TopTop

ഭൂമി പൂര്‍വിക സ്വത്ത്‌; കുരിശ് 60 വര്‍ഷം മുമ്പ് സ്ഥാപിച്ചത്: മുഖ്യമന്ത്രിക്ക് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ദയാഹര്‍ജി

ഭൂമി പൂര്‍വിക സ്വത്ത്‌; കുരിശ് 60 വര്‍ഷം മുമ്പ് സ്ഥാപിച്ചത്: മുഖ്യമന്ത്രിക്ക് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ദയാഹര്‍ജി
ചിന്നക്കനാല്‍ വില്ലേജില്‍ പാപ്പാത്തിച്ചോലയില്‍ അനധികൃതമായി ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചെന്ന ആരോപണത്തിനെതിരേ സ്പിരിറ്റ് ഇന്‍ ജീസസ് സംഘടന മുഖ്യമന്ത്രിക്കു ദയാഹര്‍ജി നല്‍കി. സൂര്യനെല്ലി, പാപ്പാത്തിച്ചോല എന്നിവിടങ്ങളിലുള്ള വിശ്വാസികളും സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്ഥന കൂട്ടായ്മയും ചേര്‍ന്നാണു ദയാഹര്‍ജി സമര്‍പ്പിക്കുന്നത്. വര്‍ഗീയസംഘടനകളാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍ക്കു പിന്നിലെന്നും കുരിശ് സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാണു ഹര്‍ജിയില്‍ പറയുന്നത്.

കയ്യേറ്റഭൂമിയെന്നു പറയുന്ന ചിന്നക്കനാല്‍ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 34/1 ല്‍ പെട്ട നാലേക്കര്‍ ഭൂമി സംഘടനയ്ക്കു പൂര്‍വികമായി കിട്ടിയതാണെന്നും ഇവിടെ സ്ഥാപിച്ചിരിക്കുന്ന കുരിശ് 60 വര്‍ഷങ്ങള്‍ക്കു മുമ്പു തൊട്ട് ഉണ്ടായിരുന്നതാണെന്നുമാണു സ്പിരിറ്റ് ഇന്‍ ജീസസുകാര്‍ പറയുന്നത്.

പ്രസ്തുത ഭൂമി, മരിയ സൂസൈ എന്നയാളുടെ കൈവശമുള്ള ഭൂമിയാണെന്നും ഈ ഭൂമി കഴിഞ്ഞ മൂന്നു നാലു തലമുറകളായി അനുഭവിച്ചുപോരുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ ഭൂമിക്ക് സര്‍ക്കാര്‍ രേഖകള്‍ ഉള്ളതാണ്. 1994 ലും 2004 ലും പട്ടയാപേക്ഷ രാജകുമാരി ഭൂമി പതിവ് ഓഫിസില്‍ നംബര്‍1 രജിസ്റ്റര്‍ പ്രകാരം, ബുക്ക് 2 ല്‍, 982 ആം പേജില്‍ 23059 നമ്പരായി രേഖപ്പെടുത്തലുള്ളതുമാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ചിന്നക്കനാല്‍ വില്ലേജില്‍ നിന്നും സമര്‍പ്പിച്ചിട്ടുള്ള, 3217 അപേക്ഷകളില്‍ മരിയ സൂസൈ ഉള്‍പ്പെടുന്നതാണെന്നും ഇവര്‍ ദയാഹര്‍ജിയില്‍ പറയുന്നു.

ഈ ഭൂമിയില്‍ 60 വര്‍ഷങ്ങള്‍ക്കു മുമ്പ് സൂസെയുടെ പൂര്‍വികരും പ്രദേശവാസികളും ചേര്‍ന്ന് ആരാധനയ്ക്കായി ഒരു കുരിശ് സ്ഥാപിച്ചിരുന്നുവെന്നും കാലക്രമത്തില്‍ എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും പൊതു ആരാധന സ്ഥലമായി മാറുകയും ചെയ്തതാണെന്നും സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ പറയുന്നു. കാലപ്പഴക്കത്തില്‍ കേടുപറ്റിയ കുരിശ് പുതുക്കി പണിതതാണ് ഇപ്പോള്‍ ഉണ്ടായിരുന്നതെന്നും ഇവിടെ നാനാജാതി മതസ്ഥര്‍ പ്രാര്‍ത്ഥനയ്ക്കായി എത്താറുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.ഇപ്പോഴത്തെ നടപടി ജന്മഭൂമി പത്രത്തില്‍ വന്ന വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഉണ്ടായിരിക്കുന്നതാണെന്നും ഇവര്‍ ആരോപിക്കുന്നു. ജന്മഭൂമിയില്‍ വന്ന വ്യാജാവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മാര്‍ച്ച് 16നു യാതൊരു മുന്നറിയിപ്പുമില്ലാതെ തഹസില്‍ദാറുടെ നേതൃത്വത്തില്‍ ഏഴംഗസംഘം കുരിശുമലയില്‍ വന്നു കുരിശ് ഭാഗികമായി നശിപ്പിക്കുകയും വിശ്വാസികളെ ഭയപ്പെടുത്തി ഓടിച്ചുവിട്ടതുമായ സംഭവം നടന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭാഗികമായി നശിപ്പിച്ച കുരിശ് പൂര്‍ണമായി നശിപ്പിക്കുന്നതിനായി പൊലീസ് സന്നാഹത്തോടെ ജെസിബിയുമായി വന്നിരുന്നു. എന്നാല്‍ ഈ വിവരം അറിഞ്ഞെത്തിയ വിശ്വാസികള്‍ കുരിശ് തകര്‍ക്കരുതെന്ന് അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. പക്ഷേ മലയടിവാരത്തുള്ള പ്രധാന റോഡില്‍ നിന്നും ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ വക സ്ഥലത്തുകൂടി ജെസിബി കൊണ്ടുവരാന്‍ പറ്റാതെ വന്നതു കാരണം അന്നു ശ്രമം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു.

ഇതിനുശേഷം ഏപ്രില്‍ ഏഴാം തീയതി കുരിശു പൊളിച്ചു മാറ്റുമെന്നു കാണിച്ച് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ കുരിശുമലയില്‍ എത്തി നോട്ടീസ് പതിച്ചിരുന്നു.

ഇതിനെല്ലാം പിറകില്‍ വര്‍ഗീയ ശക്തികളാണെന്നും ആയിരക്കണക്കിനു വിശ്വാസികളുടെ അഭയ കേന്ദ്രമായ കുരിശിനെ സംരക്ഷിക്കാന്‍ തയ്യാറാകണമെന്നും പറഞ്ഞാണു സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് ദയാഹര്‍ജി നല്‍കിയത്.

Next Story

Related Stories