TopTop
Begin typing your search above and press return to search.

കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

കണ്ണൂരിലെ കരുത്തന്‍; കയ്യൂക്കിന്റെ രാഷ്ടീയവും ക്വൊട്ടേഷന്‍ മാഫിയകളും

ഈ പരമ്പര കേരളത്തിലെ രാഷ്ട്രീയ അധോലോകങ്ങളിലൂടെ നടത്തുന്ന ഒരു യാത്രയാണ്. അറിയാതിരിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കാത്ത കേരളത്തെ കുറിച്ചുള്ള കഥയാണിത്. നമ്മുടെ രാഷ്ട്രീയക്കാര്‍ ഇതുവരെ പറയാന്‍ തയ്യാറാകാതിരുന്ന കഥ. നമ്മുടെ പരമ്പരാഗത മാധ്യമങ്ങളും ഇതുവരെ വ്യക്തതയോടെ പറയാന്‍ കൂട്ടാക്കാതിരുന്ന കഥ. കേരളത്തിന്റെ പുകള്‍പ്പെറ്റ ജനാധിപത്യനേട്ടങ്ങളെ നിര്‍വീര്യമാക്കുന്ന കഥകള്‍ കൂടിയാണിത്. ഇത് അക്രമങ്ങളെക്കുറിച്ചാണ്, രക്തപങ്കിലവും അസ്വസ്ഥതപ്പെടുത്തുന്നതുമാണവ. എന്നിരിക്കില്‍ പോലും, ഇത് തീര്‍ച്ചയായും പറയേണ്ട കാര്യങ്ങള്‍. ആദ്യഭാഗം ഇവിടെ വായിക്കാം: കാസര്‍ഗോട്ടെ ഇരട്ടക്കൊലപാതകവും പീതാംബരന്‍ എന്ന ലോക്കല്‍ നേതാവും

ഭാഗം 2 - കണ്ണൂരിലെ കരുത്തന്‍

കളത്തില്‍ നില്‍ക്കുന്ന കരുത്തനെ വീഴ്ത്തിയാല്‍, വീഴ്ത്തുന്നവനാണ് പിന്നെ കരുത്തന്‍. വീരന്മാരായ തെയ്യങ്ങളെ ആരാധിക്കുന്ന നാട്ടില്‍ ദൈവങ്ങള്‍ക്കപ്പുറം വീരാരാധന കിട്ടുന്ന മനുഷ്യരുമുണ്ട്. ഈ ആരാധനയും ആര്‍പ്പു വിളികളും സ്വന്തമാക്കാന്‍, ഏറ്റവും പറ്റിയ ഇടമാണ് രാഷ്ട്രീയം. പക്ഷേ, അവിടെ അത്രയെളുപ്പം ഒരു സ്ഥാനം കിട്ടണമെന്നില്ല. ആശയങ്ങളോ ആദര്‍ശങ്ങളോ സഹായിക്കുകയുമില്ല. എന്നാല്‍ കൈക്കരുത്തുണ്ടോ, എതിരാളിക്കു മേല്‍ ഭയം വിതയ്ക്കാന്‍ കഴിവുണ്ടോ; അവസരമുണ്ട്.

ഇന്ന് കേരള രാഷ്ട്രീയത്തിലെ ശക്തനായൊരു കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച് പറഞ്ഞു തുടങ്ങിയതാണ്. വന്‍മരങ്ങളെ കടപുഴക്കി തത്സ്ഥാനത്ത് വേരുറപ്പിക്കാന്‍ ശക്തരായവര്‍ കാത്തിരിക്കുന്ന സമയത്തായിരുന്നു ഈ നേതാവിന്റെ രാഷ്ട്രീയ പ്രവേശനം. കെഎസ്‌യുക്കാരനായ സ്‌കൂള്‍ കാലത്തിനുശേഷം കോളേജില്‍ എത്തുമ്പോള്‍ രാഷ്ട്രീയം സോഷ്യലിസ്റ്റ് വഴിയിലേക്ക് മാറുന്നു. കോളേജ് കാലത്ത് ഒരു കൊലപാതകത്തിന്റെ ആരോപണം നേരിടേണ്ടി വന്നെങ്കിലും കൊലയില്‍ പങ്കില്ലായിരുന്നു. എന്നാല്‍ പിന്നീട് തന്റെ രാഷ്ട്രീയ ജീവിതം കരുപ്പിടിക്കാന്‍ കൊലപാതക ശ്രമങ്ങളും അക്രമങ്ങളും ഭീഷണികളും അയാള്‍ നടപ്പാക്കിയെന്ന് ആരോപണങ്ങളുണ്ട്. കേരളത്തില്‍ ഒരു വ്യക്തിക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാനും നേട്ടങ്ങള്‍ സ്വന്തമാക്കാനും അക്രമവഴികള്‍ എത്രത്തോളം സഹായിക്കുമെന്നതിന് ഉദാഹരണമാണ് രാഷ്ട്രീയ കേരളത്തിനു മുന്നില്‍ ഈ നേതാവ്.

സോഷ്യലിസ്റ്റ് ജീവിതത്തില്‍ നിന്നും തന്റെ ആദ്യകാല രാഷ്ട്രീയത്തിലേക്ക് ഈ വ്യക്തി തിരിച്ചെത്തുന്നത് ഇന്ത്യന്‍ രാഷ്ട്രീയം തന്നെ ഏറെ കലുഷിതമായിരിക്കുന്ന സാഹചര്യത്തിലാണ്. അടിയന്തരാവസ്ഥ കാലത്ത് എതിര്‍ രാഷ്ട്രീയക്കാരെ മാത്രമല്ല സ്വന്തം പാളയത്തില്‍ തന്നെയുള്ളവരെ വെട്ടിവീഴ്ത്താന്‍ പലരും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. 'ലീഡര്‍' എന്ന കെ. കരുണാകരനായിരുന്നു ഈ അപകടം തിരിച്ചറിഞ്ഞ ആദ്യവ്യക്തി. ആ ലീഡര്‍ തന്നെയായിരുന്നു ഇന്ന് കണ്ണൂര്‍ രാഷ്ട്രീയത്തിലെ അനിഷേധ്യനായ ഈ നേതാവിന്റെ ഇന്നത്തെ ഉയര്‍ച്ചയ്ക്ക് പിന്നിലും. ഒപ്പം, അവിടെ നിന്നാണ് അയാളിലെ രാഷ്ട്രീയക്കാരന്‍ അപകടകാരിയാകുന്നതും.

കോണ്‍ഗ്രസിലേക്കുള്ള തന്റെ വരവില്‍ ഈ നേതാവിന് ശത്രുക്കളെ പല കോണില്‍ നിന്നായിരുന്നു നേരിടേണ്ടിയിരുന്നത്. സിപിഎം ഒരു ഭാഗത്ത്. വന്നു ചേര്‍ന്നിടത്താണെങ്കില്‍ രണ്ടു ഗ്രൂപ്പുകാര്‍, ഗ്രൂപ്പുകള്‍ക്കപ്പുറം അന്ന് കണ്ണൂര്‍ ഭരിച്ചിരുന്ന എന്‍. രാമകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ് നേതാവ് മുതല്‍ എം.പി ഗംഗാധരനും പി. രാമകൃഷ്ണനും വരെയുള്ള ഗ്രൂപ്പുകാര്‍. ആന്റണി കോണ്‍ഗ്രസിലെ നൂറുദ്ദീന്‍. എന്തിനേയും കുത്തിയിടാന്‍ തക്ക ആവേശത്തിലും അധികാരഭ്രമത്തിലും കോണ്‍ഗ്രസിലേക്ക് തിരിച്ചു വന്ന ഈ കഥയിലെ കേന്ദ്ര കഥാപാത്രം ആദ്യം ചെയ്തത് സ്വന്തമായി ഒരു സംഘത്തെ രൂപീകരിക്കുകയായിരുന്നു. ഇതയാള്‍ സ്വന്തം നിലയ്ക്ക് ചെയ്തതാണെന്നും അതല്ല, കോണ്‍ഗ്രസിലെ ഈ 'കണ്ണൂര്‍ ലോബി'യെ വെട്ടാന്‍ ലീഡര്‍ തന്നെ ഒരുക്കി കൊടുത്തതാണെന്നും സംസാരമുണ്ട്. എന്തായാലും ഈ സംഘവുമായാണ് തന്റെ രാഷ്ട്രീയ യാത്ര നേതാവ് തുടങ്ങുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് എതിരാളികളെ അടിച്ചമര്‍ത്തി മുന്നോട്ടുപോയ എന്‍. രാമകൃഷ്ണനെ വീഴ്ത്തുക ചെറുപ്പക്കാരനായ അയാളെക്കൊണ്ട് സാധിക്കുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. പക്ഷേ, അയാള്‍ വിജയിച്ചു. അടിക്ക് തിരിച്ചടി എന്നതായിരുന്നു ലൈന്‍. അടിയന്തരിവസ്ഥയ്ക്കു ശേഷം തന്നെ മാറ്റി പകരം അവരോധിതരാകാന്‍ കാത്തു നിന്നിരുന്ന രണ്ടു നേതാക്കന്മാരെ എന്നന്നേക്കുമായി തളര്‍ത്താന്‍ തനിക്കു സഹായമായ അയാളെ ലീഡറിനും ഇഷ്ടമായി. ഒപ്പമുള്ള സംഘത്തിന്റെയും ലീഡറുടെയും പിന്തുണയില്‍ അയാള്‍ പാര്‍ട്ടി ജില്ല നേതൃത്വം തന്നെ പിടിച്ചെടുത്തു. അതൊന്നും അയാളിലെ രാഷ്ട്രീയക്കാരന്റെ ആദര്‍ശമോ സംഘാടകത്വമോ കൊണ്ടായിരുന്നില്ല. എതിരാളികളെ തകര്‍ത്തെറിയാനുള്ള കൈയ്യൂക്കു കൊണ്ടു മാത്രമായിരുന്നു എന്ന് ഓര്‍മയുള്ളവര്‍ ഇന്നും കണ്ണൂരിലുണ്ട്.

കൊലപാതക രാഷ്ട്രീയത്തിനു കുപ്രസിദ്ധി കേട്ട ജില്ലയില്‍, രാഷ്ട്രീയം കുറയുകയും രാഷ്ട്രീയത്തില്‍ കൊലപാതകം കൂടുകയും ചെയ്ത കാലത്താണ് കോണ്‍ഗ്രസിന്റെ രക്ഷകനായി ഈ നേതാവ് അവതരിക്കുന്നത്. കുടുംബപരവും രാഷ്ട്രീയപരവുമായ കുടിപ്പക പഴയ ചേകവ പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയൊക്കെ അവകാശപ്പെട്ടും അനുസ്യൂതം തുടര്‍ന്നപ്പോള്‍ പ്രധാനമായും സിപിഎമ്മും ആര്‍എസ്എസ്സും ഇരുവശങ്ങളിലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഒരു ധൈര്യമൊക്കെ ഉണ്ടാക്കി കൊടുക്കുന്നത് ഇദ്ദേഹമാണ്. ഇതിലൂടെ തന്നെ ജില്ലയില്‍ കോണ്‍ഗ്രസിനെ കൈപ്പിടിയിലുമൊതുക്കി. തിരഞ്ഞെടുപ്പ് രാഷ്ട്രീയ തോല്‍വി ഒരു തുടര്‍ച്ചയാവുകയും പഴയ പോലെ സിപിഎമ്മിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിന് സ്വാധീനമുള്ള, ഇയാള്‍ പറഞ്ഞാല്‍ എന്തും ചെയ്യുന്ന ആര്‍എസ്എസുകാര്‍ കണ്ണൂരിലെ പല പ്രദേശങ്ങളിലുമുണ്ടെന്നാണ് അവിടത്തുകാര്‍ പറയുന്നത്. സിപിഎമ്മിനെ ഒതുക്കാന്‍ പലപ്പോഴും ഈ നേതാവിന്റെ വിളിപ്പുറത്ത് ആര്‍എസ്എസിന്റെ ക്വോട്ടേഷന്‍ സംഘങ്ങള്‍ റെഡിയായിരുന്നു എന്നു പറയുന്നത് സിപിഎമ്മുകാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരുമുണ്ട്. കോണ്‍ഗ്രസിലെ മാറി മറിയുന്ന ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഇദ്ദേഹത്തിനും ഗ്രൂപ്പിനും വലിയ പ്രസക്തിയൊന്നുമില്ല. കാരണം ഇദ്ദേഹത്തിന്റെ മസില്‍ രാഷ്ട്രീയത്തിന് മാത്രമായിരുന്നു എന്നും പ്രസക്തി.

യുവത്വം, ചോര തിളപ്പിക്കുന്ന ആക്രോശങ്ങള്‍, എന്തിനേയും നേരിടാമെന്ന മനോഭാവം; രാഷ്ട്രീയ നേതാവിന്റെയല്ല, ഗുണ്ട നേതാവിന്റെ രീതികളായിരുന്നു അയാള്‍ക്ക്. ആ രീതികള്‍ തന്നെയാണ് അയാളെന്ന നേതാവിനെ വളര്‍ത്തുന്നതും. നിരവധി പേര്‍ അയാള്‍ക്ക് ചുറ്റും കൂടി. ഇതോടെ അതുവരെ തലയെടുപ്പില്‍ നിന്നവരെല്ലാം തല കുനിച്ചു. ചിലര്‍ക്ക് പ്രായവും മറ്റു ചിലര്‍ക്ക് രാഷ്ട്രീയാവേശവും നഷ്ടപ്പെട്ടതും അയാള്‍ക്ക് സഹായകമായി. തനിക്ക് പോന്ന എതിരാളികളെ സ്വന്തം പാര്‍ട്ടിയില്‍ ഇല്ലാതാക്കുകയായിരുന്നു ആദ്യമയാള്‍ ചെയ്തത്. ചിലരെ കായബലം കൊണ്ട് തോല്‍പ്പിച്ചപ്പോള്‍ മറ്റു ചിലരെ മാനസികമായി തളര്‍ത്തി അപമാനിച്ചു പറഞ്ഞയച്ചു. പിന്നെയാണ് രാഷ്്ട്രീയ ശത്രുക്കളെ നേരിടാനൊരുങ്ങുന്നത്. അപ്പോഴേക്കും ജില്ലയില്‍ അയാള്‍ എതിരാളികള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നവനായും മാറിയിരുന്നു. ഇതോടെ കയ്യൂക്കിന്റെ ബലം കൂടി. കൂടെ നിന്നവര്‍ക്കത് ആവേശമായി. പലര്‍ക്കും കൂടെ വരാനും. കളത്തില്‍ ശക്തനായി നിന്നിരുന്നവനെ വീഴിത്തിയവനെന്ന നിലയില്‍ ഇനി ഇവനാണ് ഇവിടുത്തെ കരുത്തന്‍ എന്നു ഉദ്‌ഘോഷങ്ങള്‍ ഉണ്ടായി. തന്റൈ അപദാനങ്ങള്‍ സ്വന്തം നിലയ്ക്കും അയാള്‍ പാടിക്കൊണ്ടിരുന്നു.

ജില്ലയില്‍ രാഷ്ട്രീയ ക്വട്ടേഷനുകള്‍ക്ക് തുടക്കം കുറിക്കുന്നത് ഈ നേതാവ് ആണന്നാണ് ഒരു കാലത്ത് ഇദ്ദേഹം തോളില്‍ കയ്യിട്ട് നടന്നിട്ടുള്ള സഖാക്കള്‍ തന്നെ ആരോപിക്കുന്നത്. ഈ ആരോപണത്തെ ശരിവയ്ക്കുന്നതായിരുന്നു ജില്ല ഓഫിസ് റെയ്ഡ് ചെയ്ത പൊലീസിന് ബോംബും മറ്റ് മാരകായധുങ്ങളും കിട്ടിയ സംഭവം. ഈ നേതാവായിരുന്നു ജില്ലയില്‍ പാര്‍ട്ടിയെ ആ സമയത്ത് നയിച്ചിരുന്നത്. ഒരുകാലത്ത് സന്തസഹചാരിയും ഓഫിസ് സെക്രട്ടറിയുമായിരുന്ന വ്യക്തി തന്നെ നേതാവിനെതിരേ ക്വട്ടേഷന്‍ മാഫിയ ബന്ധവും ക്രിമിനല്‍ പശ്ചാത്തലവും ചൂണ്ടിക്കാണിച്ച് ഉയര്‍ത്തിയിട്ടുള്ളത് ഗുരുതരമായ ആരോപണങ്ങളാണ്.

Also Read: കെ.ആര്‍ മീരയോട് മാപ്പു പറയാന്‍ വി.ടി ബല്‍റാമിന് ബാധ്യതയുണ്ട്, ഒപ്പം പൊതുസമൂഹത്തോടും

കൊലപാതകം മുതല്‍ മറ്റൊരു രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ അയച്ചെന്നുവരെയുള്ള ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. തനിക്കെതിരേ ജാഥ നയിച്ചെന്നാരോപിച്ച് ഒരു ഇടതുപക്ഷ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നത് ഗണ്‍ മാന്‍ അല്ലെന്നും ഈ നേതാവ് തന്നെയാണെന്നുമായിരുന്നു സിപിഎം ആരോപണം. പക്ഷെ വെടിവെച്ചത് താന്‍ തന്നെയാണെന്ന് ഗണ്‍മാന്‍ കോടതിയില്‍ സമ്മതിച്ചതിനാല്‍ സിപിഎമ്മിന്റെ ആരോപണത്തിന്റെ മുന ഒടിഞ്ഞു. കണ്ണൂരിലെ ഒരു ഹോട്ടലിലേക്ക് ബോബ് എറിഞ്ഞ സംഭവത്തിലും (ബോംബ് സ്‌ഫോടനത്തില്‍ നാണു എന്നൊരാള്‍ കൊല്ലപ്പെട്ടിരുന്നു) സിപിഎം പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് ഈ നേതാവിനെ തന്നെയായിരുന്നു. പക്ഷെ അതും വെറും ആരോപണവുമായി തന്നെ ഇന്നും തുടരുന്നു. സിപിഎമ്മിന്റെ പ്രമുഖനായൊരു നേതാവിനെതിരേ ട്രെയിനില്‍ വെച്ചുണ്ടായ വധ ശ്രമത്തിനു പിന്നിലും ഇദ്ദേഹത്തിന്റെ പങ്ക് സിപിഎം ആരോപിച്ചിരുന്നു. സന്തത സഹചാരിയും പാര്‍ട്ടി ഭാരവാഹിയുമായിരുന്ന വ്യക്തി, പിന്നീട് ശത്രുവായി മാറിയപ്പോള്‍ അതിന്റെ പേരില്‍ ആക്രമിച്ച് ഇല്ലാതാക്കിയതും വളപട്ടണം പോലീസ്സ് കസ്റ്റഡിയിലെടുത്ത മണല്‍ കടത്തു സംഘത്തെ പോലീസ് സ്‌റ്റേഷനില്‍ കയറി ബലമായി മോചിപ്പിച്ച സംഭവവുമൊക്കെ ഈ നേതാവിന്റെ ക്രിമിനല്‍ ബന്ധത്തിന് അടിവരയിടുന്നവയായി. എത്ര ക്രമിനലുകളായാലും അവരെ തന്റെ കൂടെ നിര്‍ത്താന്‍ ഇപ്പോഴും കാണിക്കുന്ന ഉത്സാഹവും നേതാവ് എന്ന സ്ഥാനം ഉറപ്പിക്കാന്‍ ഇദ്ദേഹത്തിന് ഉപകരിക്കപ്പെടുന്നുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നടന്ന കുപ്രസിദ്ധമായ രാഷ്ട്രീയ കൂട്ടക്കുരുതിയിലെ പ്രതികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ജോലി വാങ്ങി നല്‍കിയതൊക്കെ ഇതിനുള്ള തെളിവുകളായി എതിര്‍പാര്‍ട്ടിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നും രാഷ്ട്രീയ പ്രസംഗങ്ങളില്‍ അക്രമത്തിന്റെ ഭാഷ മാത്രമാണ് ഈ ശക്തന്റേത്. ശരീര ചലനങ്ങള്‍ പോലും എതിരാളികളെ വെല്ലുവിളിക്കുന്ന തരത്തിലാണ്. തന്റെ വളര്‍ച്ചയ്ക്ക് എന്തു വിലപേശലിനും തയ്യാറാകുന്ന നേതാവ് എന്ന വിളിപ്പേരിനൊപ്പം രാഷ്ട്രീയത്തില്‍ സ്വയം ശക്തികേന്ദ്രമായി മാറിയതോടെ പണം സമ്പാദനത്തിനും ഈ വഴി തേടിയെന്ന് ആരോപണമുണ്ട്. പാര്‍ട്ടി ഓഫീസ് നിര്‍മാണത്തില്‍ ലക്ഷങ്ങളുടെ തിരിമറിയാണ് ഇദ്ദേഹം നടത്തിയതെന്നടക്കം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ നിരവധി സാമ്പത്തികയാരോപണങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു പുറമെയാണ് വന്‍ ബിസിനസുകാരുമായും മാഫിയകളുമായുള്ള ബന്ധമെന്നും എതിരാളികള്‍ പറയുന്നു. കോടീശ്വരന്മാര്‍ കുടുങ്ങുന്ന കേസുകളില്‍ അവരെ രക്ഷപ്പെടുത്താന്‍ പരസ്യമായും രഹസ്യമായും ഇടപെടാന്‍ യാതൊരു മടിയും ഇദ്ദേഹം കാണിച്ചിട്ടില്ല. ഇതിന് ഏറ്റവും പ്രകടമായൊരു ഉദാഹരണമായിരുന്നു ഒരു കോളേജ് ചെയര്‍മാനുവേണ്ടിയുള്ള ഇടപെടല്‍. ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയും മറ്റ് ചില വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്‌മെന്റ് ഗുണ്ടകളില്‍ നിന്നും മര്‍ദ്ദനവും ഏറ്റ സംഭവങ്ങള്‍ കേരളത്തില്‍ വന്‍ വിവാദമായി നില്‍ക്കുകയും ചെയര്‍മാന്‍ പ്രതിസ്ഥാനത്ത് നില്‍ക്കുകയും ചെയ്യുന്ന സമയത്താണ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി നേതാവ് ഇടപെടുന്നത്. അതും കുറ്റവാളികള്‍ക്ക് അനുകൂലമായി. കോളേജ് അധികൃതരില്‍ നിന്നും മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി സമവായത്തിനായിരുന്നു ശ്രമം. പൊലീസ് കേസ് നേരിടുന്ന കുറ്റാരോപിതനു വേണ്ടിയായിരുന്നു മന്ത്രിയും എംപിയും എംഎല്‍എയുമെല്ലായിരുന്ന ഈ നേതാവ് ഇടപെടുന്നതെന്നോര്‍ക്കണം. കേസ് ഒഴിവാക്കിയെടുക്കാന്‍.

താന്‍ വന്നത് ചര്‍ച്ച നടത്താനാണെന്നും ചര്‍ച്ച നടത്തിയെന്നും ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്നും തിരിച്ചുപോകുന്നതിനു മുമ്പായി മാധ്യമങ്ങളോടു പറയാനും ഈ നേതാവിന് ധൈര്യമുണ്ടായിരുന്നു. ഇതേ ധൈര്യത്തോടെ തന്നെയായിരുന്നു മണല്‍കടത്ത് കേസിലെ പ്രതിയെ പൊലീസ് സ്റ്റേഷനില്‍ ചെന്നു മോചിപ്പിക്കുന്നതും. മണല്‍ മാഫിയായുമായി ഇദ്ദേഹത്തിനുള്ള ബന്ധം വ്യക്തമാക്കുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണിതെന്നു പറഞ്ഞു തന്നത് അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ്.

വടക്കന്‍ കേരളത്തിലെ ഒട്ടുമിക്ക അനധികൃത ബിസിനസുകളിലും പങ്കാളിത്തവും പിന്തുണയും ഈ നേതാവിന് ഉണ്ടെന്നും എതിര്‍ പാര്‍ട്ടികളില്‍ നിന്നുള്ള ഗുണ്ടകളെപോലും സ്വന്തം കാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ തക്ക ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ എന്ന നിലയില്‍ രാഷ്ട്രീയത്തിനപ്പുറം സ്വകാര്യ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഇദ്ദേഹത്തിന് ഇപ്പോഴും കഴിയുന്നുണ്ടെന്നും എതിരാളികള്‍ മാത്രമല്ല, കൂടെ നിന്നവരും നില്‍ക്കുന്നവരും ഒരുപോലെ പറയുന്നുണ്ട്.

ഇത് കോണ്‍ഗ്രസിലെ ഒരു നേതാവിനെ കുറിച്ച് മാത്രമല്ല, ഇതുപോലുള്ള നിരവധി നേതാക്കന്മാര്‍ പല പാര്‍ട്ടികളിലും ഉണ്ട്, ചിലരുടെ ചെയ്തികള്‍ ചിലപ്പോള്‍ പുറത്തുവരും, ചിലത് ആരോപണങ്ങളായി അവശേഷിക്കും. അങ്ങനെ ഉള്ളപ്പോഴും കേരള സമൂഹത്തിന്റെ അധോലോകം എന്നത് ഇവര്‍ കൂടി ഉള്‍പ്പെട്ടതോ ഇവര്‍ തന്നെ നേതൃത്വം കൊടുക്കുന്നതോ ആണെന്ന് കാണാന്‍ കഴിയും. രാഷ്ട്രീയത്തിലെ മൂല്യബോധങ്ങള്‍ക്കും ധാര്‍മികതയ്ക്കും അപ്പുറം കൈക്കരുത്തിന്റെയും കയ്യൂക്കിന്റെയും ബലത്തില്‍ കാര്യങ്ങള്‍ നടത്തുന്നവരും അത് എല്ലാ വിധത്തിലും സ്വന്തം വളര്‍ച്ചയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്ന അനവധി രാഷ്ട്രീയക്കറുടെ ഒരു പ്രതിനിധി മാത്രമാണ് ഈ നേതാവ്.

(തുടരും)- നാളെ: ആലപ്പുഴ എന്ന ഗുണ്ടകളുടെ ജില്ല)


Next Story

Related Stories