Top

പീതാംബരന്‍: ഗള്‍ഫുകാരന്‍, കരാറുകാരന്‍, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം, ഇരട്ടക്കൊലക്കേസിലെ പ്രതി; പരമ്പര-ഭാഗം 1

പീതാംബരന്‍: ഗള്‍ഫുകാരന്‍, കരാറുകാരന്‍, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം, ഇരട്ടക്കൊലക്കേസിലെ പ്രതി; പരമ്പര-ഭാഗം 1
ഈ പരമ്പര കേരളത്തിലെ രാഷ്ട്രീയ അധോലോകങ്ങളിലൂടെ നടത്തുന്ന ഒരു യാത്രയാണ്. അറിയാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കാത്ത കേരളത്തെ കുറിച്ചുള്ള കഥയാണിത്. നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതുവരെ പറയാന്‍ തയ്യാറാകാതിരുന്ന കഥ. നമ്മുടെ പരമ്പരാഗത മാധ്യമങ്ങളും ഇതുവരെ വ്യക്തതയോടെ പറയാന്‍ കൂട്ടാക്കാതിരുന്ന കഥ. കേരളത്തിന്റെ പുകള്‍പ്പെറ്റ ജനാധിപത്യനേട്ടങ്ങളെ നിര്‍വീര്യമാക്കുന്ന കഥകള്‍ കൂടിയാണിത്. ഇത് അക്രമങ്ങളെക്കുറിച്ചാണ്, രക്തപങ്കിലവും അസ്വസ്ഥതപ്പെടുത്തുന്നതുമാണവ. എന്നിരിക്കില്‍ പോലും, ഇത് തീര്‍ച്ചയായും പറയേണ്ട കാര്യങ്ങള്‍.


ഭാഗം 1 - കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകവും പീതാംബരന്‍ എന്ന ലോക്കല്‍ നേതാവും

തീര്‍ത്തും സാധാരണമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന, രണ്ട് രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്ഥാനമുറപ്പിക്കാനായുള്ള ശ്രമങ്ങള്‍ നടത്തുന്ന, ഇരുചേരികളും അടിക്കും തിരിച്ചടിക്കും നേതൃത്വം കൊടുക്കുന്ന മറ്റേതൊരു ഗ്രാമീണ പ്രദേശത്തെയും പോലെയായിരുന്നു പ്രദേശവാസികള്‍ക്ക് ഈയടുത്ത കാലം വരെ കാസര്‍കോട്ടെ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തും. നാട്ടിലെ പ്രാദേശിക സംഘടനകളുടെയും ക്ലബ്ബുകളുടെയും പേരിലുള്ള തര്‍ക്കങ്ങള്‍ രാഷ്ട്രീയത്തര്‍ക്കങ്ങളായി മാറിയിരുന്ന പുല്ലൂര്‍ പെരിയയിലെ കല്ല്യോട്ട് കോണ്‍ഗ്രസും സിപിഎമ്മും നടത്തിപ്പോന്നിരുന്ന ബലാബലത്തിന്റെ അവസാനഘട്ടത്തില്‍ കൊലപാതകങ്ങള്‍ വരെയുണ്ടായേക്കാം എന്ന് ഇവിടത്തുകാര്‍ പക്ഷേ, കരുതിയിരുന്നില്ല. പെരിയ ഇരട്ടക്കൊലപാതകം ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍, കല്ല്യോട്ടുകാര്‍ക്കും കേരളത്തിനുമാകെ സംസാരിക്കാനുള്ളത് ഒരേയൊരാളെക്കുറിച്ചാണ്. സിപി ലോക്കല്‍ കമ്മറ്റിയംഗമായിരുന്ന പീതാംബരന്‍ എന്ന ഒറ്റ വ്യക്തിയിലേക്ക് വിരല്‍ചൂണ്ടുമ്പോള്‍ത്തന്നെ, കേരളത്തിന്റെ സമകാലിക രാഷ്ട്രീയസാഹചര്യങ്ങളിലേക്കു കൂടിയുള്ള എത്തിനോട്ടമാവുകയാണത്.

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ആദ്യകാലം, ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കിയിരുന്ന ഒരു കാലഘട്ടം, തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി കെട്ടിടനിര്‍മാണ മേഖലയില്‍ കരാര്‍ തൊഴിലാളിയായി വളര്‍ന്ന മറ്റൊരു ഘട്ടം. പീതാംബരന്‍ എന്ന വ്യക്തി കടന്നുപോന്ന നാള്‍വഴികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രദേശവാസികള്‍ക്ക് ഏറെയുണ്ട് പറയാന്‍. ഇരട്ടക്കൊലപാതകക്കേസില്‍ പീതാംബരനോടൊപ്പം അറസ്റ്റു ചെയ്യപ്പെട്ട സജി ജോര്‍ജ് അടക്കമുള്ള നാലോ അഞ്ചോ പേരടങ്ങുന്ന ഒരു സംഘം കല്ല്യോട്ടെ എല്ലാ രാഷ്ട്രീയപ്രശ്‌നങ്ങള്‍ക്കും പിന്നിലെ സാന്നിധ്യമായിരുന്നതിന്റെ കഥകളും ധാരാളമുണ്ട്. വിദേശത്തെ ജോലിക്കു ശേഷം നാട്ടിലെത്തിയ പീതാംബരന്‍ എങ്ങിനെയാണ് പാര്‍ട്ടി അറിഞ്ഞോ അറിയാതെയോ കല്ല്യോട്ട് ഒരു സമാന്തര സംഘത്തിന്റെ തലവനായത് എന്നതിനെക്കുറിച്ചുമാത്രം ആര്‍ക്കും വ്യക്തമായ ധാരണയില്ല. എന്നാല്‍ ഒന്നുണ്ട്- ഭൂരിഭാഗം സിപിഎം പ്രവര്‍ത്തകര്‍ക്കും അലോസരം സൃഷ്ടിച്ചിരുന്നത്ര തീവ്രമായ നിലപാടുകള്‍ എടുക്കുകയും, എടുത്തുചാട്ടത്തിലൂടെയും കയ്യൂക്കിലൂടെയും പാര്‍ട്ടിയെ വളര്‍ത്താനും പ്രദേശത്ത് അപ്രമാദിത്വം സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള പീതാംബരന്റെ രീതികള്‍ കേരളത്തിന് ഒട്ടും പുതിയതല്ല. രാഷ്ട്രീയപ്പാര്‍ട്ടികളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അക്രമിസംഘങ്ങളുടെ നീണ്ട ലിസ്റ്റിലെ ഒരു പേരു മാത്രമാണ് കല്ല്യോട്ടെ പീതാംബരന്റേത് എന്നതാണ് വാസ്തവം.സംഘടനാപരമായ കഴിവുകളൊന്നുമില്ലാതിരുന്ന പീതാംബരന്‍ കല്ല്യോട്ടെ പാര്‍ട്ടി പ്രമുഖനായത് ഇതേ സംഘത്തിന്റെ പിന്‍ബലം കൊണ്ടും 'വെട്ടൊന്ന് മുറി രണ്ട്' എന്ന ഒത്തുതീര്‍പ്പുകളില്ലാത്ത സ്വഭാവരീതികൊണ്ടുമാണെന്നാണ് പ്രദേശവാസികളുടെ പക്ഷം. പാര്‍ട്ടിയ്ക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായയാളായും, പാര്‍ട്ടിയിലെ അധികാരത്തെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നയാളായുമെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പീതാംബരനെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, എതിര്‍കക്ഷികള്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനങ്ങളിലൊന്ന് പീതാംബരന്റെ മറ്റു ബന്ധങ്ങളാണ്. കെട്ടിടനിര്‍മാണ മേഖലയില്‍ കരാറുകള്‍ ഏറ്റെടുത്തു ചെയ്യുന്ന പീതാംബരന് മണ്ണും മണലും കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന ആരോപണമാണ് അത്തരത്തിലൊന്ന്. സാമ്പത്തികമായി മെച്ചപ്പെട്ട സ്ഥിതിയിലുള്ള പീതാംബരന്റെ നേട്ടങ്ങള്‍ക്കു കാരണം ഇത്തരം മണ്ണു മാഫിയ സംഘങ്ങളുമായുള്ള ബന്ധമാണെന്നും, ഒരേ സമയം പാര്‍ട്ടിയുടെ പ്രശ്‌നങ്ങളിലും മാഫിയകളുമായി ബന്ധപ്പെട്ട ബിസിനസ് തര്‍ക്കങ്ങളിലും ഇടപെട്ടിരുന്ന എന്തിനും പോന്ന സംഘമാണ് പീതാംബരന് ഉണ്ടായിരുന്നതെന്നുമാണ് എതിര്‍വിഭാഗത്തിന്റെ ആക്ഷേപം.

കല്ല്യോട്ട് പാര്‍ട്ടിക്ക് അഡ്രസ്സുണ്ടാക്കാനുള്ള ശ്രമത്തിന് വിലങ്ങുതടിയായി നിന്നിരുന്ന ശരത്തിനെ ലക്ഷ്യം വച്ചു കൊലപ്പെടുത്താനുള്ള കാരണവും ആക്രമിച്ചു വരുതിയ്ക്കാക്കുന്ന പീതാംബരന്റെ രീതിയുടെ തുടര്‍ച്ചയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വാദ്യകലാസംഘമെന്ന പേരില്‍ പഞ്ചാരിമേളവും മറ്റും പരിശീലിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സംഘടനയുടെ പ്രവര്‍ത്തനം ശരത്തിന്റെ നേതൃത്വത്തില്‍ സജീവമായതോടെ കല്ല്യോട്ടുള്ള ചെറുപ്പക്കാരില്‍ നല്ലൊരു ശതമാനവും അതിന്റെ ഭാഗമായിരുന്നു. ശരത്തുമായുള്ള ചങ്ങാത്തവും സമ്പര്‍ക്കവും വഴി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശക്തമായൊരു നിര അവിടെ രൂപീകരിക്കപ്പെട്ടതോടെ, ശരത്തിനെ ഇല്ലാതാക്കിയാല്‍ ആ സംഘത്തെത്തന്നെ ഇല്ലാതെയാക്കാം എന്ന് പീതാംബരന്‍ കണക്കുകൂട്ടിയിരുന്നുവെന്നാണ് ശരത്തിന്റെ അച്ഛനടക്കമുള്ളവര്‍ ആരോപിക്കുന്നത്. കുറച്ചധികം കാലമായി തുടര്‍ന്നു പോന്നിരുന്ന പദ്ധതികളുടെ ഭാഗമായി നടന്ന നരഹത്യയാണ് കല്ല്യോട്ട് ഉണ്ടായത് എന്ന് സംശയിക്കാനും നാട്ടുകാര്‍ക്ക് കാരണങ്ങളുണ്ട്.

"ഇവിടെയുള്ള ചെറുപ്പക്കാരെയെല്ലാം സംഘടിപ്പിച്ച്, അവര്‍ക്കൊപ്പം എല്ലാ കാര്യത്തിലും ഇടപെട്ടിരുന്നു ശരത്ത്. അവന്റെ ഇടപെടല്‍ കൊണ്ട് അമ്പതോളം ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മ ഉണ്ടായി. സ്വാഭാവികമായി അവരെല്ലാം ശരത്തിന്റെ രാഷ്ട്രീയം തന്നെ പിന്‍പറ്റി. ഇതില്‍ എതിരാളികള്‍ വിളറിപൂണ്ടു. അങ്ങനെയവര്‍ ശരത്തിനെ ലക്ഷ്യമിട്ടു. പീതാംബരനെ ആക്രമിച്ച വിഷയമൊന്നുമല്ല. സത്യത്തില്‍ ഈ പുതിയ സംഘത്തിന്റെ കടയ്ക്കല്‍ത്തന്നെ കത്തിവയ്ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിനു വേണ്ടി കരുതിക്കൂട്ടിത്തന്നെ ആസൂത്രണം ചെയ്തതാണ്"
; ശരത്തിന്റെ അച്ഛന്‍ സത്യനടക്കം പ്രദേശത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കഴിഞ്ഞ ദിവസങ്ങളില്‍ ഒട്ടേറെത്തവണ പറഞ്ഞുകഴിഞ്ഞ വാക്കുകളാണിത്.

പീതാംബരനും സജിക്കും ശരത്തിനോടുള്ള ശത്രുത ആരംഭിക്കുന്നത് അഞ്ചോ ആറോ മാസങ്ങള്‍ക്കു മുന്‍പാണ്. കല്ല്യോട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എംഎല്‍എ ഫണ്ടുപയോഗിച്ച് പുതിയ കെട്ടിടം നിലവില്‍ വന്നതുമായി ബന്ധപ്പെട്ടാണ് ആദ്യത്തെ പ്രശ്‌നം. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമഫലമായാണ് കെട്ടിടം വന്നതെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. പുതിയ കെട്ടിടമെത്തുന്നതിന് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ട് സിപിഎം പ്രവര്‍ത്തകര്‍ ഒരു ഫ്ലക്സും വച്ചിരുന്നു. ഈ ഫ്ലക്‌സ് രാത്രിയില്‍ ആരോ എടുത്തുമാറ്റി. യൂത്ത് കോണ്‍ഗ്രസുകാരാണ് പിന്നിലെന്ന് ആരോപിച്ച് പീതാംബരനും സംഘവും വാദ്യകലാസംഘത്തിന്റെ കെട്ടിടത്തിന് തീയിട്ടു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കിടെ ശരത്തുള്‍പ്പടെയുള്ളവര്‍ സിപിഎം പാര്‍ട്ടി ഓഫീസിനു കല്ലെറിഞ്ഞു. അന്ന് ശരത്തിന്റെ കൈവെട്ടാനടക്കമുള്ള ആഹ്വാനങ്ങള്‍ പാര്‍ട്ടി നേതൃനിരയില്‍ നിന്നു തന്നെ പരസ്യമായി ഉണ്ടായിരുന്നുവെന്നും കല്ല്യോട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇങ്ങനെ ശരത്തുമായി ഉണ്ടായിരുന്ന വൈരാഗ്യമാണ് ശബരിമല പ്രശ്‌നത്തിന്റെ പ്രതിഷേധ പ്രകടനവും മുന്നാട് പീപ്പിള്‍സ് കോളേജിലെ വിദ്യാര്‍ത്ഥികളുമായുള്ള സംഘര്‍ഷവും വഴി കനക്കുന്നത്. പ്രതിഷേധ പ്രകടനത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിയെ മൂന്നു ദിവസം തുടര്‍ച്ചയായി മര്‍ദ്ദിച്ച പീപ്പിള്‍സ് കോളേജിലെ എസ്എഫ്‌ഐക്കാരോട് ചോദിക്കാന്‍ ചെന്ന ശരത്തടങ്ങുന്ന യൂത്ത് കോണ്‍ഗ്രസിന്റെ സംഘം, സ്ഥലത്തെത്തിയ പീതാംബരനുമായി സംഘട്ടനത്തിലേര്‍പ്പെടുകയും തുടര്‍ന്ന് പീതാംബരന് പരിക്കേല്‍ക്കുകയുമായിരുന്നു. ശരത്ത് പ്രതിപ്പട്ടികയിലുള്‍പ്പെട്ടു, റിമാന്‍ഡിലായി. സ്ഥലത്തില്ലാത്ത കൃപേഷടക്കം എല്ലാ പ്രധാന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമമുണ്ടായി. അന്വേഷണത്തില്‍ കൃപേഷ് സ്ഥലത്തില്ലായിരുന്നുവെന്ന് തെളിഞ്ഞതോടെ കേസില്‍ ഉള്‍പ്പെടാതെ പോയി. കേസില്‍ റിമാന്‍ഡിലായതിനു പിന്നാലെ ശരത്തിനെതിരേയുള്ള വധ ഭീഷണി പ്രദേശത്തെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ വന്നു. സ്ഥലം എംഎല്‍എ അടക്കമുള്ളവരോട് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കള്‍ ഒത്തുതീര്‍പ്പിനു ശ്രമിക്കുകയും നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും ചെയ്തു. ഫലമുണ്ടായില്ല. ശരത്ത് തനിക്കെതിരേയുള്ള വധഭീഷണി ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി കൊടുത്തു. പക്ഷേ, തീരുമാനിച്ചുറപ്പിച്ച പോലെ ശരത്തിനെയും കൂട്ടത്തില്‍ കൃപേഷിനെയും കൊലപ്പെടുത്തി.

"ഗുണ്ടാ സ്‌റ്റൈലിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു അയാളുടേത്. വഴങ്ങാത്തവരെ നേരിടും, എന്നിട്ട് അയാളുടേയും പാര്‍ട്ടിയുടേയും വരുതിയിലെത്തിക്കും. ഏതു പ്രശ്‌നത്തിനും ഭീകരത സൃഷ്ടിച്ചുകൊണ്ടേ പരിഹാരം കാണാറുള്ളൂ. കല്ല്യോട്ട് ഉള്ളവരില്‍ മിക്കപേരും ഒരേ സമുദായത്തില്‍പ്പെട്ടവരും ബന്ധുക്കളുമൊക്കെയാണ്. അതുകൊണ്ടു തന്നെ, ഏതു പാര്‍ട്ടിക്കാരായാലും എല്ലാ പ്രശ്‌നങ്ങളും സംസാരിച്ചു തീര്‍ക്കാനേ എല്ലാവരും ശ്രമിക്കാറുള്ളൂ. പീതാംബരന്റെ വഴി അതായിരുന്നില്ല. ഒപ്പം നല്ല ടീമൊക്കെയുണ്ട്. അതിപ്പോള്‍ പാര്‍ട്ടിയ്ക്കകത്തും ഇയാള്‍ അങ്ങനെ തന്നെയാണ്. കൂടെയുള്ള പാര്‍ട്ടിപ്രവര്‍ത്തകരുടെ വാക്കുകളൊന്നും കേള്‍ക്കില്ല. നേതൃത്വവുമായി മാത്രമാണ് സംസാരമൊക്കെ. പാര്‍ട്ടിയ്ക്കകത്ത് ഇയാള്‍ പറയുന്നതിനപ്പുറം മറ്റാരുമില്ല എന്ന അവസ്ഥയാണ്. സിപിഎമ്മിനാണെങ്കില്‍, പെരിയയിലേക്കുള്ള എന്‍ട്രിക്ക് പീതാംബരനെപ്പോലൊരാളെ ആവശ്യമായിരുന്നു താനും. കൊല്ലപ്പെട്ട ശരത്തും പീതാംബരനും അകന്ന ബന്ധുക്കളാണ്. അതു പോലും കണക്കിലെടുക്കാതെ വെട്ടിക്കൊല്ലാന്‍ കാണിച്ച ധൈര്യമുണ്ടല്ലോ. അതിലുണ്ട് അയാളുടെ സ്വഭാവത്തിന്റെ എല്ലാ ഗുണങ്ങളും", കൊല്ലപ്പെട്ട
 ശരത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസുകാരന്റെ വാക്കുകളാണ്.പീതാംബരനെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെങ്കിലും തെറ്റാണെങ്കിലും, കേരളത്തില്‍ ഏകദേശം എല്ലായിടങ്ങളിലും തന്നെ നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയിലേക്കുള്ള ചൂണ്ടുപലകയാണിത്. ഒരേ സമയം പാര്‍ട്ടിയുമായും മാഫിയകളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അക്രമിസംഘങ്ങള്‍ കാസര്‍കോട്-കണ്ണൂര്‍ മേഖലയില്‍ ഒരു പുതിയ പ്രതിഭാസമല്ല.

ക്വാറികളില്‍ തഴയ്ക്കുന്ന കാസര്‍കോട്ടെ അക്രമി സംഘങ്ങള്‍


സിപിഎം, ബിജെപി, കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എന്നിങ്ങനെയുള്ള വ്യത്യാസങ്ങളൊന്നുമില്ലാതെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സില്‍ബന്തികളായ ഇത്തരം സംഘങ്ങള്‍ ഇവിടങ്ങളിലെല്ലാം സജീവമാണ്. മണല്‍ മാഫിയയും ക്വാറി മാഫിയയും മുതലിങ്ങോട്ട് കുഴല്‍പ്പണവും കള്ളക്കടത്തും വരെയുള്ള പ്രമാണിമാര്‍ മിക്കപ്പോഴും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും വേണ്ടപ്പെട്ടവരാണെന്നത് എടുത്തുപറയേണ്ടാത്തത്ര വ്യക്തമായ കാര്യമാണ്. എന്നാല്‍, രാഷ്ട്രീയ നേതാക്കള്‍ തന്നെ ഇത്തരം സമാന്തരസംഘങ്ങളുടെ നേതാക്കളാകുന്നതും, ചിലപ്പോഴൊക്കെ ഇത്തരം സംഘങ്ങളില്‍ പേരെടുത്തിട്ടുള്ളവര്‍ പതിയെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രമുഖരായിത്തീരുന്നതും ഇതേ കൊടുക്കല്‍-വാങ്ങല്‍ പ്രക്രിയയുടെ ഭാഗമായി സംഭവിക്കുന്നതാണ്. കൃത്യമായ രാഷ്ട്രീയ താല്‍പര്യങ്ങളുള്ള ചെറു ഗുണ്ടാ സംഘങ്ങള്‍ ഓരോ പ്രദേശത്തും ശക്തരായി പ്രവര്‍ത്തിക്കാനാരംഭിക്കുന്നു എന്നതാണ് ഇതിന്റെ ഫലം. കാസര്‍കോട് ജില്ലയുടെ മലയോര മേഖലയില്‍ ഇത്തരത്തിലുള്ള അനവധി സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. മലയോര മേഖലയില്‍ പണംവാരാനുള്ള പ്രധാന വഴി സ്വാഭാവികമായും ക്വാറികളിലൂടെയാണ്. ആകെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ തൊണ്ണൂറ് ശതമാനവും അനധികൃതമാണ് എന്ന് തിരിച്ചറിയുമ്പോഴേ പാര്‍ട്ടികളുടെ പിന്തുണയുള്ള സംഘങ്ങള്‍ ക്വാറികള്‍ കേന്ദ്രീകരിച്ച് വികസിക്കുന്നതിന്റെ കാരണം മനസ്സിലാക്കാനാകൂ.

ക്വാറികള്‍ നേരിടുന്ന നിയമപ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ മറികടക്കാനായി പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ബിസിനസ് താല്‍പര്യമുള്ള ഇത്തരം സംഘങ്ങളുമായി സഹകരിക്കുന്നതോടെ, വലിയ ഫണ്ടുകളാണ് പാര്‍ട്ടി അക്കൗണ്ടിലേക്ക് എത്തുക. തങ്ങള്‍ക്ക് കുടപിടിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സാമ്പത്തികമായി മാത്രമല്ല, കായികമായും സഹായമെത്തിക്കാന്‍ ഈ സംഘങ്ങള്‍ തയ്യാറാകുന്നു. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ കഴിയുന്നതോടെ പതിയെ ഈ ക്വാറി ഉടമകളും അവരോടു ചേര്‍ന്നുള്ള ഗുണ്ടാസംഘങ്ങളും പാര്‍ട്ടി അംഗത്വത്തിലേക്കുവരെ എത്തുന്നുവെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ നിരീക്ഷണം. നിലനില്‍പ്പിനായി പാര്‍ട്ടിയുടെ പേരും അണികളുടെ ബലവും ഉപയോഗപ്പെടുത്തുന്ന ഇത്തരം മാഫിയാ സംഘങ്ങളില്‍ പിന്നീട് പാര്‍ട്ടി അനുഭാവികളായ ചെറുപ്പക്കാര്‍ എത്തിച്ചേരുകയും ഇഴപിരിച്ചു കാണാനാകാത്തവിധം പാര്‍ട്ടികളും ബിസിനസ് ഗുണ്ടാ സംഘങ്ങളും ഒന്നായി മാറുകയും ചെയ്യുന്ന രീതിയാണ് കാസര്‍കോട് ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ സംഭവിച്ചത്. പെരിയയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഈ ചര്‍ച്ച ഉയര്‍ന്നുവരാനുള്ള കാരണവും മറ്റൊന്നല്ല. കൃത്യം നടത്താനായി ഉപയോഗിച്ച വാഹനങ്ങളടക്കം നല്‍കി കൊലയെ സാമ്പത്തികമായി സഹായിച്ചത് കല്ല്യോട്ട് പ്രദേശത്തെ പ്രമുഖരായ ക്വാറി മുതലാളിമാര്‍ ഉള്‍പ്പെടെയുള്ളവരാണെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തില്‍, ഇതെല്ലാം കൂട്ടിവായിക്കേണ്ടതുണ്ട്.

കാസര്‍കോട്ടെ സാഹചര്യം കണക്കിലെടുത്താല്‍, ഇത്തരം സമാന്തര സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്കെത്തുന്ന രീതിയ്‌ക്കൊപ്പം തന്നെ പരിഗണിക്കേണ്ടതാണ് രാഷ്ട്രീയനേതാക്കള്‍ ക്രമേണ ബിസിനസ് കേന്ദ്രങ്ങളായി വളരുന്നതും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതുതായി നേതൃനിരയിലേക്കെത്തിയിട്ടുള്ള ഒട്ടുമിക്ക പേരും ക്വാറി ബിസിനസുകളും മറ്റു മാഫിയാ പ്രവര്‍ത്തനങ്ങളുമുള്ള, 'മുതലാളിമാര്‍' എന്നു വിളിക്കാവുന്ന വിഭാഗത്തില്‍പ്പെട്ടവര്‍ തന്നെയാണ്. പാര്‍ട്ടിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച പരിചയം ബിസിനസ് സാമ്രാജ്യങ്ങള്‍ വളര്‍ത്താന്‍ ഉപയോഗപ്പെടുത്തുന്നതിലുപരി, സമാന്തര ഗുണ്ടാ സംഘങ്ങളെ ഇരുവശത്തും പ്രയോഗിക്കുന്നതിന്റെ പ്രധാന കാരണക്കാരാകുന്നതും ഇവര്‍ തന്നെ. കാസര്‍കോട്ടെ പരപ്പ പോലുള്ളയിടങ്ങളിലെ അസംഖ്യം ചെങ്കല്‍ ക്വാറികളെല്ലാം പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ കൈവശമാണെന്നതാണ് മറ്റൊരു വസ്തുത. ക്വാറികള്‍ പോലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ബിസിനസുകള്‍ ചെയ്യുന്നവര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ ഗുണ്ടാസംഘങ്ങള്‍ ഉണ്ടാകുന്നതും പുതുമയല്ല. ഇവര്‍ രാഷ്ട്രീയനേതാക്കള്‍ കൂടിയായി മാറുന്നതോടെ ഈ ഗുണ്ടാ സംഘങ്ങള്‍ രാഷ്ട്രീയ അക്രമികള്‍ കൂടിയായി പരിണമിക്കുകയാണ് പലപ്പോഴും. മിക്ക സന്ദര്‍ഭങ്ങളിലും പാര്‍ട്ടിക്കു പിന്നീട് നിയന്ത്രിക്കാന്‍ പോലുമാകാത്തത്ര വളര്‍ച്ചയാണ് ഈ സംഘങ്ങള്‍ക്കുണ്ടാവുക.

ക്രിമിനല്‍ കുറ്റവാളികള്‍ ഉള്‍പ്പെട്ട അക്രമിസംഘങ്ങളെ ഇത്തരത്തില്‍ പോറ്റി വളര്‍ത്തുന്ന കാര്യത്തില്‍ പ്രതിസ്ഥാനത്ത് പലപ്പോഴും സിപിഎമ്മാണ് പ്രതിഷ്ഠിക്കപ്പെടുകയെങ്കിലും, കോണ്‍ഗ്രസോ ബിജെപിയോ ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. പാര്‍ട്ടി ടിക്കറ്റു നല്‍കാതിരുന്നപ്പോള്‍ എതിര്‍ത്തു മത്സരിക്കാന്‍ മുതിര്‍ന്ന, വലിയൊരു സംഘത്തിന്റെ പിന്‍ബലമുള്ള, കാസര്‍കോട്ടെ ബളാല്‍ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റ് ഒരു കോണ്‍ഗ്രസുകാരനായിരുന്നു. പ്രദേശത്തെ പ്രധാന ബിസിനസുകാരന്‍ കൂടിയായ ഇയാള്‍ക്ക് നിരവധി ക്വാറികള്‍ സ്വന്തമായുണ്ട് എന്നത് പലരും ചൂണ്ടിക്കാട്ടുന്നു. ക്വാറികള്‍ക്കൊപ്പം ഇയാള്‍ വളര്‍ത്തിയെടുത്തത് നേരത്തേ പറഞ്ഞതുപോലെയുള്ള ഒരു വിപുലമായ അക്രമിസംഘത്തെക്കൂടിയാണ്. ഇവരിലൂടെയും അല്ലാതെയും പാര്‍ട്ടിയിലും പുറത്തും അധികാരം സ്ഥാപിച്ച്, ഇപ്പോഴും പഞ്ചായത്തംഗമായി തുടരുന്ന ഈ കോണ്‍ഗ്രസുകാരനെപ്പോലെ അനവധി പേര്‍ കാസര്‍കോട്ടും കണ്ണൂരുമുണ്ട്. സമാന്തര സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വഴി രാഷ്ട്രീയവും മാഫിയാലോകവുമായി ഉണ്ടാകുന്ന ബന്ധങ്ങള്‍ ഇവരെയെല്ലാം ശക്തരായി തുടരാന്‍ സഹായിക്കുന്നുമുണ്ട്.

രാഷ്ട്രീയ സ്വാധീനം, വീരപരിവേഷം: കണ്ണൂരില്‍ നിന്നുള്ള സമാന്തര ക്വട്ടേഷന്‍ സംഘങ്ങള്‍

രാഷ്ട്രീയപ്പാര്‍ട്ടികളുടെ മാഫിയാ-ക്വട്ടേഷന്‍ ബന്ധങ്ങള്‍ക്ക് ഉദാഹരണങ്ങളെടുക്കാന്‍ അധികം ദൂരേയ്‌ക്കൊന്നും പോകേണ്ട. കണ്ണൂര്‍ ജില്ലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന രാഷ്ട്രീയക്കൊലപാതകങ്ങളുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍, ഇത്തരം അസംഖ്യം സംഘങ്ങളുടെ സാന്നിധ്യം മനസ്സിലാക്കാനാകും. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പൂര്‍ണമായും അധീശപ്പെട്ടു നിന്നിരുന്ന സംഘങ്ങളായിരുന്നു നിലവിലുണ്ടായിരുന്നതെങ്കില്‍, ഇപ്പോഴത് കൂടുതല്‍ സ്വതന്ത്രമായ ക്വട്ടേഷന്‍ സംഘങ്ങളാണ്. സിപിഎം, ബിജെപി പോലുള്ള പാര്‍ട്ടികളുമായി ചേര്‍ന്നു നില്‍ക്കുമ്പോള്‍ തന്നെ, മിക്കപ്പോഴും പാര്‍ട്ടി അംഗത്വവും മറ്റുമില്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും. കാസര്‍കോട്ട് ക്വാറി വ്യവസായത്തില്‍ നിന്നു മാറി, കണ്ണൂരിലേക്കെത്തുമ്പോള്‍ വന്‍കിട ബിസിനസുകാരുമായുള്ള തര്‍ക്കപരിഹാരം മുതല്‍ സാമ്പത്തിക ഇടപാടുകള്‍ വരെയുള്ള സാധ്യതകളിലേക്ക് ഇത്തരം സംഘങ്ങള്‍ വളര്‍ന്നു കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സുരക്ഷയൊരുക്കാനും കുടിപ്പക തീര്‍ക്കാനും കരുക്കളാകുന്ന ഈ സംഘങ്ങള്‍ നിലനില്‍ക്കുന്നത് പാര്‍ട്ടികള്‍ തിരികെ പ്രതിഫലമായി നല്‍കുന്ന സംരക്ഷണത്തില്‍ത്തന്നെയാണ്.

പാര്‍ട്ടിയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ത്തന്നെ സമാന്തരമായി ക്വട്ടേഷന്‍ സംഘങ്ങള്‍ നടത്തിപ്പോരുന്ന ഇവരെല്ലാം തന്നെ കൊലപാതകക്കേസുകളിലും സാമ്പത്തികത്തട്ടിപ്പു കേസുകളിലും അകപ്പെട്ടിട്ടുള്ളവരായിരിക്കും. സാമ്പത്തികമായി മെച്ചപ്പെട്ട അടിത്തറയുള്ളവരാണ് എല്ലാവരും. മികച്ച കുടുംബജീവിതവും സൗകര്യങ്ങളുമായി കുറച്ചൊരു വീരപരിവേഷത്തോടെത്തന്നെ തങ്ങളുടെ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍. ഒന്നോ രണ്ടോ 'ഓപ്പറേഷനു'കളില്‍ പങ്കാളികളാകുന്നതോടെ പാര്‍ട്ടിയിലും നാട്ടിലും അറിയപ്പെടുന്നവരായി മാറുകയും, തുടര്‍ന്ന് സ്വന്തം സംഘങ്ങള്‍ രൂപീകരിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് മിക്കപേരും. ടി.പി ചന്ദ്രശേഖരന്‍ വധം പോലുള്ള കേസുകളിലൂടെ കേരളത്തിന് 'കണ്ണൂര്‍ മോഡല്‍' എന്ന പേരില്‍ പരിചിതമായ ഇത്തരം സംഘങ്ങളുടെ സ്വാധീനം വിചാരിക്കാവുന്നതിലുമപ്പുറത്താണ്. അക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുമ്പോള്‍ത്തന്നെ, പുറത്തുവച്ച് വന്‍കിട ബിസിനസുകളില്‍ ഏര്‍പ്പെടാന്‍ സാധിക്കുന്നവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്.

Also Read: എങ്ങനെയാണ് ഒരാള്‍ രാഷ്ട്രീയ ഗുണ്ടയായി മാറുന്നത്? കേരളത്തിലെ രാഷ്ട്രീയ അധോലോകത്തെ അക്രമത്തിന്റെ വ്യാപാരികള്‍-പരമ്പര ആരംഭിക്കുന്നു

വലിയ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ബിസിനസുകാര്‍ക്കിടയില്‍ മധ്യസ്ഥം വഹിക്കുക, ബിസിനസുകാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തല്ലിയും അല്ലാതെയും പരിഹരിക്കുക എന്നിവയടക്കമുള്ള കൃത്യങ്ങള്‍ ഏറ്റെടുത്തു നടത്തുന്നവര്‍ തന്നെയാണ് പാര്‍ട്ടികള്‍ക്കു വേണ്ടി പ്രതിരോധം തീര്‍ക്കാനുമെത്തുന്നത്. ഗള്‍ഫിലുള്ള ബിസിനസുകാര്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പോലും നാട്ടില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ ഇടപെട്ടു തീര്‍ക്കുന്ന സംഭവങ്ങളുണ്ട്. ഇത്തരത്തില്‍ വലിയ പശ്ചാത്തലമുള്ള സംഘങ്ങളെ പലപ്പോഴും നിയന്ത്രിക്കാനോ തള്ളിപ്പറയാനോ പാര്‍ട്ടികള്‍ക്ക് കഴിയാതെ വരാറുമുണ്ട്. സ്വാധീനം കൊണ്ടും ഭയം കൊണ്ടും തങ്ങള്‍ക്കു ചുറ്റും ഇവര്‍ സ്വയം തീര്‍ക്കുന്ന വേലിക്കെട്ടുകള്‍ ഭേദിക്കാന്‍ പൊലീസിനു പോലും സാധിക്കാതെ പോകാറുണ്ടെന്നു സാരം. ഇങ്ങനെയുള്ള സംഘങ്ങള്‍ നിലനില്‍ക്കുമ്പോഴും, പൂര്‍ണമായും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന അക്രമിസംഘങ്ങളും കുറവല്ല. പാര്‍ട്ടി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, പാര്‍ട്ടിക്കു വേണ്ടി മാത്രം അക്രമത്തിലേര്‍പ്പെടുന്നവരേക്കാള്‍, സ്വയം ഓരോ സാമ്രാജ്യങ്ങളായി മാറുന്നവരാണ് അധികവും എന്നുമാത്രം.

അതിക്രമങ്ങളില്‍ നേരിട്ടു പങ്കെടുക്കുന്ന, ഈ സംഘങ്ങളില്‍ നേരിട്ട് അംഗങ്ങളായിരിക്കുന്ന പഞ്ചായത്ത് അംഗങ്ങളും പ്രസിഡന്റുമാരുമടങ്ങുന്ന നേതൃനിരയും കണ്ണൂരിലുണ്ട്. അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെന്ന പേരില്‍ പിടിക്കപ്പെടുന്ന നേതാക്കളെക്കാളേറെ, ഇത്തരത്തില്‍ നേരിട്ടു പങ്കെടുത്ത ശേഷം അകപ്പെടാതെ പോകുന്ന നേതാക്കളാണ് എന്നതാണ് സത്യം. കണ്ണൂരിലെ രാഷ്ട്രീയ ക്വട്ടേഷന്‍ ലോബിയെന്ന പേരില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത് ഏറെയും സിപിഎമ്മിന്റെ സംഘങ്ങളാണെങ്കിലും, ബിജെപിക്കും കോണ്‍ഗ്രസിനും സമാനമായ രീതിയില്‍ ഒട്ടും പുറകിലല്ലാത്ത ഗ്രൂപ്പുകള്‍ ഏറെയുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ശൃംഖലയുടെ കണ്ണികളിലൊന്നായി കല്ല്യോട്ടെ പീതാംബരനെയും വിലയിരുത്തുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പ്രദേശവാസികളില്‍ നിന്നും ലഭിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, കാസര്‍കോട്-കണ്ണൂര്‍ മേഖലയില്‍ പ്രാദേശികമായി രൂപീകരിക്കപ്പെടുന്ന ഇത്തരം രാഷ്ട്രീയ-അക്രമി കൂട്ടുകെട്ടുകളില്‍ നിന്നാണ് പീതാംബരനും ഉയര്‍ന്നുവന്നിട്ടുള്ളത്. രാഷ്ട്രീയം പറഞ്ഞു വാളെടുക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങള്‍ വളരെ വേഗത്തില്‍ സമാന്തര അധോലോകങ്ങളായി മാറുന്നതിന്റെ ഒരു പരിച്ഛേദം മാത്രമാണിത്. രാഷ്ട്രീയപ്പാര്‍ട്ടികളും ബിസിനസ് ഭീമന്മാര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ട ഇത്തരം സംഘങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നത് പണവും അധികാവും തമ്മിലുള്ള ശക്തമായ ഒരു അന്തര്‍ധാര കൂടിയാണ്.

(തുടരും)

നാളെ: കണ്ണൂരിലെ അതിശക്തന്‍

Next Story

Related Stories