TopTop
Begin typing your search above and press return to search.

റഷ്യയിലെ അട്ടിമറികള്‍; ഫിഫ ഞെട്ടിയാലും മലബാര്‍ ഞെട്ടുമോ?

റഷ്യയിലെ അട്ടിമറികള്‍; ഫിഫ ഞെട്ടിയാലും മലബാര്‍ ഞെട്ടുമോ?
കാൽപ്പന്തുകളിയെ ജീവനുതുല്യം സ്നേഹിക്കുന്ന മലബാറുകാര്‍ക്ക് ലോകകപ്പെന്നത് ഉത്സവകാലമാണ്. ഫുട്ബോളിനോടുള്ള ഇവരുടെ ഇഷ്ടം സാക്ഷാൽ ഫിഫയെ വരെ ഞെട്ടിച്ചുകളഞ്ഞതാണ്. എന്നാൽ 2018 ലോകകപ്പിലെ അട്ടിമറികൾ ആരാധകരുടെ ആവേശത്തെ കുറച്ചോ എന്നുവേണം സംശയിക്കാൻ. പ്രമുഖ ടീമുകളൊന്നുമില്ലാത്ത സെമി ലൈനപ്പ് ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

ബിഗ് സ്‌ക്രീനിൽ കളി പ്രദർശിപ്പിക്കുന്ന നിരവധി സ്ഥലങ്ങൾ കോഴിക്കോട് ജില്ലയിലുണ്ട്. താത്ക്കാലികമായി കെട്ടിയ കൂടാരത്തിൽ ഗ്യാലറികളും കസേരകളും ലൈറ്റും ഫാനുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് ഇത്തരം വേദികൾ ഒരുക്കിയിട്ടുള്ളത്. ബ്രസീലും അർജന്റീനയും ജർമനിയും സ്പെയിനും പോർച്ചുഗലുമടങ്ങുന്ന മുൻ നിര ടീമുകൾ സെമിക്ക് മുന്നേ പുറത്തായത് കളി കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ പുതിയപാലത്ത് കനാലിന് അക്കരെയും ഇക്കരെയും കളി പ്രദർശിപ്പിക്കുന്നുണ്ട്. "ലോകകപ്പ് റഷ്യയിൽ, ആവേശം പുതിയപാലത്ത്" എന്നെഴുതിയ വലിയ കവാടമാണ് കനാലിന് കുറുകെയുള്ള പാലത്തിനു മുന്നിലുള്ളത്. കനാലിന്റെ സമീപത്തുള്ള പറമ്പിൽ കെട്ടിയുയർത്തിയ കൂടാരത്തിൽ ക്രൊയേഷ്യ-റഷ്യ ക്വാര്‍ട്ടര്‍ കാണാന്‍ ആളുകൾ തീരെ കുറവാണ്.

"എന്റെ ടീം ബ്രസീലാണ്. സെമി കാണാനൊന്നും താല്പര്യമില്ല, ആകെ ചടച്ചുപോയി. ബ്രസീൽ പുറത്തായ സ്ഥിതിക്ക് ഇനി സപ്പോർട്ട് ക്രൊയേഷ്യയ്ക്കാണ്. കപ്പടിക്കാത്തവർ ജയിക്കട്ടെ, അതല്ലേ രസം. ബ്രസീലിന്റെയും അർജന്റീനയുടെയുമൊക്കെ കളിയുണ്ടാകുമ്പോൾ ഇങ്ങനെയല്ല. ഗ്യാലറി മുഴുവൻ നിറഞ്ഞിരിക്കും. കയറി വരാൻ പോലും കഴിയാത്ത വിധം തിരക്കായിരിക്കും. പക്ഷെ ഇന്നൊന്നും മത്സരം കാണാൻ ആളേയില്ല",
ബ്രസീൽ ആരാധകൻ നൗഷാദ് പറഞ്ഞു."ലോകകപ്പിന്റെ ഭാഗമായി ധാരാളം സമ്മാനങ്ങളൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഫൈനലിന്റെ അന്ന് ബമ്പർ സമ്മാനങ്ങളും അതുപോലെ എസ്എസ്എൽസി, പ്ലസ് ടു ജേതാക്കൾക്കുള്ള അവാർഡുകളും സമ്മാനിക്കും. ആദ്യമുണ്ടായിരുന്ന ആളുകളൊന്നും കളി കാണാനില്ല എന്ന സ്ഥിതിയാണ് ഇപ്പോൾ. എനിക്കങ്ങനെ പ്രത്യേകിച്ചൊരു ടീമില്ല. നല്ല ഫുട്ബോൾ ആര് കളിക്കുന്നുവോ അവർ ചാമ്പ്യരാകണം. ഈ പോക്ക് പോവുകയാണെങ്കിൽ ബെൽജിയം തന്നെ ജയിക്കാനാണ് ചാൻസ്"
, മറ്റൊരു ഫുട്ബോൾ ആരാധനായ നാസർ പറഞ്ഞു.

"ലോകകപ്പിൽ നിന്നും പുറത്തായ ടീമിന്റെ ഫ്ലക്സൊന്നും എടുത്തുമാറ്റിയിട്ടില്ല. അതിനി ടൂർണമെന്റ് കഴിഞ്ഞ് കൂടാരം പൊളിച്ച ശേഷമേ മാറ്റുകയുള്ളൂ. മത്സരങ്ങൾ ജയിക്കുമ്പോഴും തോൽക്കുമ്പോഴും ഞങ്ങൾ പരസ്പരം കളിയാക്കാറുണ്ട്. പക്ഷെ അതിരുകടന്നൊരു സംഘർഷമൊന്നും ഇവിടെയുണ്ടായിട്ടില്ല. ഞാനൊരു അർജന്റീന ഫാനാണ്. എന്നാൽ അർജന്റീനയുടെ ഫ്ലക്സ് മാത്രമല്ല, മറ്റെല്ലാ ടീമുകളുടെയും ഫ്ലക്സ് കെട്ടാൻ ഞാനാണ് സഹായിച്ചത്. തോറ്റെന്ന് കരുതി ടീം മാറാനൊന്നും ഞാനില്ല. ജയിച്ചാലും തോറ്റാലും അർജന്റീന തന്നെയാണ് ഇഷ്ട ടീം",
സന്ദീപ് അഭിപ്രായപ്പെട്ടു.

പുതിയപാലത്തിന്റെ അക്കരെയും വലിയൊരു ഗ്യാലറി ഒരുക്കിയിട്ടുണ്ട്. ഫാസ്ക്കോ (FASCO) പുതിയപാലം എന്ന ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇവിടെ ബിഗ് സ്ക്രീൻ പ്രദർശനം. ഏറ്റവുമൊടുവിൽ നടന്ന ബ്രസീൽ - ബെൽജിയം മത്സരത്തിന് ശേഷം ഇവിടെയും ഗ്യാലറി കാര്യമായി നിറഞ്ഞിട്ടില്ല.

ഇത് നാലാം തവണയാണ് ഫാസ്ക്കോ ലോകകപ്പ് പ്രദർശിപ്പിക്കുന്നത്. ലോകകപ്പിൽ അട്ടിമറി നടക്കുന്നതിന് മുൻപ് തന്നെ ചെറിയ പ്രതിസന്ധികൾ നേരിടേണ്ടി വന്നു. നിപ കാരണം പരസ്യക്കാരെയും സ്പോൺസർമാരെയും കിട്ടാൻ വൈകി. ഫ്രിഡ്‌ജും സൈക്കിളും ബമ്പർ സമ്മാനങ്ങളായിട്ടുള്ള പ്രവചന മത്സരമെല്ലാം ഒരുക്കിയിട്ടുണ്ട്. എന്നാൽ സെമി തൊട്ടുള്ള കളികൾക്ക് കാണികൾ കുറയുമോ എന്ന ആശങ്കയിലാണ് സംഘാടകർ."ഞാൻ അർജന്റീന ഫാനാണ്. കഴിഞ്ഞ മാച്ചിൽ ബ്രസീൽ തോൽക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. പക്ഷെ ഒരുപാട് ആരാധകരുള്ള ബ്രസീലും കൂടെ തോറ്റാലുള്ള അവസ്ഥയോർത്ത് മനസ് അസ്വസ്ഥമായിരുന്നു. വലിയ ടീമുകളുടെ തോൽവി അലട്ടുന്ന കാര്യമാണ്. ഇത് ഞങ്ങളുടെ നാലാം ലോകകപ്പ് പ്രദർശനമാണ്. എനിക്ക് ഹയർഗുഡ്സിന്റെ ബിസ്സിനസായതു കൊണ്ട് പന്തലും മറ്റ് സാധാനങ്ങളുമൊക്കെ ഞാൻ തന്നെയാണ് ഏർപ്പാടക്കിയത്. 30 ദിവസത്തോളം ഇങ്ങനെയൊരു പരിപാടി ഇത്ര ഗംഭീരമായി നടത്തണമെങ്കിൽ ചുരുങ്ങിയത് പത്തു ലക്ഷം രൂപയുടെ അടുത്ത് ചിലവാകും. നിപ കാരണം പരസ്യം വരെ കിട്ടാൻ ബുദ്ധിമുട്ടി. ഇത്തവണ പ്രദർശനമുണ്ടാകുമോ എന്ന് വരെ സംശയത്തിലായിരുന്നു. ഈ ലോകകപ്പ് മുഴുവൻ കണ്ട് ആരാധകർ ആവേശം കൊള്ളുമ്പോഴല്ലേ ഞങ്ങൾ സംതൃപ്തരാകുന്നത്"
, അർജന്റീന ഫാനായ സംഘാടകൻ റാസിക് ആവേശം പങ്കുവച്ചു.

പ്രദർശന കൂടാരത്തിന് സമീപത്തായി തട്ടുകടയുണ്ട്. ബ്രസീലിന്റെയും അർജന്റീനയുടെയും തോൽവിയൊക്കെ കച്ചവടത്തെയും ബാധിച്ച കാര്യമാണ് കടക്കാരൻ സക്കറിയയ്ക്ക് പറയാനുള്ളത്: "ഹാഫ് ടൈം സമയത്താണ് കാര്യമായ കച്ചവടമുണ്ടാകുന്നത്. അതിപ്പോ വലിയ ടീമിന്റെ കളിയുള്ള ദിവസമാണെങ്കിൽ നല്ല തിരക്കുണ്ടാകും. ചായയ്ക്കാണ് കൂടുതലും ആൾക്കാരുള്ളത്. രാത്രി പതിനൊന്നരയുടെ കളിക്കൊക്കെ ചായ നല്ലോണം വിറ്റുപോകും.
" ചട്ടിപത്തിരിയും ഇറച്ചിപത്തിരിയും സമൂസയും കേക്കുമൊക്കെയുള്ള തനി മലബാറി വിഭവങ്ങളാണ് കടയിലുള്ളത്. "കളി കാണാൻ ആള് കുറഞ്ഞാൽ കച്ചവടം കുറയും, അതുകൊണ്ട് ഉണ്ടാക്കുന്ന സാധനങ്ങളുടെ അളവ് ഞങ്ങള് കുറച്ചു. ബ്രസീലിന്റയും ബെൽജിയത്തിന്റെയും കളി കാണാനുള്ള തിരക്കൊന്നും ക്രൊയേഷ്യ-റഷ്യ കളി കാണാനില്ലാരുന്നു. നേരത്തെ ഉണ്ടാക്കിയത്ര വിഭവങ്ങളൊന്നും അന്നുണ്ടാക്കിയുമില്ല" കടക്കാരൻ പറഞ്ഞു.

എന്നാല്‍ ലോകകപ്പിലെ അട്ടിമറികളൊന്നും നൈനാംവളപ്പിലെ ആവേശത്തിന് കോട്ടം തട്ടിച്ചിട്ടില്ല. വമ്പന്മാർ പുറത്തായെങ്കിലും ആരാധകരുടെ കളിയാവേശത്തിന് വലിയ ചോർച്ചയൊന്നും വന്നിട്ടില്ല എന്നാണ് നൈനാംവളപ്പിൽ പ്രദർശനത്തിന് നേതൃത്വം നൽകുന്ന എൻഫ (നൈനാംവളപ്പ് ഫുട്ബോൾ ഫാൻസ്‌ അസോസിയേഷൻ) സംഘാടകർ പറയുന്നത്.

"ഇംഗ്ലീഷ് പ്രീമിയർ ലീഗിനും, ഫ്രഞ്ച് ലീഗിനുമൊക്കെ നല്ല ഫാൻസുണ്ട്. ഇപ്പോൾ സെമിയിലെത്തിയിരിക്കുന്ന യൂറോപ്പ്യൻ ടീമിലെ കളിക്കാർക്ക് ഇവിടെ ഒരുപാട് ആരാധകരുണ്ട്. മോഡ്രിച്ചും എംബാപ്പയുമൊക്കെ ഇവിടുള്ളോരുടെ ഇഷ്ട താരങ്ങളാണ്. അതുകൊണ്ട് ഫിഫയ്ക്ക് ആശങ്ക വന്നാലും എൻഫയ്ക്ക് ആശങ്കയില്ല! പക്ഷേ, കളിയാവേശത്തിന്റെ ചൂട് കുറഞ്ഞിട്ടില്ലെങ്കിലും കളി കാണാനെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്." എൻഫ സെക്രട്ടറി പറഞ്ഞു.

നൈനാംവളപ്പിൽ കളി കാര്യമാണ്. ഫാൻസുകാർ തമ്മിലുള്ള സംഘർഷമൊഴിവാക്കാൻ കർശന നിർദ്ദേശങ്ങളാണ് എൻഫ നൽകിയിട്ടുള്ളത്. നൈനാം വളപ്പിൽ തട്ടുകടയുള്ള അലി ഇക്കായ്ക്കും കച്ചവടം കുറഞ്ഞു എന്ന പരാതിയാണ്. വമ്പൻ ടീമുകളുടെ മത്സര ദിവസങ്ങളിലുണ്ടാകുന്ന തിരക്കൊന്നും ഇപ്പോഴില്ലത്രേ!

2018 ലോകകപ്പിലെ അട്ടിമറികൾ ഭീമൻ കോർപ്പറേറ്റുകളെ മാത്രമല്ല, ഈ കൊച്ചു കേരളത്തിലെ മലബാറിൽ പോലും ആശങ്കയുണ്ടാക്കിയിരിക്കുകയാണ്. ആരാധകർ ഏറെയുള്ള ടീമുകളുടെ തോൽവി ഫുട്ബോളിനെ വികാരമായി കൊണ്ടുനടക്കുന്നവരുടെ കളിയാവേശത്തിന്റെ ചൂട് അൽപ്പം കുറച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും മലബാറുകരുടെ ഫുട്ബോൾ സ്നേഹം അവസാനിക്കില്ല. റഷ്യയിൽ കുറഞ്ഞ ചൂട് ഖത്തറിൽ പതിന്മടങ്ങോടെ കത്തിക്കയറും.

Next Story

Related Stories