ട്രെന്‍ഡിങ്ങ്

രണ്ട് സ്വര്‍ണ മെഡലുകള്‍ നേടിയ സ്‌പെഷ്യല്‍ ഒളിമ്പിക് താരം വൃദ്ധസദനത്തില്‍ കെയര്‍ ടേക്കര്‍

ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയിട്ടും കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് അവസാനമില്ലാതെ വന്നതോടെയാണ് ഈ കുട്ടി തൊഴില്‍ തേടിയിറങ്ങിയത്

സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി രണ്ട് മെഡലുകള്‍ നേടിയ വ്യക്തി ജീവിക്കാനായി വൃദ്ധസദനത്തില്‍ ജോലി ചെയ്യുന്നു. ഇവിടുത്തെ അന്തേവാസികളെ പരിചരിക്കലാണ് ഇദ്ദേഹത്തിന്റെ ജോലി. 2015ലെ സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ രണ്ട് സ്വര്‍ണ മെഡലുകള്‍ നേടി രാജ്യത്തിന്റെ അഭിമാനമായ ലുധിയാന സ്വദേശി രജ്ബിര്‍ സിംഗ് എന്ന പതിനഞ്ചുകാരനാണ് വൃദ്ധസദനത്തില്‍ ജോലി നോക്കുന്നത്.

ലോസ് ആഞ്ജല്‍സില്‍ നടന്ന ഒളിമ്പിക്‌സില്‍ ഒരു കിലോമീറ്റര്‍, രണ്ട് കിലോമീറ്റര്‍ സൈക്ലിംഗുകളിലായിരുന്നു രജ്ബിറിന്റെ മെഡല്‍ നേട്ടങ്ങള്‍. ജീവിതത്തിലെ കഷ്ടപ്പാടുകളോട് പൊരുതി നേടിയ ഈ നേട്ടത്തെ വാര്‍ത്തയാക്കാനും ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും അന്ന് മാധ്യമങ്ങള്‍ ഇദ്ദേഹത്തിന്റെ കൊച്ചു വീടിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു. തങ്ങളുടെ ദുരിതങ്ങള്‍ക്കെല്ലാം അവസാനമായെന്ന് രജ്ബിറിന്റെ കുടുംബാംഗങ്ങള്‍ കരുതുകയും ചെയ്തു.

ബുദ്ധിമാന്ദ്യമുള്ള തങ്ങളുടെ മകന്‍ നേടിയ നേട്ടം കുടുംബത്തിന് തുണയാകുമെന്നാണ് അവര്‍ കരുതിയത്. എന്നാല്‍ മൂന്ന് വര്‍ഷത്തിനിപ്പുറം ജീവിത ദുരിതങ്ങള്‍ യാതൊരു മാറ്റവുമില്ലാത്തതിന്റെ വിഷമത്തിലാണ് ഈ കുടുംബം. കുടുംബത്തിന്റെ ദുരിതങ്ങള്‍ക്ക് അവസാനമില്ലാതെ വന്നതോടെയാണ് ഈ കുട്ടി തൊഴില്‍ തേടിയിറങ്ങിയത്.

ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയതോടെ സംസ്ഥാന സര്‍ക്കാര്‍ 15 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് ഇനിയും ലഭിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപയ്ക്ക് ഇവര്‍ സ്വന്തമായി ഭൂമി വാങ്ങുകയും അവിടെ വീട് നിര്‍മ്മിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പണം തീര്‍ന്നതോടെ അത് പാതി വഴിയിലായി. സര്‍ക്കാര്‍ ഓഫീസുകളില്‍ പലയാവര്‍ത്തി കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം.

വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെ വന്നതോടെ കുട്ടി അച്ഛനൊപ്പം കൂലിവേലയ്ക്ക് ഇറങ്ങിയതാണ്. എന്നാല്‍ മകന്‍ കല്ലും കട്ടയും ചുമക്കുന്നത് കാണാനാകാതെ അച്ഛന്‍ തന്നെയാണ് വൃദ്ധസദനത്തിലെ ജോലി സംഘടിപ്പിച്ച് നല്‍കിയത്. ഇവിടെ നിരാലംബരും അനാഥരുമായ വൃദ്ധരെ നോക്കുകയാണ് രജ്ബിറിന്റെ ജോലി. അവിടെ തന്നെ താമസവും ഭക്ഷണവും നല്‍കുന്നുണ്ട്. ‘ഒന്നുമില്ലങ്കിലും കല്ലും കട്ടയും ചുമക്കാതെ കഴിയാമല്ലോ’ എന്നാണ് ഇതിനെക്കുറിച്ച് രജ്ബിറിന്റെ അച്ഛന്‍ പറയുന്നത്. പ്രതിമാസം 5000 രൂപയാണ് ഇവിടെ ശമ്പളം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍