TopTop
Begin typing your search above and press return to search.

PREVIEW: ക്രൊയേഷ്യന്‍ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ റഷ്യന്‍ പടയ്ക്കാവുമോ?

PREVIEW: ക്രൊയേഷ്യന്‍ കുതിപ്പിനെ പിടിച്ചുകെട്ടാന്‍ റഷ്യന്‍ പടയ്ക്കാവുമോ?

ക്വാർട്ടറിൽ കളിയവസാനിപ്പിക്കുന്ന മത്സരം, ആതിഥേയരുടെ തിണ്ണമിടുക്ക് ​കൈമുതലാക്കിയ റഷ്യയും അ‌തിഥികളുടെ സംഭ്രമമില്ലാതെ കുതിക്കുന്ന ക്രൊയേഷ്യയും തമ്മിലാണ്. ഫുട്ബോൾ വിദഗ്ധരുടെ പ്രവചനങ്ങൾക്ക് പുല്ലുവില പോലും കൽപിക്കാതെ മുന്നേറിയ ടീമുകൾ ക്വാർട്ടറിൽ ഏറ്റുമുട്ടുമ്പോൾ സോച്ചിയി​ലെ സ്റ്റേഡിയത്തിലെ പുൽനാമ്പുകൾ പോലും രോമാഞ്ചമണിയുമെന്ന് ഉറപ്പ്. സെമി കാണുമെന്ന് ആരും പ്രതീക്ഷിച്ചിരുന്ന ടീമുകളല്ല റഷ്യയും ക്രൊയേഷ്യയുമെന്നതിനാൽ മത്സരഫലം ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരിൽ ആവേശം നിറയ്ക്കുമെന്നുറപ്പ്.

റഷ്യ

മൂന്നിൽ രണ്ടു കളികളിൽ ജയിച്ച് പ്രീക്വാർട്ടറിലെത്തിയ റഷ്യ സ്പെയിനിനെ ഞെട്ടിച്ചാണ് ക്വാർട്ടറിലെത്തിയത്. ടൂർണമെന്റിലെ ഫേവറിറ്റുകളിൽ ഒന്നായ സ്പെയിനിനെ സമനിലയിൽ തളച്ച ശേഷം ഷൂട്ടൗട്ടിൽ നേടിയ വിജയമുയർത്തിയ ആവേശത്തിന്റെ അ‌ലയൊലികൾ റഷ്യയിൽ ഇനിയുമവസാനിച്ചിട്ടില്ല. അ‌തേ ആവേശത്തോടെയാകും റഷ്യൻ ടീമും കാണികളും ക്രൊയേഷ്യക്കെതിരെ സോച്ചിയിലെത്തുക. ഗ്രൂപ്പ് ഘട്ടത്തിലെ അ‌വസാന മത്സരത്തിൽ ഉറുഗ്വായോട് തോറ്റെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലും സൗദിയെയും ഈജിപ്തിനെയും ആധികാരികമായി തോൽപിച്ചാണ് റഷ്യ പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്.

കളിയുടെ എല്ലാ മേഖലകളിലും മികവുകാട്ടുന്നു എന്നതാണ് റഷ്യയുടെ പ്രത്യേകത. ഇതുവരെ മൂന്നു ഗോളുകൾ വീതം നേടിയ ഡെനിസ് ചെറിഷേവും ആർട്ടെം സ്യൂബയുമാണ് റഷ്യൻ ആക്രമണത്തിന്റെ കുന്തമുനകൾ. അ‌ലക്സാണ്ടർ ഗൊളോവിനും അ‌ലക്സാണ്ടർ ഗസിൻസ്കിയുമൊക്കെ ഉൾപ്പെടുന്ന മധ്യനിരയും മോശമല്ല. പ്രതിരോധത്തിലും റഷ്യ കരുത്തരാണ്. ലോകകപ്പിൽ ഇതുവരെ പ്രതിരോധത്തിൽ ഏറ്റവും കൂടുതൽ ക്ലിയറൻസും ടാക്ലിങും നടത്തി ടീം ആതിഥേയരുടേതാണ്. സ്പെയിനിനെതിരെ സമനില നേടിയ ശേഷം അ‌വർ കെട്ടിയ പ്രതിരോധക്കോട്ട തന്നെ ഇതിനു പ്രത്യക്ഷോദാഹരണം. ഷൂട്ടൗട്ടിൽ രണ്ടു ഗോളുകൾ തടഞ്ഞ ഗോൾ കീപ്പർ അ‌ക്കിൻഫീവും ഉജ്ജ്വല ഫോമിലാണ്.എന്നാൽ, സ്പെയിനിനെതിരെ കളിച്ച 3-4-2-1 ​ശൈലിയിൽ നിന്നും വ്യത്യസ്തമായ ഫോർമേഷനാകും ചെറൊഷോവ് സ്റ്റാനിസ്ലാവ് ക്രൊയേഷ്യക്കെതിരെ സ്വീകരിക്കുമെന്നാണ് റഷ്യൻ ക്യാമ്പിൽ നിന്നും പുറത്തുവരുന്ന സൂചനകൾ. കുറച്ചുകൂടി ആക്രമണത്തിലൂന്നിയ ​ശൈലിയാകും ക്വാർട്ടറിൽ അ‌വർ പരീക്ഷിക്കുക. ഗോൾ നേടിയാൽ പ്രതിരോധത്തിലേക്ക് വലിയുന്ന തന്ത്രം ഇവിടെയും ആവർത്തിക്കും. കാണികളുടെ ആവേശകരമായ പിന്തുണയും റഷ്യക്ക് കരുത്താകും. ഒരു മത്സരം പോലും തോൽക്കാത്ത ക്രൊയേഷ്യയെ പിടിച്ചുകെട്ടാൻ റഷ്യൻ താരങ്ങൾക്ക് കളത്തിന് പുറത്തുനിന്നുള്ള ഈ പിന്തുണ കൂടി കൂടിയേ തീരൂ.

സാധ്യതാ ടീം: ഇഗോള്‍ അക്കിന്‍ഫീവ്; മാരിയോ ഫെര്‍ണാണ്ടസ്, ഇല്യ കുറ്റെപ്പോവ്, സെര്‍ജി ഇഗ്നാസെവിച്ച്, ഫയദോര്‍ കുര്‍ദ്യോഷാവേ; റോമന്‍ സോബ്‌നിന്‍, ദലേര്‍ കുസന്യേവ്; അലക്സാണ്ടർ സമദോവ്, അലക്‌സാണ്ടര്‍ ഗൊളോവിന്‍, ഡെനിസ് ചെറിഷേവ്; സ്യൂബ.

ക്രൊയേഷ്യ

നൈജീരിയയും അ‌ർജന്റീനയും ഉൾപ്പെടെയുള്ള ടീമുകളെ തകർത്ത് അ‌പരാജിതരായാണ് ലൂക്ക മോഡ്രിച്ചിന്റെ ടീം പ്രീക്വാർട്ടറിലെത്തിയത്. എന്നാൽ, ഡെൻമാർക്കിനെതിരായ മത്സരത്തിൽ അ‌വരൽപം നിറംമങ്ങിപ്പോയി. ഡെൻമാർക്കിനെതിരെ ഷൂട്ടൗട്ടിലൂടെയാണ് ക്രൊയേഷ്യ ക്വാർട്ടറുറപ്പിച്ചത്. ക്വാർട്ടറിലെത്തുമ്പോൾ കടലാസിലെ കരുത്ത് നോക്കിയാൽ 20-ാം റാങ്കിലുള്ള ​ക്രൊയേഷ്യക്ക് 70-ാം സ്ഥാനത്തുള്ള റഷ്യയേക്കാൾ മുൻതൂക്കമുണ്ട്. ആർത്തലയ്ക്കുന്ന റഷ്യൻ കാണികൾക്ക് മുന്നിൽ മാനസികാധിപത്യം നേടുക എന്നതാകും ക്രൊയേഷ്യ നേരിടുന്ന വലിയ വെല്ലുവിളി.

ആന്റെ റെബിച്ച്, ലൂക്കാ മോഡ്രിച്ച്, മാഴ്സലോ ബ്രോസോവിച്ച്, ഇവാന്‍ റാക്കിട്ടിച്ച്, ഇവാന്‍ പെരിസിച്ച് എന്നിവരുൾപ്പെടുന്ന മധ്യനിരയാണ് ക്രൊയേഷ്യയുടെ കരുത്ത്. കളി നിയന്ത്രിക്കുന്നതിൽ മികവ് കാണിക്കുന്ന ഇവർ മുന്നേറ്റത്തെയും പ്രതിരോധത്തെയും ഒരുപോലെ പിന്തുണയ്ക്കുന്നു. മുന്നേറ്റത്തിൽ മരിയോ മൻസൂക്കിച്ചാകും ക്രൊയേഷ്യയുടെ കുന്തമുന. പ്രീക്വാർട്ടറിൽ ഷൂട്ടൗട്ട് വിജയം സമ്മാനിച്ച ഗോളി ഡാനിയേല്‍ സുബാസിച്ചും റഷ്യക്കാർക്ക് വെല്ലുവിളിയാകും. മധ്യനിരയുടെ പിന്തുണയിൽ കളി മെനയുന്നതിനുതകുന്ന 4-5-1 ​ശൈലിയിലാകും ക്രൊയേഷ്യ കളത്തിലിറങ്ങുക.

സാധ്യതാ ടീം: ഡാനിയേൽ സുബാസിച്ച്; സിമേ വസ്രാൽകോ, ദെയാൻ റവ്ലേൻ, ദോമഗോജ് വിദ, ഇവാൻ സ്ട്രിനിക്; ഇവാൻ റാക്കിട്ടിച്ച്, മാർസെലോ ബ്രൊസോവിച്ച്, ആന്റെ റെബിക്, ലൂക്ക മോഡ്രിച്ച്, ഇവാൻ പെരിസിച്ച്, മാരിയോ മൻസൂക്കിച്ച്.


Next Story

Related Stories