TopTop
Begin typing your search above and press return to search.

പാട്ടിലെ ഭൂതകാലങ്ങൾ

പാട്ടിലെ ഭൂതകാലങ്ങൾ

ഇക്കാലത്തും കേരളത്തിലെ ഏതെങ്കിലും ജംഗ്ഷനിൽ ഒരു കമ്യൂണിസ്റ്റ് പാര്‍ടി യോഗം നടക്കുകയാണെങ്കിൽ കെ പി എ സി നാടക ഗാനങ്ങൾ ഉറക്കെ വച്ചിരിക്കുന്നത് കേള്‍ക്കാം. ഇത് പാട്ടിനപ്പുറം ഭൂതകാല ചരിത്രത്തിനു മുകളിലുള്ള ഒരു അവകാശവാദം കൂടിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ വിപ്ളവ ചരിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളോ വിമർശനങ്ങളോ അല്ലെങ്കിൽ കെ പി എ സി ഗാനങ്ങളുടെ രാഷ്ട്രീയമോ ചര്‍ച്ചചെയ്യുകയല്ല ഇവിടെ ഉദ്ദേശം. എന്നാൽ ഈ പാട്ട് വഴിയുള്ള 'ഭൂതകാലത്തിന്റെ' സൃഷ്ടിയെ കുറിച്ചുള്ള ചില സൂചനകൾ ഇത് തരുന്നുണ്ട് എന്നത് കൊണ്ടാണ് ഇങ്ങനെ തുടങ്ങാമെന്നു കരുതിയത്.

ഒരു തെരഞ്ഞെടുപ്പ് പാര്‍ട്ടിയുടെ ചുവന്ന കൊടികൾ പാറി പറക്കുമ്പോഴും പോപ്പുലർ ഭാവനയിൽ ആ പാര്‍ട്ടിക്ക് ഒരു വിപ്ളവ ചരിത്രം അവകാശപ്പെടാനുള്ള ഒരന്തരീക്ഷം കുറച്ചൊക്കെ അതിനു ഒരുക്കാൻ കഴിയുന്നുണ്ടാവണം. അത്യാവശ്യങ്ങള്‍ക്കായി ഓടി നടക്കുന്ന ജനങ്ങളുടെ വലിയ തിരക്കിനിടയിൽ ക്ളീഷേ ആയ ഇതിനു ഒരു പക്ഷെ വിജയം വരിക്കാന്‍ കഴിയുന്നുണ്ടാവില്ല. എങ്കിലും ചില ഇടങ്ങളിൽ ഒരു പരിധിവരെ ഇത് സാധ്യമാകുന്നുണ്ട്. ഒരു വിപ്ലവ ചരിത്രത്തിന്റെ സൂചന നല്കാന്‍ കഴിയുന്ന ഒരേ ഒരു സംഗതി ഈ പാട്ടുകളുമാവാം. ഈ പാട്ടിന്റെ പഴമയും അത് ഓർമപ്പെടുത്തുന്ന ഒരു പ്രത്യേക ചരിത്ര സന്ദര്‍ഭവുമാണ് ഇത് സാധ്യമാക്കുന്നത്. കെ പി എ സിക്ക് കമ്യൂണിസ്റ്റ് ചരിത്രവുമായുള്ള ബന്ധം ഒരു കാരണമാണ്. എന്നാൽ ഈ പാട്ട് തരുന്ന പഴമയുടെ ഒരു പ്രതീതി ടെക്നോളജിയുടേത്‌ കൂടിയാണ്. അന്നത്തെ പാട്ടുകൾ റിക്കോഡ് ചെയ്യപ്പെട്ട ഒരു രീതി കൂടി അത് ധ്വനിപ്പിക്കുന്നത് കൊണ്ടാണ് ഈ "പഴയ" കാലഘട്ടത്തെ അതിനു സൂചിപ്പിക്കാൻ കഴിയുന്നത്‌. കെ എസ് ജോര്‍ജ്ജിന്‍റെയും കെ പി എ സി സുലോചനയുടെയും ശബ്ദം അന്നത്തെ റിക്കോഡിങ്ങിന്റെയും ഓര്‍ക്കസ്ട്ര ശീലത്തിന്റെയും കൂടെ കേൾക്കുമ്പോൾ അത് ഒരു ഭൂതകാലത്തെ നിര്‍മ്മിക്കുന്നു. ടെക്നോളജിയാണ് ഈ ഭൂതകാലത്തെ കേള്‍പ്പിക്കുന്നത്. ഭൂതകാലത്തെ റിക്കോഡിംഗ് ടെക്നോളജിയും അതിലൂടെ സൃഷ്ടിക്കപ്പെട്ട ആലാപനത്തെയും കേള്‍വിയെയും കുറിച്ചുള്ള ധാരണകളും ചേര്‍ന്നാണ് ഇന്ന് ഒരു "ഭൂതകാലത്തെ" കുറിച്ചുള്ള ഓര്‍മ്മയ്ക്ക് സാധ്യത തരുന്നത്. അല്ലെങ്കിൽ ഈ ടെക്നോളജി തരുന്ന "ഭൂതകാലത്തെ" ആണ് നമ്മൾ "ഭൂതകാലമായി" തിരിച്ചറിയുന്നത്‌. ഈ ഭൂതകാലം കമ്യൂണിസ്റ്റ് പാർട്ടിക്ക് വിപ്ലവ കാലഘട്ടത്തെ അവകാശപ്പെടാനുള്ള ഒരു ഉപാധിയാകുന്നു എന്നതാണ് രസകരം.

സിനിമാ പാട്ടുകളിൽ ഈ ഭൂതകാലത്തെ നിര്‍മ്മിക്കുന്നത് ഇപ്പോൾ പറഞ്ഞ ഘടകത്തിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും അല്‍പം വ്യത്യസ്തമായാണ്. സിനിമയുടെ തന്നെ ചരിത്രത്തിനകത്താണ്, ഒരു പക്ഷെ സിനിമ പാട്ടിന്റെ ചരിത്രത്തിനകത്താണ്, ഈ "ഭൂതകാലത്തെ" നിര്‍മ്മിക്കുന്നത്”. പണ്ട് സിനിമാ പാട്ടുകൾ എങ്ങനെയായിരുന്നു എന്നതാണ് അതിറങ്ങിയ കാലത്തെ കുറിച്ചുള്ള സൂചനകൾ തരുന്നത്. പോപ്പുലർ ഭാവനയെ ആശ്രയിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സിനിമാ പാട്ടിന്റെ ഭൂതകാലമാണ് നമ്മെ "ഭൂതകാലത്തെ" കുറിച്ച് ആലോചിക്കാൻ സാഹായിക്കുന്നത്. കമലിന്റെ സെല്ലുലോയിഡിലെ ഭൂതകാലത്തിന്റെ സൃഷ്ടി ഇത് പോലെയാണ്.' കാറ്റെ കാറ്റെ' എന്ന ഗാനവും,‘ഏനുണ്ടോടി’ എന്ന ഗാനവും ചെയ്യുന്നത് ഇതാണ്. ഭൂതകാലത്തിന്റെ സൃഷ്ടിക്കായി ഉപയോഗപ്പെടുത്തപ്പെടുന്ന സിനിമാ സങ്കേതങ്ങളെ പലരും പരിശോധിക്കുന്നില്ല. അതിലെ പാട്ടുകൾ ഈ ദൌത്യം എങ്ങനെ നിറവേറ്റുന്നു എന്ന് നോക്കാനാണ് ഞാൻ ശ്രമിക്കുന്നത്. സിനിമാ പാട്ടിന്റെ ചരിത്രത്തിലെ ഭൂതകാലമാണ് ഇവിടെ "ഭൂതകാലമായി" നമ്മുടെ മുന്നിലുള്ളത്. പക്ഷെ ഈ ഭൂതകാലം പുതിയ റിക്കോര്‍ഡിംഗ് സംവിധാനങ്ങളും മിക്സിംഗ് സാധ്യതകളും വെച്ചാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. വൈക്കം വിജയലക്ഷ്മിയുടെ ശബ്ദവും ഉപയോഗപ്പെടുത്തിയിരിക്കുന്നത് ആ രീതിയിലാണ്. "ഭൂതകാല"ത്തിന്റെ ഒരു സമകാലീന സൃഷ്ടിയാണ് ഇത്.

ബെസ്റ്റ് ഓഫ് അഴിമുഖം

ദിക്‌ലാകെ കിനാരാ മുഝെ മല്ലാഹ് നെ ലൂട്ടാ...
ടിയാനന്‍മെന്‍ സ്ക്വയറിലെ പാട്ടുകാരന്‍
മൈലി സൈറസിനെ എല്ലാവരും ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?
വെള്ളപ്പല്ലുകളുള്ള പാട്ടുപെട്ടി - കെ.ആര്‍ ഇന്ദിരയുടെ ആകാശവാണി ഓര്‍മകള്‍
കാരോളുകളുടെ ചരിത്രം അഥവാ ഭൂതകാലത്തേക്കുള്ള ഒരു ജനാലപോപ്പുലർ സംഗീത ധാരകൾ പ്രത്യേകിച്ചും സിനിമാ പാട്ടുകൾ നമ്മളൊക്കെ നമ്മുടെ വ്യക്തി ജീവിതത്തിന്റെ ചരിത്രത്തിലേക്ക് ഉള്‍ച്ചേര്‍ക്കാറുണ്ട്. പല സിനിമാ പാട്ടുകളും വ്യക്തി ജീവിതത്തിലെ എതെങ്കിലുമൊക്കെ ഘട്ടങ്ങളുമായി ഒത്തുപോകുന്നുണ്ട്. സിനിമാപാട്ടുകളുടെ കാര്യത്തിൽ ഒരുപക്ഷെ അതിനോടോപ്പമാണ് നമ്മൾ വളരുന്നത്‌. അതുകൊണ്ട് തന്നെ 80-കളിലെ ഒരു പാട്ടിന്റെ ഓര്‍മ്മ ആ കാലഘട്ടത്തിലെ നമ്മുടെ ജീവിതത്തിന്റെ ഒരു 'സമകാലികത്വം’ ആയിരിക്കാം നമുക്ക് നല്കുന്നത്. ‘ഗൃഹാതുരത്വം’ എന്ന് വിളിക്കപ്പെടുന്ന സംഭവം ഒരു ആധുനിക ഇടപാടാണ്. ഈ പാട്ടുകളുടെ ഉള്ളിലടങ്ങിയിട്ടുള്ള ഒന്നല്ല ഇത്. പക്ഷെ വ്യക്തി ചരിത്രത്തോട് ഇടപെടുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒന്നാണ്. ഒരു പ്രത്യേക കാലത്തെ ടെക്നോളജിയും പാട്ടിന്റെ രചനാ (സംഗീതവും എഴുത്തും) ശീലങ്ങളും ആ പാട്ടിൽ ‘ഗൃഹാതുരത്വം’ കണ്ടെത്താനുള്ള സാധ്യത തരുന്നു. പലപ്പോഴും ആ കാലഘട്ടം ‘നഷ്ടപ്പെട്ടത്’ പാട്ടിന്റെ മുകളിലും ആരോപിക്കാറുണ്ട് നമ്മൾ. "അന്നത്തെ പാട്ടായിരുന്നു പാട്ട്" എന്നൊക്കെ പറയുന്നത് പാട്ടിനെ കുറിച്ച് മാത്രമല്ല നമ്മുടെ വ്യക്തി ജീവിതത്തെ കുറിച്ചുമാണ് എന്നാണ് ഞാൻ കരുതുന്നത്.ഭൂതകാലങ്ങളും ഭൂതകാല ശീലങ്ങളും പൂര്‍ണ്ണമായും ഇല്ലാതാകുന്നില്ല. ദീപേഷ് ചക്രബര്‍ത്തിയുടെ നിരീക്ഷണങ്ങളെ ഓർക്കുകകയാണെങ്കിൽ അനേകം കാലങ്ങൾ ഒരുമിച്ചു നിലനില്‍ക്കുന്നു എന്ന് കരുതാം. ആധുനികകാലം, വര്‍ത്തമാനം എന്നിവയുടെ ഒപ്പം മധ്യകാലവും തങ്ങി നിൽക്കാമെന്നും ആധുനികം എന്ന് നിര്‍വചിക്കപ്പെടുന്ന ശീലങ്ങളുടെയും വ്യവഹാരങ്ങളുടെയും അതിരായോ പരിധിയായോ അവ നിലനില്‍ക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. ആധുനികം, മതേതരം എന്ന് സ്വയം നിര്‍വചിക്കുമ്പോഴും മധ്യകാലം പ്രാചീനം എന്നിവയുടെ ശകലങ്ങളിലും നമ്മൾ ജീവിക്കുന്നു. ഇവ പാട്ടിന്റെ കാര്യത്തിലും ശരിയായിട്ടാണ് എനിക്ക് തോന്നുന്നത്.

ഒരു പക്ഷെ ഈ വ്യത്യസ്ഥ കാലങ്ങൾ ഒരുമിച്ചു നിലനിൽക്കുന്നതിന്‍റെയും അവയുടെ ശകലങ്ങളിൽ നമ്മൾ ജീവിക്കുന്നതിന്റെയും കാരണമായിരിക്കണം പഴയ പാട്ടുകൾ വീണ്ടും വീണ്ടും വര്‍ത്തമാന കേള്‍വിയിലേക്ക് കയറി വരുന്നത്. പഴയ പാട്ടുകളുടെ റീമിക്സുകളും "കാറ്റേ കാറ്റേ”പോലുള്ള പാട്ടുകൾ വീണ്ടും ഉണ്ടാവുന്നതും "ഭൂതകാലത്തിലും" "വര്‍ത്തമാനത്തിലും" നമ്മൾ ജീവിക്കുന്നത് കൊണ്ടാകാം. 2006 ൽ ഇറങ്ങിയ നോട്ടത്തിലെ "പച്ച പനന്തത്തെ" എന്ന ഗാനം അൻപതുകളിൽ പൊന്‍കുന്നം ദാമോദരൻ എഴുതിയ ഒരു ഗാനത്തിന്റെ പുതിയ പതിപ്പാണ്. യൂട്യൂബിൽ പച്ച പനന്തത്തെയുടെ അന്നത്തെ പതിപ്പ് അപ്ലോഡ് ചെയ്തിട്ടുള്ളത് "ഒറിജിനൽ സോംഗ്”എന്ന പേരിലാണ്.
ഇത് രണ്ടു പതിപ്പുകളാണെന്നും രണ്ടു "ഒറിജിനലുകളാണെന്നു"മായിരിക്കും ഞാൻ പറയുക. ഈ പാട്ടിനു വ്യത്യസ്ത ജീവിതങ്ങളുണ്ട്‌ എന്നത് കൊണ്ടാണത്. ഈ പാട്ടുമായി ബന്ധപെട്ട വിവാദങ്ങൾ ഉയര്‍ന്നത് ഒറിജിനലിനെ വികൃതമാക്കി എന്ന നിലയിലായിരുന്നു. ഒരു കുറ്റ കൃത്യം പോലെയാണ് അന്നത് ചര്‍ച്ചചെയ്യപ്പെട്ടത്. മിക്കവാറും റീമിക്സുകൾക്കെതിരെ "ഒറിജിനൽ" നശിപ്പിച്ചു എന്ന വാദം ഉയര്‍ത്തപ്പെടാറുണ്ട്. "ഒറിജിനൽ" എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈണം ആ പാട്ട് അന്ന് റിക്കോഡ് ചെയ്യപെട്ട ഒരു സാധ്യത മാത്രമാണ്. അത് പോലെ ഒരേ സമയം വര്‍ത്തമാനം/ഭൂതകാലം എന്നിവയിലും പരമ്പരാഗതം/ ആധുനികം എന്നിവയിലും അവയുടെ വിടവുകളിലും നമ്മൾ ജീവിക്കുന്നതിന്റെ തെളിവുകൾ ആണ് റീമിക്സുകൾ.
അഴിമുഖം പ്രസിദ്ധീകരിച്ച എ എസ് അജിത് കുമാറിന്‍റെ മുന്‍ ലേഖനങ്ങള്‍

വരികളും സംഗീതവും
ശങ്കരാഭരണത്തിന്റെ പേടികള്‍
പിന്നണി രഹസ്യങ്ങള്‍Next Story

Related Stories