TopTop
Begin typing your search above and press return to search.

പിന്നെയും പിന്നെയും 'ദുര്‍ബ്ബല'നാവുന്ന ശക്തന്‍...!

പിന്നെയും പിന്നെയും ദുര്‍ബ്ബലനാവുന്ന ശക്തന്‍...!

എന്‍.ശക്തന്‍ എന്ന പേരുപോലെ രാഷ്ട്രീയത്തില്‍ ശക്തിമാനാകണമെന്നാണ് ആഗ്രഹമെങ്കിലും കാര്യങ്ങള്‍ ഒട്ടും അനുകൂലമല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത് കേരള നിയമസഭയുടെ സ്പീക്കറാണ്. ഒരു സ്പീക്കര്‍ക്ക് എന്താണ് ജോലി? ഒരാണ്ടിലെ 365 ദിവസത്തില്‍ നിയമസഭ സമ്മേളിക്കുന്ന അമ്പതോളം ദിവസം അദ്ധ്യക്ഷ വേദിയില്‍ ഇരിക്കണം. ഇതില്‍തന്നെ ബഡ്ജറ്റ്, നയപ്രഖ്യാപനം എന്നിവയൊക്കെ വരുമ്പോള്‍ സ്പീക്കര്‍ക്ക് വലിയ പങ്കൊന്നും ഇല്ല. നയപ്രഖ്യാപനം അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ നിയമസഭയിലെത്തുമ്പോള്‍ പുറത്തുകാത്തുനിന്ന് സ്വീകരിച്ച് അദ്ധ്യക്ഷവേദിയിലിരുത്തേണ്ട ചുമതലയും സ്പീക്കര്‍ക്കാണ്.

കെ.എം.മാണിയെപ്പോലെ ഒരു ധനകാര്യ വിദഗ്ദന്‍ ഉണ്ടായിരുന്നതിനാല്‍ കഴിഞ്ഞ സമ്മേളനത്തില്‍ സ്പീക്കറും ചരിത്രത്തിന്റെ ഭാഗമായി! ആദ്യമായാണ് ഒരു നിയമസഭാ സ്പീക്കര്‍ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ആംഗ്യത്തിലൂടെ അനുമതി നല്‍കിയത്! സാധാരണഗതിയില്‍ അദ്ധ്യക്ഷവേദിയിലേക്ക് സ്പീക്കര്‍ വരുന്നതിന് മുമ്പ് മാര്‍ഷല്‍ വന്ന് മൈക്കിലൂടെ ആദരണീയനായ സ്പീക്കര്‍ വരുന്ന വിവരം ബഹുമാനപ്പെട്ട അംഗങ്ങളെ ഇംഗ്‌ളീഷില്‍ മൈക്കിലൂടെ അറിയിക്കും. അതുകേള്‍ക്കുന്ന അംഗങ്ങള്‍ എഴുന്നേറ്റുനില്‍ക്കുകയും അദ്ധ്യക്ഷവേദിയിലേക്ക് ആഗതനാവുന്ന സ്പീക്കറെ വണങ്ങുകയും അദ്ദേഹം പ്രത്യഭിവാദ്യം ചെയ്യുകയും ആണ് അടുത്ത നടപടി. തുടര്‍ന്ന് കാര്യപരിപാടിയുടെ ആദ്യ ഇനത്തിലേക്ക് കടക്കും. ബഡ്ജറ്റ് ദിവസമാണെങ്കില്‍ അജണ്ടയില്‍ ആ ഒറ്റ കാര്യപരിപാടി മാത്രമേ ഉണ്ടായിരിക്കൂ. അതിനായി സ്പീക്കര്‍ ധനമന്ത്രിയെ ക്ഷണിക്കും. ബഡ്ജറ്റ് അവതരിപ്പിച്ചു കഴിഞ്ഞശേഷം അതിന്റെ കോപ്പികളും രേഖകളും മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് അപ്പോള്‍ വിതരണം ചെയ്യുമെന്നും എം.എല്‍.എമാര്‍ക്ക് അവരുടെ ഹോസ്റ്റല്‍ മുറികളിലെത്തിക്കുമെന്നും അറിയിച്ചു കഴിഞ്ഞാല്‍ 'സഭ ഇപ്പോള്‍ പിരിയുന്നതും തിങ്കളാഴ്ച (ബഡ്ജറ്റ് പതിവായി വെള്ളിയാഴ്ചകളിലാണ് അവതരിപ്പിക്കുക.ശനി,ഞായര്‍ ദിവസങ്ങളില്‍ സഭ സമ്മേളിക്കാറില്ലല്ലോ) രാവിലെ വീണ്ടും സമ്മേളിക്കുന്നതുമായിരിക്കും' എന്നും മൈക്കിലൂടെ പ്രഖ്യാപിച്ചശേഷം എഴുന്നേറ്റ് ഒരിക്കല്‍കൂടി സഭയെ വണങ്ങി തിരികെ പോവും. ഇത്രയും നടപടിക്രമങ്ങളിരിക്കവെയാണ് സ്പീക്കര്‍ ശക്തന്‍ ഏതോ ഊടുവഴിയിലൂടെ അകത്തുവന്ന് ആംഗ്യഭാഷയിലൂടെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ അനുമതി നല്‍കി എന്ന് പ്രഖ്യാപിച്ച് സ്വയം അപഹാസ്യനാകേണ്ട യോഗമുണ്ടായത്!

ജി.കാര്‍ത്തികേയന്‍ അഭിജാതമായ പെരുമാറ്റംകൊണ്ട് നിയമസഭയുടെ മൊത്തം ആദരവ് നേടിയ സ്പീക്കറായിരുന്നു. ആദ്യ സ്പീക്കര്‍ ആര്‍. ശങ്കരനാരായണന്‍ തമ്പി മുതല്‍ ജി.കാര്‍ത്തികേയന്‍വരെയുള്ളവരില്‍ മിക്കവരും എല്ലാ സാമാജികരുമായും നല്ല ബന്ധം പുലര്‍ത്തി. കാസ്റ്റിംഗ് വോട്ടിലൂടെ എ.സി.ജോസ് വിവാദപുരുഷനായതൊഴിച്ചാല്‍ സ്പീക്കര്‍മാര്‍ സംഘര്‍ഷമുണ്ടാവുമ്പോള്‍ പോലും മിതത്ത്വം പാലിച്ചിരുന്നു. എന്നാല്‍ ശക്തന്‍ തുടക്കം മുതലേ കോണ്‍ഗ്രസ് സാമാജികന്‍ എന്ന നിലയില്‍ സ്പീക്കര്‍ പദവിയിലിരുന്നതാണ് അദ്ദേഹം ഇതിനകം പലതവണ അപഹാസ്യനാകാന്‍ കാരണമായത്.നിയമസഭാ ചട്ടങ്ങള്‍ ഉദ്യോഗസ്ഥരും ചിലപ്പോള്‍ മന്ത്രിമാര്‍തന്നെയും മറികടക്കുമ്പോള്‍ സ്പീക്കര്‍മാര്‍ രംഗത്ത് വരാറുണ്ട്. നിയമസഭാ ഉദ്യോഗസ്ഥ ഗ്യാലറികള്‍ പലപ്പോഴും ശൂന്യമാകുന്ന ഘട്ടത്തില്‍ സ്പീക്കറാണ് നിശിതമായി ഇടപെടുന്നത്. കെ.കരുണാകരന്‍ മുഖ്യമന്ത്രിയും വി.എം.സുധീരന്‍ സ്പീക്കറും ആയിരുന്ന കാലയളവില്‍ നിയമസഭാ ചട്ടങ്ങള്‍ മുറുകെ പിടിക്കാന്‍ സുധീരന്‍ മുന്നിലായിരുന്നു. ഇതാണ് അക്കാലത്ത് നിയമസഭയില്‍ സ്പീക്കറും മുഖ്യമന്ത്രിയും തമ്മിലുള്ള ഉരസലുകള്‍ക്ക് വഴിവച്ചത്. അതുകൊണ്ടുതന്നെ പിന്നീട് കരുണാകരന്‍ മന്ത്രിസഭകളില്‍നിന്ന് സുധീകരന് ഒഴിഞ്ഞു നില്‍ക്കേണ്ടിവന്നു.

അന്ന് നിയമസഭാ ചട്ടങ്ങള്‍ക്കു വേണ്ടി സ്പീക്കറായിരുന്ന സുധീരന്‍ മുന്‍കൈ എടുത്തെങ്കില്‍ കഴിഞ്ഞ ദിവസം ആ ചട്ടങ്ങള്‍ ലംഘിച്ച് സര്‍ക്കാരിനുവേണ്ടി അംഗങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാനാണ് എന്‍.ശക്തന്‍ എന്ന സ്പീക്കര്‍ ശ്രമിച്ചത്. സാധാരണ ഇത്തരം അവസ്ഥകളില്‍ അംഗങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന മുറവിളി ഉയര്‍ത്തുന്നത് പ്രതിപക്ഷമാണ്. എന്നാല്‍, അപ്പോള്‍ അവിടെയുണ്ടായിരുന്ന പ്രതിപക്ഷാംഗങ്ങളാകട്ടെ സര്‍ക്കാരിനുവേണ്ടി സഹകരിച്ച് തങ്ങള്‍ അധികാരത്തിലുള്ളവരുടെ 'ബി' ടീമാണെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു.വിമാനത്താവളത്തില്‍ മന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തുന്നതിന് നിയമസഭയില്‍ എം.എല്‍.എമാര്‍ അവരുടെ നിയമനിര്‍മ്മാണവേളയിലെ പ്രസംഗം ചുരുക്കണമെന്ന് പറയാന്‍ സാധാരണഗതിയില്‍ സഭാനടപടിക്രമങ്ങളില്‍ അല്പമെങ്കിലും പ്രാവീണ്യമുള്ള ഒരു സ്പീക്കറും ഇടപെടില്ല. അംഗങ്ങളുടെ അവകാശങ്ങളുടെ ആരാച്ചാരായി ഭാവികാലം വിലയിരുത്താനിടയുണ്ട് എന്നതുതന്നെ കാരണം.

പ്രവാസി ക്ഷേമ ബില്‍ പരിഗണിക്കുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൈക്കൂലി കൊടുക്കാത്തതിന്റെ പേരില്‍ പ്രവാസി പീഡിപ്പിക്കപ്പെട്ടതിനെപ്പറ്റി മുസ്ലിംലീഗ് അംഗമായ എന്‍.എ.നെല്ലിക്കുന്ന് വിശദീകരിക്കുമ്പോള്‍ അസഹിഷ്ണുതയോടെ സ്പീക്കര്‍ പലതവണ ഇടപെട്ടു. ഇത് പലര്‍ക്കും അരോചകമായി. പ്രതിപക്ഷമായിരുന്നു ഇടപെടേണ്ടിയിരുന്നത്. പ്രതിപക്ഷനേതാവും സി.പി.എം സംസ്ഥാന സെക്രട്ടറിയും അപ്പോള്‍ ഇല്ലാത്തതിനാലാണോ ആവോ അവര്‍ മിണ്ടാതിരുന്നതേയുള്ളൂ. സ്പീക്കറുടെ ഇടപെടല്‍ പിന്നെയും ഉണ്ടായതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അതിനെ ചോദ്യം ചെയ്തു.

'ദോശ ചുട്ടെടുക്കുന്നതുപോലയാണോ ബില്‍ പാസാക്കേണ്ടത്? ഇവിടെ എന്നും നിയമനിര്‍മ്മാണം നടക്കുന്നില്ലല്ലോ. അതില്‍ പങ്കെടുക്കുമ്പോള്‍ അംഗങ്ങളെ ഇങ്ങനെ നിയന്ത്രിക്കരുത്.' ചെന്നിത്തല ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയെ കാണുന്നതിനുവേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നായിരുന്നു സ്പീക്കറുടെ വാദം.

'ബില്‍ ഇന്നുതന്നെ പാസാക്കിയേ തീരൂ എന്നുണ്ടോ? ചര്‍ച്ച നാളത്തേക്ക് മാറ്റണം'. ചെന്നിത്തല വിട്ടുകൊടുത്തില്ല.

ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ അന്നുതന്നെ എന്‍.ശക്തന്‍ ശ്രമിച്ചിരുന്നു. മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍ സ്വന്തം പാര്‍ട്ടിയിലെ അംഗത്തിന്റെ അഭാവത്തില്‍ അടുത്തിരുന്ന സഖാവിനോട് വര്‍ത്തമാനം പറയാന്‍ ഇരുന്നപ്പോള്‍ അതിനെ സ്പീക്കര്‍ വിമര്‍ശിച്ചു. രാധാകൃഷ്ണന്‍ മാന്യനായതിനാല്‍ മിണ്ടിയില്ല. ഒരു പദവി ഒരാളെ എങ്ങനെയൊക്കെ മാറ്റും എന്നാണ് ശക്തന്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നത്. ചെരുപ്പിടീപ്പിക്കാന്‍ ജീവനക്കാരനെ ഉപയോഗിച്ചതിന് അസുഖമൊക്കെ പറഞ്ഞ് ന്യായീകരിച്ച ശക്തന്റെ ഇടപെടലുകള്‍ കാര്‍ത്തികേയന്റേതുപോലെ പരസ്പരബഹുമാനത്തിലധിഷ്ഠിതമായ ഒന്നല്ല. സ്പീക്കര്‍ എന്ന പദവി ആകാശത്തുനിന്ന് പൊട്ടി വീണു എന്നുകരുതിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന് സ്പീക്കറുടെ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തേണ്ടി വന്നത്. കേരള നിയമസഭയുടെ ചരിത്രത്തില്‍ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല.സോളാര്‍ കമ്മിഷനെ ആഭ്യന്തരമന്ത്രി വിമര്‍ശിച്ചതുമൂലമുള്ള പ്രശ്‌നങ്ങളാണ് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസില്‍ ഉന്നയിച്ചത്. അത് പരിഗണിക്കാന്‍ പറ്റില്ല , പകരം ആദ്യ സബ്മിഷന്‍ ആവാമെന്ന സ്പീക്കറുടെ തീരുമാനം പ്രതിപക്ഷം അംഗീകരിച്ചില്ല. കുഴപ്പം പിടിച്ച അവസരങ്ങളെ തന്ത്രപൂര്‍വ്വം മറികടന്ന് എങ്ങനെയും സഭ നടത്തിക്കാനാണ് സ്പീക്കര്‍മാര്‍ ശ്രമിച്ചിരുന്നത്. എന്നാല്‍, ഒരു ഇറങ്ങിപ്പോക്കിനുശേഷം വൈകിവരെ സഭ സുഗമമായി സമ്മേളിക്കുമായിരുന്നതാണ് സ്പീക്കര്‍ ഇടപെട്ട് ഇല്ലാതാക്കിയത്!

അങ്ങനെ പ്രതിപക്ഷത്തുനിന്നുമാത്രമല്ല, അതിനു തൊട്ടടുത്ത ദിവസം ഭരണപക്ഷത്തുനിന്നും ' കൊട്ടു' കിട്ടിയതോടെ ശക്തന്‍ വീണ്ടും 'ദുര്‍ബലനാ'യി. അതുമറികടക്കാനാണ് ഓഫീസിലെത്തിയിട്ടും നിയമസഭാ അദ്ധ്യക്ഷവേദിയിലെത്താതെ ശക്തന്‍ പ്രതിഷേധിച്ചത്. അതുകൊണ്ടെന്ത് സംഭവിച്ചു? ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവിക്ക് ശക്തനെക്കാള്‍ നന്നായി നിയമസഭ നിയന്ത്രിക്കാനാവുന്നുണ്ടല്ലോ എന്ന തോന്നല്‍ അംഗങ്ങളിലുണ്ടാവുന്നതിന് ആ പ്രതിഷേധം കാരണമായി. ചെന്നിത്തല ഫോണില്‍ വിളിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് വഴങ്ങി എന്നാണ് 'സ്പീക്കറോടടുത്ത കേന്ദ്രങ്ങള്‍' ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്! നിയമസഭയില്‍ ഉണ്ടായിട്ടും ചെന്നിത്തല സ്പീക്കറുടെ ഓഫീസില്‍പോയി കാണാന്‍പോലും തയ്യാറായില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് 'ആഭ്യന്തരമന്ത്രിയോടടുത്ത കേന്ദ്രങ്ങള്‍' പറയുന്നു. അപ്പോള്‍, സമരം എങ്ങനെയാണ് വിജയിച്ചത്? ഒരു ടെലിഫോണില്‍ തീരുന്നതേ ഉണ്ടായിരുന്നുള്ളൂ എങ്കില്‍ രാവിലെ അത് തീര്‍ത്താല്‍ പോരായിരുന്നോ? സ്പീക്കര്‍ പദവിയില്‍ ഇതിനുമുമ്പ് ഇരുന്നവരെ ദയവുചെയ്ത് കൂടുതല്‍ നാറ്റിക്കരുത്.

ഒടുവില്‍ - പിന്നെ, ഇതില്‍ അല്പം 'ഗ്രൂപ്പുകഥ'യും കാണാതിരിക്കാനാവില്ല. ലീഡറുടെ ആശ്രിതനായിരുന്ന ശക്തന്‍ ഇപ്പോള്‍ 'എ' യോടൊപ്പമാണ്. വിശാല 'ഐ'യുമായി നടക്കുന്ന ചെന്നിത്തലയോട് ശക്തന് അത്രയ്ക്ക് മമതയില്ല. അതിന് സന്ദര്‍ഭം കിട്ടിയപ്പോള്‍ ചെന്നിത്തലയും ശക്തനെ ദുര്‍ബലനാക്കി എന്നേയുള്ളൂവെന്ന് വിശ്വസിക്കുന്നവരും കുറവല്ല!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories