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന സ്ത്രീകളാകെ അവളിൽ നാളെയൊരു നാളിലെ തങ്ങളെ തന്നെ കണ്ടതു കൊണ്ടും. കാരണം ഇന്നാട്ടിൽ ബലാത്സംഗം എന്നത് കേവലം ശരീരത്തിൻ മേലുള്ള ലൈംഗികാക്രമണം മാത്രമാണ്. അതൊരു പെണ്ണിന്റെ മനസ്സിൽ കാലാ കാലത്തേക്കുണ്ടാക്കുന്ന മുറിവും സ്വയം ഒറ്റപ്പെടലും മനസ്സിലാക്കുന്ന സംവിധാനം കടലാസിൽ മാത്രവും.

തെളിവുകളുടെ കാർക്കശ്യം ശിക്ഷ വിധിക്കാൻ കോടതികൾ തേടുന്നത് നൂറു അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാതിരിക്കാനാണ്. നല്ലത്. പക്ഷേ ആ കാർക്കശ്യത്തിന്റെ തണലിൽ കൊടും അപരാധികൾ രക്ഷപ്പെടുന്നത് സമൂഹമന:സാക്ഷിക്കുണ്ടാക്കുന്ന മുറിവിന് ആര് സമാധാനം പറയും? Kishenbhai VS Stateof Gujarathഎന്ന ആറുവയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ട ഹൈക്കോടതി വിധി ശരിവെച്ചുള്ള സുപ്രീം കോടതി വിധി ന്യായത്തിലെ പല വാചകങ്ങളും ഇത്തരുണത്തിൽ പ്രസക്തമാണ്. മതിയായി പ്രവർത്തിക്കാതിരുന്ന പ്രോസിക്യൂഷൻ സംവിധാനത്തെ നിശിതമായി വിമർശിച്ച കോടതി കുറ്റവും കുറവും പരിഹരിക്കാനുള്ള നടപടികൾ ഓരോ സംസ്ഥാനവും ചെയ്യണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെപേരിൽ നടപടിയെടുക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

‘As we discharge our responsibility in deciding the instant criminal appeal, we proceed to apply principle of law and draw inferences. For, that is our job. We are trained not to be swayed by mercy or compassion....Despite thereof we feel crestfallen , heartbroken and sorrowful. We could not serve the cause of justice to an innocent child. We could not even serve the cause of justice to her immediate family’.

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കി അപ്പീലിൻമേൽ തീർപ്പാക്കുമ്പോൾ ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയ്, യു യു ലളിത്, പി സി പന്ത് എന്നിവ‍ർ ഇങ്ങനൊരു കാര്യം മനസ്സിൽ ആലോചിച്ചിട്ടുണ്ടാകുമോ എന്ന് നമുക്കറിയില്ല. എന്തായാലും നമുക്കാലോചിക്കാം. ഭീകരമായ ഭേദ്യം ചെയ്യലിന് വിധേയമായൊരു ശരീരവുമായി യാത്ര പകുതിക്ക് വെച്ച് മടങ്ങേണ്ടിവന്ന സൗമ്യയോട് നമ്മുടെ സംവിധാനം ചെയ്ത നീതിനിഷേധത്തെക്കുറിച്ച്.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Next Story

Related Stories