TopTop
Begin typing your search above and press return to search.

ANALYSIS: കരുത്തന്മാര്‍ കണ്ടുമുട്ടുന്ന ക്വാര്‍ട്ടര്‍; സെമിയിലേക്ക് ആരൊക്കെ?

ANALYSIS: കരുത്തന്മാര്‍ കണ്ടുമുട്ടുന്ന ക്വാര്‍ട്ടര്‍; സെമിയിലേക്ക് ആരൊക്കെ?

രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് വെള്ളിയാഴ്ച നിഷ്‌നി സ്റ്റേഡിയത്തില്‍ തുടക്കമാകും. ടീമുകളുടെ അംഗസംഖ്യ 32ല്‍ നിന്ന് നാലിലൊന്നായി ചുരുങ്ങിയപ്പോള്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ തന്നെയാണ് ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത് എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായ അര്‍ജന്റീന, ജര്‍മനി, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയവര്‍ പുറത്തായെങ്കിലും മികച്ച കളി പുറത്തെടുത്ത കൊളംബിയയെയും മെക്‌സിക്കോയെയും പോലുള്ള ചിലര്‍ ഇടയ്ക്ക് വീണുപോയെങ്കിലും അവസാന എട്ടില്‍ എത്തിയവരാരും മോശമല്ല. മികവുറ്റ കളികൊണ്ടും അവസരോചിതമായ തന്ത്രങ്ങള്‍ കൊണ്ടും ഈ ടീമുകള്‍ മറ്റുള്ളവരെ പിന്നിലാക്കി.

ലോകകപ്പില്‍ ഇതുവരെ കളിച്ച നാലു കളികളില്‍ മൂന്നിലെങ്കിലും ജയിക്കാത്ത ഒരു ടീമും ക്വാര്‍ട്ടറിലില്ല. ഉറുഗ്വോയും ഫ്രാന്‍സും ബെല്‍ജിയവും എല്ലാ കളികളിലും ജയിച്ചു. ബ്രസീലാണെങ്കില്‍ ഒരു കളിയിലും തോറ്റിട്ടില്ല. ബാക്കിയുള്ള ഇംഗ്ലണ്ട്, ക്രൊയേഷ്യ, റഷ്യ, സ്വീഡന്‍ എന്നിവര്‍ക്ക് ഓരോ തോല്‍വി മാത്രമാണുള്ളത്. ഇതില്‍ ഇംഗ്ലണ്ടും ക്രൊയേഷ്യയും റഷ്യയും പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ക്വാര്‍ട്ടറിലെത്തിയത്. പക്ഷേ, ഓരോ മത്സരത്തിലും മെച്ചപ്പെട്ടുവരുന്ന ടീമുകള്‍ അടുത്ത റൗണ്ടുകളില്‍ എങ്ങനെ കളിക്കുമെന്ന് പ്രവചിക്കാനാകാത്ത അവസ്ഥയാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഐസ്ലാന്‍ഡും പ്രീക്വാര്‍ട്ടറില്‍ ജപ്പാനുമൊക്കെ പുറത്തെടുത്ത പ്രകടനങ്ങളും ജര്‍മനിയുടെയും അര്‍ജന്റീനയുടെയുമൊക്കെ പുറത്താകലും വിരല്‍ചൂണ്ടുന്നത് അതിലേക്കാണ്.

രണ്ടു ദിവസങ്ങളില്‍ രണ്ടു മത്സരങ്ങള്‍ വീതമാണ് ക്വാര്‍ട്ടറിലുള്ളത്. ആദ്യ ദിവസം ഫ്രാന്‍സ്-ഉറുഗ്വായ്, ബ്രസീല്‍-ബെല്‍ജിയം മത്സരങ്ങളാണുള്ളത്. രണ്ടാം ദിവസം ഇംഗ്ലണ്ട് സ്വീഡനെയും, ക്രൊയേഷ്യ റഷ്യയെയും നേരിടും.

ഫ്രാന്‍സ്-ഉറുഗ്വായ്

ലോകകപ്പില്‍ ഉജ്ജ്വലമായി കളിക്കുന്ന രണ്ടു ടീമുകളുടെ പോരാട്ടത്തോടെയാകും നിഷ്‌നിയിലെ സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടറിന് തുടക്കമാവുക. ഇതില്‍ ഒരു ടീം പുറത്തുപോകേണ്ടത് അനിവാര്യതയാണല്ലോ എന്നതാണ് ദു:ഖകരം. ഈ മത്സരത്തില്‍ ആര് തോറ്റാലും അതവരുടെ ഈ ലോകകപ്പിലെ ആദ്യ പരാജയമായിരിക്കും. അതവര്‍ക്ക് ലോകകപ്പിന് പുറത്തേക്കുള്ള വഴി തുറക്കുകയും ചെയ്യും.ഫിഫ വേള്‍ഡ് കപ്പിലെ 'ഫ്രാന്‍സ് × ഉറുഗ്വോയ്‌' കളിയുടെ പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..

മികച്ച കളിക്കാരുടെ സംഘമെന്നതിനേക്കാള്‍ ഉജ്ജ്വലമായി കളിക്കുന്ന ഒരു ടീമായി മാറിയ ഫ്രാന്‍സ് ഫൈനല്‍ കളിക്കുന്ന രണ്ടുപേരില്‍ ഒരാളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമാണ്. ലോകകപ്പിലെ താരോദയമായിമാറിയ കൗമാരതാരം എംബപ്പെയെയും മാഞ്ചസ്റ്ററിന്റെ പോള്‍ പോഗ്ബയെയും പോലുള്ള താരങ്ങള്‍ അവരുടെ കുതിപ്പിന് കരുത്താകുന്നു. അര്‍ജന്റീനയെ 4-3ന് തോല്‍പിച്ചാണ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചതെന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

ആദ്യ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെ നേരിടുന്ന ഉറുഗ്വായും മികച്ച ഫോമിലാണ്. കവാനിയും സുവാരസും ചേരുന്ന മുന്നേറ്റനിര മികച്ച ഫോമിലാണ്. നാലു മത്സരങ്ങളില്‍ ഒരു ഗോള്‍ മാത്രം വഴങ്ങിയിട്ടുള്ള ഉറുഗ്വായുടെ പ്രതിരോധക്കോട്ടയും കുറ്റമറ്റതു തന്നെ. പോര്‍ച്ചുഗലിനെ 2-1ന് തോല്‍പിച്ചാണ് ഉറുഗ്വായ് ക്വാര്‍ട്ടറിലെത്തിയത്. എന്നാല്‍, മത്സരത്തില്‍ രണ്ടു ഗോളുകളും നേടിയ എഡിസണ്‍ കവാനിയുടെ പരിക്ക് അവര്‍ക്ക് തിരിച്ചടിയായേക്കും.

ബ്രസീല്‍-ബെല്‍ജിയം

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ സമനിലയോടെ ടൂര്‍ണമെന്റ് ആരംഭിച്ച ബ്രസീല്‍ അല്ല ക്വാര്‍ട്ടറില്‍ കളിക്കുന്ന ബ്രസീല്‍. നാലു മത്സരങ്ങള്‍ കൊണ്ട് അവര്‍ ഏറെ മുന്നേറിയിരിക്കുന്നു. നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ തുടര്‍ച്ചയായി ഗോള്‍ കണ്ടെത്തുന്നു. എതിരാളികളുടെ ശക്തികള്‍ കണ്ടറിഞ്ഞ് കളത്തില്‍ തന്ത്രങ്ങള്‍ നടപ്പാക്കാനാകുന്നു. ഒരു ചാമ്പ്യന്‍ ടീമിന് വേണ്ട ലക്ഷണങ്ങളൊക്കെ ബ്രസീല്‍ കാണിച്ചിരിക്കുന്നു. കരുത്തരായ ബെല്‍ജിയത്തെ തോല്‍പിക്കാനുള്ള ആയുധങ്ങളൊക്കെ ബ്രസീല്‍ പാളയത്തിലുണ്ട്. ടൂര്‍ണമെന്റിലെ സമനിലയായ ആദ്യ മത്സരത്തില്‍ മാത്രമാണ് ബ്രസീല്‍ ഒരു ഗോള്‍ വഴങ്ങിയിട്ടുള്ളത്. പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് ജയിക്കുകയായിരുന്നു.ഫിഫ വേള്‍ഡ് കപ്പിലെ 'ബ്രസീല്‍ × ബെല്‍ജിയം' കളിയുടെ (06-07-2018) പ്രിവ്യൂമായി അഴിമുഖം സ്‌പോര്‍ട്‌സ് കോളമിസ്റ്റ് കരുണാകര്‍..

ലോകകപ്പില്‍ നാലു തുടര്‍ജയങ്ങളോടെ കത്തി നില്‍ക്കുകയാണ് ബെല്‍ജിയമെന്നത് ബ്രസീലിനെതിരായ മത്സരത്തിന്റെ ആവേശം വര്‍ധിപ്പിക്കുന്നു. ഇതുവരെ 12 ഗോളടിച്ച ബെല്‍ജിയം പക്ഷേ നാലു ഗോളുകള്‍ വഴങ്ങിയിട്ടുണ്ട്. റൊമേലു ലുക്കാക്കു, കെവിന്‍ ഡി ബ്രൂയിന്‍, ഈജന്‍ ഹസാര്‍ഡ് -പ്രതിഭയ്ക്കും ബെല്‍ജിയന്‍ നിരയില്‍ പഞ്ഞമില്ല. എന്നാല്‍, ബ്രസീലിന് തുറന്ന അവസരങ്ങള്‍ നല്‍കിയാല്‍ ബെല്‍ജിയത്തിന് തങ്ങളുടെ ഗോളടി മികവ് മാത്രം മതിയാകാതെവരും.

ഇംഗ്ലണ്ട്-സ്വീഡന്‍

യുവനിരയുമായെത്തി വീണും എഴുന്നേറ്റും ക്വാര്‍ട്ടര്‍ വരെയെത്തിയ ടീമാണ് ഇംഗ്ലണ്ട്. ടൂര്‍ണമെന്റില്‍ നിലവിലെ ടോപ് സ്‌കോററായ ക്യാപ്ടന്‍ ഹാരി കെയ്ന്‍ തന്നെയാണ് അവരുടെ കുന്തമുന. ഗ്രൂപ്പില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിച്ച ശേഷം ബെല്‍ജിയത്തോട് ഒരു ഗോളിന് തോറ്റ ഇംഗ്ലീഷ് ടീം കൊളംബിയയെ ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഇതുവരെ ഒന്‍പത് ഗോളടിച്ച ഇംഗ്ലണ്ടിന് പക്ഷേ എല്ലാ മത്സരത്തിലും ഗോള്‍ വഴങ്ങിയിട്ടുണ്ട് എന്നത് തലവേദന സൃഷ്ടിക്കുന്ന കണക്കാണ്.

അവശ്യഘട്ടത്തില്‍ ഉപകരിക്കുന്ന താരങ്ങളാണ് സ്വീഡന്റെ കരുത്ത്. എമില്‍ ഫോസ്‌ബെര്‍ഗും മാര്‍കസ് ബെര്‍ഗുമൊക്കെ അവസരത്തിനൊത്തുയരുന്നു. പ്രീക്വാര്‍ട്ടറില്‍ ആറാം റാങ്കുകാരായ സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് 24-ാം സ്ഥാനത്തുള്ള സ്വീഡന്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ ജര്‍മനിയോട് തോറ്റെങ്കിലും ഇതുവരെ ജയിച്ച മൂന്ന് മത്സരങ്ങളിലും ഗോള്‍ വഴങ്ങിയിട്ടില്ല എന്നത് സ്വീഡന്റെ സാധ്യതയാണ്.

ക്രൊയേഷ്യ-റഷ്യ

സെമിഫൈനലിസ്റ്റുകളെ നിര്‍ണയിക്കുന്ന അവസാന മത്സരം ലോകകപ്പില്‍ അപ്രതീക്ഷിത കുതിപ്പു നടത്തുന്ന ക്രൊയേഷ്യ, റഷ്യ ടീമുകള്‍ തമ്മിലാണ്. മോഡ്രിച്ചും റാക്കിറ്റിച്ചും മന്‍സൂക്കിച്ചുമൊക്കെ ഉള്‍പ്പെടുന്ന ടീം കളിക്കളത്തില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ച ക്രൊയേഷ്യ ഷൂട്ടൗട്ടിലൂടെയാണ് അവസാന എട്ടിലെത്തിയത്. അര്‍ജന്റീനയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ച ക്രൊയേഷ്യന്‍ ടീം എന്തിനും പോന്നവരാണ്. മൂന്ന് മത്സരങ്ങളിലും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് അവര്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.

പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനെതിരെ ഷൂട്ടൗട്ടില്‍ നേടിയ വിജയത്തിലൂടെ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ പ്രകടനം വെറും ആളിക്കത്തലല്ലെന്ന് ആതിഥേയര്‍ തെളിയിച്ചു കഴിഞ്ഞു. ചെറിഷേവും സ്യൂബയും അക്കിന്‍ഫീവും ഉള്‍പ്പെടെയുള്ള റഷ്യന്‍ കളിക്കാര്‍ ഇപ്പോള്‍ ലോകം ശ്രദ്ധിക്കുന്ന താരങ്ങളായി മാറിക്കഴിഞ്ഞു. 2002ല്‍ ആതിഥേയരായിരുന്ന ദക്ഷിണ കൊറിയ നടത്തിയതിന് സമാനമായൊരു പ്രകടനമാകും റഷ്യ ഇത്തവണ ലക്ഷ്യമിടുന്നത്. സ്വന്തം കാണികള്‍ പകരുന്ന ആവേശം കൈമുതലാക്കിയാല്‍ റഷ്യ ക്രൊയേഷ്യക്കും ഒരു ഭീഷണിയായിമാറും.


Next Story

Related Stories