TopTop
Begin typing your search above and press return to search.

ജീവിതത്തിലെയും കരിയറിലെയും തിരിച്ചടികള്‍ക്കു കളത്തില്‍ മറുപടി; ഇതാണ് ലുക്കാക്കു സ്റ്റൈല്‍

ജീവിതത്തിലെയും കരിയറിലെയും തിരിച്ചടികള്‍ക്കു കളത്തില്‍ മറുപടി; ഇതാണ് ലുക്കാക്കു സ്റ്റൈല്‍

പ്രതീക്ഷിച്ചത്ര ഒത്തിണക്കമോ മാസ്മരികതയോ ഇല്ലാതിരുന്നിട്ടും, പാനമയെ ബെല്‍ജിയം മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഈ കളിയിലെ കേമന്‍ രണ്ടു ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ട് മത്സരത്തില്‍ ഇടം പിടിച്ച റൊമേലു ലുക്കാക്കു.

ഒരു പക്ഷെ ഈ ബെല്‍ജിയം ടീമില്‍ ഇത്ര അധികം പ്രതിസന്ധികള്‍ അതിജീവിച്ച, ഉയര്‍ച്ചകളും താഴ്ച്ചകളും മാറി മാറി കണ്ട മറ്റൊരു കളിക്കാരനുണ്ടോ എന്നത് സംശയമാണ്. ഏതാണ്ട് എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് റൊമേലു ലുക്കാക്കു എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത്. ബെല്‍ജിയം ക്ലബ്ബായ ആന്‍ഡര്‍ലെക്ടിനായി ഗോള്‍ മഴ പെയ്യിച്ച പതിനേഴു വയസുകാരന്‍. പ്രായത്തില്‍ കവിഞ്ഞ ശാരീരിക വളര്‍ച്ചയും, സാങ്കേതിക തികവും ഉള്ള ആ പയ്യന്‍സിനായി അന്ന് പുറകെ നടന്നവരില്‍ റയല്‍ മാഡ്രിഡും ബാര്‍സലോണയും.

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നിന്നും ബെല്‍ജിയത്തില്‍ കുടിയേറിപ്പാര്‍ത്ത അഭയാര്‍ത്ഥി കുടുംബത്തില്‍ നിന്നും ലോകത്തിലെ ഏറ്റവും പ്രശസ്തമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മുന്‍നിര സ്ട്രൈക്കറിലേക്കുള്ള ലുക്കാക്കുവിന്റെ പ്രയാണം അതികഠിനവും പ്രതിസന്ധികള്‍ നിറഞ്ഞതുമായിരുന്നു. പട്ടിണി നിറഞ്ഞ കുട്ടിക്കാലത്തു പ്രായത്തില്‍ കവിഞ്ഞ ശാരീരിക വളര്‍ച്ചയെ കുറിച്ചും നിറത്തെ ചൊല്ലിയും നേരിടേണ്ടി വന്ന അധിക്ഷേപങ്ങള്‍ നിരവധിയായിരുന്നു. അതിനെല്ലാം അന്നും ഇന്നും ലുക്കാക്കുവിന് മറുപടി ഒന്നും മാത്രം- ഗോളുകളിലൂടെ. താന്‍ ഉള്ളില്‍ കോപവുമായാണ് കളിക്കുന്നത് എന്നാണ് ലുക്കാക്കുവിന്റെ ഭാഷ്യം- വീട്ടിലെ എലി ശല്യം മുതല്‍ വംശീയ അധിക്ഷേപം വരെയാല്‍ ഉണ്ടായ കോപം.

റയല്‍ മാഡ്രിഡും, ബാഴ്‌സയും പുറകെ വന്നെങ്കിലും, ആന്‍ഡര്‍ലെക്ട് കനിഞ്ഞതു ചെല്‍സി ഉടമ റോമന്‍ അബ്രഹാമോവിച്ചിന്റെ ചെക്ക്ബുക്കിനു മുന്നിലായിരുന്നു. ചെല്‍സിയുടെ ചരിത്രത്തിലിടം പിടിച്ച ദിദിയെ ദ്രോഗ്ബയുടെ പിന്‍ഗാമിയായി കൗമാരം കഴിയും മുന്‍പേ സ്റ്റാന്‍ഡ്ഫോര്‍ഡ് ബ്രിഡ്ജിലെത്തി ലുക്കാക്കു. എന്നാല്‍ വര്‍ഷംതോറും മാറി മാറി വരുന്ന മാനേജര്‍മാര്‍ ലുക്കാക്കുവിന് നല്‍കിയ സ്ഥാനം ബെഞ്ചിലായിരുന്നു. പിന്നീട് ഫെര്‍ണാണ്ടോ ടോറസിന്റെ വരവോടു കൂടി ആ സ്ഥാനം വര്‍ഷംതോറും ചെല്‍സിയില്‍ നിന്നും ലോണില്‍ പോകുന്ന ഡസനോളം കളിക്കാരുടെ ഇടയിലുമായി.

http://www.azhimukham.com/russia2018-romelulukaku-belgium-starstriker/

ആദ്യം വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയനില്‍, പിന്നീട് ഇപ്പോഴത്തെ ബെല്‍ജിയം കോച്ചായ റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ എവെര്‍ട്ടണില്‍. രണ്ടിടത്തും മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും തന്റെ രണ്ടാം വരവിനായി ചെല്‍സിയില്‍ എത്തിയ ഹോസെ മൗറീഞ്ഞോയ്ക്കു താല്പര്യം അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡീഗോ കോസ്റ്റയിലായിരുന്നു. കോസ്റ്റയുടെ വരവോടു കൂടി ചെല്‍സി വിട്ടു എവെര്‍ട്ടണില്‍ ക്ലബ് റെക്കോര്‍ഡ് തുകയ്ക്ക് ചേര്‍ന്ന ലുക്കാക്കു പിന്നീടുള്ള മൂന്നു സീസണുകളില്‍ അടിച്ചു കൂട്ടിയത് എഴുപത്തൊന്ന് ഗോളുകളാണ്, അതെ കാലഘട്ടത്തില്‍ കോസ്റ്റ അടിച്ചതോ അന്‍പത്തൊന്‍പതും.

ജീവിതത്തിലെയും കരിയറിലെയും തിരിച്ചടികള്‍ക്കു കളത്തില്‍ മറുപടി പറഞ്ഞ ലുക്കാക്കുവിനെ ഒടുവില്‍ അന്ന് വെറും ഇരുപത്തെട്ടു മില്യണ്‍ പൌണ്ടിനു വിറ്റ മൗറിഞ്ഞോ കഴിഞ്ഞ വര്‍ഷം എഴുപത്തഞ്ചു മില്യണ്‍ പൗണ്ടിനാണ് മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി വാങ്ങിയത്. ഒരു പക്ഷെ ഇത്രയും ചിലവേറിയ ഒരു ഏറ്റുപറച്ചില്‍ ഫുട്‌ബോളില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

ഇന്ന് ലുക്കാക്കു ലോകതാരമാണ്, നിസ്ടാള്‍റൂയിയുടെയും സ്ലാട്ടന്‍ ഇബ്രാഹ്മോവിച്ചിന്റെയും പാരമ്പര്യം പേറുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഒന്‍പതാം നമ്പര്‍ ജേഴ്സി താരം. ഹോസെ മൗറീഞ്ഞോയുടെ പ്രിയ കളിക്കാരന്‍. ഇതാ ഇപ്പോള്‍ വിമര്‍ശകര്‍ക്കുള്ള മറുപടി കളിക്കളത്തില്‍ നല്‍കി കൊണ്ട് ബെല്‍ജിയത്തിന്റെയും പ്രിയ താരമായി ലുക്കാക്കു.അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.


ജിബു ഏലിയാസ്

ജിബു ഏലിയാസ്

ജിബു ഏലിയാസ് രാജ്യത്തിൻറെ ഔദ്യോഗിക എ.ഐ പോർട്ടൽ ആയ ഇന്ത്യ എ ഐയുടെ പ്രധാന ആസൂത്രകനും ഗവേഷണ തലവനുമാണ്. സ്പ്രിംഗറുടെ എ ഐ ആൻഡ് എത്തിക്സ് ജേർണലിൻറെ സ്ഥാപക എഡിറ്റോറിയൽ ബോർഡ് അംഗവും നാസ്സ്കോമിലെ എ ഐ ഗവേഷകനുമാണ്.

Next Story

Related Stories